Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 044 (We are Children of God through the Holy Spirit)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഉ - ദൈവത്തിന്റെ ശക്തി പാപത്തിന്റെ ശക്തിയില്‍നിന്നും നമ്മെ വിടുവിക്കുന്നു (റോമര്‍ 6:1 - 8:27)

7. പരിശുദ്ധാത്മാധിവാസത്താല്‍ നാം ദൈവത്തിന്റെ മക്കള്‍ ആകുന് (റോമര്‍ 8:12-17)


റോമര്‍ 8:12-14
12 ആകയാല്‍ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ച് ജീവിക്കേണ്ടതിന് ജഡത്തിനല്ല കടക്കാരാകുന്നത്. 13 നിങ്ങള്‍ ജഡത്തെ അനുസരിച്ചു ജീവിക്കുന്നുവെങ്കില്‍ മരിക്കും നിശ്ചയം; ആത്മാവിനാല്‍ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നുവെങ്കിലോ നിങ്ങള്‍ ജീവിക്കും. 14 ദൈവാത്മാവു നടത്തുന്നവര്‍ ഏവരും ദൈവത്തിന്റെ മക്കള്‍ ആകുന്നു.

നമ്മില്‍ അധിവസിക്കുന്ന അനവധിയായ സ്വാര്‍ത്ഥതകള്‍ സമ്പൂര്‍ണ്ണമായി നീക്കംചെയ്യപ്പെടുന്നതുവരെയും പരിശുദ്ധാത്മാവിന്റെ പോരാട്ടം നമ്മില്‍ തുടര്‍ന്നുകൊണ്ടിരിക്കും. ക്രിസ്തുവിന്റെ ക്രൂശുമരണത്തില്‍ നിങ്ങള്‍ മരിച്ചുവെന്ന് സമ്മതിച്ച് നിങ്ങളുടെ അഹന്തയ്ക്കും, കോപത്തിനും, അതിശയോക്തികള്‍ക്കും, നിങ്ങളുടെ എല്ലാ പാപങ്ങള്‍ക്കും, അതിക്രമങ്ങള്‍ക്കും നിങ്ങള്‍ മരിക്കുന്നതുവരെ പരിശുദ്ധാത്മാവ് നിങ്ങളെ വിടുകയില്ല. വിശ്വാസി പണത്തിനും വിനോദത്തിനും ബന്ധനസ്ഥനാകരുത്. അങ്ങനെയെങ്കില്‍ തന്റെ കര്‍ത്താവിന്റെ ആത്മാവിനോടു തുറന്ന മനസ്സുള്ളവനും സ്വതന്ത്രനുമായി അവനേര്‍പ്പെടുവാന്‍ കഴിയും. ഒരു മനുഷ്യന്റെ ശരീരത്തിലെ പരുക്കളെ ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ നീക്കംചെയ്യുന്നതുപോലെ പരിശുദ്ധനായവന്‍ നിങ്ങളില്‍ ക്രിയ ചെയ്തുകൊണ്ടിരിക്കും. അവന്‍ നിങ്ങളുടെ ഉള്ളത്തെ മുറിച്ച് അതിലുള്ള മലിനതകളെ നീക്കംചെയ്യും. ഈ നിലയിലാണ് പരിശുദ്ധാത്മാവ് നിങ്ങളെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കും, അസത്യത്തില്‍നിന്ന് സത്യത്തിലേക്കും, വിനോദത്തില്‍നിന്ന് ദൈവസാന്നിദ്ധ്യത്തിലേക്കും നിങ്ങളെ ആനയിക്കുന്നത്. അവന്റെ നടത്തിപ്പ് നിങ്ങള്‍ക്ക് അനുഭവമാകുന്നുണ്ടോ? അവന്റെ ആര്‍ദ്രശബ്ദം നിങ്ങള്‍ ശ്രവിക്കുന്നുണ്ടോ? നിങ്ങളെ സമ്പൂര്‍ണ്ണമായി രൂപാന്തരപ്പെടുത്തി ക്രിസ്തുവിന്റെ സ്വരൂപത്തോടനുരൂപമാക്കി മാറ്റുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. ദൈവാത്മാവിനാലുള്ള ശുദ്ധീകരണത്തിന്റെ ഫലമാണ് നിങ്ങളിലുള്ള സ്നേഹം, സന്തോഷം, സമാധാനം എന്നിവ. ഇവ താഴ്മ, സൌമ്യത, ഇന്ദ്രിയജയം എന്നിത്യാദി ക്രിസ്തുസ്വഭാവങ്ങളില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഒരളവില്‍ നിങ്ങള്‍ പരിശുദ്ധനായ രക്ഷിതാവിനെ ധരിച്ചിരിക്കുന്ന അവസ്ഥയാണത്. ഇത്തരത്തിലുള്ള ആത്മസാന്നിദ്ധ്യമുണ്ടാകുമ്പോഴാണ് നിങ്ങള്‍ ദൈവപുത്രന്മാരായിത്തീരുന്നത്. നിങ്ങള്‍ പാപികളാണ്; അപ്പോള്‍ തന്നെ യേശുക്രിസ്തുവിന്റെ രക്തത്താല്‍ നിങ്ങള്‍ക്കു ദൈവമക്കളായിത്തീരുവാന്‍ ഭാഗ്യം ലഭിച്ചിരിക്കുന്നു എന്ന വസ്തുത നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? ഒരു ദൈവപൈതല്‍ എന്നറിയപ്പെടുവാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ? ദൈവാത്മാവിനാല്‍ നടത്തപ്പെടുന്ന ഏവനും ദൈവത്തിന്റെ മകനാകുന്നു. ‘

