Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 080 (A Warning against the Deceivers)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
മൂന്നാം ഭാഗത്തിന്റെ അനുബന്ധം - പൌലോസിന്റെ സ്വഭാവവിശേഷതയെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് റോമിലെ ആത്മിക നേതൃത്വത്തിന് നല്കുന് (റോമര്‍ 15:14 – 16:27)

6. വഞ്ചകന്മാര്‍ക്കെതിരെയുള്ള മുന്നറിയിപ് (റോമര്‍ 16:17-20)


റോമര്‍ 16:17-20
17 സഹോദരന്മാരേ, നിങ്ങള്‍ പഠിച്ച ഉപദേശത്തിനു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടര്‍ച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളണമെന്ന് ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട് അകന്ന് മാറുവിന്‍. 18 അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അല്ല, തങ്ങളുടെ വയറ്റിനെയത്രെ സേവിക്കുകയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞ് സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളയുകയും ചെയ്യുന്നത്. 19 നിങ്ങളുടെ അനുസരണം പരക്കെ എല്ലാവര്‍ക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ട് ഞാന്‍ നിങ്ങള്‍ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങള്‍ നന്മയ്ക്ക് ജ്ഞാനികളും തിന്മയ്ക്ക് അജ്ഞന്മാരും ആകണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. 20 സമാധാനത്തിന്റെ ദൈവമോ വേഗത്തില്‍ സാത്താനെ നിങ്ങളുടെ കാല്ക്കീഴെ ചതച്ചുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

റോമിലെ വീടുകളില്‍ കൂടിവന്ന വിശ്വാസികളോട് യഹൂദപാരമ്പര്യപ്രകാരം മോശൈകന്യായപ്രമാണവും സമ്പ്രദായങ്ങളും ആചരിക്കുവാന്‍ ന്യായപ്രമാണസംബന്ധമായി എരിവുള്ളവര്‍ അവരെ നിര്‍ബ്ബന്ധിക്കുന്നതായി ഒരുപക്ഷേ പൌലോസ് മനസ്സിലാക്കിക്കാണും. ചില ഭക്ഷണപാനീയങ്ങളെ ഉപേക്ഷിക്കുക, ചില മാസങ്ങളിലോ ദിവസങ്ങളിലോ ഉപവസിക്കുക, ഞായറാഴ്ചയ്ക്ക് പകരം ശബ്ബത്ത് ആചരിക്കുക, ക്രിസ്തീയ അനുഷ്ഠാനങ്ങള്‍ക്ക് മുമ്പെ യഹൂദ അനുഷ്ഠാനങ്ങള്‍ ആചരിക്കുക ഇതെല്ലാം ഈ പ്രമാണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

വീട്ടിലെ സഭാന്തരീക്ഷത്തില്‍ സാത്താന്‍ മനഃപൂര്‍വ്വമായി ആസൂത്രണം ചെയ്ത ഈ പരീക്ഷയെ പൌലോസ് വേഗത്തില്‍ തിരിച്ചറിഞ്ഞു. ദൈവകൃപയെ മാത്രം ആശ്രയിക്കാതെ ന്യായപ്രമാണ ആചരണത്തിലുള്ള സല്‍പ്രവൃത്തികള്‍ എന്ന വിപരീതോപദേശത്തിലേക്ക് വഴുതിപ്പോയി സംഭവിക്കാവുന്ന അപകടത്തെ അവന്‍ ഗ്രഹിച്ചു. ഈ വിപരീതോപദേശപ്രകാരം യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണംകൊണ്ട് മാത്രം രക്ഷ സാധ്യമല്ല, പ്രത്യുത സ്വപ്രയത്നവും, ന്യായപ്രമാണ ആചരണവും, അതിന്റെ ശ്രദ്ധാപൂര്‍വ്വമായ പ്രായോഗികതയും രക്ഷയ്ക്ക് അനിവാര്യമാണെന്ന് ഇക്കൂട്ടര്‍ ശഠിച്ചു.

