Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 059 (Would that the Salvation in the Believers of the Gentiles incite Jealousy in the Children of Jacob)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം രണ്ട് - ദൈവജനമായ യിസ്രായേലിന്റെ കാഠിന്യത്തിനു ശേഷവും ദൈവത്തിന്റെ നീതിക്ക് മാറ്റംവരുന്നില്ല (റോമര്‍ 9:1 - 11:36)
ഋ - നമ്മുടെ വിശ്വാസം എന്നേക്കും നിലനില്ക്കുന് (റോമര്‍ 8:28-39)
5. യിസ്രായേല്‍ജനതയുടെ പ്രത്യാശ (റോമര്‍ 11:1-36)

യ) ജാതികള്‍ക്ക് ലഭ്യമായ രക്ഷ യിസ്രായേല്യരില്‍ അസൂയ ജനിപ്പിക്കുമോ? (റോമര്‍ 11:11-15)


റോമര്‍ 11:11-15
11 എന്നാല്‍ അവര്‍ വിഴേണ്ടതിനോ ഇടറിയത് എന്ന് ഞാന്‍ ചോദിക്കുന്നു. ഒരുനാളും അല്ല; അവര്‍ക്ക് എരിവു വരുത്തുവാന്‍ അവരുടെ ലംഘനം ഹേതുവായി ജാതികള്‍ക്കു രക്ഷ വന്നു എന്നേയുള്ളു. 12 എന്നാല്‍ അവരുടെ ലംഘനം ലോകത്തിനു ധനവും അവരുടെ നഷ്ടം ജാതികള്‍ക്കു സമ്പത്തും വരുവാന്‍ കാരണമായി എങ്കില്‍ അവരുടെ യഥാസ്ഥാനം എത്രയധികം? 13 എന്നാല്‍ ജാതികളായ നിങ്ങളോടു ഞാന്‍ പറയുന്നത്: ജാതികളുടെ അപ്പോസ്തലനായിരിക്കയാല്‍ 14 ഞാന്‍ എന്റെ സ്വജാതിക്കാര്‍ക്കു വല്ലവിധേനയും സ്പര്‍ദ്ധ ജനിപ്പിച്ചു, അവരില്‍ ചിലരെ രക്ഷിക്കാമെങ്കിലോ എന്നുവെച്ചു തന്നെ ഞാന്‍ എന്റെ ശുശ്രൂഷയെ പുകഴ്ത്തുന്നു. 15 അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിനു ഹേതുവായി എങ്കില്‍ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിര്‍പ്പെന്നല്ലാതെ എന്താകും?

പൌലോസ് തന്റെ സ്വന്ത രക്തബന്ധത്തില്‍പ്പെട്ട സഹോദരിസഹോദരന്മാരെ ഏതുവിധം സ്നേഹിച്ചുവോ അവ്വണ്ണംതന്നെ തന്റെ ജനത്തെയും അവന്‍ സ്നേഹിച്ചു. ആ ജനതയുടെ അനുസരണക്കേടും യേശുക്രിസ്തുവിനെ നിരാകരിച്ചതിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ് ദൈവം അവരെ ശിക്ഷിക്കുന്നത് എന്നു താന്‍ ചിന്തിക്കുന്നില്ല. പഴയ നിയമത്തിന്റെ ജനതയെ ദൈവം തള്ളിക്കളഞ്ഞത് അശുദ്ധരില്‍നിന്ന് ഒരു ജനതയെ പുതുതായി തെരഞ്ഞെടുക്കുന്നതിനു കാരണമായതായി അവന്‍ തിരിച്ചറിഞ്ഞു. യഹൂദന്മാരുടെ വീഴ്ച ജാതികള്‍ക്ക് അതുല്യമായ രക്ഷ അവകാശമാക്കുവാന്‍ കാരണമായി. ഇതു മുന്നൊരുക്കിയ രക്ഷയാണ്. യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ അവര്‍ അതു സ്വായത്തമാക്കി.

