Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 061 (The Secret of Deliverance and Salvation of the Children of Jacob)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം രണ്ട് - ദൈവജനമായ യിസ്രായേലിന്റെ കാഠിന്യത്തിനു ശേഷവും ദൈവത്തിന്റെ നീതിക്ക് മാറ്റംവരുന്നില്ല (റോമര്‍ 9:1 - 11:36)
ഋ - നമ്മുടെ വിശ്വാസം എന്നേക്കും നിലനില്ക്കുന് (റോമര്‍ 8:28-39)
5. യിസ്രായേല്‍ജനതയുടെ പ്രത്യാശ (റോമര്‍ 11:1-36)

റ) യിസ്രായേല്യരുടെ അന്ത്യനാളുകളിലെ വിടുതലിന്റെയും രക്ഷയുടെയും രഹസ്യം (റോമര്‍ 11:25-32)


റോമര്‍ 11:25-32
25 സഹോദരന്മാരെ, നിങ്ങള്‍ ബുദ്ധിമാന്മാരെന്നു നിങ്ങള്‍ക്കുതന്നെ തോന്നാതിരിപ്പാന്‍ ഈ രഹസ്യം അറിയാതിരിക്കരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ജാതികളുടെ പൂര്‍ണ്ണസംഖ്യ ചേരുവോളം യിസ്രായേലിന് അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു. 26 ഇങ്ങനെ യിസ്രായേല്‍ മുഴുവനും രക്ഷിക്കപ്പെടും. "വിടുവിക്കുന്നവന്‍ സീയോനില്‍നിന്നു വരും; അവന്‍ യാക്കോബില്‍നിന്ന് അഭക്തിയെ മാറ്റും. 27 ഞാന്‍ അവരുടെ പാപങ്ങളെ നീക്കുമ്പോള്‍ ഇതു ഞാന്‍ അവരോടു ചെയ്യുന്ന നിയമം" എന്ന് എഴുതിയിരിക്കുന്നുവല്ലോ. 28 സുവിശേഷം സംബന്ധിച്ച് അവര്‍ നിങ്ങള്‍ നിമിത്തം ശത്രുക്കള്‍; തെരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാര്‍ നിമിത്തം പ്രിയന്മാര്‍. 29 ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ച് അനുതപിക്കുന്നില്ലല്ലോ. 30 നിങ്ങള്‍ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാല്‍ ഇപ്പോള്‍ കരുണ ലഭിച്ചതുപോലെ, 31 നിങ്ങള്‍ക്കു ലഭിച്ച കരുണയാല്‍ അവര്‍ക്കു കരുണ ലഭിക്കേണ്ടതിന് അവരും ഇപ്പോള്‍ അനുസരിക്കാതിരിക്കുന്നു. 32 ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന് എല്ലാവരെയും അനുസരണക്കേടില്‍ അടച്ചുകളഞ്ഞു.

ഈ ലേഖനം ആര് സ്വീകരിക്കുന്നുവോ അവരെ ക്രിസ്തുയേശുവില്‍ തന്റെ ചാര്‍ച്ചക്കാര്‍ എന്നാണ് അപ്പോസ്തലന്‍ പറയുന്നത്. ഈ പ്രസ്താവനയിലൂടെ ദൈവം തന്റെയും അവരുടെയും പിതാവാണെന്ന് താന്‍ ഏറ്റുപറയുകയാണ്. 'ദൈവം ശ്രേഷ്ഠന്‍' എന്ന ആശയത്തില്‍ മുന്‍നിര്‍ണ്ണയത്തെക്കുറിച്ചുള്ള എല്ലാ ചിന്തകളും, മനനങ്ങളും, പ്രഖ്യാപനങ്ങളും സൈദ്ധാന്തികമായി നിവര്‍ത്തിക്കപ്പെടുന്നില്ല; എന്നാല്‍ അതുനിവര്‍ത്തിക്കപ്പെടുന്നതു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായി അറിയപ്പെടുന്ന ദൈവത്തിലാണ്. പരിശുദ്ധ പിതാവായ ദൈവം കരുണാസമ്പന്നനും സ്നേഹസമ്പന്നനുമാണ്.

