Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 041 (In Christ, Man is Delivered)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഉ - ദൈവത്തിന്റെ ശക്തി പാപത്തിന്റെ ശക്തിയില്‍നിന്നും നമ്മെ വിടുവിക്കുന്നു (റോമര്‍ 6:1 - 8:27)

6. ക്രിസ്തുവില്‍ മനുഷ്യന്‍ പാപത്തില്‍നിന്നും, മരണത്തില്‍നിന്നും, ശിക്ഷാവിധിയില്‍നിന്നും വിടുവിക്കപ്പെടുന് (റോമര്‍ 8:1-11)


റോമര്‍ 8:2
2 ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്ക് പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തില്‍നിന്നു കിസ്തുയേശുവില്‍ സ്വാതന്ത്യ്രം വരുത്തിയിരിക്കുന്നു.

സമ്പൂര്‍ണ്ണ ജീവനുള്ളതാണ് നമ്മുടെ വിശ്വാസം; എന്തുകൊണ്ടെന്നാല്‍ ക്രിസ്തുവിനായി തുറക്കപ്പെട്ട ഹൃദയങ്ങളില്‍, അഥവാ വിശ്വാസ ഹൃദയങ്ങളിലേക്ക് ദൈവം തന്റെ പരിശുദ്ധാത്മാവിനെ പകര്‍ന്നുതന്നിരിക്കുന്നു. ജീവദത്തമായി ഉണര്‍വ്വു നല്‍കുന്ന പരിശുദ്ധാത്മാവ് ദൈവികസൃഷ്ടിപ്പിന്‍ ശക്തിയാണ്; ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ആശ്രയിക്കുന്ന ഏവനിലും പരിശുദ്ധാത്മാവിന്റെ ഈ പ്രവര്‍ത്തനമുണ്ട്.

സൃഷ്ടിയുടെ അരംഭത്തിങ്കല്‍ പാഴും ശൂന്യവുമായിരുന്ന ഭൂമണ്ഡലത്തിന്മേല്‍ ദൈവത്തിന്റെ ആത്മാവ് പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇന്നാകട്ടെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ലക്ഷോപലക്ഷങ്ങളെ ജീവന്റെ പ്രത്യാശയുള്ളവരാക്കിത്തീര്‍ക്കുന്നു. വിശ്വാസികളായ നാം നമ്മുടെ ശക്തിയാലല്ല, അവന്റെ കരുതലും, ആനുകൂല്യങ്ങളും, സഹിഷ്ണുതയും മൂലമാണ് ജീവിക്കുന്നത്. ക്രിസ്തുവിന്റെ ആത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരെല്ലാം ഹൃദയം തുറക്കുമോ, അവര്‍ ദൈവശക്തിയാല്‍ നിറയപ്പെടും. നിങ്ങളുടെ സ്വന്ത ഇഷ്ടത്താലോ, ചിന്തയാലോ, ശക്തിയാലോ അല്ല, മറിച്ച് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലത്രെ നിങ്ങള്‍ ശുദ്ധീകരണം പ്രാപിച്ചത്. നിങ്ങളുടെ വിശ്വാസത്തിന്റെ സൃഷ്ടാവും, സ്നേഹത്തിന്റെ ഉടമസ്ഥനും, സന്തോഷത്തിന്റെ ഉത്ഭവവും, സുകൃതവും, സുകൃതത്തിന്റെ ഉറവിടവും അവനാണ്. അവിടുന്ന് നമ്മില്‍ പ്രവര്‍ത്തിക്കുന്നവനും, കരുണ പ്രവര്‍ത്തിക്കുവാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നവനും, വിശ്വസ്തതയോടെ നമ്മില്‍ വസിക്കുന്നവനും സ്നേഹത്തിന്റെ പൂര്‍ണ്ണതയിലേക്ക് നമ്മെ വഴിനടത്തുന്നവനുമാണ്.

മാറിമാറി വീശുന്ന കാറ്റ് ഗതി മാറുന്നതുപോലെ മാറുന്നതല്ല ദൈവാത്മാവിന്റെ ജീവിതം. അത് നിരന്തരവും, ക്രമീകരണമുള്ളതും, ന്യായയുക്തമായതുമാണ്. അതു നിമിത്തമത്രെ അപ്പോസ്തലന്‍ 'ജീവന്റെ ആത്മാവിന്റെ പ്രമാണം' എന്നതിനെ സംബോധന ചെയ്തത്. മറ്റൊരു നിലയില്‍ പറഞ്ഞാല്‍, ക്രിസ്തുവില്‍ വിശ്വസിച്ചവരില്‍ വസിക്കുന്ന ക്രിസ്തുവിന്റെ ജീവനാണ് ആത്മാവിന്റെ പ്രമാണം. പുതുനിയമത്തില്‍ വിശ്വസിച്ചവരുമായി പരിശുദ്ധനായവന്‍ ഒന്നിച്ച് വാസം ചെയ്യുന്നു. ലോകാന്ത്യത്തോളം നിലനില്ക്കുന്ന ഒരു സത്യത്തെ തന്റെ മരണത്താല്‍ അവന്‍ സ്ഥാപിതമാക്കി; അവന്റെ വിശ്വസ്തത നിത്യമായുള്ളതാണ്. പിതൃപുത്രഹൃദയത്തില്‍നിന്നും നിങ്ങളില്‍ പകരപ്പെടുന്ന പരിശുദ്ധാത്മാവ് നിങ്ങളുടെ പ്രാര്‍ത്ഥനയുടെയോ, ഉപവാസത്തിന്റെയോ, നീതിപ്രവൃത്തിയുടെയോ ഫലമായി ലഭിക്കുന്നതല്ല, മറിച്ച് നിങ്ങള്‍ക്കായി ക്രിസ്തു ക്രൂശില്‍ നിവര്‍ത്തിച്ച നീതീകരണത്തിന്റെ ഫലമാണത്. ദൈവം തന്റെ സത്യത്താല്‍ നിത്യജീവനെ നിങ്ങളുടെ ജീവിതത്തില്‍ ഉറപ്പിച്ചിരിക്കുന്നു. അവന്റെ ശക്തി നിര്‍ബന്ധത്താലല്ല, മറിച്ച് വിശുദ്ധ ദയയാലും, സന്തുഷ്ടിയാലുമത്രെ നിങ്ങളിലേക്ക് ഒഴുകുന്നത്. അത് കരയുന്നില്ല; ഗര്‍ജ്ജിക്കുന്നില്ല; മറിച്ച് ക്രിസ്തു പാപികളെ സ്നേഹിക്കുന്നതുപോലെ, വിനയത്തോടെ നമ്മെ സ്നേഹിക്കുകയും നമ്മോടിടപെടുകയും ചെയ്യുന്നു; എന്തെന്നാല്‍ അവന്‍ നിങ്ങളിലും നിങ്ങള്‍ അവനിലും ജീവിക്കുന്നു.

