Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 112 (Christ's word to his mother; The consummation)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
A - അറസ്റ് മുതല്‍ ശവസംസ്കാരം വരെയുള്ള സംഭവങ്ങള്‍ (യോഹന്നാന്‍ 18:1 - 19:42)
4. യേശുവിന്റെ ക്രൂശും മരണവും (യോഹന്നാന്‍ 19:16b-42)

c) ക്രിസ്തു അമ്മയോടു പറഞ്ഞത് (യോഹന്നാന്‍ 19:25-27)


യോഹന്നാന്‍ 19:25-27
25യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. 26യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ട്: സ്ത്രീയേ, ഇതാ, നിന്റെ മകന്‍ എന്ന് അമ്മയോടു പറഞ്ഞു. 27പിന്നെ ശിഷ്യനോട്: ഇതാ, നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴിക മുതല്‍ ആ ശിഷ്യന്‍ അവളെ തന്റെ വീട്ടില്‍ കൈക്കൊണ്ടു.

ലോകത്തിന്റെ പാപം മുഴുവന്‍ ക്ഷമിക്കുന്നുവെന്ന, ക്രൂശിലെ യേശുവിന്റെ ആദ്യവാക്കു യോഹന്നാന്‍ രേഖപ്പെടുത്തുന്നില്ല. തുടര്‍ന്നും യഹൂദന്മാര്‍ യേശുവിനെ പരിഹസിച്ചതോ, കള്ളന്മാരിലൊരുവനു പാപക്ഷമ നല്‍കിയതോ അവന്‍ പരാമര്‍ശിക്കുന്നുമില്ല. യോഹന്നാന്‍ ഇതെഴുതുന്ന സമയമായപ്പോഴേക്കും, ഈ സംഭവങ്ങളൊക്കെ സഭയില്‍ പരിചിതമായിക്കഴിഞ്ഞിരുന്നു.

പിതാവേ ക്ഷമിക്കണമേയെന്നു യേശു അപേക്ഷിക്കുന്നതു കേള്‍ക്കുന്നതിനുമുമ്പേ പുരോഹിതന്മാര്‍ ക്രൂശിന്റെ അടുത്തുനിന്നു പോയി. അപ്പോള്‍ ജനക്കൂട്ടവും പിരിഞ്ഞുപോയി. പെസഹാക്കുഞ്ഞാടുകളെ ബലി കഴിക്കാനുള്ള തിരക്കിലായിരുന്നു അവര്‍ അവിടം വിട്ടത്. ഒരുക്കത്തിനുള്ള സമയം പരിമിതമായിരുന്നു. രാജ്യത്തിന്റെ ഏറ്റവും വലിയ ഉത്സവച്ചടങ്ങുകള്‍ നിര്‍വ്വഹിക്കാന്‍ മതാധികാരികളും പോയി. നഗരമതിലുകളില്‍നിന്നു കാഹളങ്ങള്‍ മുഴങ്ങി, ദൈവാലയത്തില്‍ കുഞ്ഞാടുകള്‍ അറുക്കപ്പെട്ടു, രക്തം പുഴപോലെ ഒഴുകി. ദൈവാലയത്തില്‍ സ്തുതികള്‍ പ്രതിദ്ധ്വനിച്ചു. യെരൂശലേമിനു വെളിയിലായി, നിന്ദിക്കപ്പെട്ടവനും ത്യജിക്കപ്പെട്ടവനുമായി ദൈവത്തിന്റെ പരിശുദ്ധകുഞ്ഞാടു മരത്തിന്മേല്‍ തൂങ്ങിക്കിടന്നു. ക്രൂശിക്കപ്പെട്ട മൂന്നുപേരെയും കാത്തുകൊണ്ട്, വിജാതീയരായ കാവല്‍ക്കാര്‍ അവിടെ നിന്നിരുന്നു.