ഇതിനുശേഷം പിതാവായ ദൈവം വ്യക്തമായി അവനു വെളിപ്പെടുത്തിക്കൊടുക്കുംവരെ തനിക്കു മറവായിരുന്ന ഒരു വിഷയത്തെപ്പറ്റി പറയുന്നു. അതുകൊണ്ടു യിസ്രായേല്‍മക്കളെ സംബന്ധിച്ചു സ്വന്ത തത്വശാസ്ത്രത്തിലേക്കു നോക്കാതെ ദൈവവചനം എന്തു പറയുന്നു എന്നതിലേക്കു ശ്രദ്ധിക്കുവാന്‍ എല്ലാ വേദവ്യാഖ്യാതാക്കളോടും, പ്രസംഗകരോടും, ദൈവശാസ്ത്രികളോടും പൌലോസ് ആജ്ഞാപിക്കുന്നു. സ്വന്ത ചിന്തകളെ പ്രസംഗിക്കുന്നത് അപകടകരമാണ്, കാരണം അവന്‍ തന്നെത്താന്‍ ഉത്തമനാണെന്നും, വിവേകമുള്ളവന്‍ എന്നും ചിന്തിച്ചിട്ടു വേഗത്തില്‍ വഴുതിപ്പോകുന്നു. എന്നാല്‍ ദൈവവചനത്തെ മുറുകെപ്പിടിക്കുന്നവനാകട്ടെ, പ്രാര്‍ത്ഥനയോടെ പരിശുദ്ധാത്മ വചനങ്ങളെ ശ്രദ്ധിക്കുകയും ക്രമേണ സ്വര്‍ഗ്ഗീയപിതാവിനെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ വളരുകയും ചെയ്യുന്നു.

അന്ത്യനാളിനെപ്പറ്റി പൌലോസ് പറയുന്ന രഹസ്യത്തിനു പല ഭാഗങ്ങളുണ്ട്:

യിസ്രായേലിനു സംഭവിച്ച കാഠിന്യം എന്നു പറയുന്നതു കട്ടിയുള്ള തുണികൊണ്ടു നിര്‍മ്മിച്ച ഒരു കൂടാരത്തിനു തുല്യമാണ്. അതിന്റെ നിഴലിന്‍കീഴെ ഇരിക്കുന്നവരെ വെയിലില്‍നിന്ന് അതു സംരക്ഷി ക്കുന്നു. അത് അവരുടെ കണ്ണിനെ കാഴ്ചയില്‍നിന്നും കാതിനെ കേള്‍വിയില്‍നിന്നും മറയ്ക്കുന്നു. അവര്‍ക്കു കാണുവാനും, കേള്‍ക്കുവാനും, വായിക്കുവാനും കഴിവുണ്ടെങ്കിലും സാധിക്കുന്നില്ല (യെശ. 6:9-10). എല്ലാവരുമല്ലെങ്കിലും യിസ്രായേല്യരില്‍ വലിയ ഒരു പങ്കും കഠിനപ്പെട്ടിരിക്കുന്നു. യേശുക്രിസ്തുവിന്റെ അപ്പോസ്തലരായ ശിഷ്യന്മാരും, ആദിമസഭയും യോഹന്നാന്റെ കീഴില്‍ മാനസാന്തരപ്പെട്ടവരായിരുന്നു. യേശുക്രിസ്തുവിന്റെ ആഗമനത്തിനും രക്ഷയ്ക്കുമായി അവന്‍ അവരെ ഒരുക്കി. അവര്‍ അവന്റെ സാഹചര്യത്തില്‍ ജീവിച്ച് അവന്റെ ദൈവികമഹത്വത്തിന്റെ പ്രകാശം അനുഭവമാക്കി.

യെശയ്യാപ്രവാചകന്റെ പുസ്തകപ്രകാരം ഹൃദയകാഠിന്യം ക്രിസ്തുവിന്റെ പ്രത്യക്ഷതയ്ക്കു 700 സംവത്സരങ്ങള്‍ക്കു മുമ്പെ ആരംഭം കുറിച്ചു (6:5-13). യേശു ഈ വസ്തുത സ്ഥിരീകരിക്കുകയും (മത്താ. 13:11-15), പൌലോസ് ദുഃഖത്തോടെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അ. പ്ര. 28:26-28). ഈ കാഠിന്യം തങ്ങളുടെ രാജാവിനെ ക്രൂശിപ്പാന്‍ ഏല്പിക്കുകയും, പരിശുദ്ധാത്മാധിവാസത്തെ നിരാകരിക്കുകയും ചെയ്തതോടെ അതിന്റെ ഭയാനകതയെ പ്രാപിച്ചു. ഇതേത്തുടര്‍ന്നു റോമാക്കാര്‍ അവരെ അടിമകളായി ലോകത്തിന്റെ പല ഭാഗങ്ങളിലായി വിറ്റുകളഞ്ഞു.

