Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 081 (Greetings from Paul’s fellow Workers)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
മൂന്നാം ഭാഗത്തിന്റെ അനുബന്ധം - പൌലോസിന്റെ സ്വഭാവവിശേഷതയെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് റോമിലെ ആത്മിക നേതൃത്വത്തിന് നല്കുന് (റോമര്‍ 15:14 – 16:27)

7. പൌലോസിന്റെ കൂട്ടുപ്രവര്‍ത്തകരില്‍നിന്നുള്ള വന്ദനങ്ങള്‍ (റോമര്‍ 16:21-24)


റോമര്‍ 16:21-24
21 എന്റെ കൂട്ടുവേലക്കാരനായ തിമൊഥെയോസും എന്റെ ചാര്‍ച്ചക്കാരായ ലൂക്യൊസും യാസോനും സോസിപത്രോസും നിങ്ങളെ വന്ദനം ചെയ്യുന്നു. 22 ഈ ലേഖനം എഴുതിയ തെര്‍തൊസ് എന്ന ഞാന്‍ നിങ്ങളെ കര്‍ത്താവില്‍ വന്ദനം ചെയ്യുന്നു. 23 എനിക്കും സര്‍വ്വസഭയ്ക്കും അതിഥിസല്‍ക്കാരം ചെയ്യുന്ന ഗായോസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തോസും സഹോദരനായ ക്വര്‍ത്തോസും നിങ്ങളെ വന്ദനം ചെയ്യുന്നു. 24 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ എല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍.

പൌലോസിനെ ഏകനായിട്ടല്ല പലപ്പോഴും നാം കാണുന്നത്. അനുഭവസമ്പന്നരായ കൂട്ടുപ്രവര്‍ത്തകര്‍ കര്‍ത്താവിന്റെ വേലയില്‍ എപ്പോഴും അവനോടൊപ്പമുണ്ട്; ബര്‍ന്നബാസിനെയും ശീലാസിനെയുംപോലുള്ളവര്‍. അവന് ആലോചന നല്കിയും, അവനെ പൂര്‍ണ്ണതയിലേക്ക് ആനയിച്ചും, മറ്റുള്ളവരുടെ കണ്ണില്‍നിന്നും അവനെ കാത്തുംകൊണ്ട് അവര്‍ എപ്പോഴും അവനോടൊപ്പമുണ്ടായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇതരപട്ടണങ്ങളില്‍നിന്നും ക്രിസ്തുവിന്റെ ജയത്തില്‍ പങ്കാളികളായിത്തീര്‍ന്ന പല വിശ്വാസികളുണ്ടായിരുന്നു. അവരോടുള്ള ബന്ധത്തില്‍ തന്നെത്തന്നെ ജയാളിയായി നടത്തപ്പെടുന്ന ഒരു ബന്ധിതദാസനായി പൌലോസ് ദര്‍ശിച്ചു. അവന്റെ മഹത്വത്തിന്റെ തേരാളിയായി അവന്‍ മുമ്പോട്ടുപോയി. കര്‍ത്താവിന്റെ മഹത്വത്തിന് സൌരഭ്യവാസനയുള്ള ധൂപമായി അവന്‍ വെളിപ്പെട്ടു. ആ ധൂപത്തെ ആരെല്ലാം സ്വീകരിക്കുമോ അവര്‍ രക്ഷിക്കപ്പെടും; ആരൊക്കെ അത് തിരസ്കരിക്കുമോ അവര്‍ നശിച്ചുപോകും (റോമര്‍ 2:14-16).

എ.ഡി. 59 ല്‍ കൊരിന്തില്‍ പാര്‍ക്കുന്ന കാലത്താണ് റോമര്‍ക്ക് പൌലോസ് ലേഖനം എഴുതിയത്. ഈ സമയത്ത് അനേകര്‍ ക്രിസ്തുവിനെ പിന്‍പറ്റുന്നവരായി അവനോടൊപ്പമുണ്ടായിരുന്നു; അവര്‍ തങ്ങളുടെ വന്ദനങ്ങളെ ഈ ലേഖനാന്ത്യത്തില്‍ അറിയിക്കുന്നുണ്ട്. പൌലോസ് ഒരു ചിന്തകന്‍ എന്ന നിലയ്ക്ക് ഒറ്റയ്ക്ക് അല്ല, ഒരു സംഘമാണ് അവന് റോമിലെ വിശ്വാസികളെ സംബന്ധിച്ചുള്ള വിശദീകരണം അവന് നല്കിയത് എന്ന സൂചന ഇവിടെ ലഭിക്കുന്നു. അതുകൊണ്ട് വിശുദ്ധന്മാരുടെ കൂട്ടായ്മ ഈ ലേഖനത്തില്‍ അത്യന്തം സ്പഷ്ടമാണ്.