റോമര്‍ 8:15-17
15 നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിന് ദാസ്യത്തിന്റെ ആത്മാവിനെയല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തില്‍ ആത്മാവിനെയത്രെ പ്രാപിച്ചത്. 16 നാം ദൈവത്തിന്റെ മക്കള്‍ എന്ന് ആത്മാവു താനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. 17 നാം മക്കള്‍ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശികളും തന്നെ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന് അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രെ.

പരിശുദ്ധാത്മാവ്, ഭയം, നിരാശ, അവിശ്വാസം, സംഘര്‍ഷം, അസ്വസ്ഥത എന്നിവ നിങ്ങളില്‍നിന്നും നീക്കി നിങ്ങള്‍ക്ക് ധൈര്യവും, സന്തോഷവും, ദൈവാശ്രയവും നല്കുന്നു. പിതാവിന്റെ നാമത്തില്‍ സംസാരിക്കുവാന്‍ നമ്മുടെ വായ് അവന്‍ തുറക്കുന്നു. ഈ ഏറ്റുപറച്ചിലിനാല്‍ ദൈവനാമത്തെ നിങ്ങള്‍ വിശുദ്ധീകരിക്കുന്നു. ദൈവം സ്വര്‍ഗ്ഗസ്ഥപിതാവ് എന്ന നിലയില്‍ പുത്രനിലൂടെ തന്നെത്താന്‍ നമുക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നു. പുതിയനിയമത്തിലെ ഏറ്റവും വലിയ അത്ഭുതം അതാണ്. പാപത്താല്‍ പ്രകോപിതനായി ദൂരവേയിരിക്കുന്ന ദൈവം നമ്മെ ക്ഷീണിപ്പിക്കാതെ, തന്റെ സ്നേഹത്തെ നമുക്ക് കാണിച്ചുതരികയും, തന്റെ നന്മയെ ഒരു പിതാവെന്ന നിലയില്‍ നമുക്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. പുതുതായ ഈ ദൈവസാദൃശ്യം നമ്മുടെ ജീവിതത്തെ സമ്പൂര്‍ണ്ണമായി രൂപാന്തരപ്പെടുത്തുന്നു. "അബ്ബാ'' എന്ന പദം ഒരു അരാമ്യപദമാണ്. 'പിതാവ്' എന്നത്രെ അതിന്റെ അര്‍ത്ഥം. പ്രാര്‍ത്ഥനയിലെ ഈ ആദ്യവാചകത്തില്‍ യഹൂദനെയും യവനനെയും ക്രിസ്തുവില്‍ ഒന്നിപ്പിക്കുന്ന ദൈവിക പ്രവൃത്തി നമുക്കു കാണുവാന്‍ സാധിക്കും.