ജാതികള്‍ക്കു ലബ്ധമായ ഈ രക്ഷ യഹൂദന്മാരില്‍ സ്പര്‍ദ്ധ ജനിപ്പിച്ചു. യഹൂദന്മാരുടെ ഹൃദയത്തിലുരുണ്ടുകൂടിയ സ്പര്‍ദ്ധയുടെ നടുവിലും ക്രിയാത്മകമായ ഒരു കാര്യം അപ്പോസ്തലന്‍ കണ്ടു. ക്രിസ്തു മുഖാന്തരം അശുദ്ധര്‍ ദൈവത്തോടു നിരപ്പു പ്രാപിച്ച്, പരിശുദ്ധാത്മ സന്തോഷമുള്ളവരായി, അവരുടെ ശത്രുക്കളെ സ്നേഹിപ്പാന്‍ ശക്തരായിത്തീരുന്നുവെന്ന സത്യം അവര്‍ മനസ്സിലാക്കണം. അബ്രഹാമിന്റെ സന്തതികളായ ഇവര്‍ ഗ്രഹിക്കേണ്ട വസ്തുതയെന്തെന്നാല്‍, ദരിദ്രരും വെറുക്കപ്പെട്ടവരുമായവര്‍ ചിലതൊക്കെ പ്രാപിച്ചത് അവരുടെ സംസ്കാരത്തിന്റെ പിന്തുടര്‍ച്ചയായിട്ടല്ല, പ്രത്യുത ദൈവത്തില്‍നിന്നു നേരിട്ടു പ്രാപിച്ചതാണ് എന്ന യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കണം. അവിശ്വാസികളായ ജാതികള്‍ വീണ്ടുംജനനത്താല്‍ അബ്രഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും അനുഗ്രഹങ്ങള്‍ക്ക് അവകാശികളായിത്തീര്‍ന്നതു കണ്ടു മത്സരികളും സ്വയംസംതൃപ്തരു മായ ഈ യഹൂദന്മാര്‍ക്ക് അല്പമെങ്കിലും അസൂയ ഉണ്ടായേക്കുമെന്ന് അപ്പോസ്തലന്‍ പ്രത്യാശിച്ചു. തന്റെ സ്വജനത്തിന്റെ ഹൃദയസ്ഥിതിക്കു മാറ്റം ഭവിച്ചിട്ട്, ജാതികള്‍ക്കവകാശമായ അനുഗ്രഹം സ്വന്ത ജീവിതത്തില്‍ അനുഭവിപ്പാന്‍ ഇടയായേക്കുമെന്ന് അവന്‍ പ്രത്യാശിക്കയുണ്ടായി. "നിങ്ങള്‍ ലോകത്തിന്റെ വെളിച്ചമാകുന്നു. നിങ്ങളുടെ സല്‍പ്രവൃത്തികളെ മനുഷ്യര്‍ കണ്ടിട്ടു സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്... വെളിച്ചം പ്രകാശിക്കട്ടെ'' എന്നു ക്രിസ്തു തന്റെ ശിഷ്യന്മാരോടു പറഞ്ഞത് ഈ ബന്ധത്തിലാണ് (മത്താ. 5:14-16).

