Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 006 (Paul’s Desire to Visit Rome)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
പ്രവേശകം: വന്ദനംപറച്ചില്‍, ദൈവത്തിന്റെ നീതിയെ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുക എന്നതത്രെ തന്റെ ലേഖനത്തിന്റെ ഉദ്ദേശ്യം (റോമര്‍ 1:1-17)

യ) റോമരെ സന്ദര്‍ശിക്കുവാനുള്ള പൌലോസിന്റെ ദീര്‍ഘകാല താല്പര്യം (റോമര്‍ 1:8-15)


റോമര്‍ 1:8-12
8 നിങ്ങളുടെ വിശ്വാസം സര്‍വ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാല്‍ ഞാന്‍ ആദ്യം തന്നെ എന്റെ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി സ്തോത്രം ചെയ്യുന്നു. 9 ഞാന്‍ ഇടവിടാതെ നിങ്ങളെ ഓര്‍ത്തുകൊണ്ട് ദൈവേഷ്ടത്താല്‍ എപ്പോളെങ്കിലും നിങ്ങളുടെ അടുക്കല്‍ വരുവാന്‍ സാധിക്കേണ്ടതിന് എന്റെ പ്രാര്‍ത്ഥനയില്‍ എപ്പോഴും യാചിക്കുന്നു എന്നുള്ളതിന് 10 അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തില്‍ ഞാന്‍ എന്റെ ആത്മാവില്‍ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി. 11 നിങ്ങളുടെ സ്ഥിരീകരണത്തിനായി ആത്മികവരം വല്ലതും നിങ്ങള്‍ക്ക് നല്‍ കേണ്ടതിന്, 12 അതായത് നിങ്ങള്‍ക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താല്‍ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന് ഞാന്‍ നിങ്ങളെ കാണ്മാന്‍ വാഞ്ഛിക്കുന്നു.

റോമിലെ സഭയെപ്പറ്റി പൌലോസ് ധാരാളം കേട്ടിട്ടുണ്ട്; തന്റെ പ്രേഷിതപ്രയാണവേളയില്‍ അവരില്‍ ചിലരെ കാണുകയും അവരുടെ വിശ്വാസം സത്യവും, ജീവനുള്ളതും, പക്വമായതുമാണെന്ന് ഗ്രഹിപ്പാനും തനിക്കിടയായി. ഈ അത്ഭുതമോര്‍ത്ത് താന്‍ ദൈവത്തിന് സ്തോത്രം പറയുന്നു; കാരണം ഓരോ ജീവനുള്ള വിശ്വാസിയും ക്രിസ്തുവിന്റെ നിരപ്പിന്റെ ശുശ്രൂഷയുടെ ഫലമാണ്. അതോര്‍ത്ത് നാം നന്ദിപറയേണ്ടതാണ്. എപ്പോഴെല്ലാം ഒരു കൂട്ടം ആളുകള്‍ ദൈവത്തെയും അവന്റെ പുത്രനെയും പരിശുദ്ധാത്മാവില്‍ ശുശ്രൂഷിക്കുന്നതു കാണുമ്പോള്‍, അവിടെ നാമും പിതാവിനെ ആരാധിക്കുകയും, സ്തുതിക്കുകയും രാപ്പകല്‍ അവനില്‍ അനുദിനം ആനന്ദിക്കുകയും ചെയ്യേണ്ടതാണ്.

ദൈവത്തിന്റെ സ്വന്തം പുത്രനാണ് താനെന്നുള്ള വിധമാണ് പൌലോസ് ദൈവത്തെ പിതാവ് എന്നു സംബോധന ചെയ്തത്. തന്റെ ആത്മാവ് പുതുപ്രമാണത്താല്‍ അവനോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും, അവന്‍ അവനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുവെന്നും താന്‍ അറിഞ്ഞിരുന്നു. അനുഗൃഹീതമായ ഈ ബന്ധമുണ്ടായിട്ടും ഉന്നതനായ ദൈവത്തെ താന്‍ സ്വന്തം പേരിലല്ല, യേശുക്രിസ്തുവിന്റെ പേരിലാണ് അവന്‍ വിളിച്ചപേക്ഷിച്ചത്. നമ്മുടെ ഏതു പ്രാര്‍ത്ഥനകളും സ്തോത്രങ്ങളും ദൈവമഹത്വത്തിന്റെ മുമ്പാകെ അര്‍പ്പിക്കുവാന്‍ അര്‍ഹമായതല്ല എന്നവനറിയാമായിരുന്നു. യേശുക്രിസ്തുവിന്റെ ശുദ്ധീകരിക്കുന്ന രക്തത്തിന്റെ ശക്തിയാല്‍ മാത്രമേ നമ്മുടെ ഹൃദയത്തെ പകരുവാന്‍ നമുക്കു കഴിയുകയുള്ളു. ഈ ശുദ്ധീകരണത്തിലൂടെ മാത്രമേ നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാനാകൂ. അവന്റെ പിതൃത്വനാമത്തെ വിശുദ്ധീകരിച്ച് സന്തോഷത്തോടെ അവനെ ആരാധിപ്പാന്‍ നമുക്ക് സാധിക്കേണ്ടതിന് അവന്‍ തന്റെ ആത്മാവിനെ നമുക്കു നല്‍കുന്നു. എല്ലാ ദാസന്മാരും അവന് വിശുദ്ധരാണ്; സ്നേഹബാന്ധവത്താല്‍ അവര്‍ അവനുള്ളവരാണ്.

