Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 051 (God Remains Righteous; The promises of God)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം രണ്ട് - ദൈവജനമായ യിസ്രായേലിന്റെ കാഠിന്യത്തിനു ശേഷവും ദൈവത്തിന്റെ നീതിക്ക് മാറ്റംവരുന്നില്ല (റോമര്‍ 9:1 - 11:36)
ഋ - നമ്മുടെ വിശ്വാസം എന്നേക്കും നിലനില്ക്കുന് (റോമര്‍ 8:28-39)

3. യിസ്രായേല്യരില്‍ ഭൂരിഭാഗവും ദൈവത്തിനു വിരോധികളെങ്കിലും ദൈവം എപ്പോഴും നീതിമാന്‍ തന്നെ (റോമര്‍ 9:6-29)


കര്‍ത്താവിന്റെ ശുശ്രൂഷയില്‍ പൌലോസ് സന്തുഷ്ടനായിരിക്കുമ്പോള്‍ത്തന്നെ, താന്‍ അത്യന്തം ദുഃഖിതനും ഭാരപ്പെടുന്നവനുമായിരുന്നു. അസംഖ്യം ജാതികള്‍ വീണ്ടുംജനനം പ്രാപിച്ച് ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുന്നതും എന്നാല്‍ ആയിരക്കണക്കിനു യിസ്രായേല്യര്‍ യേശുവിനെയും അവന്റെ രാജ്യത്തെയും അവഗണിച്ച്, അവനെ കേള്‍ക്കുവാനോ അനുഗമിപ്പാനോ മനസ്സില്ലാതെ അവനില്‍നിന്ന് അകന്നുപോകുന്നതും അവന്‍ കാണുകയുണ്ടായി.


മ) വാഗ്ദത്തം അബ്രഹാമിന്റെ സ്വാഭാവിക സന്തതിക്കുള്ളതല്ല (റോമര്‍ 9:6-13)


റോമര്‍ 9:6-13
6 ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലില്‍നിന്ന് ഉത്ഭവിച്ചവര്‍ എല്ലാം യിസ്രായേല്യര്‍ എന്നും 7 അബ്രഹാമിന്റെ സന്തതിയാകയാല്‍ എല്ലാവരും മക്കള്‍ എന്നും വരികയില്ല: "യിസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ നിന്റെ സന്തതി എന്നു വിളിക്കപ്പെടും" എന്നേയുള്ളു. 8 അതിന്റെ അര്‍ത്ഥമോ: ജഡപ്രകാരം ജനിച്ച മക്കള്‍ അല്ല ദൈവത്തിന്റെ മക്കള്‍; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രെ സന്തതി എന്നെണ്ണുന്നത്. 9 "ഈ സമയത്തേക്ക് ഞാന്‍ വരും; അപ്പോള്‍ സാറയ്ക്ക് ഒരു മകന്‍ ഉണ്ടാകും" എന്നല്ലോ വാഗ്ദത്തവചനം. 10 അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക് എന്ന ഏകനാല്‍ ഗര്‍ഭം ധരിച്ചു, 11 കുട്ടികള്‍ ജനിക്കുകയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവൃത്തിക്കുകയോ ചെയ്യുംമുമ്പെ തിരഞ്ഞെടുപ്പിന്‍ പ്രകാരമുള്ള ദൈവനിര്‍ണ്ണയം പ്രവൃത്തികള്‍ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടംനിമിത്തംതന്നെ വരേണ്ടതിന്: 12 "മൂത്തവന്‍ ഇളയവനെ സേവിക്കും" എന്ന് അവളോട് അരുളിച്ചെയ്തു. 13 "ഞാന്‍ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു" എന്നെഴുതിയിരിക്കുന്നുവല്ലോ.