"വിശ്വസിക്കുകയും സ്നാനമേല്ക്കുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും, എന്നാല്‍ വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും" എന്നുള്ള ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ ക്രിസ്തു സകല പാപികളുടെയും പാപങ്ങളെ ക്ഷമിച്ചിരിക്കയാണ്. ക്രിസ്തുവിലുള്ള ഈ നീതീകരണത്തെ സാത്താന്‍ ആക്രമിക്കുവാന്‍ ശ്രമിക്കുന്നതായി പൌലോസ് കണ്ടു. ദൈവത്തിന്റെ സൌജന്യമായ കൃപയെ മറിച്ചുകളവാന്‍ ശ്രമിക്കുന്നവരെ ഇടര്‍ച്ചയും ദ്വന്ദ്വപക്ഷവും ഉണ്ടാക്കുന്നവര്‍ എന്നാണ് അപ്പോസ്തലന്‍ വിളിക്കുന്നത്. ഇക്കൂട്ടരെപ്പറ്റി ദാവീദ് പറയുന്നത്, "എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തന്‍ പോലുമില്ല" (സങ്കീ. 14:3) എന്നാണ്.

മനുഷ്യവര്‍ഗ്ഗത്തിന്റെ ഈ ദരിദ്രാവസ്ഥയെ റോമാലേഖനത്തില്‍ വിവരിക്കുമ്പോള്‍ രക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം യേശുക്രിസ്തുവിന്റെ മാര്‍ഗ്ഗമാണെന്ന് അപ്പോസ്തലന്‍ വ്യക്തമാക്കയുണ്ടായി (റോമര്‍ 3:9-24). ഈ വിശദീകരണത്തിനുശേഷം തന്റെ ലേഖനം റോമില്‍ എത്തും മുമ്പെ തന്നെ, പൌലോസിന്റെ വിശദീകരണത്തെ മറിച്ചുകളയുവാന്‍ യഹൂദന്മാരുടെ ഇടയിലെ വഞ്ചകന്മാര്‍ അവിടെയെത്തി. അതുകൊണ്ട് ഭോഷ്ക്ക് നിശ്വസിക്കുന്നവരായ ഇത്തരം വഞ്ചകന്മാരെ സൂക്ഷിച്ചുകൊള്ളണമെന്ന് പൌലോസ് സഭയ്ക്ക് മുന്നറിയിപ്പു നല്കുകയാണ്.

അതിനു മുമ്പെ, അപ്പോസ്തലന്മാരെ ആദ്യമായി യരൂശലേമില്‍ കണ്ടുമുട്ടുന്ന സമയത്ത്, വിശ്വാസികളുടെ മദ്ധ്യേ ന്യായപ്രമാണ ആചരണത്തെ നിര്‍ബ്ബന്ധിക്കുന്ന കൂട്ടരുമായി ശക്തമായ വാദപ്രതിവാദത്തിനുശേഷം അപ്പോസ്തലന്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ ഇപ്രകാരം പറഞ്ഞു: "ആകയാല്‍ നമ്മുടെ പിതാക്കന്മാര്‍ക്കും നമുക്കും ചുമപ്പാന്‍ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തില്‍ വെയ്ക്കുവാന്‍ നിങ്ങള്‍ ഇപ്പോള്‍ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്? കര്‍ത്താവായ യേശുവിന്റെ കൃപയാല്‍ രക്ഷ പ്രാപിക്കുമെന്ന് നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്" (അ.പ്ര. 15:10-11).

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളില്‍നിന്നും ക്രൂശീകരണത്തില്‍നിന്നും അവനെ പിന്തിരിപ്പിക്കുവാന്‍ അപ്പോസ്തലിക പ്രമുഖനായ പത്രോസ് ശ്രമിക്കവെ യേശു അവനോട്: "സാത്താനേ, എന്നെ വിട്ടുപോ, നീ എനിക്ക് ഇടര്‍ച്ചയാകുന്നു; നീ ദൈവത്തിനുള്ളതല്ല; മനുഷ്യനുള്ളതത്രെ ചിന്തിക്കുന്നു" എന്നു പറഞ്ഞു (മത്താ. 16:23).