അവരുടെ ശുശ്രൂഷയുടെ ഉള്ളടക്കം സുവിശേഷമാണ്. ഈ ലേഖനത്തിന്റെ ആദ്യത്തെ വാക്യത്തില്‍ സുവിശേഷത്തെ "ദൈവത്തിന്റെ സുവിശേഷം എന്നാണ് പൌലോസ് സംബോധന ചെയ്തിരി ക്കുന്നത്. എന്നാല്‍ 10-ാം വാക്യത്തില്‍ "തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം എന്നു വായിക്കുന്നു. ദൈവിക സദ്വര്‍ത്തമാനമായ സുവിശേഷം ദൈവപുത്രന്റെ സാരാംശത്തോടു ബന്ധപ്പെട്ടതാണെന്നാണ് താന്‍ അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പൌലോസിന്റെ സകല പ്രതീക്ഷകളും ക്രിസ്തുവിന്റെ പുത്രത്വത്തെയും ദൈവത്തിന്റെ പിതൃത്വത്തെയും ചുറ്റിപ്പറ്റി നില്ക്കുന്നു. ഈ സുവിശേഷത്തെ മനഃപൂര്‍വ്വമായി നിരാകരിക്കുന്ന ഏവനും ശപിക്കപ്പെട്ടവനാകുന്നു.

പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടുമുള്ള അടുത്ത സംസര്‍ഗ്ഗത്തിലാണ് പൌലോസ് ജീവിച്ചത്. റോമിലെ സഭയെക്കുറിച്ച് താന്‍ എപ്പോഴും ചിന്തിച്ചിരുന്നുവെന്നും അവര്‍ക്കുവേണ്ടി താന്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്നതിലേക്ക് ത്രിയേകദൈവത്തെ സാക്ഷിയാക്കിപ്പറയുകയാണ് പൌലോസ്. ജാതികളുടെ ഈ അപ്പോസ്തലന്‍ വിവിധ ബദ്ധപ്പാടുകളുടെ ഇടയിലും സഭകളുടെ കാര്യങ്ങള്‍ മറന്നിട്ടില്ല; അവന്‍ വിശ്വസ്തതയോടെ വ്യക്തികള്‍ക്കായി പ്രാര്‍ത്ഥിച്ചുപോന്നു. നിരന്തരമായ പ്രാര്‍ത്ഥനയാലല്ലാതെ യാതൊരു മൂപ്പനും പുരോഹിതനും പരിശുദ്ധാത്മശക്തി പ്രാപ്യമാകുകയില്ല. എവിടെ ദൈവത്തോടും മനുഷ്യനോടുമുള്ള സ്നേഹം, പ്രാര്‍ത്ഥന, വാഞ്ഛ ഇവയുണ്ടോ അവിടെ ശക്തിയുടെ ബഹിര്‍ഗമനം നമുക്ക് ദര്‍ശിക്കാനാകും.

റോമിലേക്ക് കടന്നുചെല്ലുവാനുള്ള ആഗ്രഹം ഏറെ നാളായി പൌലോസിനുണ്ടായിരുന്നു. പ്രത്യേകിച്ച് ഇപ്പോള്‍ അനാടോളിയ, മക്കദോന്യ, ഗ്രീസ് മുതലായ സ്ഥലങ്ങളില്‍ താന്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇത്തല്യയിലേക്ക് കടന്നുപോകുവാനുള്ള നല്ല സമയമാണെന്ന് താന്‍ കണ്ടു.

