Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 004 (Identification and apostolic benediction)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
പ്രവേശകം: വന്ദനംപറച്ചില്‍, ദൈവത്തിന്റെ നീതിയെ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുക എന്നതത്രെ തന്റെ ലേഖനത്തിന്റെ ഉദ്ദേശ്യം (റോമര്‍ 1:1-17)

മ) താരതമ്യനിരൂപണവും അപ്പോസ്തലിക ആശീര്‍വ്വാദവും (റോമര്‍ 1:1-7)


റോമര്‍ 1:5-7
5 ജഡം സംബന്ധിച്ച് ദാവീദിന്റെ സന്തതിയില്‍നിന്ന് ജനിക്കുകയും മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേല്ക്കയാല്‍ വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ച് ദൈവപുത്രന്‍ എന്ന് ശക്തിയോടെ നിര്‍ണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ 6 ഞങ്ങള്‍ അവന്റെ നാമത്തിനായി സകല ജാതികളുടെയും ഇടയില്‍ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന് കൃപയും അപ്പോസ്തലത്വവും പ്രാപിച്ചത്. 7 അവരില്‍ യേശുക്രിസ്തുവിനായി വിളിക്കപ്പെട്ട നിങ്ങളും ഉറ്റപ്പെട്ടിരിക്കുന്നു.

യേശുക്രിസ്തുവാണ് സകല ദൈവിക ദാനങ്ങളുടെയും താക്കോല്‍. പ്രവാചകന്മാര്‍ക്കോ, വിശുദ്ധന്മാര്‍ക്കോ, കന്യകാമറിയത്തിനോ ദൈവമുമ്പാകെ കൃപയ്ക്കും അനുഗ്രഹത്തിനും വേണ്ടി നമുക്കായി മാദ്ധ്യസ്ഥ്യം ചെയ്യുവാന്‍ കഴികയില്ല. നമുക്കുവേണ്ടി ദൈവത്തോടു മാദ്ധ്യസ്ഥ്യം ചെയ്യുന്ന ഏകവ്യക്തി യേശുക്രിസ്തുവാണ്; അതുകൊണ്ട് യേശുക്രിസ്തു നിമിത്തം സ്വര്‍ഗ്ഗസ്ഥനായ പിതാവ് നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടി തരുന്നു. യേശുവിന്റെ നാമത്തിലാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ എത്തുന്നതും തിരിച്ച് ആത്മികവരങ്ങള്‍ നാം പ്രാപിക്കുന്നതും. നമ്മെ ദൈവത്തോടു നിരപ്പിച്ചത് അവന്‍ മാത്രമാണ്. പാപമോചനം, സമാധാനം, രക്ഷ, നീതീകരണം എന്നിങ്ങനെ കൃപയുടെ എല്ലാ പൂര്‍ണ്ണതയും നാം അവനില്‍നിന്നത്രെ പ്രാപിക്കുന്നത്. മറ്റുള്ള എല്ലാ ദൈവിക അനുഗ്രഹങ്ങളും നാം അര്‍ഹിക്കാത്തതായി ദൈവത്തില്‍നിന്നും നല്കപ്പെടുന്ന ദാനങ്ങളത്രെയാകുന്നു.

പൌലോസിന്റെ ലേഖനത്തെ "കൃപ'' എന്ന ഒറ്റവാക്കില്‍ സംഗ്രഹിക്കാം. സ്വജീവിതത്തില്‍ അവനതനുഭവമാക്കിയിട്ടുണ്ട്; കാരണം അവന്‍ ദൈവസഭയെ ഉപദ്രവിച്ചവനാണ്. തന്റെ തീക്ഷ്ണതകൊണ്ടോ, പ്രാര്‍ത്ഥനകൊണ്ടോ, സല്‍പ്രവൃത്തികള്‍കൊണ്ടോ അല്ല, മറിച്ച് ക്രിസ്തു മുഖാന്തരം ദൈവം കാണിച്ച കരുണപ്രകാരമത്രെ അവന്‍ രക്ഷിക്കപ്പെട്ടത്. കൃപ, പാപമോചനം, സമാധാനം ഇവ ആദ്യമേ ദൈവം നിങ്ങള്‍ക്ക് നല്‍കിയതുകൊണ്ട്, മഹത്തായ ഈ കൃപയുടെ സദ്വര്‍ത്തമാനം മറ്റുള്ളവരെയും നാം അറിയിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു.

