Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 066 (We must Learn Brotherly Love)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം മൂന്ന് - ക്രിസ്തുവിനെ പിന്‍പറ്റുന്നവരുടെ ജീവിതത്തിലൂടെ ദൈവനീതി വെളിപ്പെടുന്നു (റോമര്‍ 12:1 - 15:13)

3. സഹോദരപ്രീതി പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത (റോമര്‍ 12:9-16)


റോമര്‍ 12:9-16
9 സ്നേഹം നിര്‍വ്യാജമായിരിക്കട്ടെ; തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊള്‍വിന്‍. 10 സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം മുന്നിട്ടുകൊള്‍വിന്‍. 11 ഉത്സാഹത്തില്‍ മടുപ്പില്ലാതെ ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍. 12 ആശയില്‍ സന്തോഷിപ്പിന്‍; കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍; 13 പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍; വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കുകയും അതിഥിസല്‍ക്കാരം ആചരിക്കുകയും ചെയ്യുവിന്‍. 14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിന്‍; ശപിക്കാതെ അനുഗ്രഹിപ്പിന്‍. 15 സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുകയും കരയുന്നവരോടുകൂടെ കരയുകയും ചെയ്യുവിന്‍. 16 തമ്മില്‍ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നുകൊള്‍വിന്‍; നിങ്ങളെത്തന്നെ ബുദ്ധിമാന്മാര്‍ എന്നു വിചാരിക്കരുത്.

ഗ്രീക്കില്‍ സ്നേഹത്തിനു പല പദങ്ങളുണ്ട്. മനുഷ്യന്റെ സ്വാഭാവികമായ സ്നേഹത്തെ അതിന്റെ ശക്തമായ വികാരത്തിലും ഭാവത്തിലും വെളിപ്പെടുത്തുന്ന പദമാണ് 'ഫിലെയോ.' മനുഷ്യന്റെ ലൈംഗിക താല്‍പര്യത്തില്‍നിന്ന് ഉയര്‍ന്നുപൊങ്ങുന്ന സ്നേഹമാണ് 'ഈറോസ്.' എന്നാല്‍ 'അഗാപ്പേ' എന്നതു സ്നേഹത്തിന്റെ ഏറ്റവും ഉന്നതവും പൂര്‍ണ്ണവുമായ ഭാവമാണ്. ദരിദ്രര്‍ക്കും ശത്രുക്കള്‍ക്കും വേണ്ടിപ്പോലും യാഗമായിത്തീരുവാന്‍ ആഗ്രഹിക്കുന്ന ദൈവികസ്നേഹമാണ് ഇത്. വ്യക്തമായ ഇഷ്ടത്തെയും തീരുമാനത്തെയും വെളിപ്പെടുത്തുന്ന സ്നേഹം പ്രത്യേകമായി എടുത്തുപറഞ്ഞാല്‍ ദൈവിക വെളിപ്പാടിന്റെ മണ്ഡലത്തിലുള്ള സ്നേഹമാണ്.

ഈ സ്നേഹത്തിലാണു ക്രിസ്തു പാപികളുടെ വീണ്ടെടുപ്പിനായി തന്റെ ജീവനെ നല്കിയത്. "ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിക്കുന്ന പരിശുദ്ധാത്മാവിനാല്‍ നമുക്കു നല്കപ്പെട്ടിരിക്കുന്നു'' എന്നു പൌലോസ് പറയുന്നുണ്ട് (റോമര്‍ 5:5). അതുകൊണ്ട് ക്രിസ്തുവിശ്വാസികളുടെ പ്രായോഗിക ജീവിതത്തില്‍ അഗാപ്പേ പ്രായോഗികമാക്കേണ്ടതിന്റെ ആവശ്യകതയാണ് അപ്പോസ്തലന്‍ ഇവിടെ ഊന്നിപ്പറയുന്നത്.

ദൈവസ്നേഹം നേരായ സ്നേഹമാണ്; അതുകൊണ്ട് അതു ഭോഷ്ക്ക് പറകയില്ല. ജ്ഞാനത്തിന്റെയും കരുണയുടെയും മാര്‍ഗ്ഗത്തില്‍ അതു സത്യം സംസാരിക്കുന്നു. ബൈബിള്‍ പറയുന്നതുപോലെ കപടഭക്തി നന്നല്ല. യാതൊരു അഹന്തയും അഹംഭാവവും നമ്മില്‍ അവശേഷിക്കാതവണ്ണം നമ്മുടെ പാപങ്ങള്‍ ചിലപ്പോഴൊക്കെ മനുഷ്യരുടെ മുമ്പാകെ നാം ഏറ്റുപറയേണ്ടതായി വരും. നമ്മെ തന്റെ പ്രായശ്ചിത്തബലിയാല്‍ നീതീകരിച്ചവന്‍ യേശുക്രിസ്തുവാണ്; അതുകൊണ്ടു നമ്മുടെ പാപങ്ങള്‍ അവനോടു നാം ഏറ്റുപറയണം.