യഹൂദന്മാരോടുള്ള പൌലോസിന്റെ പ്രസംഗപദ്ധതി ഇപ്രകാരം അദ്ദേഹം പര്യവസാനിപ്പിക്കുന്നു: യഹൂദന്മാരുടെ തകര്‍ച്ച, അവഗണിക്കപ്പെട്ട ഒരു കൂട്ടരുടെ അനുഗ്രഹങ്ങള്‍ക്ക് ഉറവായി ഭവിച്ചെങ്കില്‍, അവര്‍ മങ്ങിപ്പോയതുകൊണ്ടു ജാതികളില്‍നിന്നും ഒരു വിശുദ്ധ വംശം ഉളവായെങ്കില്‍ അവരുടെ മടങ്ങിവരവ് എത്രയധികം ആളുകള്‍ ലോകത്തില്‍നിന്ന് ഉയര്‍ന്നുവരുവാന്‍ കാരണമായിത്തീരും! യഹൂദന്മാര്‍ എല്ലാവരും യേശുക്രിസ്തുവില്‍ വിശ്വസിച്ചാല്‍ അവരുടെ വിശ്വാസത്തിന്റെ ശക്തിയും അവരുടെ അനുഭവത്തിന്റെ ആഴവും പ്രസംഗത്തിന്റെ ശക്തിക്ക് ആക്കംകൂട്ടുകയും, തത്ഫലമായി ഈ ലോകമാകുന്ന മരുഭൂമിയില്‍ ജീവജലത്തിന്റെ നീരുറവുകള്‍ സമൃദ്ധിയയി പുറപ്പെട്ടു പാപത്തിന്റെ തിരമാലകളുടെ മദ്ധ്യേ ജീവനുള്ള പറുദീസകളായി അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്യും.

തന്ത്രപരമായ വീക്ഷണംകൊണ്ടു വിശ്വാസികളെ അനുമോദിച്ച പൌലോസ് പറയുകയാണ്: യിസ്രായേല്‍മക്കളോട് അവര്‍ ക്ഷമിക്കുകയും അവരുടെ വിദ്വേഷമുള്ള, അഹന്ത നിറഞ്ഞ ഹൃദയഭാവത്തെ താഴ്മയോടും സൌമ്യതയോടുംകൂടെ വിശ്വാസികള്‍ അതിജീവിക്കയാണാവശ്യം (മത്താ. 11:28-30).

ഇതേത്തുടര്‍ന്നു റോമിലെ ജാതീയ വിശ്വാസികളിലേക്കു തിരിയുകയാണു പൌലോസ്. ആത്മിക സത്യവുമായി ആദ്യം യഹൂദന്മാരിലേക്കു തിരിഞ്ഞ പൌലോസ് അവരോടു പറഞ്ഞത്, ദൈവം തന്നെ യഹൂദന്മാരുടെ ഇടയിലേക്കല്ല; അശുദ്ധാത്മാക്കള്‍ നിറഞ്ഞ നൂറുകണക്കിനു വിഗ്രഹങ്ങളെ ആരാധിച്ചുവന്ന ജാതികളുടെ അപ്പോസ്തലനായി നിയമിച്ചു എന്നാണ്. അവരുടെ ഭാഷകള്‍ പഠിച്ചും, അവരുടെ പാരമ്പര്യങ്ങള്‍ ഗ്രഹിച്ചും, അശുദ്ധദേവന്മാരെ ഭജിച്ചുവന്ന അവരുടെ മദ്ധ്യത്തിലേക്കു യേശുക്രിസ്തുവിന്റെ സംസ്കാരത്തെ ആനയിച്ചും സസന്തോഷം താന്‍ അതു നിവര്‍ത്തിച്ചുപോന്നു.

തന്റെ ശുശ്രൂഷകളില്‍ പരോക്ഷമായിട്ടെങ്കിലും യഹൂദന്മാരോടു പ്രസംഗിക്കുവാന്‍ പൌലോസ് അവസരം കണ്ടെത്തി. ഏഷ്യ, യൂറോപ്പ് പ്രവിശ്യകളില്‍ ക്രിസ്ത്യാനികള്‍ ചെയ്ത സംഭാവനകളും, അവരുടെ വിശുദ്ധ ജീവിതവും ചൂണ്ടിക്കാണിച്ചു യഹൂദന്മാരെ അമ്പരപ്പിക്കുവാന്‍ പൌലോസ് ആഗ്രഹിച്ചു. അവരില്‍ ആത്മികമായ തീക്ഷ്ണതയുണ്ടാക്കി, അവരില്‍ ചിലരെയെങ്കിലും തങ്ങളുടെ തെറ്റായ വഴികളില്‍നിന്നുമടക്കിവരുത്തി, ജാതികളുടെ വിശ്വാസത്തില്‍നിന്ന് അവര്‍ പഠിച്ചിട്ടു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ പിന്‍പറ്റേണ്ടതിനാണ് അവന്‍ അങ്ങനെ ചെയ്തത്. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തില്‍ തങ്ങളുടെ മടങ്ങിവരവിലൂടെ ഒരിക്കല്‍ക്കൂടി ഉടമ്പടിയുടെ വസ്ത്രധാരികളായിത്തീര്‍ന്നേക്കുമെന്നു പൌലോസ് പ്രത്യാശിച്ചു; എന്തെന്നാല്‍ അവര്‍ക്കായുള്ള വാഗ്ദത്തം ഇന്നും ശക്തവും വിലയുള്ളതുമായി നിലകൊള്ളുകയത്രെ ആശുന്നു.