കര്‍ത്താവായ യേശുക്രിസ്തുവിന് ജീവിതം സമര്‍പ്പിച്ച ഒരു യഹൂദസ്ത്രീയുടെ കരങ്ങളില്‍ വളര്‍ത്തപ്പെട്ട വ്യക്തിയായിരുന്നു തിമൊഥെയോസ്. അവന്റെ വലിയമ്മ വിശ്വാസത്തിലും ദൈവഭക്തിയിലും മാതൃകയുള്ള ഒരാളായിരുന്നു. അവന്റെ അപ്പന്‍ ഒരു യവനനായിരുന്നു; വിശദീകരണം നമുക്ക് നല്കിയിട്ടില്ല. ക്രിസ്തുവിനെ സ്നേഹിച്ച ഈ യുവസഹോദരനില്‍ ദൈവശുശ്രൂഷയ്ക്ക് ഉത്തമനായ ഒരു പങ്കാളിയെ പൌലോസ് കാണുകയുണ്ടായി. അവനില്‍ ശേമ്യ-യഹൂദ പശ്ചാത്തലം ഉള്‍ക്കൊണ്ടിരുന്നു. യഹൂദന്മാര്‍ക്ക് യഹൂദനും, യവനന്മാര്‍ക്ക് യവനനുമായി ഉത്തമമായ ഒരു ഉപകരണമായിത്തീരേണ്ടതിന് പൌലോസ് അവനെ പരിച്ഛേദന കഴിപ്പിച്ചു. തികഞ്ഞ യോജിപ്പോടെ അവര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു; തിമൊഥെയോസ് പൌലോസിന്റെ മകന്‍ എന്നപോലെ അവനോടിടപ്പെട്ടു.

തിമൊഥെയോസ് സ്വന്തകാര്യം നോക്കാതെ യേശുക്രിസ്തുവിന്റെ മഹത്വത്തിനായി ജീവിച്ചു. അവന്‍ ഒന്നാമത് ദൈവരാജ്യത്തെയും അതിന്റെ നീതിയെയും അന്വേഷിച്ചു. പൌലോസിന്റെ യാത്രകളില്‍ തനിക്കും കൂടെയുള്ളവര്‍ക്കുംവേണ്ടി പാര്‍പ്പിടവും മറ്റും ഒരുക്കുവാന്‍ പല പ്രാവശ്യം അവനെ അയയ്ക്കുകയുണ്ടായി. പീഡ മുഖാന്തരമുള്ള ബഹിഷ്കരണത്തിന്റെ ഫലമായി പലപ്പോഴും പൌലോസിനവനെ തനിച്ചാക്കേണ്ടിവന്നിട്ടുണ്ട്. പുതുതായി മുമ്പോട്ടുവരുന്ന വിശ്വാസികളെ ആത്മിക വര്‍ദ്ധനയ്ക്ക് ശുശ്രൂഷ ചെയ്യുവാനുള്ള ഉത്തരവാദിത്വം പലപ്പോഴും അവനില്‍ നിക്ഷിപ്തമായിരുന്നു (അ.പ്ര. 16:1-3; 19:22; ഫിലി. 2:19-22).