എന്നാല്‍ യിസ്രായേലിന്റെ കാഠിന്യം എക്കാലവും നിലനില്ക്കുകയില്ല. ജാതികളുടെ പൂര്‍ണ്ണസംഖ്യ തികയുംവരെ അതു നിലനില്ക്കും. ജാതികളുടെ പൂര്‍ണ്ണസംഖ്യ തികഞ്ഞുകഴിയുമ്പോള്‍, യഹൂദന്റെ മാനസാന്തരത്തിനുള്ള ഒടുവിലത്തെ അവസരം അവര്‍ക്കു നല്കും; അവര്‍ക്കു വീണ്ടുംജനനത്തിനവസരമുണ്ടാകും. എന്നാല്‍ അന്ത്യനാളില്‍ രക്ഷിക്കപ്പെടുന്ന യിസ്രായേല്‍ ആരെല്ലാമാണ്.

മ. ഇന്നു യഹൂദന്റെ നാലില്‍ ഒരു ഭാഗം മാത്രമാണു യിസ്രായേല്‍ ദേശത്തു പാര്‍ത്തുവരുന്നത്. നാലില്‍ മൂന്നു ഭാഗവും ലോകത്തിലെ അന്‍പത്തിരണ്ടു രാജ്യങ്ങളിലായി ചിതറിക്കിടക്കുകയാണ്.
യ. 'യിസ്രായേല്‍ മുഴുവനും' എന്ന പ്രയോഗം യാഥാസ്ഥിതിക മതഭക്തരായ യഹൂദന്മാരെയാണോ അതോ മതഭക്തരല്ലാത്ത വിമോചനചിന്താഗതിക്കാരായ യഹൂദന്മാരെയാണോ സൂചിപ്പിക്കുന്നത്?
ര. യിസ്രായേലി പാസ്പോര്‍ട്ടുകളുമായി യിസ്രായേല്‍ ദേശത്തു പാര്‍ത്തുവരുന്ന ഡ്രൂസുകള്‍, ക്രിസ്ത്യാനികള്‍, മുസ്ലിംകള്‍ എന്നിവര്‍ ധാരാളമുണ്ട്. 'യിസ്രായേല്‍ മുഴുവനും' എന്ന പ്രയോഗത്തില്‍ ഇവരും ഉള്‍പ്പെടുമോ? നിശ്ചയമായും അവര്‍ ഉള്‍പ്പെടുകയില്ല.
റ. ~ഒരു വിശുദ്ധ ശേഷിപ്പു മാത്രമേ യിസ്രായേലില്‍നിന്നു രക്ഷിക്കപ്പെടുകയുള്ളു എന്നു യെശയ്യാവു മുമ്പുകൂട്ടി പ്രസ്താവിച്ചിട്ടുണ്ട്."എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാല്‍ അവയുടെ കുറ്റിശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധ സന്തതി ഒരു കുറ്റിയായി ശേഷിക്കും'' (യെശ. 6:11-13). എന്നുവെച്ചാല്‍ ജനത്തിന്റെ ശേഷിപ്പ് ഒരു വിശുദ്ധ സന്തതിയായി, ജീവനുള്ള ദൈവത്തിന്റെ സഭയായി ഭൂമിയില്‍ ശേഷിക്കും. ഇതു ക്രിസ്തുവിലുള്ള അവരുടെ വിശ്വാസത്തെയും അവരുടെ രക്ഷയെയും കാണിക്കുന്നു.