എങ്കിലും സ്വന്ത താല്‍പര്യത്തിലും പദ്ധതിയിലും ആ യാത്ര ക്രമീകരിക്കുവാന്‍ അവന്‍ തയ്യാറായില്ല. ദൈവഹിതം എന്തെന്നു തിരിച്ചറിയുവാന്‍ അവന്‍ അത്യന്തം ശ്രദ്ധിച്ചു. എന്തെന്നാല്‍, ദൈവഹിതപ്രകാരമല്ലാതെ സ്വന്തഹിതപ്രകാരമുള്ള ക്രമീകരണങ്ങള്‍ പരാജയത്തിലും, കഷ്ടതയിലും, ഉപദ്രവങ്ങളിലുമേ പര്യവസാനിക്കയുള്ളു എന്നവന്‍ ഗ്രഹിച്ചിരുന്നു. പൌലോസ് സ്വതാല്‍പര്യത്തിന്റെയും ആഗ്രഹത്തിന്റെയും അടിമയായി ജീവിച്ചവനല്ല, പ്രത്യുത സ്വര്‍ഗ്ഗീയപിതാവിന്റെ നിയോഗത്തിന്‍ കീഴിലാണ് താന്‍ സര്‍വ്വതും ക്രമീകരണം ചെയ്തുപോന്നത്.

എന്നാല്‍ ഇത്യാദി സമര്‍പ്പണമനോഭാവം താന്‍ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത റോമ സന്ദര്‍ശിക്കുന്നതില്‍നിന്നും തന്നെ തടസ്സപ്പെടുത്തിയില്ല. താന്‍ പരിശുദ്ധാത്മാവ് നിറഞ്ഞവനായിരുന്നു എന്നവന് ബോധ്യമുണ്ടായിരുന്നു. ദൈവശക്തിയെ നാലു ദിക്കുകളിലേക്കും വ്യാപിപ്പിക്കുന്ന ഒരു അഗ്നിപര്‍വ്വതസമാനനായിരുന്നു പൌലോസ്. അതുകൊണ്ട് ക്രിസ്തു തനിക്ക് നല്കിയിട്ടുള്ള അധികാരസീമയുടെ പങ്കാളിത്തം റോമയിലുള്ള ഈ സഭയ്ക്കും ഉണ്ടാകുവാന്‍ പൌലോസ് ആഗ്രഹിച്ചു. സഭ ആത്മീയമായി ഉണര്‍ത്തപ്പെട്ട്, ശുശ്രൂഷയ്ക്കായി ഒരുക്കപ്പെടുവാനും സ്നേഹം, വിശ്വാസം, യഥാര്‍ത്ഥ പ്രത്യാശ എന്നിവയില്‍ സ്ഥിരപ്പെടുവാനും താന്‍ താല്‍പര്യപ്പെട്ടു. വിശ്വാസികള്‍ വിശ്വാസത്തില്‍ ഉറപ്പിക്കപ്പെടുക, സ്ഥിരീകരിക്കപ്പെടുക - അപ്പോസ്തലന്മാരുടെ പ്രവൃത്തികളുടെയും ശുശ്രൂഷകളുടെയും ആത്യന്തികമായ ലക്ഷ്യം അഃായിരുന്നു.

ഒരു വലിയ ദാതാവായി റോമില്‍ പ്രവേശിക്കണമെന്നല്ല, മറിച്ച് അവന്‍ അത്യന്തം താഴ്മയോടെ അവര്‍ക്കെഴുതുമ്പോള്‍ പറയുന്നു; നല്‍കുവാന്‍ മാത്രമല്ല, കണ്ടും കേട്ടും ചിലതു പ്രാപിപ്പാന്‍ കൂടിയത്രെ താന്‍ വരുന്നത്. താന്‍ മൂലമല്ലാതെ കര്‍ത്താവ് നേരിട്ട് റോമിലെ വിശുദ്ധന്മാര്‍ക്ക് നല്‍കിയിട്ടുള്ളതിനെ അനുഭവിച്ചറിയുക; സ്വര്‍ഗ്ഗീയ ആശ്വാസകനാല്‍ റോമിലെ വിശുദ്ധന്മാരിലൂടെയുള്ള സാക്ഷ്യം മുഖാന്തരം മറ്റ് അപ്പോസ്തലന്മാരോടുകൂടെ താനും ആശ്വസിപ്പിക്കപ്പെടുക ഇതത്രെ താന്‍ ആഗ്രഹിച്ചത്.