യേശുക്രിസ്തുവിന്റെ ക്രൂശിനെ തകിടം മറിച്ച് സ്വപരിശ്രമത്താല്‍ രക്ഷ സ്ഥാപിതമാക്കുവാനുള്ള മനുഷ്യന്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടു. അതെല്ലാം തത്വത്തില്‍ സാത്താന്റെ വഞ്ചനയാണ്. അതുപോലെതന്നെ മനുഷ്യമതപുനര്‍ഭാവത്തിനുള്ള മാനുഷിക പരിശ്രമവും മെച്ചമായി തോന്നാമെങ്കിലും തത്വത്തില്‍ അതും ദൈവകൃപയ്ക്കു വിരോധമായ അദ്ധ്വാനമാണ്. ന്യായപ്രമാണാചരണത്താല്‍ പറുദീസയിലേക്കുള്ള പ്രവേശനം ആഗ്രഹിക്കുന്ന ഏവനും, യേശുക്രിസ്തുവിന്റെ ചരിത്രപരമായ ക്രൂശീകരണത്തെയും വിലമതിക്കാനാവാത്ത ക്രിസ്തുവിന്റെ വീണ്ടെടുപ്പിനെയും നിരാകരിക്കുന്നവനാണ്. അങ്ങനെ അവന്‍ പിശാചിന്റെ വഞ്ചനയിലും ചതിയിലും അകപ്പെട്ടുപോയി.

റോമിലെ സഭയില്‍ ആശയക്കുഴപ്പത്തിലായ വിശ്വാസികളോട് അപ്പോസ്തലന്‍ പറയുകയാണ്: "ഈ വഞ്ചകന്മാരെ സൂക്ഷിച്ച് അവരില്‍നിന്നും അകന്നുകൊള്‍ക. അവരെ നിങ്ങളുടെ ഭവനാന്തരീക്ഷത്തില്‍ സംസാരിക്കാന്‍ അനുവദിക്കരുത്. 'പൂര്‍വ്വന്മാര്‍ നിങ്ങളോടു പറഞ്ഞുവല്ലോ... ഞാനോ നിങ്ങളോടു പറയുന്നത്' എന്ന് യേശു പറഞ്ഞതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ലേ? ഈ ചതിയന്മാര്‍ ഇപ്പോഴും ഗതകാലത്തില്‍ ജീവിക്കുന്നവരാണ്; കൃപായുഗത്തിലേക്ക് അവര്‍ ഇതുവരെയും പ്രവേശിച്ചിട്ടില്ല. ആകയാല്‍ ക്രൂശിതനെങ്കിലും പുനരുത്ഥാനം ചെയ്ത കര്‍ത്താവിനെ മുറുകെ പിടിച്ചുകൊള്‍ക എങ്കില്‍ നിങ്ങള്‍ എന്നേക്കും ജീവിക്കും."

പൌലോസ് അവര്‍ക്ക് നല്കുന്ന മുന്നറിയിപ്പില്‍ ഇങ്ങനെയും പ്രസ്താവിച്ചു കാണുന്നു: "നിങ്ങളുടെ യഥാര്‍ത്ഥ വിശ്വാസവും ആത്മിക സ്നേഹവും ഓര്‍ത്ത് ഞാന്‍ സന്തോഷിക്കുന്നു. പരിശുദ്ധാത്മനിയോഗത്തില്‍ നിങ്ങള്‍ അനുസരണം പഠിച്ച് നിങ്ങളുടെ പ്രായോഗിക ജീവിതത്തില്‍ അത് പ്രായോഗികമാക്കിയിട്ടുണ്ട്. ഈ ആത്മികസത്യം ഗ്രീസിലുള്ള എല്ലാ സഭകള്‍ക്കും പ്രസിദ്ധമായിരിക്കുന്നു. ആകയാല്‍ നന്മതിന്മകളെ നിങ്ങള്‍ തിരിച്ചറിയേണ്ടതിന് ക്രിസ്തുവിനോടുള്ള ജ്ഞാനം അന്വേഷിക്കുക. നന്മയായത് പ്രവര്‍ത്തിച്ച് തിന്മയെ ത്യജിച്ചുകളക. ദൈവം നിങ്ങളെ ശരിയായ വിശ്വാസത്തില്‍ നടത്തേണ്ടതിനും, ദൈവത്തോടുള്ള സമാധാനത്തില്‍ നിങ്ങള്‍ ജീവിക്കേണ്ടതിനും സുവിശേഷത്തില്‍ അടിസ്ഥാനപ്പെട്ടവരായി നിങ്ങള്‍ നിലനില്ക്കേണ്ടതിന് ജീവനുള്ള കര്‍ത്താവിനോട് എപ്പോഴും അപേക്ഷിക്കുക."