ല. യിസ്രായേല്‍ ഗോത്രം പന്ത്രണ്ടില്‍നിന്നും പന്തീരായിരംപേരെ വീതം ദൈവദൂതര്‍ മുദ്രയിട്ടു വേര്‍തിരിക്കുന്ന വിധം വെളിപ്പാടില്‍ കര്‍ത്താവ് യോഹന്നാനോടു പറയുന്നതു നാം കാണുന്നു. ഇതില്‍നിന്നും ഗോത്രം മുഴുവനുമല്ല തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണു മുദ്രയിടുന്നത് എന്നു മനസ്സിലാക്കാം. ഇവിടെപ്പറയുന്ന പന്ത്രണ്ടു ഗോത്രങ്ങളുടെ കൂട്ടത്തില്‍ ദാന്‍ ഗോത്രത്തെ കാണുന്നില്ല. ദൈവം തന്റെ ജനത്തോടു മോശെ മുഖാന്തരമായി ചെയ്ത ഉടമ്പടിയില്‍നിന്നും മനഃപൂര്‍വ്വമായി അവര്‍ വഴുതിപ്പോയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. 144000 പേരെ മാത്രമാണു മുദ്രയിട്ടത്; ജനത്തില്‍ ശേഷിച്ചവര്‍ രക്ഷിക്കപ്പെട്ടില്ല (വെളി. 7:4-8).
ള. യഹൂദന്മാര്‍ എല്ലാവരും യഹൂദന്മാരല്ലെന്നും, ഹൃദയപരിച്ഛേദനയാലും വീണ്ടുംജനനത്താലും അകമെ യഹൂദനായവനത്രെ യഹൂദന്‍ എന്നും പൌലോസ് റോമാലേഖനം 2:28-29 വാക്യങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്. യഹൂദയായ ഒരു മാതാവില്‍നിന്നും ജന്മംകൊണ്ട ഏവനും മാനുഷവീക്ഷണത്തില്‍ യഹൂദനാണ്. എന്നാല്‍ യേശുക്രിസ്തുവിന്റെ രക്തത്താലും പരിശുദ്ധാത്മാവിനാലും വീണ്ടുംജനനം പ്രാപിക്കാത്തിടത്തോളം ആത്മിക വീക്ഷണത്തില്‍ അവന്‍ യഹൂദനല്ല. ചില യഹൂദന്മാരേ യഹൂദന്മാരേ അല്ല എന്നു വെളിപ്പാടു പുസ്തകത്തില്‍ രണ്ടു പ്രാവശ്യം യേശു യോഹന്നാനോടു പറയുന്നുണ്ട് (വെളി. 2:9; 3:9).
ഴ. യോഹന്നാന്റെ സുവിശേഷത്തിലും വെളിപ്പാടിലും 'അവര്‍ കുത്തിയിട്ടുള്ളവങ്കലേക്കു നോക്കും' എന്ന പ്രസ്താവന കാണുന്നു. ഒടുവിലത്തെ നാളുകളില്‍ ശേഷിക്കുന്ന ശേഷിപ്പിന്റെ രൂപാന്തരം കര്‍ത്താവിന്റെ ആഗമനത്തോടെ സംഭവിക്കുന്നതിനെ ഈ പ്രവചനം സൂചിപ്പിക്കുന്നു.
വ. ദാവീദ് ഗൃഹത്തിന്മേലും യരൂശലേം നിവാസികളുടെമേലും ദൈവം കൃപയുടെയും യാചനയുടെയും ആത്മാവിനെ പകരുന്നതിനെപ്പറ്റി സെഖര്യാപ്രവാചകന്‍ സാക്ഷിച്ചിട്ടുണ്ട്. "അന്ന് അവര്‍ കുത്തിയിട്ടുള്ളവങ്കലേക്കു നോക്കും'' (സെഖ. 12:10-14). അന്ത്യനാളില്‍ യഹൂദനുണ്ടാകുവാന്‍ പോകുന്ന മാനസാന്തരത്തിന്റെയും ഹൃദയനുറുക്കത്തിന്റെയുംസൂചനയാണിത് (മത്താ. 23:37-39).