ക്രിസ്തു തന്റെ വലിയ സ്നേഹത്തില്‍ അവന്റെ ശരീരത്തെ നമുക്കായി തന്നു. മഹത്വവാനായ ദൈവം നമ്മെ ദത്തെടുത്ത് തന്റെ പുത്രത്വത്തിന്റെ അവകാശം നമുക്കു നല്കി. സ്വര്‍ഗ്ഗത്തിലെ അംഗത്വത്തിന്റെ കാര്‍ഡില്‍ അതിന്റെ മുന്‍പേജില്‍ നിങ്ങളുടെ പേര്‍ ദൈവപുത്രന്റെ രക്തത്താല്‍ ദൈവം എഴുതിയത് ഒന്ന് ഓര്‍ത്തുനോക്കുക. അതേ കാര്‍ഡിന്റെ പിന്‍വശത്ത് 'ദൈവത്താല്‍ ദത്തെടുക്കപ്പെട്ട' എന്ന് പരിശുദ്ധാത്മ അഗ്നിയാല്‍ എഴുതപ്പെട്ട് പിതൃപുത്രാത്മാവിനാല്‍ ഒപ്പിട്ടിരിക്കുന്നതും കാണാം. ഇത്ര നിസ്തുല്യമായ ഒരു കാര്‍ഡ് നിങ്ങള്‍ അവഗണിച്ച് തള്ളിക്കളയുകയെന്നോ? നിങ്ങള്‍ ദയവായി സന്തോഷത്തോടെ അത് കൈപ്പറ്റി എന്നേക്കും സൂക്ഷിച്ചുവെയ്ക്കയല്ലേ വേണ്ടത്?

ദൈവാത്മാവിനാല്‍ വീണ്ടും ജനിക്കപ്പെട്ടതോടെ ദത്തെടുപ്പിലൂടെ നിങ്ങള്‍ നിയമപരമായി അത്യുന്നതന്റെ പുത്രന്മാരായിത്തീര്‍ന്നിരിക്കുന്നു. പരിശുദ്ധനായ ദൈവം യേശുക്രിസ്തു മുഖാന്തിരം നിങ്ങളിലക്ക് വന്നിരിക്കകൊണ്ട് നിങ്ങള്‍ ദൈവത്തെ അവകാശമാക്കിയതായി കൃപയാല്‍ സമ്പന്നമായ തന്റെ സുവിശേഷത്തിലൂടെ പൌലോസപ്പോസ്തലന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. അവന്‍ നിങ്ങളിലും സകല വിശുദ്ധന്മാരിലും അധിവസിക്കുന്നു. അവന്റെ മഹത്വം നാമെല്ലാവരിലും വസിക്കുന്നു. എപ്രകാരമെന്നാല്‍, ക്രിസ്തു നിങ്ങളിലും സകല ശിഷ്യരിലും വസിക്കുന്നുവോ അപ്രകാരം തന്നെ. അവന്‍ തന്നെ പിന്‍ഗമിക്കുന്നവരിലൂടെ തന്റെ മഹത്വത്തെ വെളിപ്പെടുത്തുന്നു; എന്തെന്നാല്‍ ദൈവം ഏകനാണ്.

ക്രിസ്തുവില്‍ മാത്രമായി അടിസ്ഥാനപ്പെട്ട സഭകളില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്നതുകൊണ്ട് മേല്പറഞ്ഞ അത്ഭുതങ്ങളെല്ലാം നമ്മില്‍ ആരംഭം കുറിക്കയായി. അവന്റെ വെളിച്ചം നമ്മില്‍ പ്രകാശിക്കുന്നുണ്ടോ? നിങ്ങള്‍ യേശുവിനോടേകീഭവിച്ചിരിക്കയാണ്. ക്രിസ്തുവിന്റെ അപ്പോസ്തലന്മാര്‍ അവന്റെ നാമത്തിനുവേണ്ടി കഷ്ടം സഹിച്ചതുപോലെ അവനുവേണ്ടി കഷ്ടം സഹിപ്പാന്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ഒരുക്കിയിട്ടുണ്ടോ?

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധമാക്കണമേ. നിന്റെ രാജ്യം വരണമേ. നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആക്കണമേ. ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം നല്കണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോട് ക്ഷമിക്കണമേ. ഞങ്ങളെ പരീക്ഷയില്‍ പ്രവേശിപ്പിക്കാതെ ദുഷ്ടനില്‍നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. എന്തെന്നാല്‍ രാജ്യവും, ശക്തിയും, മഹത്വവും അങ്ങേക്കുള്ളതാകുന്നുവല്ലോ. ആമേന്‍.

ചോദ്യം:

  1. പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുന്ന ദൈവത്തിനുള്ള പുതിയ നാമം ഏത്? അതിന്റെ അര്‍ത്ഥം എന്താണ്?

www.Waters-of-Life.net

Page last modified on January 21, 2013, at 10:11 AM | powered by PmWiki (pmwiki-2.3.3)