Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 011 (The Wrath of God against the Nations)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
മ - സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു; ദൈവം സകലരെയും തന്റെ നീതിയില്‍ വിധിക്കും (റോമര്‍ 1:18 - 3:20)

1. ജാതികള്‍ക്കെതിരെ ദൈവക്രോധം വെളിപ്പെടുന്നു (റോമര്‍ 1:18-32)


റോമര്‍ 1:22-23
22 ജ്ഞാനികള്‍ എന്നു പറഞ്ഞുകൊണ്ട് അവര്‍ മൂഢരായിപ്പോയി; 23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവര്‍ ക്ഷയമുള്ള മനുഷ്യന്‍, പക്ഷി, നാല്ക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.

ദൈവത്തെ കൂടാതെ മര്‍ത്യനായ യാതൊരു മനുഷ്യനും ജീവിക്കാന്‍ കഴികയില്ല. അവന്റെ കര്‍ത്താവിനെ ഹൃദയത്തില്‍ അവന്‍ ഉപേക്ഷിക്കുന്നപക്ഷം അന്യദൈവങ്ങളിലേക്ക് അവന്‍ തിരിഞ്ഞേ മതിയാവൂ. കാരണം ദൈവവിശ്വാസം മനുഷ്യന് സൃഷ്ടിയിലേ നല്കപ്പെട്ട ഒന്നാണ്. വിദ്യാസമ്പന്നനോ വിദ്യാവിഹീനനോ ആയ ഏതു നിരീശ്വരനും അവര്‍ ആശ്രയിക്കുന്നതും, സ്നേഹിക്കുന്നതും, മഹത്വപ്പെടുത്തുന്നതും, തന്നെത്താന്‍ സമര്‍പ്പിക്കുന്നതും, യാഗം അര്‍പ്പിക്കുന്നതുമായ മൂര്‍ത്തികളുണ്ട്. വിജയം പ്രതീക്ഷിച്ച് അനേകര്‍ നേതാക്കന്മാരെ ദേവന്മാരാക്കാറുണ്ട്. ഓരോരുത്തനും താന്താന്റെ സുഖത്തിനും സന്തോഷത്തിനുമായി പണം സമ്പാദിക്കുകയും, ധനത്തെ അന്വേഷിക്കുകയും ചെയ്യുന്നു. വിദ്യാ സമ്പന്നരാകട്ടെ, തങ്ങള്‍ പാപികളും ഒന്നുമില്ലാത്തവരുമായിരിക്കെ, എന്തൊക്കെയോ അറിയാവുന്നവരാകുന്നു എന്ന ഭാവേന തങ്ങളുടെ പുസ്തകങ്ങളിലും തത്വശാസ്ത്രങ്ങളിലും മുഴുകിയിരിക്കുന്നു. എന്തു വില കൊടുത്തും ഏതു മാര്‍ഗ്ഗത്തിലൂടെയും വിജയം പ്രതീക്ഷിക്കുന്നവരാണ് രാഷ്ട്രീയക്കാര്‍. വിദ്യാര്‍ത്ഥികള്‍ സാംസ്കാരികമായ അഭിവൃദ്ധിയിലും, പ്രവര്‍ത്തകര്‍ വിപ്ളവത്തിന്റെ ആത്മാവിനും തങ്ങളെ സമര്‍പ്പിക്കുന്നു. ദൈവസമാധാനം ഹൃദിസ്ഥമാക്കായ്കയാല്‍ എല്ലാവരിലും ഭയം ഭരണം നടത്തുന്നു.

ചില ടാക്സി ഡ്രൈവര്‍മാര്‍ അശുദ്ധ ദൃഷ്ടിയില്‍നിന്നും തങ്ങള്‍ സൂക്ഷിക്കപ്പെടുവാന്‍ വേണ്ടി ഒരു നീല ജപമാല തങ്ങളുടെ കാറിന്റെ ഗ്ളാസില്‍ തൂക്കിയിടുന്നു; അങ്ങനെ ചെയ്കയില്‍ തങ്ങളെ സൂക്ഷിപ്പാനുള്ള ദൈവത്തിന്റെ ശക്തിയെ അവര്‍ നിരാകരിക്കുന്നു. ചില യാത്രികര്‍ യാത്രയിലെ സുരക്ഷയ്ക്കായി മന്ത്രവള ധരിക്കുന്നു. അനേകര്‍ വെളിച്ചപ്പാടന്മാരെയും ലക്ഷണവിദ്യക്കാരെയും അന്വേഷിക്കുന്നു. മരിച്ചവരോടും അവരുടെ ആത്മാക്കളോടും സംസാരിക്കുവാന്‍ ചിലര്‍ ക്യൂവില്‍ നില്ക്കയാണ്. "ഞാന്‍ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്'' എന്ന ആദ്യകല്പനയ്ക്ക് വിരോധമായി ദിവസം പത്തുലക്ഷം പ്രാവശ്യം മനുഷ്യന്‍ പാപം ചെയ്തുകൊണ്ടിരിക്കയാണ്.