പ്രോത്സാഹജന്യമായ ഈ വാക്കുകളെപ്പറഞ്ഞശേഷം, തന്റെ വിശുദ്ധ കോപത്തില്‍ അപ്പോസ്തലന്‍ നല്കിയ വാഗ്ദത്തം ബൈബിളില്‍ മറ്റെവിടെയും നാം കാണുന്നില്ല. "സമാധാനത്തിന്റെ ദൈവം സാത്താനെ വേഗത്തില്‍ നിങ്ങളുടെ കാല്ക്കീഴെ മെതിച്ചുകളയും" (റോമര്‍ 16:20). അതിന്റെയര്‍ത്ഥം സമാധാനത്തില്‍ പൂര്‍ണ്ണനായ ദൈവം തന്റെ സമാധാനത്താല്‍ അവരുടെ ഹൃദയങ്ങളെ നിറയ്ക്കുമെന്നാണ്. കലക്കത്തിന്റെ ദൈവമല്ലാത്ത നമ്മുടെ ദൈവം ക്രിസ്തുസ്വര്‍ഗ്ഗത്തില്‍നിന്ന് മടങ്ങിവരുമ്പോള്‍ സാത്താനെ ജയിക്കും. റോമിലെ സഭ ക്രിസ്തുവിന്റെ ആത്മിക ശരീരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ദൈവം എപ്രകാരം ദുഷ്ടനെ തങ്ങളുടെ കാല്‍ക്കീഴെ മെതിക്കുന്നുവെന്നുള്ളത് അവരുടെ അനുഭവത്തില്‍ അവര്‍ അറിയേണ്ടത് ആവശ്യമത്രെ. എന്തെന്നാല്‍ അവര്‍ ക്രിസ്തുവിലും ക്രിസ്തു അവരിലും ആയിരിക്കുന്നു. സാത്താനെ കീഴ്പ്പെടുത്തുവാന്‍ നിങ്ങള്‍ക്കാകില്ല, എന്നാല്‍ ദൈവം തന്റെ പുത്രന്റെ കാല്ക്കീഴെ അവനെ എറിഞ്ഞുകളയും. എന്തെന്നാല്‍ അവനില്‍ അവന്റെ മഹത്വത്തിന്റെ പങ്കാളികളാണ് നിങ്ങള്‍ (സങ്കീ. 110:1).

പൌലോസ് ഒരു യാഥാര്‍ത്ഥ്യസിദ്ധാന്തവാദിയായിരുന്നു. റോമിലെ വിശ്വാസികളെ പിശാചിന്റെ പരീക്ഷയില്‍നിന്നും കാത്തുസൂക്ഷിപ്പാനും, കൃപയില്‍ അവരെ ഉറപ്പിക്കുവാനും അവന്‍ കര്‍ത്താവിനോടപേക്ഷിച്ചു. ത്രിയേക ദൈവത്തിലെ സന്തോഷത്തിന്റെ കാതല്‍ കൃപയാണല്ലോ.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, 'പരീക്ഷയിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കാതെ ദുഷ്ടനില്‍നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ' എന്നു പ്രാര്‍ത്ഥിപ്പാന്‍ അവിടുന്നു ഞങ്ങളെ പഠിപ്പിച്ചുവല്ലോ. അവിടുന്നു ദുഷ്ടനെ ജയിക്കുന്നത് കാണുവാന്‍ ഞങ്ങളുടെ കണ്ണുകളെ തുറക്കണമേ. കര്‍ത്താവേ, ഞങ്ങളെക്കൊണ്ടുതന്നെ ഞങ്ങളെ വീണ്ടെടുക്കുവാനുള്ള ഞങ്ങളുടെ ഓരോ പരിശ്രമത്തില്‍നിന്നും ഞങ്ങളെ വിടുവിക്കണമേ. അവിടുന്നു മാത്രമാണല്ലോ ഞങ്ങളുടെ രക്ഷിതാവ്.

ചോദ്യം:

  1. സാത്താന്‍ നല്കുന്ന പരീക്ഷയുടെ സുപ്രധാന ലക്ഷ്യം എന്താണ്?

www.Waters-of-Life.net

Page last modified on January 22, 2013, at 07:44 AM | powered by PmWiki (pmwiki-2.3.3)