Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 030 (Peace, Hope, and Love Dwell in the Believer)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഇ - നീതീകരണം എന്നാല്‍ ദൈവവും മനുഷ്യനുമായുള്ള പുതിയ ബന്ധം എന്നര്‍ത്ഥം (റോമര്‍ 5:1-21)

1. സമാധാനം, പ്രത്യാശ, സ്നേഹം ഇവ വിശ്വാസിയില്‍ വസിക്കുന്നു (റോമര്‍ 5:1-5)


റോമര്‍ 5:1-2
1 വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമൂലം നമുക്ക് ദൈവത്തോട് സമാധാനം ഉണ്ട്. 2 നാം നില്ക്കുന്ന ഈ കൃപയിലേക്ക് നമുക്ക് അവന്മൂലം വിശ്വാസത്താല്‍ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയില്‍ പ്രശംസിക്കുന്നു.

പ്രാകൃതമനുഷ്യന്‍ ദൈവത്തോടുള്ള സംവാദത്തിലാണ് ജീവിക്കുന്നത്. നമ്മുടെ പാപങ്ങളെ ലംഘനങ്ങളായി കണക്കാക്കപ്പെടുന്നതുകൊണ്ട് എല്ലാ മനുഷ്യരും പരിശുദ്ധനായവനോട് പാപം ചെയ്യുന്നു. അതുകൊണ്ട് മനുഷ്യന്റെ സകല അനീതിക്കും അഭക്തിക്കും നേരെ ദൈവക്രോധം വെളിപ്പെടുന്നു.

ഇപ്പോഴാകട്ടെ ക്രിസ്തുവിന്റെ ക്രൂശിലെ മരണത്താല്‍ മനുഷ്യരെ ദൈവത്തോടു നിരപ്പിച്ചതുമൂലം നാം സമാധാനയുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. നമ്മെ ദൈവത്തില്‍നിന്ന് അകറ്റിയ പാപത്തെ പുത്രന്‍ നീക്കിക്കളഞ്ഞതുകൊണ്ട് സകല മനുഷ്യര്‍ക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചിരിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തു എന്ന രക്ഷിതാവു മുഖാന്തരം ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എത്രയോ വലിയ അനുഗ്രഹവും, ആശ്വാസവും, സ്വസ്ഥതയുമാണ് ലഭിക്കുക. തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യാതൊരു സമാധാനവുമില്ല. യേശുക്രിസ്തുവിന്റെ ക്രൂശിലല്ലാതെ ആത്മാക്കള്‍ക്ക് വിശ്രാമമുണ്ടാകയില്ല.

ക്രിസ്തു പുതിയനിയമത്തിലെ ഓരോ വിശ്വാസിയെയും കഴുകി ശുദ്ധീകരിച്ച് ശ്രേഷ്ഠമായ പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ആണ്ടില്‍ ഒരിക്കല്‍ അതിവിശുദ്ധസ്ഥലത്ത് പ്രവേശിച്ച് പാപങ്ങള്‍ക്ക് പ്രായശ്ചിത്തശുശ്രൂഷ ചെയ്ത പഴയനിയമത്തിലെ മഹാപുരോഹിതനുമാത്രം നല്കപ്പെട്ടിരുന്ന പദവിയാണ് ഇന്ന് നമുക്ക് ലഭിച്ചിരിക്കുന്നത്. കര്‍ത്താവിന്റെ മരണസമയത്ത് ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിപ്പോയി. തന്നിമിത്തം പരിശുദ്ധ ദൈവത്തിന്റെ സന്നിധിയില്‍ നില്ക്കുവാനുള്ള അവകാശം നമുക്ക് കൈവന്നിരിക്കുന്നു. പാപം നിമിത്തം നാം ഇനി ദൈവത്തെ ഭയപ്പെടേണ്ട; അവന്‍ നമ്മെ നശിപ്പിക്കയില്ല; അവിടുന്നു നമുക്ക് സമീപസ്ഥനാണ്; നമ്മുടെ പിതാവും രക്ഷിതാവുമാണ്; സമ്പൂര്‍ണ്ണ സ്നേഹവും കരുണയുമുള്ളവനാണ്. അതുകൊണ്ട് വിശ്വാസത്തോടെ അവങ്കലേക്ക് ചെല്ലുവാന്‍ അവന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. അവന്‍ നമ്മുടെ പ്രാര്‍ത്ഥനയെ പ്രതീക്ഷിക്കുന്നു; നമ്മുടെ അഭയയാചനകള്‍ക്ക് മറുപടി തരുന്നു. ആത്മാക്കള്‍ക്ക് ആശ്വാസം തേടുന്ന ഏവര്‍ക്കും ക്രൂശിന്റെ അനുഗ്രഹം പ്രയോജന പ്പെടേണ്ടതിന് സുവിശേഷത്തിന്റെ വ്യാപനത്തിനായി അവന്‍ നമ്മെ ഉപയോഗിക്കുന്നു.

ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റശേഷം "നിങ്ങള്‍ക്ക് സമാധാനം'' എന്നു പറഞ്ഞുകൊണ്ട് കര്‍ത്താവ് അവരെ ആശീര്‍വ്വദിച്ചതായി തിരുവെഴുത്തില്‍ കാണുന്നു. അതിന് ഇരുവിധ അര്‍ത്ഥങ്ങളുണ്ട്:

  1. യേശുക്രിസ്തുവിന്റെ കഷ്ടാനുഭവം നിമിത്തം ദൈവം നിങ്ങളുടെ സകല പാപങ്ങളെയും ക്ഷമിച്ചിരിക്കുന്നു.
  2. ആകയാല്‍ എഴുന്നേറ്റുചെന്ന് സുവിശേഷം അറിയിക്കുക "എന്റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.'' ക്രിസ്തുവില്‍ വിശ്വസിക്കുന്നവന് സമാധാനമുണ്ട്; അവനുമാത്രമല്ല ക്രിസ്തു സമാധാനം നല്കിയ എല്ലാവര്‍ക്കും അവന്‍ സമാധാനമാണ്. ദൈവമക്കളെ കൂടി വിളിച്ചു.

ഹൃദയത്തിനു ലഭിച്ച സമാധാനം നീതീകരണത്തില്‍നിന്ന് ഉത്ഭവിച്ചതു കൂടാതെ, ദൈവസിംഹാസനത്തിങ്കലേക്ക് നമുക്ക് ലഭിച്ച പ്രവേശനവും, സുവിശേഷം അറിയിപ്പാന്‍ നമുക്ക് ലഭിച്ച നിയോഗവും നിമിത്തം സകല ബുദ്ധിയെയും കവിയുന്ന ഒരു പ്രത്യാശയും നമുക്ക് ലഭിച്ചിരിക്കുന്നുവെന്ന് പൌലോസ് നമുക്ക് ഉറപ്പുതരുന്നു. ദൈവം തന്റെ സാദൃശ്യത്തില്‍ നമ്മെ സൃഷ്ടിച്ചു എങ്കിലും പാപം നിമിത്തം ആ തേജസ്സ് നമുക്ക് നഷ്ടമായി. ദൈവത്തിനുള്ളതും തന്റെ പുത്രനിലൂടെ പ്രകാശിക്കുന്നതുമായ ആ തേജസ്സ് കര്‍ത്താവ് നമുക്ക് മടക്കിത്തരുമെന്നുള്ള പ്രത്യാശ പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തില്‍ നമുക്ക് നല്കിയിട്ടുണ്ട്. ദൈവമഹത്വത്തെക്കുറിച്ച് നിങ്ങള്‍ക്ക് അഭിമാനം തോന്നുന്നുണ്ടോ? നിനക്കായി വച്ചിട്ടുള്ള പ്രത്യാശയെ നീ മുറുകെ പിടിച്ചിട്ടുണ്ടോ? നമ്മുടെ ഭാവി കേവലം ഒരു ചിന്തയോ, ഭാവനയോ, ആഗ്രഹമോ മാത്രമല്ല, നമുക്ക് വെളിപ്പെടുവാനുള്ള തേജസ്സിന്റെ ഉറപ്പായി നമുക്ക് നല്കപ്പെട്ട പരിശുദ്ധാത്മശക്തിയാല്‍ നാം മനസ്സിലാക്കിയിട്ടുള്ള ഒരു യാഥാര്‍ത്ഥ്യമാണത്.