സംഗ്രഹം: ക്രിസ്തുവിന്റെ കണ്‍മുമ്പില്‍ യഥാര്‍ത്ഥ യിസ്രായേല്‍ ആരാണെന്നുള്ള അവകാശവാദം ഉന്നയിക്കുവാന്‍ നാം തത്രപ്പെടരുത്. ഈ പേര് ഒരു രാഷ്ട്രീയ കൂട്ടായ്മയെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന പദമല്ല എന്നു വിശുദ്ധ ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. ഇത് അടിസ്ഥാനപരമായി ഒരാത്മിക സത്യത്തെ കാണിക്കുന്നു. മദ്ധ്യപൌരസ്ത്യദേശങ്ങളിലും, യൂറോപ്പിലും, അമേരിക്കയിലുമായി ആയിരക്കണക്കിനു യഹൂദന്മാരെ വീണ്ടും ജനിച്ചവരായി നമുക്കു കാണുവാന്‍ കഴിയും. അവരാണു ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനത; ക്രിസ്തുവിന്റെ ആത്മിക ശരീരം. അവരുടെ അംഗബലം എത്രകണ്ടു വര്‍ദ്ധിക്കുമെന്നു പറയുവാന്‍ നിര്‍വ്വാഹമില്ല. എന്നാല്‍ സ്വഭവനങ്ങളില്‍ അന്തിക്രിസ്തുവിനാല്‍ അവര്‍ അതികഠിനമായി പീഡ സഹിക്കേണ്ടിവരുമെന്നു നമുക്കറിയാം. എന്നാല്‍ രക്തസാക്ഷികളായിത്തീരുന്നവരുടെ ആത്മാക്കളെ ക്രിസ്തു താന്‍തന്നെ ശേഖരിച്ചു സ്വര്‍ഗ്ഗീയസിംഹാസനത്തിലേക്ക് അവരെ ആനയിക്കും (വെളി. 13:7-10; 14:1-5).

റോമാലേഖനം 11:26-27 വാക്യങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ആര്‍ക്കും യിസ്രായേല്‍ജനതയുടെ രക്ഷയെക്കകുറിച്ചുള്ള ഈ പ്രവചനം ചില വിശദീകരണങ്ങളെ പ്രദാനം ചെയ്യുന്നതായി മനസ്സിലാക്കാം.

മ. വീണ്ടെടുപ്പുകാരന്‍ യിസ്രായേലില്‍നിന്ന് അഭക്തിയെയും മലിനതകളെയും മാറ്റിക്കളയും.
യ. യിരെമ്യാപ്രവാചകന്റെ പുസ്തകം 31:31-34 വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ പുതിയനിയമപ്രകാരമുള്ള പാപമോചനം എല്ലാവര്‍ക്കും ലഭിക്കും. കര്‍ത്താവു തന്റെ ശിഷ്യന്മാരോടുകൂടെ സ്ഥാപിച്ച പുതിയനിയമത്തിന്റെ സൂചനയാണിത് (മത്താ. 26:26-28) ഈ പ്രവചനവും നിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.

ഈ പുതുനിയമം നിമിത്തം യഹൂദമതവിശ്വാസികള്‍ സുവിശേഷത്തിന്റെ ശത്രുക്കളായി ഭവിച്ചിരിക്കുന്നു എന്നു പൌലോസ് സാക്ഷ്യപ്പെടുത്തുന്നു. ഈ വിഷമത ഉപേക്ഷിക്കപ്പെട്ട ജനത്തിന് ഒരു വലിയ നേട്ടമായിത്തീര്‍ന്നു. എന്തെന്നാല്‍ അവര്‍ ക്രിസ്തുമൂലമുള്ള രക്ഷയെ തിരിച്ചറിയുകയും വിശ്വാസത്താല്‍ ദൈവകൃപയെ ശരണമാക്കുകയും ചെയ്തു.