കൃപയുടെ പ്രമാണത്തെ മനസ്സിലാക്കി അതേറ്റുപറയുന്ന നിമിഷത്തില്‍, നിങ്ങള്‍ കൃപാവാഹകരായിത്തീരുന്നു. അങ്ങനെ നിങ്ങള്‍ ദൈവസ്നേഹത്തെ പ്രഘോഷിക്കുന്നവരും, നീതീകരണത്തെ ഉപദേശിക്കുന്നവരുമായി മാറുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവന്റെ സന്ദേശം നിങ്ങളുടെ ഹൃദയത്തില്‍ നല്കിയിട്ടുണ്ടോ? അതോ ഇന്നും നിങ്ങള്‍ നിശ്ശബ്ദരായി, ദുഃഖിതരായി, പാപത്തിന്റെ ബന്ധന ത്തില്‍ കഴിയുന്നവരോ?

കൃപയുടെ സന്ദേശത്തെ തിരിച്ചറിയുന്ന ഏവനും ദൈവത്തെയും ക്രിസ്തുവിനെയും സ്നേഹിക്കുന്നു; അവന്റെ ദയയുടെ പ്രമാണത്തെ അനുസരിക്കുന്നു. ഈ കൃപയോടുള്ള മനുഷ്യന്റെ പ്രതികരണമാണ് "വിശ്വാസത്തിന്റെ അനുസരണം'' എന്ന പദംകൊണ്ട് പൌലോസ് അര്‍ത്ഥമാക്കുന്നത്. നമ്മുടെ ഇഷ്ടത്തിനു വിപരീതമായി വിദ്വേഷത്തോടും വെറുപ്പോടുംകൂടെ അനുസരിക്കുവാന്‍ ദൈവം നമ്മോടാവശ്യപ്പെടുന്നില്ല; മറിച്ച് നമ്മുടെ രക്ഷിതാവും വീണ്ടെടുപ്പുകാരനുമായവനോടുള്ള നന്ദിയുടെ പ്രതീകമായി സമ്പൂര്‍ണ്ണമായ ആത്മാവിന്റെ സമര്‍പ്പണമാണവന്‍ ആവശ്യപ്പെടുന്നത്. യേശുക്രിസ്തുവിന്റെ ബന്ധിതദാസന്‍ എന്നത്രെ പൌലോസ് സ്വയം വിളിച്ചുവന്നത്. 'വിശ്വാസത്തിന്റെ അനുസരണം' എന്ന പദത്തിന്റെ വ്യക്തമായ വിശദീകരണം ഈ തലക്കെട്ടിലുണ്ട്. നിങ്ങള്‍ യേശുക്രിസ്തുവിന്റെ ഒരു ബന്ധിതദാസനാണോ? ദൈവം എക്കാലത്തുമുള്ള എല്ലാവരുടെയും എല്ലാ പാപങ്ങളെയും യേശുക്രിസ്തു നിമിത്തം ക്ഷമിക്കുന്നു. ഈ സന്ദേശംപോലെ മാനവരാശിക്ക് ഉപയുക്തവും സഹായകവുമായ മറ്റൊരു സന്ദേശമില്ലാത്തതുകൊണ്ട് നാം അറിയുന്ന ഏവനോടും ദൈവത്തിന് സമര്‍പ്പിച്ച് ക്രിസ്തുവിനെ സ്നേഹിപ്പാനും, അവന്റെ കൃപയുടെ ശക്തിയെ അനുഭവിച്ചറിയുവാനും നാം ആഹ്വാനം ചെയ്യുന്നു. എത്ര ശ്രേഷ്ഠമായ സന്ദേശം! കൃപയുടെ ദാതാവായ ദൈവത്തോടുള്ള വിശ്വാസത്തിന്റെ അനുസരണത്തിനായി നിങ്ങളുടെ സ്നേഹിതരെ നിങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ടോ?