ദൈവമഹത്വത്തിന്റെ സത്യം സംബന്ധിച്ച് ലോകം ഇന്ന് അന്ധതയില്‍ ആയിത്തീര്‍ന്നിരിക്കയാണ്. മനുഷ്യര്‍ തങ്ങളുടെ വ്യര്‍ത്ഥഹൃദയങ്ങള്‍ക്ക് പ്രത്യാശയും സമാധാനവും തേടി മരീചികയുടെ പിന്നാലെ പൊയ്ക്കൊണ്ടിരിക്കുന്നു. നിരാശയും അവിശ്വാസവും അനേകരില്‍ നിഴലിച്ചുനില്ക്കുന്നു.

ദൈവകല്പനകളില്‍ നടക്കുവാനാകാതെ, അവയെ ശ്രദ്ധിക്കാതെ ശൂന്യാകാശയാത്രികരെക്കുറിച്ചുള്ള വാര്‍ത്തയുടെയും, സിനിമാതാരങ്ങളുടെയും, രാഷ്ട്രീയക്കാരുടെയും ഒക്കെ പിന്നാലെ പായുകയാണ് മനുഷ്യന്‍. അവര്‍ അന്യോന്യം പോരാടി നശിക്കുന്നു; സ്രഷ്ടാവിനെ നിന്ദിച്ചുകൊണ്ടും തങ്ങളില്‍ത്തന്നെ നശിക്കുന്നു.

സ്രഷ്ടാവിനെക്കാള്‍ അധികം, നിങ്ങളെത്തന്നെയോ മറ്റാരെയെങ്കിലുമോ നിങ്ങള്‍ സ്നേഹിക്കുന്നുണ്ടോ? നിങ്ങളെത്തന്നെ ശോധന ചെയ്യുക. നിങ്ങളുടെ കാറിന്റെ എഞ്ചിനെ നിങ്ങള്‍ ആശ്രയിക്കുന്നുവോ? നിങ്ങളുടെ പ്രത്യക്ഷീഭാവത്തെ നിങ്ങള്‍ സ്നേഹിക്കുന്നുവോ? നിങ്ങള്‍ മറ്റുള്ളവരുടെ മദ്ധ്യസ്ഥത അന്വേഷിക്കുന്നുവോ? നിങ്ങളുടെ ലൌകികമായ ചായ്വുകളെല്ലാം ദൈവത്തെ നിസ്സാരനാക്കുകയാണ്. നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും, പൂര്‍ണ്ണാത്മാവിനോടും, പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കുക. നിങ്ങളുടെ വിഗ്രഹങ്ങളും, മൂര്‍ത്തികളും, നിങ്ങളുടെ സ്വാര്‍ത്ഥത തന്നെയും മരിക്കട്ടെ. ദൈവത്തിന്റെ മഹത്വവും അവന്റെ സഹായവും നിന്റെമേല്‍ പ്രകാശിക്കട്ടെ.

പ്രാര്‍ത്ഥന: കര്‍ത്താവേ, നിന്റെ സ്വരൂപത്തില്‍ ഞങ്ങളെ സൃഷ്ടിച്ചതിനാലും നിന്റെ സാരാംശത്തെ നിന്റെ പുത്രനിലൂടെ ഞങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നതിനാലും ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. അവിശ്വാസം ഈ ലോകത്തില്‍നിന്ന് മാറ്റപ്പെടുവാനും, അവിടുത്തെ പിതാവിന്റെ നാമം വിശുദ്ധീകരിക്കപ്പെടുവാനും നിന്റെ സ്നേഹത്തെ എല്ലാവര്‍ക്കുമായി വെളിപ്പെടുത്തണമേ. മറ്റേതെങ്കിലും വിഗ്രഹത്തെയോ, മൂര്‍ത്തികളെയോ ഞങ്ങള്‍ സേവിച്ചെങ്കില്‍ അത് ഞങ്ങളോട് ക്ഷമിക്കണമേ. അവയെക്കുറിച്ചുള്ള ചിന്തയെ ഞങ്ങളില്‍നിന്നും അകറ്റണമേ. അവിടുത്തെ പുത്രന്‍ മാത്രം എന്നേക്കും ഞങ്ങളില്‍ വാഴട്ടെ.

ചോദ്യം:

  1. ദൈവത്തെക്കൂടാതെ ജീവിക്കുന്ന മനുഷ്യന്‍ ഒരു ലൌകിക ദൈവത്തെ തനിക്കായി ഉണ്ടാക്കേണ്ടതിന്റെ ആവശ്യം എന്താണ്?

www.Waters-of-Life.net

Page last modified on January 21, 2013, at 09:08 AM | powered by PmWiki (pmwiki-2.3.3)