റോമര്‍ 5:3-5
3അതുതന്നെയല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും, സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നറിഞ്ഞ് 4നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. 5പ്രത്യാശയ്ക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്ക് നല്കപ്പെട്ട പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിക്കുന്നുവല്ലോ.

നാം സ്വര്‍ഗ്ഗത്തിലല്ല, ഭൂമിയിലാണ് ജീവിക്കുന്നത്. യേശു എല്ലാവിധ ഉപദ്രവങ്ങളിലും പങ്കപ്പാടുകളിലുംകൂടി കടന്നുപോയതുപോലെ നാമും നമ്മുടെ ആത്മിക വളര്‍ച്ചയ്ക്കും ഫലപ്രാപ്തിക്കുമായി മനുഷ്യന്റെ ആക്രമങ്ങളിലും, രോഗങ്ങളിലും, സാത്താന്യ ഉപദ്രവങ്ങളിലുംകൂടി കടന്നുപോകേണ്ടതാണ്. കണ്ണീരോടും പല്ലുകടിയോടുമല്ല പൌലോസ് ഇതെഴുതുന്നത്, മറിച്ച് താന്‍ പറയുകയാണ്, "കഷ്ടങ്ങളിലും നാം പ്രശംസിക്കുന്നു.'' നാം ക്രിസ്തുവിനെ പിന്‍പറ്റുന്നതിന്റെ തെളിവാണത്. അവന്റെ കഷ്ടങ്ങള്‍ക്ക് നാം പങ്കാളികളാകുന്നതുപോലെ അവന്റെ മഹത്വത്തിനും നാം പങ്കാളികളാകും. അതുകൊണ്ട് എല്ലാം വാദവും പിറുപിറുപ്പുംകൂടാതെ ചെയ്യുക. എന്തെന്നാല്‍ നമ്മുടെ കര്‍ത്താവ് ജീവിക്കുന്നു; അവിടുത്തെ അനുവാദം കൂടാതെ യാതൊന്നും സംഭവിക്കയില്ല.

ഈ ഭൂമിയിലെ കഷ്ടപ്പാടുകള്‍ നമ്മുടെ സ്വാര്‍ത്ഥതയെ വെടിയുവാനും, ഇന്ദ്രിയങ്ങളെ മരിപ്പിപ്പാനും, ഹൃദയത്തിന്റെ താല്‍പര്യങ്ങളെ ശുദ്ധീകരിപ്പാനും, യേശുവിന്റെ നിയോഗത്തിന് നമ്മുടെ ഇച്ഛയെ സമര്‍പ്പിപ്പാനും സഹായകമായി ഭവിക്കുന്നു. അതുനിമിത്തം സഹിഷ്ണുത നമ്മില്‍ വളരുന്നു. യേശുവിലും അവന്റെ കാര്യങ്ങളിലുമുള്ള നമ്മുടെ പ്രത്യാശ വളരുകയും ചെയ്യുന്നു. കഷ്ടതയുടെ പാഠശാലയില്‍ അബ്രഹാമിനെപ്പോലെ, നമ്മുടെ ബലഹീനതകളിലും പരാജയങ്ങളിലുംകൂടി ദൈവം എപ്രകാരം വിജയം പ്രാപിക്കുന്നു എന്നുള്ളതിന്റെ ഉറപ്പ് നാം പ്രാപിക്കുന്നു.