നിങ്ങള്‍ക്ക് നല്കപ്പെട്ട ആത്മിക ജീവന്‍ ക്രിസ്തുവിനെ കൂടാതെയുള്ള നിങ്ങളുടെ സ്വന്ത അവകാശമല്ല. നിങ്ങള്‍ അവന്റെ ആത്മിക ശരീരത്തിന്റെ അംഗങ്ങള്‍ ആകത്തക്കവിധം രക്ഷിതാവിനോടുള്ള നിരന്തര സമ്പര്‍ക്കവും ബന്ധവും നിമിത്തം നിങ്ങള്‍ക്ക് ലഭിച്ചതത്രെ.

തെറ്റായ പ്രവൃത്തികളിലേക്ക് വിശ്വാസികള്‍ വഴുതിവീഴുവാന്‍ നിര്‍ബന്ധിതമാകുന്നത് ഭൂഷണമല്ല. അങ്ങനെ സംഭവിക്കുന്നത് ക്രിസ്തുവിനെ അപമാനിക്കുന്നതും ക്രൂശിനെ ദുഷിക്കുന്നതുമായ പ്രവൃത്തിയാണ്. ക്രിസ്തു താന്‍ തന്നെ അനുഭവിച്ചതുപോലെ മുമ്പത്തെക്കാള്‍ അധികം പരീക്ഷകളോടെതിര്‍ത്തു നില്ക്കേണ്ടതായി നമുക്ക് വന്നേക്കാം. പല പാപങ്ങളിലേക്കും നാം വീണുപോയേക്കാം; ചിലപ്പോള്‍ അശ്രദ്ധമായി പാപം ചെയ്തു എന്നും വരാവുന്നതാണ്. എന്നാല്‍ ഒരു പ്രമാണമെന്ന നിലയില്‍, ക്രിസ്തു പാപത്തിന്റെ ശക്തിയില്‍ (വ്യാപാരത്തില്‍) നിന്ന് നമ്മെ വീണ്ടെടുത്തിരിക്കയാണ്. തത്ഫലമായി നമ്മുടെ ജീവിതത്തിന്റെ ഫലം ഇനി മരണമല്ല. ന്യായപ്രമാണം ഇനി നമ്മെ നരകത്തിലേക്ക് ആനയിക്കുകയോ, അധികം തിന്മയായതിലേക്ക് പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതെ, നാം അതില്‍ ആനന്ദിക്കേണ്ടതിന് ന്യായപ്രമാണം നമ്മുടെ ഹൃദയങ്ങളില്‍ ഇപ്പോള്‍ വസിക്കുന്നു.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുക്രിസ്തുവേ, ഞങ്ങളുടെ പിതാവിന്റെ സ്നേഹത്തെ മഹത്വപ്പെടുത്തുന്നതിനും ആത്മാവിന്റെ ന്യായപ്രമാണത്തില്‍ നടക്കുന്നതിനുംവേണ്ടി ഞങ്ങളെ മരണത്തില്‍നിന്നും ജീവനിലേക്കു വഹിച്ചതിനു നന്ദി. ഞങ്ങളെ നിന്നില്‍ ഉറപ്പിക്കണമേ; തന്മൂലം നിന്റെ സ്നേഹത്തില്‍ ഞങ്ങള്‍ നിറഞ്ഞു നിന്നെ മഹത്വപ്പെടുത്തുവാനും ഞങ്ങള്‍ക്കിടയാകും.

ചോദ്യം:

  1. പൌലോസ് പരസ്പരം താരതമ്യം ചെയ്തിട്ടുള്ള രണ്ടു നിയമങ്ങള്‍ ഏതെല്ലാമാണ്? അതിന്റെ അര്‍ത്ഥങ്ങള്‍ ഏതൊക്കെയാണ്?

www.Waters-of-Life.net

Page last modified on January 21, 2013, at 10:08 AM | powered by PmWiki (pmwiki-2.3.3)