യഹൂദന്മാര്‍ക്കും യഹൂദന്മാരില്‍നിന്നും ക്രിസ്ത്യാനികളായിരിക്കുന്നവര്‍ക്കും അപരിചിതമായ ഈ സത്യം നിയമവിദഗ്ദ്ധനായ പൌലോസ് വ്യക്തമാക്കേണ്ട ആവശ്യകതയുണ്ട്. തികച്ചും അപരിചിതവും എന്നാല്‍ മര്‍മ്മത്തിന്റെ മറുപടിയുമായ ഈ സത്യത്തെ ഗ്രഹിപ്പാന്‍ ദൈവവചനംകൊണ്ടു മാത്രമെ സാധിക്കുകയുള്ളു എന്നവന്‍ എഴുതുന്നു. ഉത്തരത്തിന് രണ്ട് വശങ്ങളുണ്ട്:

ഒന്നാമത്, അബ്രഹാമിന്റെ സന്തതികളെല്ലാവരും വാഗ്ദത്ത സന്തതികളല്ല. യിശ്മായേലിനെ ക്രിസ്തുവിന്റെ പൂര്‍വ്വപിതാക്കന്മാരില്‍ ഒരാളായി ദൈവം തെരഞ്ഞെടുത്തിട്ടില്ല. യിശ്മായേലും അവന്റെ പിന്‍ഗാമികളും എല്ലാം വിശ്വാസരേഖയ്ക്കും ദൈവത്തിന്റെ തെരഞ്ഞെടുപ്പിനും വെളിയിലാണ്. സ്വാഭാവികമായി ജനിച്ച മനുഷ്യന് തന്റെ ആത്മിക ഭാവി നിര്‍ണ്ണയിക്കുവാന്‍ സാധിക്കയില്ല എന്ന് ഇവിടെനിന്നും നാം മനസ്സിലാക്കുന്നു. ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചതുകൊണ്ട് ഒരുവന്‍ ക്രിസ്ത്യാനിയാകുന്നില്ല; അവന്‍ വ്യക്തിപരമായി ദൈവത്തിങ്കലേക്ക് മടങ്ങിവരേണ്ടതാണ്. ദൈവത്തിനു മക്കളുണ്ട്, എന്നാല്‍ കൊച്ചുമക്കളില്ല.

ദൈവം തെരഞ്ഞെടുത്ത എല്ലാ യഹൂദന്മാരും ദൈവമക്കളല്ലെന്നും, മനഃപൂര്‍വ്വമായി സുവിശേഷത്തിനു മനംതുറക്കുന്നവര്‍ മാത്രമാണ് മക്കളെന്നുമത്രെ ഇതിന്റെ സാരം. പുത്രത്വത്തിന്റെ അവകാശം അബ്രഹാമില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നുവെങ്കിലും വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചാണതിന്റെ ഫലം.

രണ്ടാമത്, റിബെക്കാ തന്റെ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്കുംമുമ്പെ തന്നെ "മൂത്തവന്‍ ഇളയവനെ സേവിക്കും'' എന്ന് ദൈവം അവളോടു പറയുന്നതായിട്ട് നാം വായിക്കുന്നു (ഉല്പ. 25:23). അവര്‍ ഇരുവരും ഒരപ്പന്റെ മക്കളാണ്. എന്നാല്‍ അവരില്‍ ഓരോരുത്തന്റെയും ജീവകോശങ്ങളും ജീനുകളും വ്യത്യസ്തമായിരിക്കുമെന്ന് ദൈവം മുന്നമേ അറിഞ്ഞിരുന്നു.

ദൈവം ഏശാവിനെ ദ്വേഷിച്ചു; യാക്കോബിനെ തെരഞ്ഞെടുത്തു. ഏശാവിനെക്കാള്‍ യാക്കോബ് ധാര്‍മ്മികമൂല്യം കൂടുതലുള്ളവനായിരുന്നില്ല; എങ്കിലും ഏശാവിനെക്കാള്‍ അധികം പ്രയോജനകരമായ വിശ്വാസവും മാനസാന്തരവുമുള്ളവനായിരുന്നു യാക്കോബ്. യാക്കോബില്‍ വെളിവായ ഈ ഗുണങ്ങള്‍ ഏശാവിനുണ്ടായിരുന്നതായി ബൈബിള്‍ എവിടെയും പ്രസ്താവിക്കുന്നില്ല. മനുഷ്യന്റെ മുന്‍നിര്‍ണ്ണയപ്രകാരമുള്ള തെരഞ്ഞെടുപ്പിന്റെ ആധാരം ദൈവത്തിന്റെ ഇഷ്ടവും തന്റെ സര്‍വ്വജ്ഞാനവുമാണെന്ന് നാം മനസ്സിലാക്കുന്നു.