തങ്ങളുടെ രാജാവിനെ അവര്‍ നിരാകരിച്ചതു ലോകത്തെ ദൈവത്തോടു നിരപ്പിക്കുവാന്‍ കാരണമായെങ്കില്‍, ആത്മികമായി മരിച്ച അവരുടെ മടങ്ങിവരവ് ദൈവത്തിലുള്ള ജീവന്റെ പൂര്‍ണ്ണതയ്ക്ക് എത്രമാത്രം കാരണമായിത്തീരും? തന്റെ ആത്മിക മരണത്തിന്മേലും, ജഡത്തിലെ തെറ്റുകളുടെമേലും വ്യാപരിക്കുന്ന ദൈവശക്തിയുടെ വിജയത്തെ അപ്പോസ്തലന്‍ അനുഭവമാക്കി. മതഭ്രാന്തുമൂലം ഒരു കൊലപാതകിയായിരുന്നെങ്കില്‍പോലും ദൈവം അവനെ രക്ഷിച്ചു. തന്റെ ജനത്തിനും തനിക്കുണ്ടായ അനുഭവം ഉണ്ടാകുവാന്‍ അവന്‍ ആഗ്രഹിച്ചു. അതുനിമിത്തം നിത്യജീവന്റെ പങ്കാളിത്തം അവര്‍ക്ക് ഉണ്ടായിട്ടു ക്രിസ്തുവിന്റെ കൃപയാലുള്ള ജീവനെ ലോകത്തിനു പരിചയപ്പെടുത്തുന്നതില്‍ അവര്‍ പങ്കാളികളായിത്തീരണമെന്നുള്ളതായിരുന്നു അവന്റെ വാഞ്ഛ.

പ്രാര്‍ത്ഥന: കര്‍ത്താവേ, യഹൂദന്മാര്‍ തങ്ങളുടെ ഹൃദയങ്ങളെ കഠിനപ്പെടുത്തിയതു ജാതികളുടെ രക്ഷയ്ക്കു കാരണമായിത്തീര്‍ന്നിരിക്കയാല്‍ ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. ഞങ്ങള്‍ സ്വാര്‍ത്ഥതയുള്ളവരാകാതെ, എല്ലാവര്‍ക്കും പരിശുദ്ധാത്മാവിനാലും, വചനത്താലും, പ്രവൃത്തിയാലും, പ്രാര്‍ത്ഥനയാലും ശുശ്രൂഷ ചെയ്യുവാന്‍ ഞങ്ങളെ സഹായിക്കണമേ. യഹൂദന്മാരില്‍ അനേകരെ യേശുക്രിസ്തുവിലുള്ള രക്ഷയിലേക്കാനയിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

ചോദ്യങ്ങള്‍:

  1. യഹൂദന്മാരുടെ ഹൃദയകാഠിന്യംകൊണ്ടു ജാതികള്‍ക്കുണ്ടായ നേട്ടമെന്ത്?
  2. ക്രിസ്ത്യാനികള്‍ക്ക് അവിശ്വാസികളെ വിശ്വാസത്തിലേക്കു നടത്തുവാന്‍ എപ്രകാരം സാധിക്കും?

www.Waters-of-Life.net

Page last modified on January 21, 2013, at 10:48 AM | powered by PmWiki (pmwiki-2.3.3)