അതേസമയം റോമിലെ സഭയ്ക്കു ശത്രുക്കളായ യഹൂദന്മാരോടു ജാതികളുടെ അപ്പോസ്തലന്‍ പറയുകയുണ്ടായി: തങ്ങളുടെ പിതാക്കന്മാരുടെ വിശ്വാസവും, വിശ്വസ്തതയേറിയ തെരഞ്ഞെടുപ്പും നിമിത്തം അവര്‍ ഇപ്പോഴും ദൈവത്തിനു പ്രിയപ്പെട്ടവരാണ്. അങ്ങനെ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവന്‍ യാതൊരു വിഘ്നവുമില്ലാതെ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവനായിത്തന്നെ നിലകൊള്ളുന്നു; അവന്‍ തന്റെ തെരഞ്ഞെടുപ്പിനെതിരെ പാപം ചെയ്താലും, അതിനെ നിരാകരിച്ചാലും സ്ഥിതി അങ്ങനെതന്നെ. വിശ്വസിക്കുന്നവരായ ആളുകള്‍ക്ക് അവന്‍ നല്കുന്ന എല്ലാ ആത്മിക ദാനങ്ങളും, ആനുകൂല്യങ്ങളും അവന്റെ വിശ്വസ്തതയുടെ മാറ്റമില്ലായ്മയോടു ബന്ധപ്പെട്ടതാണ് (റോമര്‍ 11:29). അതുകൊണ്ടു യാതൊരു കാരണവശാലും നാം നമ്മുടെ ജീവിതത്തിന്റെ തെരഞ്ഞെടുപ്പിനെയോ വിശുദ്ധീകരണത്തെയോ സംശയിക്കാതെ, ഒരു ശിശു തന്റെ പിതാവിന്റെ വാക്കുകളെ വിശ്വസിക്കുന്നതുപോലെ ദൈവവചനത്തെ വിശ്വസിച്ചാശ്രയിക്കയാണാവശ്യം.

റോമര്‍ 11:30-31 വാക്യങ്ങളില്‍ പൌലോസ് തന്റെ ലേഖനത്തിന്റെ രണ്ടാം ഭാഗംകൊണ്ട് ഉദ്ദേശിക്കുന്ന താല്‍പര്യത്തെ യിസ്രായേലിന്റെ വീണ്ടെടുപ്പിനോടുള്ള ബന്ധത്തില്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നു. റോമിലെ സഭയുടെ ശത്രുക്കളുടെ മനസ്സിലേക്ക് ഈ പ്രമാണങ്ങള്‍ നിര്‍ബ്ബന്ധമായും കടത്തിവിടുവാന്‍ താന്‍ കഠിനപ്രയത്നം ചെയ്യുകയാണ്.

മ. പുതുവിശ്വാസികളായ നിങ്ങള്‍ മുമ്പെ അവിശ്വാസികളും, ദൈവത്തോടനുസരണമില്ലാത്തവരും, പാപികളുമായിരുന്നു.
യ. ഇപ്പോഴാകട്ടെ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ ക്രിസ്തുമൂലം ദൈവത്തിന്റെ കൃപയ്ക്കും കരുണയ്ക്കും നിങ്ങള്‍ പാത്രമായിത്തീര്‍ന്നിരിക്കുന്നു.
ര. യഹൂദന്മാരുടെ അനുസരണക്കേടു നിമിത്തം അവര്‍ ദൈവപുത്രനെ തള്ളിക്കളഞ്ഞതുകൊണ്ടാണ് ഈ രക്ഷ നിങ്ങള്‍ക്കു ലഭിച്ചത്.
റ. നിങ്ങള്‍ക്കു ലഭിച്ച ദൈവകൃപയെ വിശ്വാസത്താല്‍ നിങ്ങള്‍ കൈക്കൊണ്ടു രക്ഷിക്കപ്പെട്ടതിനാല്‍ യഹൂദന്മാര്‍ അനുസരണംകെട്ടവരും പാപികളുമായിത്തീര്‍ന്നു.
ല. അനന്തമായ ഈ കരുണ അവര്‍ക്കും ലഭിക്കേണ്ടതുണ്ട്.

അനുക്രമമായി റോമാലേഖനത്തിന്റെ രണ്ടാം ഭാഗം ഗ്രഹിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മേല്‍പ്പറഞ്ഞ പ്രമാണങ്ങളെ ആരാഞ്ഞറിയുകയും നഷ്ടപ്പെട്ടവരായ ആ ജനതയുടെ രക്ഷയ്ക്കായി പ്രാര്‍ത്ഥനയോടും അപേക്ഷയോടുംകൂടെ അവയിലേക്കു തിരിയുകയും ചെയ്യേണ്ടതാണ്.