തിമൊഥെയോസിന്റെ വന്ദനം പറച്ചിലിനെത്തുടര്‍ന്ന് പൌലോസിന്റെ ഗോത്രത്തില്‍പ്പെട്ട മൂന്ന് വ്യക്തികളെപ്പറ്റി പറയുന്നു; പ്രത്യേകിച്ചും അവന്റെ ചാര്‍ച്ചക്കാരായ ലൂക്യൊസ്, യാസോന്‍, സോസിപത്രോസ് എന്നിവരാണ് അവര്‍. പൌലോസ് തെസ്സലോനിക്യയില്‍ പാര്‍ക്കുമ്പോള്‍ അവന് അതിഥിസല്‍ക്കാരം ചെയ്ത വ്യക്തിയാണ് യാസോന്‍. പൌലോസ് ഏതാണ്ട് മൂന്ന് ശബ്ബത്തോളം അവിടെ പാര്‍ത്ത് യഹൂദന്മാരോട് സംവാദിച്ചശേഷം പട്ടണത്തിലുണ്ടായ കലഹത്തിങ്കല്‍ ഈ യാസോനെ നാം കാണുന്നു. എങ്കിലും പൌലോസും ശീലാസും ഈ പട്ടണത്തില്‍ പുതിയ ആത്മാക്കളെ കണ്ടെത്തുകയും യേശുക്രിസ്തുവിനായി അവിടെ ഒരു സഭ സ്ഥാപിതമാകയും ചെയ്തു. പട്ടണത്തിലെ കലഹത്തില്‍ പുരുഷാരം യാസോന്റെ ഭവനത്തെ വളയുകയും, പൌലോസിനെയും ശീലാസിനെയും പിടികിട്ടായ്കയാല്‍ യാസോനെ പട്ടണാധിപന്റെയടുക്കലേക്ക് വലിച്ചിഴച്ച്, അവന്‍ പുതിയൊരു വിശ്വാസത്തെ പിന്‍പറ്റുന്നതായും, കൈസര്‍ക്ക് കരംകൊടുക്കുന്നതിനെ അവന്‍ വിലക്കുന്നതായും, യേശു എന്നൊരുവന്‍ രാജാധിരാജാവാണെന്ന് പറയുന്നതായും അവന്റെമേല്‍ കുറ്റം ചുമത്തി. എന്നാല്‍ പട്ടണമേനവന്‍ കുപിതരായ യഹൂദന്മാരെ പറഞ്ഞയക്കുകയും കാവല്‍ക്കാര്‍ മുഖേന യാസോനെ വിടുവിക്കുകയും ചെയ്തു (അ.പ്ര. 17:6).

സോസിപത്രോസ് ബെരോവയില്‍നിന്നുള്ള ഒരു വിശ്വാസിയാണ്. ഇവിടെയുള്ള യഹൂദന്മാര്‍ പൌലോസിന്റെ പ്രസംഗത്തെ ശാന്തതയോടെ ശ്രവിക്കുകയും, മരിച്ച് ഉയിര്‍ത്തെഴുന്നേറ്റവനായ യേശു തന്നെ മശിഹയോ എന്നത് തിരുവെഴുത്തുകളെ പരിശോധിച്ചുപോരുകയും ചെയ്തു. പൌലോസ് ബെരോവയില്‍ പ്രസംഗിക്കുമ്പോള്‍ യഹൂദന്മാര്‍ പട്ടണത്തില്‍ കലഹമുണ്ടാക്കി; എന്നാറെ ബെരോവയിലെ വിശ്വാസികള്‍ അഥേനയോളം പൌലോസിനെ ആദരവോടെ പിന്‍ചെന്നു. എന്നാല്‍ പുതിയ വിശ്വാസികളെ വിശ്വാസത്തില്‍ ഉറപ്പിച്ച് സത്യത്തില്‍ പൂര്‍ണ്ണരാക്കുവാന്‍ ശീലാസും തിമൊഥെയോസും ബെരോവയില്‍ത്തന്നെ പാര്‍ത്തു. ഇതേത്തുടര്‍ന്ന് യരൂശലേമിലുള്ളവര്‍ക്ക് ഉതവി ചെയ്യുവാന്‍ സോസിപത്രോസ് പൌലോസിനൊപ്പം യരൂശലേമിലേക്ക് പോയതായി വായിക്കുന്നു.

പൌലോസിന്റെ ചാര്‍ച്ചക്കാരില്‍ മൂന്നാമതായിപ്പറയപ്പെടുന്നത് കുറെനക്കാരനായ ലൂക്യൊസിനെ കുറിച്ചാണ് (അ.പ്ര. 13:1). ഇദ്ദേഹം അന്ത്യോക്യയിലെ സഭയിലെ മൂപ്പന്മാരില്‍ ഒരാളും പൌലോസിന്റെ പ്രാര്‍ത്ഥനയില്‍ അവനോടുകൂടെ പോരാടിയവനുമായിരുന്നു.