ദൈവസ്നേഹം തിന്മയെ വെറുക്കുന്നു; അതുനിമിത്തം നമ്മുടെ മനസ്സാക്ഷി നമ്മെ കുറ്റപ്പെടുത്തുന്നു. അശുദ്ധി, ഭോഷ്ക്ക്, വക്രബുദ്ധി,അനീതി എന്നൊക്കെയുള്ള തിന്മകളുമായി സ്നേഹം യോജിച്ചുപോകുന്നില്ല. സ്നേഹം എല്ലായ്പ്പോഴും വിശുദ്ധി, സത്യം, നേരായമാര്‍ഗ്ഗം, നീതി എന്നിവയെ പിന്തുണയ്ക്കുന്നു.

ദൈവസ്നേഹം ക്രിസ്തുയേശുവിലുള്ള നമ്മുടെ സഹോദരീ സഹോദരന്മാരെ ആവലാതി കൂടാതെ സ്നേഹിപ്പാനും ശുശ്രൂഷിപ്പാനും നമ്മെ അഭ്യസിപ്പിക്കുന്നു. നാം മറ്റുള്ളവരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു എന്ന് അവര്‍ മനസ്സിലാക്കത്തക്കവിധം നമ്മുടെ എല്ലാ വാക്കുകളും പ്രവൃത്തികളും ആത്മാര്‍ത്ഥതയും ഊഷ്മളതയുമുള്ളതായിരിക്കണം. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു പരസ്പരമുള്ള ബഹുമാനവും ഈ ഗണത്തില്‍പ്പെടുന്നു.

ഒരുവന്‍ വാക്കിനാലോ ക്രിയയാലോ സുവിശേഷവേല ചെയ്യുന്നുവെങ്കില്‍, എതിര്‍പ്പുകളുടെ മദ്ധ്യത്തിലും അവന്റെ ആത്മിക ശുശ്രൂഷകള്‍ ആത്മിക ശക്തിയോടെ ചെയ്യുകയും കര്‍ത്താവിന്റെ നടത്തിപ്പില്‍ വ്യക്തമായി അവന്‍ ഉറയ്ക്കുകയും വേണം.

പരാജയങ്ങള്‍ അനുഭവപ്പെടുമ്പോള്‍, ക്രിസ്തു ജയാളിയാണെന്നുള്ള ഓര്‍മ്മ വേണം. കഷ്ടതയോ പ്രയാസങ്ങളോ അനുഭവിക്കേണ്ടിവരുന്നവന്‍ ശുഭാപ്തിവിശ്വാസത്തോടും, സഹിഷ്ണുതയോടുംകൂടെ സംശയിക്കാതെ പ്രാര്‍ത്ഥനയില്‍ പോരാടണം. മറ്റുള്ളവര്‍ക്കുവേണ്ടിയും നമുക്കുവേണ്ടിയുമുള്ള നമ്മുടെ പ്രാര്‍ത്ഥന കര്‍ത്താവു കേള്‍ക്കുകയും ഉത്തരമരുളുകയും ചെയ്യും.

വിശ്വാസത്തിലുള്ള നിങ്ങളുടെ സഹോദരന്മാര്‍ കഷ്ടമനുഭവിക്കുന്നതു നിങ്ങള്‍ കണ്ടാല്‍, നിങ്ങള്‍ അവരോടു സഹതാപം കാണിക്കുകയും അവരുടെ കഷ്ടതകളില്‍ പങ്കാളികളാകയും വേണം. അവര്‍ നിങ്ങളോടൊത്തു ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ വരുമ്പോള്‍ അവര്‍ക്കായി നിങ്ങള്‍ വാതില്‍ തുറക്കണം. അവന്റെ നാമം നിമിത്തം വിശപ്പുള്ളവരെ നിങ്ങള്‍ തൃപ്തിപ്പെടുത്തുന്നുവെങ്കില്‍ ദൈവം നിങ്ങളുടെ അപ്പത്തെ വര്‍ദ്ധിപ്പിക്കും. അവനെ സ്നേഹിക്കുന്ന എല്ലാവരോടുംകൂടെ അവന്‍ ഉണ്ട്.

ആരെങ്കിലും നിങ്ങളെ കഠിനമായി ഉപദ്രവിക്കുന്നുവെങ്കില്‍, അവരെ അനുഗ്രഹിക്കുക. ശപിക്കുന്നവരെ ശപിക്കാതെ അവര്‍ വിടുവിക്കപ്പെടുവാന്‍ വീണ്ടെടുപ്പുകാരനോടു പ്രാര്‍ത്ഥിക്കുക. ദമാസ്കസിലുള്ള വിശ്വാസികളെ ഉപദ്രവിച്ച് അടിമകളാക്കി യരൂശലേമിലേക്കു കൂട്ടിക്കൊണ്ടുപോകുവാന്‍ ശൌല്‍ അവരെ സമീപിക്കവെ അവര്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യുക. കര്‍ത്താവു വഴിയില്‍വെച്ചു ശൌലിനെ എതിര്‍പ്പെട്ട് അവന്റെ അഹന്തയ്ക്ക് അറുതിവരുത്തുകയായിരുന്നല്ലോ.