റോമിലെ സഭാംഗങ്ങളെ വിളിച്ചത് പൌലോസോ മറ്റാരുമോ അല്ല, മറിച്ച് കര്‍ത്താവ് അവരെ നേരിട്ട് വിളിച്ചതാണ്. ശരിയായ വിശ്വാസത്തിന്റെ മര്‍മ്മം ഇതാണ്: വിളിക്കുന്നവന്‍ മെച്ചപ്പെട്ട സ്ഥാനത്തായി ട്ടല്ലാതെ യാതൊരുവനും മറ്റൊരുവനെ രക്ഷയിലേക്ക് ആഹ്വാനം ചെയ്യാനാവില്ല. കാരണം നാം ദൈവത്തിന്റെ കരങ്ങളിലെ കേവലം ഉപകരണങ്ങളാണ്. യേശുവിനെ അനുഗമിക്കുന്നവരെ അവന്‍ വിളിക്കുന്നതും തെരഞ്ഞെടുക്കുന്നതും പ്രത്യക്ഷമായിട്ടും വ്യക്തിപരമായിട്ടുമാണ്. അവന്റെ ശബ്ദം ഹൃദയാന്തര്‍ഭാഗത്തേക്ക് തുളച്ചുചെല്ലുന്നു; കാരണം അത് മരിച്ചവനെ ഉയിര്‍പ്പിച്ച ശബ്ദമാണ്. അവിശ്വാസികളില്‍നിന്നും വിളിച്ചു വേര്‍തിരിക്കപ്പെട്ട കൂട്ടത്തെയാണ് സഭ എന്നു പറയുന്നത്. ദൈവിക ശുശ്രൂഷയാല്‍ സ്നേഹം പ്രാവര്‍ത്തികമാക്കേണ്ടവരാണവര്‍. നിങ്ങള്‍ യേശുക്രിസ്തുവിനാല്‍ വിളിക്കപ്പെട്ട വ്യക്തിയാണോ? അതോ നിങ്ങള്‍ ഇപ്പോഴും ഉപയോഗശൂന്യരും ഫലമില്ലാത്തവരുമോ? നമ്മുടെ വിശ്വാസം വിളിക്കുന്ന വിശ്വാസമാണ്.

ദൈവത്തിന്റെ വിളിയെ അംഗീകരിച്ചവരും അതിന് ഉത്തരം പറയുന്നവരും ദൈവത്താല്‍ സ്നേഹിക്കപ്പെട്ടവരാണ്. 'ക്രിസ്ത്യാനി ആരാകുന്നു' എന്നതിന് നല്കിയിട്ടുള്ള വിശദീകരണം എത്ര മനോഹരവും ശ്രേഷ്ഠവുമായിരിക്കുന്നു! അവര്‍ അത്യുന്നതനോടു ബന്ധമുള്ളവരും, ദൈവം അറിയുന്നവരും, ആദരിക്കപ്പെടുന്നവരുമാണ്. ദൈവം അവരുടെ നിലയിലേക്ക് ഇറങ്ങിവന്ന് പാപപരിഹാരം നിവര്‍ത്തിച്ചതുകൊണ്ട് അവനോടുള്ള സംസര്‍ഗ്ഗത്തിന് അവര്‍ യോഗ്യരായി ത്തീര്‍ന്നിരിക്കുന്നു. മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്നേഹത്തേക്കാള്‍ മണവാളനും മണവാട്ടിക്കും അന്യോന്യമുള്ള സ്നേഹത്തേക്കാള്‍ ശ്രേഷ്ഠവും വിശുദ്ധവുമാണ് ദൈവസ്നേഹം. ദൈവസ്നേഹം പരിപാവനമാണ്; അതൊരിക്കലും ഇല്ലാതെ പോകയില്ല. നിങ്ങള്‍ ദൈവത്തിനു പ്രിയപ്പെട്ടവനും, അവന്റെ സ്നേഹത്താല്‍ നിറയപ്പെട്ടവനും, അവന്റെ വിശുദ്ധിയില്‍ നടക്കുന്നവനുമാണോ?