ആ സമയത്ത്, ചില സ്ത്രീകള്‍ ശാന്തമായി ക്രൂശിന്റെ അടുത്തേക്കു വന്നു, നിശ്ശബ്ദരായി അവരവിടെ നിന്നു. കഴിഞ്ഞ സംഭവങ്ങള്‍ അവരെ അന്ധാളിപ്പിച്ചിരുന്നു. സര്‍വ്വശക്തനായവന്‍ അവരുടെ തലയ്ക്കു മുകളിലായി വേദന സഹിച്ചുകൊണ്ടു കിടക്കുകയായിരുന്നു. ആശ്വാസവാക്കുകള്‍ പുറത്തുവരുന്നില്ല, ഹൃദയങ്ങള്‍ക്കു കഷ്ടിച്ചേ പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞുള്ളൂ. ഒരുപക്ഷേ, സങ്കീര്‍ത്തനഭാഗങ്ങള്‍ ചിലര്‍ മന്ത്രിക്കുന്നുണ്ടായിരിക്കാം.

അമ്മയുടെ ഹൃദയഭേദകമായ കരച്ചില്‍ യേശു കേട്ടു, പ്രിയ ശിഷ്യനായ യോഹന്നാന്റെ കണ്ണുനീര്‍ അവനു മനസ്സിലായി. സ്വന്ത അവസ്ഥയെക്കുറിച്ചു യേശു അധികമൊന്നും ചിന്തിച്ചില്ല - മരണം സമീപിക്കുകയായിരുന്നെങ്കിലും. പെട്ടെന്ന് അവര്‍ അവന്റെ ശബ്ദം കേട്ടു, "സ്ത്രീയേ, ഇതാ നിന്റെ മകന്‍."

ക്രിസ്തുവിന്റെ സ്നേഹം അപാരമായിരുന്നു. തന്റെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള കരുതല്‍, ലോകത്തിന്റെ പാപത്തിനു മറുവിലയായുള്ള കഷ്ടതയുടെ നടുവിലും അവന്‍ കാട്ടി. കന്യകയോടു ശിമ്യോന്‍ പ്രവചിച്ചതു നിറവേറി - "നിന്റെ പ്രാണനില്‍ക്കൂടിയും ഒരു വാള്‍ കടക്കും" (ലൂക്കോസ് 2:35).

അമ്മയ്ക്കു പണമോ വീടോ നല്‍കാന്‍ കഴിയാതിരിക്കെ, ശിഷ്യന്മാരില്‍ താന്‍ ചൊരിഞ്ഞ സ്നേഹം യേശു അമ്മയ്ക്കു നല്കി. ക്രിസ്തുവിന്റെ അമ്മയോടൊപ്പം യോഹന്നാന്‍ വന്നിരുന്നു (മത്തായി 27:56). എന്നിട്ടും യോഹന്നാന്‍സ്വന്തപേരോ യേശുവിന്റെ അമ്മയുടെ പേരോ പരാമര്‍ശിക്കുന്നില്ല. മഹത്വത്തിന്റെ ഈ സമയത്തു ക്രിസ്തുവിനു കൊടുക്കേണ്ടുന്ന മാനം ലഘൂകരിക്കാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തത്. ശിഷ്യന്റെ കരുതലില്‍ യേശു അമ്മയെ ഏല്പിച്ചപ്പോള്‍, ക്രൂശിന്റെ തേജസ്സില്‍ ശിഷ്യന്‍ പ്രവേശിക്കുക മാത്രമേ ചെയ്തുള്ളൂ. അവന്‍ മറിയയെ ആലിംഗനം ചെയ്തു തന്റെ വീട്ടിലേക്കു സ്വീകരിച്ചു.

മറ്റുള്ള സ്ത്രീകള്‍ ഈ കരുതലിനു സാക്ഷ്യം വഹിച്ചു. അവരിലൊരാളെ ഏഴു ഭൂതങ്ങളില്‍നിന്നു കര്‍ത്താവു വിടുവിച്ചതാണ്. അതായിരുന്നു മഗ്ദലനമറിയ. യേശുവിന്റെ ജയിക്കുന്ന ശക്തി അവള്‍ അനുഭവിച്ചതാണ്. രക്ഷകനെ സ്നേഹിച്ച അവള്‍ അവനെ അനുഗമിച്ചു.


d) പര്യവസാനം (യോഹന്നാന്‍ 19:28-30)


യോഹന്നാന്‍ 19:28-29
28അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നുവെന്നു യേശു അറിഞ്ഞിട്ട്, തിരുവെഴുത്തു നിവൃത്തിയാകുന്നതിനായി: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു. 29അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞൊരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവര്‍ ഒരു സ്പോഞ്ജ് പുളിച്ച വീഞ്ഞു നിറച്ച് ഈസോപ്പുതണ്ടിന്മേല്‍ ആക്കി അവന്റെ വായോട് അടുപ്പിച്ചു.