ക്രൂശിതനെങ്കിലും പുനരുത്ഥാനം ചെയ്ത കര്‍ത്താവിന്റെ അനുഗ്രഹം അനുഭവവേദ്യമാകുമ്പോള്‍, വിശ്വാസികള്‍ സന്തോഷിക്കുകയും വിശ്വാസത്തില്‍ ധൈര്യപ്പെടുകയും ചെയ്യുന്നു; കാരണം അവര്‍ ക്രിസ്തുവിന്റെ വിജയത്തെയും അനന്തരഫലങ്ങളെയും കാണുന്നു. എന്നാല്‍ മറ്റു ചിലര്‍ അയല്‍വാസികളെച്ചൊല്ലി നിലവിളിക്കുമ്പോള്‍, അവന്റെകഷ്ടതയ്ക്കു നാമും പങ്കാളികളാകുകയാണാവശ്യം. കണ്ണീരിനെപ്പറ്റി ലജ്ജിക്കരുത്.

ദൈവസഭയില്‍ ദൈവഭവനത്തിന്റെ അംഗങ്ങള്‍ എന്ന നിലയ്ക്ക് ഒരൊറ്റ കൂട്ടമായിരിക്കുവാന്‍ ഉത്സാഹിക്ക. ഈ ലോകത്തിന്റെ ധനം, മാനം, അധികാരം, ആനുകൂല്യത എന്നിവകള്‍ക്കു പ്രാധാന്യം കൊടുക്കാതെ, കര്‍ത്താവു ചെയ്തുവന്നതുപോലെ ദരിദ്രരും, ആശയറ്റവരും, രോഗികളും, ഭൂതബാധിതരും, മരിച്ചവരുമായ ആളുകളോടുകൂടെയുള്ള ജീവിതം ജീവിക്കുക.

മറ്റുള്ളവരെക്കാള്‍ നിങ്ങള്‍ ഉയര്‍ന്നവരോ, ഉന്നത വിദ്യാഭ്യാസമുള്ളവരോ എന്നു ചിന്തിക്കാതെ, കൊയ്ത്തിന്റെ യജമാനന്‍ നിങ്ങളുടെ മദ്ധ്യേ, സഭാമദ്ധ്യേതന്നെ, രോഗസൌഖ്യവും, ആശ്വാസവും, രക്ഷയും, പ്രശ്നപരിഹാരങ്ങളും നല്കുവാന്‍ അവനോടു പ്രാര്‍ത്ഥിക്കുക.

കലഹിക്കാതെ കരുതലുള്ളവരായിരിക്കുക. അന്യോന്യം സഹിഷ്ണുതയുള്ളവരായിരിക്കുക; കാരണം കര്‍ത്താവ് ഏകനാണ്; അവന്റെ പാപപരിഹാരബലിയും ഏകം. അവന്റെ ആത്മാവിനു പകരമായി ട്ടൊന്നുമില്ല. കൂടുതല്‍ മെച്ചമായ രക്ഷ നിങ്ങള്‍ക്ക് ഒരുക്കുവാന്‍ സാധിക്കും എന്ന ഭാവത്തില്‍ പെരുമാറരുത്. നാമെല്ലാവരും ത്രിയേകദൈവത്തിന്റെ കൃപയാലത്രേ ജീവിക്കുന്നത്.

പ്രാര്‍ത്ഥന: പിതാവായ ദൈവമേ, ഞങ്ങളുടെ സഭയിലെ അത്ഭുതകരമായ കൂട്ടായ്മയ്ക്കായി സ്തോത്രം. അവിടുത്തെ ആത്മാവിന്റെ അധിവാസത്താല്‍ നിന്റെ സ്നേഹത്തെയും, സഹിഷ്ണുതയെയും, സന്തോഷത്തെയും ഞങ്ങള്‍ക്കു തന്നല്ലോ. ഞങ്ങള്‍ മാനസാന്തരത്താല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്തില്‍ തുടരുവോളം അത് ഞങ്ങളുടെ അനുഭവമാണല്ലോ. ഞങ്ങളുടെ വിശ്വാസത്തിന്റെ വേല വാക്കുകളില്‍ മാത്രമല്ല, പ്രായോഗികതയിലും ആകുവാന്‍ ഞങ്ങളെ സഹായിക്കണമേ. കര്‍ത്താവേ, ഞങ്ങളോടുകൂടെ അധിവസിച്ച്, അവിടുത്തെ ഭാഗ്യകരമായ പ്രത്യാശയില്‍ ഞങ്ങളെ സൂക്ഷിക്കണമേ.

ചോദ്യം:

  1. നിങ്ങളുടെ കൂട്ടായ്മയില്‍ അതിപ്രധാനമായും ആവശ്യമായിരിക്കുന്നതും നിങ്ങള്‍ പ്രായോഗികമാക്കേണ്ടതുമായ ദൈവസ്നേഹം ഏതു വിധത്തിലുള്ളതാണ്?

www.Waters-of-Life.net

Page last modified on January 22, 2013, at 07:13 AM | powered by PmWiki (pmwiki-2.3.3)