ഒരുവനെ ദൈവം നിരാകരിക്കുന്നതില്‍ അവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, കാരണം നമ്മെ സംബന്ധിച്ച ദൈവിക രഹസ്യങ്ങളോ നമ്മുടെ ശരീരത്തില്‍ പൈതൃകമായി ലഭിച്ചിട്ടുള്ളതോ ഒന്നും നമുക്കറിയില്ല. ദൈവം തന്റെ തീരുമാനത്തില്‍ എപ്പോഴും വിശുദ്ധനും, നീതിമാനും, കുറ്റമറ്റവനുമാണ്.

മനുഷ്യന്റെ തെരഞ്ഞെടുപ്പിനു മനുഷ്യനുമായി യാതൊരു ബന്ധവുമില്ലെന്നും, അത് സ്രഷ്ടാവിനെ ആശ്രയിച്ചാണിരിക്കുന്നത് എന്നും ദൈവത്തിന്റെ പദ്ധതികളെയും ഉദ്ദേശ്യങ്ങളെയും തിരിച്ചറിയുവാന്‍ മനുഷ്യന് സാധിക്കയില്ലെന്നും ചില വേദശാസ്ത്രികള്‍ വിലയിരുത്തുന്നു. എല്ലാവരും ഈ അഭിപ്രായത്തോടു യോജിക്കുന്നില്ല; കാരണം നമ്മുടെ ദൈവം പരിശുദ്ധനായ പിതാവായിരിക്കുമ്പോള്‍ത്തന്നെ, സ്നേഹ സമ്പന്നനും മനസ്സലിവുള്ളവനുമാണ്.

കര്‍ത്താവിന്റെ ഐഹികകാലത്ത് യേശു ഇപ്രകാരം പറഞ്ഞു: "എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു. ഞാന്‍ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. ഞാന്‍ അവയ്ക്ക് നിത്യജീവനെ കൊടുക്കുന്നു'' (യോഹ. 10:27-28). എല്ലാവരും അവന്റെ ശബ്ദം കേള്‍ക്കുന്നില്ല; കേള്‍ക്കുന്ന എല്ലാവരും പ്രതികരിക്കുന്നതുമില്ല. ഓരോ ഗോത്രത്തിലും, ഭാഷയിലും, കുടുംബത്തിലുമുള്ള ആളുകള്‍ സുവിശേഷം കേട്ടിട്ടും മനസ്സിലാക്കാതെയിരിക്കുമ്പോള്‍, മറ്റനേകര്‍ സുവിശേഷത്തില്‍ വിശ്വസിച്ച് സന്തോഷവും സമാധാനവുമുള്ളവരായിത്തീരുന്നത് നാം കാണുന്നുണ്ട്.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയ പിതാവേ, യിസ്ഹാക്കും യാക്കോബും വിശുദ്ധന്മാരല്ലെങ്കില്‍പോലും നീ അവരെ തെരഞ്ഞെടുത്ത് യേശുക്രിസ്തുവിന്റെ പൂര്‍വ്വ പിതാക്കളാക്കിത്തീര്‍ത്തതുകൊണ്ട് ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. ഞങ്ങളുടെ ജീവിതത്തില്‍ വരുന്ന പ്രയാസങ്ങളെ അവിടുത്തെ നാമത്താല്‍ അതിജീവിക്കുവാന്‍ ഞങ്ങളുടെ വിശ്വാസത്തെ ശക്തീകരിക്കണമേ. ഞങ്ങള്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാണെന്ന് ചിന്തിക്കാതിരിക്കേണ്ടതിന് താഴ്മയിലേക്കും സ്വയംപരിത്യാഗത്തിലേക്കും ഞങ്ങളെ നടത്തണമേ.

ചോദ്യങ്ങള്‍:

  1. യിസ്ഹാക്കിന്റെ സന്തതിയെ, യാക്കോബിന്റെ മക്കളെ തെരഞ്ഞെടുത്തിരിക്കുന്നു എന്നു പറയുന്നതിന്റെ സാരമെന്താണ്?
  2. ദൈവിക തെരഞ്ഞെടുപ്പിന്റെ രഹസ്യമെന്താണ്?

www.Waters-of-Life.net

Page last modified on January 21, 2013, at 10:28 AM | powered by PmWiki (pmwiki-2.3.3)