ഒരു പുതിയ വിശ്വാസപ്രഖ്യാപനവുമായിട്ടല്ല, കര്‍ത്താവിന്റെ ആത്മീയ ശരീരത്തിന്റെ അംഗങ്ങളായ എല്ലാ വിശുദ്ധന്മാര്‍ക്കുമുള്ള അതേ വിശ്വാസം, അറിവ്, അവരില്‍ വ്യാപരിക്കുന്ന ദൈവശക്തി ഇതുമായിട്ടത്രെ താന്‍ കടന്നുവരുവാന്‍ ആഗ്രഹിക്കുന്നത് എന്ന കാര്യം അവന്‍ മുന്‍കൂട്ടി അവരെ അറിയിക്കുന്നു. ഒന്നിലധികം സഭ എന്ന ആശയം ശുദ്ധ അബദ്ധമാണ്; കാരണം പിതാവും പുത്രനും പരി ശുദ്ധാത്മാവും ഒന്നാണ്. എവിടെയെല്ലാം വിശ്വാസികള്‍ കൂടിവരുമോ അവിടെയെല്ലാം ഒരേ പിതാവിന്റെ മക്കളായിട്ടാണവര്‍ കൂടിവരുന്നത്. ഒരുപക്ഷേ മുമ്പെ അവര്‍ അന്യോന്യം അപരിചിതരായിരിക്കാം. ഒരേ ആത്മാവിനാല്‍ ജനിച്ചവരായി, ഒരേ കുടുംബത്തിന്റെ അംഗം എന്ന നിലയില്‍, ഒരേ പ്രമാണത്തിലും താല്‍പര്യത്തിലും ഏകീഭവിക്കപ്പെട്ടവരായി ഏകമനസ്സോടെ അവര്‍ കൂടിവന്ന് അത്യന്തം സന്തോഷിക്കുന്നു.

പ്രാര്‍ത്ഥന: പരിശുദ്ധ പിതാവേ, സര്‍വ്വലോകത്തുനിന്നും അവിടുത്തെ സഭയെ കൂട്ടിച്ചേര്‍ത്ത്, അവയെ സ്ഥിരീകരിച്ച്, അവിടുത്തെ സ്വഭാവത്തില്‍ നിറച്ചിരിക്കകൊണ്ട് ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. എല്ലായിടത്തുമുള്ള ഞങ്ങളുടെ സഹോദരവര്‍ഗ്ഗത്തെ ഓര്‍ത്ത് പ്രാര്‍ത്ഥിപ്പാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. അവിടുത്തെ വിശ്വസ്ത മക്കള്‍ക്കായി ഞങ്ങള്‍ അങ്ങേക്ക് നന്ദി പറയുന്നു. പരിശുദ്ധാത്മാവിനാല്‍ വീണ്ടും ജനിപ്പിക്കപ്പെട്ട ഓരോരുത്തരും ഒരത്ഭുതമാണല്ലോ? ഞങ്ങള്‍ അന്യോന്യം മനസ്സിലാക്കുവാനും, സ്നേഹിപ്പാനും, നിന്റെ സാന്നിദ്ധ്യത്തില്‍ സന്തോഷിപ്പാനും ഞങ്ങളുടെ കണ്ണുകളെ തുറക്കണമേ. ഞങ്ങളുടെ കൂട്ടായ്മ വര്‍ദ്ധിച്ചുപെരുകി നിന്റെ സത്യത്തില്‍ കാത്തുസൂക്ഷിക്കപ്പെടുവാന്‍ ഞങ്ങള്‍ക്ക് ആവശ്യമായ ജ്ഞാനവും ക്ഷമയും ഞങ്ങള്‍ക്ക് നല്കണമേ. പിതൃപുത്രപരിശുദ്ധാത്മാവാം ത്രിയേകദൈവത്തോടുള്ള കൂട്ടായ്മയില്‍നിന്നും ഒരിക്കലും അകന്നുപോകുവാന്‍ ഞങ്ങള്‍ക്ക് ഇയൊകരുതേ.

ചോദ്യം:

  1. എന്തുകൊണ്ടാണ് പൌലോസ് എല്ലായ്പ്പോഴും ദൈവത്തിനു സ്തോത്രം പറഞ്ഞുപോന്നത്?

www.Waters-of-Life.net

Page last modified on January 21, 2013, at 09:00 AM | powered by PmWiki (pmwiki-2.3.3)