ഈ ആത്മിക പോരാട്ടത്തില്‍ അബ്രഹാമിന്റെ അനുഭവങ്ങളില്‍നിന്നും ഉള്‍ക്കൊള്ളുവാനുള്ള അവസരം നമുക്ക് ലഭിച്ചിരിക്കുന്നു. കൃപായുഗമായ ഈ കാലഘട്ടത്തില്‍ ദൈവസ്നേഹം ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് അഥവാ ഹൃദയത്തില്‍ ദൈവം പകര്‍ന്നുതന്നിട്ടുണ്ട്. 5-ാം അദ്ധ്യായത്തിന്റെ 5-ാം വാക്യം മനോഹരവും ശ്രേഷ്ഠവുമാണ്; അത് ഉച്ചരിപ്പാന്‍ തന്നെ നമുക്ക് പ്രയാസം. ഈ വാക്യം മനഃപാഠമാക്കുക, കാരണം അത് ബൈബിളിലെ നിക്ഷേപമാണ്. നമ്മുടെ ഹൃദയങ്ങളില്‍ പകരപ്പെട്ടിരിക്കുന്നത് മാനുഷിക സ്നേഹമോ ആര്‍ദ്രതയോ അല്ല, സാക്ഷാല്‍ ദൈവത്തിന്റെ നിത്യവും, വിശുദ്ധവും, ശക്തവുമായ ദൈവസ്നേഹമാണ്. അത് നമ്മുടെ ഹൃദയത്തില്‍ ഉണ്ടായിരുന്നതല്ല; നമ്മുടെ നന്മകൊണ്ടല്ല; യേശുക്രിസ്തു തന്റെ രക്തത്താല്‍ നമ്മെ ശുദ്ധീകരിച്ചതുകൊണ്ട് നമ്മുടെ ഹൃദയങ്ങളിലേക്ക് പകരപ്പെട്ടതാണ്. നമ്മുടെ മര്‍ത്യശരീരങ്ങളെ ദൈവത്തിന്റെ നിവാസമാക്കിക്കൊണ്ട് പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുന്നത് ഈ വിധത്തിലാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും നല്കപ്പെടുന്ന സ്വര്‍ഗ്ഗീയവും ദൈവികവുമായ ശക്തിയത്രെ പരിശുദ്ധാത്മാവ്. ദൈവസ്നേഹത്തിന്റെ ആത്മാവിനെ പ്രാപിക്കുന്നവനെല്ലാം വീണ്ടും ജനനത്തിന്റെ അനുഭവം ഉണ്ടാകുകയും, അവനില്‍ വസിക്കുന്ന നിത്യജീവനെ തിരിച്ചറിയുകയും ചെയ്യുന്നു. നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് ദൈവസമാധാനം നമ്മില്‍ ഉളവാക്കുക മാത്രമല്ല, നമുക്കു പ്രസാദിപ്പാന്‍ കഴിയാത്തവരെ സഹിക്കുവാനും, ശത്രുക്കളെ പ്രായോഗികതലത്തില്‍ സ്നേഹിക്കുവാനും ഉള്ള സഹിഷ്ണുത നമുക്ക് നല്കുകയും, നമ്മുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ജയാളികളാകുവാനും നമ്മെ സഹായിക്കുന്നു. കര്‍ത്താവ് നമ്മെ അനാഥരായി കൈവിട്ടില്ല. അവിടുത്തെ ശക്തിയും, സ്നേഹവും, തേജസ്സിന്റെ ഉറപ്പും നമുക്ക് നല്കിയിട്ടുണ്ട്. ഒരിക്കല്‍ അതെല്ലാം വെളിപ്പെടുന്നതാണ്.

പ്രാര്‍ത്ഥന: ത്രിയേക ദൈവമേ, അവിടുന്നു ഞങ്ങളെ ഉപേക്ഷിക്കാതെ, മര്‍ത്യരും, ദരിദ്രരും, പുഴുക്കളുമായ ഞങ്ങളില്‍ നിന്റെ സ്നേഹം പകര്‍ന്നുതന്നതിനായി സ്തോത്രം. അവിടുത്തെ ആത്മാവിന്റെ ശക്തിയാല്‍ സ്നേഹിപ്പാനും, അവിടുത്തെ വലിയ കരുണയ്ക്ക് മാതൃകയായി ജീവിപ്പാനും അങ്ങ് ഞങ്ങളെ സഹായിക്കണമേ. ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു; സ്തുതിക്കുന്നു; ഞങ്ങളുടെ ഹൃദയങ്ങളില്‍ അവിടുത്തെ സാന്നിദ്ധ്യമുള്ളതുകൊണ്ട് സന്തോഷിക്കുന്നു. അവിടുത്തെ സ്നേഹത്തിനൊത്തവണ്ണം പ്രവര്‍ത്തിപ്പാന്‍ ഞങ്ങളെ സഹായിക്കണമേ.

ചോദ്യം:

  1. ദൈവസമാധാനം നമ്മുടെ ജീവിതത്തില്‍ നിവര്‍ത്തിക്കപ്പെട്ടതെങ്ങനെ?

www.Waters-of-Life.net

Page last modified on January 21, 2013, at 09:45 AM | powered by PmWiki (pmwiki-2.3.3)