തെര്‍തൊസ് ഗ്രീക്കുഭാഷയില്‍ നൈപുണ്യമുള്ള ഒരു റോമാക്കാരനായിരുന്നു. പൌലോസ് ഈ ലേഖനം പറഞ്ഞുകൊടുത്ത് ഇവനെക്കൊണ്ടാണ് ഇതെഴുതിയത്. പൌലോസ് ഈ ലേഖനത്തിലെ ഓരോ വാക്കുകളും പറഞ്ഞുകൊടുക്കുകയും തെര്‍തൊസ് സമയമെടുത്തുതന്നെ പാപ്പിറസ് പോളകളില്‍ അതെഴുതുകയും ചെയ്തു. ഈ ശുശ്രൂഷ പരസ്പരധാരണയോടെയാണ് നിവര്‍ത്തിച്ചത്. എഴുതുന്ന വാക്കുകളുടെ അര്‍ത്ഥം പൌലോസില്‍നിന്നും വ്യക്തമായി മനസ്സിലാക്കിയിട്ടാണ് തെര്‍തൊസ് റോമര്‍ക്കിതെഴുതുന്നത്. റോമിലെ സഭയ്ക്ക് അറിയാവുന്നവനും, അവര്‍ വിശ്വസിച്ചവനുമായ തെര്‍തൊസിനെ തെരഞ്ഞെടുക്കപ്പെട്ടവനും യേശുക്രിസ്തുവില്‍ സ്ഥിരപ്പെട്ടവനുമായിട്ടത്രെ പൌലോസ് കണക്കാക്കിയിരുന്നത്.

ഗായോസ് തെസ്സലോനിക്യയില്‍നിന്നുള്ളവനാണ്. ഉപദ്രവസമയത്ത് അവന്‍ പൌലോസിനെ തന്റെ വീട്ടില്‍ കൈക്കൊള്ളുകയും സഭായോഗങ്ങള്‍ക്കായി തന്റെ ഭവനം തുറന്നുകൊടുക്കുകയും ചെയ്തു. തങ്ങളുടെ വിവിധ പ്രശ്നങ്ങളുമായി തന്നെ സമീപിച്ചവരെ ഗായോസ് കരുതിപ്പോന്നു. പൌലോസിന്റെ പ്രസ്താവനപ്രകാരം കൊരിന്തില്‍വെച്ച് താന്‍ സ്നാനപ്പെടുത്തിയ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ഗായോസ്. "ക്രിസ്പൊസിനെയും ഗായോസിനെയും ഒഴികെ നിങ്ങളില്‍ ആരെയും സ്നാനപ്പെടുത്താത്തതുകൊണ്ട് ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു... സ്നാനപ്പെടുത്തുവാനല്ല, സുവിശേഷം പ്രസംഗിക്കുവാനത്രെ കര്‍ത്താവ് എന്നെ അയച്ചത്'' (1 കൊരി. 1:14-17).

പട്ടണത്തിലെ ഭണ്ഡാരവിചാരകനായിരുന്ന എരസ്തോസ് വിശ്വാസ്യതയോടും വിശ്വസ്തതയോടുംകൂടെ തന്റെ ശുശ്രൂഷ നിവര്‍ത്തിച്ചു. കൊരിന്തിലെ സഭയില്‍ ദരിദ്രരും സാധാരണക്കാരും മാത്രമല്ല, സമൂഹത്തില്‍ സ്വാധീനമുള്ള ഉന്നതരായ വ്യക്തികളും ഉണ്ടായിരുന്നു എന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. ക്വര്‍ത്തോസ് ക്രിസ്തുവിലുള്ള ഒരു സഹോദരനായിരുന്നു. അദ്ദേഹം ഗ്രീക്കുകാരനല്ല; അക്കാലത്ത് റോമാസഭയില്‍ അറിയപ്പെട്ട ഒരു റോമാക്കാരനായിരുന്നു.

പ്രാര്‍ത്ഥന: പ്രിയ കര്‍ത്താവേ, തങ്ങളുടെ വൈവിധ്യങ്ങളായ കഴിവുകള്‍കൊണ്ട് അവിടുത്തെ സഭയില്‍ ഹൃദയപൂര്‍വ്വം ശുശ്രൂഷ ചെയ്യുന്ന ദൈവദാസന്മാരെ ഓര്‍ത്ത് ഞങ്ങള്‍ അവിടുത്തെ സ്തുതിക്കുന്നു. ഞങ്ങളുടെ സഭകളിലെ മൂപ്പന്മാര്‍ തങ്ങള്‍ ചെയ്യുന്ന എല്ലാ ശുശ്രൂഷകള്‍കൊണ്ടും ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ അവരെ സഹായിക്കണമെ.

ചോദ്യം:

  1. റോമര്‍ക്കെഴുതിയ ലേഖനം ആര്‍ക്കാണ് പൌലോസ് പറഞ്ഞുകൊടുത്ത് എഴുതിച്ചത്?

www.Waters-of-Life.net

Page last modified on January 22, 2013, at 07:46 AM | powered by PmWiki (pmwiki-2.3.3)