പൌലോസ് ചാതുര്യത്തോടെ ഈ പ്രമാണങ്ങളെ നിരീക്ഷിക്കുകയും ദൈവത്തെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നതിന്റെ അടിസ്ഥാനമായി താന്‍ അതിനെ കണക്കാക്കുകയും ചെയ്തു. യഹൂദന്മാര്‍ അനുസരണക്കേടിലേക്കും മത്സരത്തിലേക്കും വഴുതിപ്പോകുവാന്‍ അവരെ അനുവദിച്ചതില്‍ അവന്‍ ദൈവത്തെ മഹത്വപ്പെടുത്തി. അവര്‍ക്കുവേണ്ടി ദൈവം ഒരുക്കിയ രക്ഷയെ വിശ്വാസത്താല്‍ അവര്‍ കൈക്കൊള്ളുമെങ്കില്‍ വീണ്ടും അവന്‍ അവരോട് കരുണ കാണിക്കും (റോമര്‍ 11:32).

ദൈവം സ്നേഹനിധിയായതുകൊണ്ട് എല്ലാ പാപികളെയും അന്ത്യനാളില്‍ ദൈവത്തോടു നിരപ്പിക്കുമെന്നും, രക്ഷിക്കപ്പെടുവാന്‍ ആവശ്യമുള്ളവരും ഇല്ലാത്തവരുമായ എല്ലാവരെയും നരകത്തില്‍നിന്നു വിടുവിക്കുമെന്നുമുള്ള കാര്യമല്ല പൌലോസ് പ്രസംഗിക്കുന്നത്. ദൈവം സാത്താനെയും രക്ഷിക്കുമെന്നു വിശ്വസിക്കുന്നവരുടെ വിശ്വാസമാണത്. അവനോടൊത്തു പറുദീസാപ്രവേശനം കാംക്ഷിച്ച് അങ്ങനെയുള്ളവര്‍ സാത്താനെയും ആരാധിക്കുന്നു. ഇതു വ്യര്‍ത്ഥചിന്തയാണ്. ദൈവം സ്നേഹമാണ്, സത്യമാണ്; അവിടുത്തെ നീതിക്ക് ഒരുനാളും മാറ്റമില്ല.

എല്ലാ യഹൂദന്മാരും യേശുവില്‍ വിശ്വാസമര്‍പ്പിച്ചു മാനസാന്തരത്താല്‍ രക്ഷിക്കപ്പെടണമെന്നാണു പൌലോസിന്റെ ആഗ്രഹം. എന്നാല്‍ യേശു ഈ കാര്യം സംബന്ധിച്ച് ഏറെ ശ്രദ്ധാലുവായിരുന്നു. ദരിദ്രരെ സ്നേഹിക്കാത്തവരോടു ന്യായവിധിയുടെ ദിവസത്തില്‍ ഇപ്രകാരം പറയും: "ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിനും അവന്റെ ദൂതന്മാര്‍ക്കുമായി ഒരുക്കിയിട്ടുള്ള നിത്യാഗ്നിയിലേക്കു പോകുവിന്‍'' (മത്താ. 25:41). ഭയാനകമായ ഈ സത്യത്തെ വെളിപ്പാടുപുസ്തകത്തിലും നാം വായിക്കുന്നു (വെളി. 14:9-14; 20:10-15; 21:8).

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അവിടുത്തെ വാഗ്ദത്തങ്ങള്‍ സത്യവും എപ്പോഴും നിവര്‍ത്തിക്കപ്പെടുന്നതുമാകയാല്‍ ഞങ്ങള്‍ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു. യിസ്രായേലിന്റെ എല്ലാ ഗോത്രങ്ങളിലുമുള്ള, മാനസാന്തരപ്പെട്ട്, പാപമോചനം പ്രാപിച്ച്, സമാധാനം എന്ന ദാനം ലഭിച്ചവരായ ശേഷിപ്പിനെ ഓര്‍ത്ത് ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. അവിടുത്തെ ആത്മാവിനെ അനുസരിച്ചു നടക്കുവാനും, അവിടുത്തെ ശക്തിയാല്‍ നിന്റെ കല്പനകളെ പ്രമാണിപ്പാനും, അവിടുത്തെ വരവിനായി നോക്കിപ്പാര്‍ക്കുവാനും ഞങ്ങളെ സഹായിക്കണമേ.

ചോദ്യം:

  1. ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ മാറ്റമില്ലാതെ എന്നേക്കും നില്ക്കുന്നതിന്റെ കാരണമെന്ത്?
  2. ആത്മിക യിസ്രായേല്യര്‍ ആരെല്ലാമാണ്?

www.Waters-of-Life.net

Page last modified on January 21, 2013, at 10:53 AM | powered by PmWiki (pmwiki-2.3.3)