ക്ഷമിക്കുവാനും, അനുസരിക്കുവാനും, പിന്‍പറ്റേണ്ടതിനുമായി ക്രിസ്തു നമ്മെ വിളിച്ചിരിക്കുന്നു. ഈ പറയപ്പെട്ട എല്ലാ സ്വഭാവങ്ങളിലും ശ്രേഷ്ഠമായിട്ടുള്ളത് വിശുദ്ധിയാണ്. ആരും അവരില്‍ത്തന്നെ സ്വയം വിശുദ്ധരല്ല; എന്നാല്‍ നമ്മുടെ വീണ്ടെടുപ്പുകാരനും രക്ഷിതാവുമായുള്ള ബന്ധത്താല്‍ പരിശുദ്ധാത്മാവിനെ പ്രാപിപ്പാന്‍ നാം യോഗ്യതയുള്ളവരായിത്തീര്‍ന്നു. കൃപയാല്‍ മാത്രമേ സ്നേഹത്തില്‍ ദൈവമുമ്പാകെ വിശുദ്ധരും നിഷ്കളങ്കരുമായി നില്പാന്‍ നമുക്ക് കഴിയുകയുള്ളു. എല്ലാ വിശുദ്ധന്മാരും ഈ ലോകത്തില്‍നിന്ന് വേര്‍തിരിക്കപ്പെട്ട് ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളവരാണ്. അവര്‍ ഇനിമേലാല്‍ തങ്ങളുടേതോ, തങ്ങളുടെ ബന്ധുക്കളുടേതോ അല്ല; മറിച്ച് വിശുദ്ധിയുടെ പ്രവൃത്തിക്കായി അവര്‍ ദൈവത്തിന്റെ വകയാണ്. നിങ്ങള്‍ അവരില്‍ ഒരാളാണോ? നിങ്ങള്‍ കൃപയാല്‍ വിശുദ്ധരായിത്തീര്‍ന്നിട്ടുണ്ടോ?

പ്രാര്‍ത്ഥന: പരിശുദ്ധനായ ദൈവമേ, അവിടുന്നു വിശുദ്ധനായിരിക്കുന്നതുപോലെ ഞങ്ങളും വിശുദ്ധരാകേണ്ടതിന് ക്രിസ്തുവില്‍ നീ ഞങ്ങളെ വിളിച്ചിരിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ അയോഗ്യതയെ ഏറ്റുപറയുന്നു; അറിഞ്ഞും അറിയാതെയുമുള്ള ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കണമേ. നീ ഞങ്ങളെ സ്നേഹിച്ച് യേശുവിന്റെ രക്തത്താല്‍ ഞങ്ങളെ വിശുദ്ധരാക്കി, പരിശുദ്ധാത്മാവിനാല്‍ ഞങ്ങളെ ശുദ്ധീകരിക്കുന്നതുകൊണ്ട് ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു. ഞങ്ങള്‍ എക്കാലവും എല്ലാ ശക്തിയിലും അങ്ങയുടേത് മാത്രമായിരിപ്പാന്‍, ഞങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തണമേ. അങ്ങ് ഞങ്ങളെ സ്നേഹിച്ചതുപോലെ അങ്ങയെ സ്നേഹിപ്പാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ.

ചോദ്യം:

  1. കൃപ എന്നാല്‍ എന്ത്?

www.Waters-of-Life.net

Page last modified on January 21, 2013, at 08:57 AM | powered by PmWiki (pmwiki-2.3.3)