വലിയ കാര്യം ചുരുങ്ങിയ വാക്കുകളില്‍ പറയാനുള്ള വരം സുവിശേഷകനായ യോഹന്നാനുണ്ടായിരുന്നു. ദേശത്തെ മൂടിയ അന്ധകാരത്തെക്കുറിച്ചോ, നമ്മുടെ പാപത്തിനുമേലുള്ള ദൈവക്രോധത്തില്‍ പരിത്യജിച്ചതിനു ക്രിസ്തു വിലപിച്ചതിനെക്കുറിച്ചോ യോഹന്നാന്‍ യാതൊന്നും നമ്മോടു പറയുന്നില്ല. എന്നാല്‍, മൂന്നു മണിക്കൂറോളം നീണ്ടുനിന്ന പ്രാണവേദനയുടെ ഒടുവിലായി, മരണം അടുത്തുവരുന്നതു യോഹന്നാനു മനസ്സിലായി. മരണം യേശുവിനെ വിഴുങ്ങിയതായി യോഹന്നാന്‍ ഗണിച്ചില്ല, മറിച്ചു യേശു അതിനു മനസ്സോടെ വഴങ്ങിയെന്നാണു അവന്‍ ഗ്രഹിച്ചത്. വീണ്ടെടുപ്പിന്റെ (വിമോചനത്തിന്റെ)സാര്‍വ്വലൌകികമായ വേല പൂര്‍ത്തിയാക്കിയ അവന്റെ പ്രാണന്‍ ഇല്ലാതാകുകയായിരുന്നു. എല്ലാവര്‍ക്കും ലഭ്യമായ തികഞ്ഞ രക്ഷയും, കോടിക്കണക്കിനു പാപികളെ അവരുടെ കുറ്റത്തില്‍നിന്ന് അവന്റെ മരണം വിടുവിച്ചു ദൈവത്തിലേക്കു വരുത്തുന്നത് എങ്ങനെയെന്നും യേശു കണ്ടു. അവന്റെ മരണത്തിനുമുമ്പുതന്നെ കൊയ്ത്തും ഫലവും അവന്‍ കണ്ടിരുന്നു.

ഈ സമയത്ത് ഒരു നെടുവീര്‍പ്പ് അവന്റെ ചുണ്ടുകളില്‍നിന്നു പുറപ്പെട്ടു: "എനിക്കു ദാഹിക്കുന്നു." പ്രപഞ്ചത്തെ സൃഷ്ടിച്ചവനും, ഓക്സിജന്റെയും ഹൈഡ്രജന്റെയും സംയുക്തമായ വെള്ളത്തിന്റെ മീതെ നടന്നവനുമായവനു ദാഹിക്കുന്നു. സ്നേഹത്തിന്റെ അവതാരം, തന്നില്‍നിന്നു മുഖം മറച്ചുകളഞ്ഞ പിതാവിന്റെ സ്നേഹത്തിനായി വാഞ്ഛിക്കുന്നു. ഇതൊരു നരകക്കാഴ്ചയാണ്, അവിടെ മനുഷ്യന്റെ ദേഹവും ദേഹിയും ദാഹിക്കുന്നുണ്ട്, ദാഹത്തിനു ശമനവുമുണ്ടാകുന്നില്ല. മുമ്പുതന്നെ, നരകത്തില്‍ കിടക്കുന്ന ധനികനായ വ്യക്തി, നരകത്തീയുടെ ജ്വാലയില്‍ക്കിടന്ന്, കൊടിയ ദാഹം സഹിക്കാനാവാതെ അബ്രാഹാമിനോടു നിലവിളിച്ചതു (ലാസറിനെ അയച്ച് അവന്റെ വിരലിന്റെ അറ്റം വെള്ളത്തില്‍ മുക്കി നാവിനെ തണുപ്പിക്കാന്‍) ക്രിസ്തു സൂചിപ്പിച്ചിട്ടുണ്ട്. യേശു പൂര്‍ണ്ണമനുഷ്യനായിരുന്നു, സ്വാഭാവികമായും അവനു ദാഹിച്ചു, പക്ഷേ രക്ഷാവേല പൂര്‍ത്തിയാകുന്നതുവരെ അവന്‍ ആ ദാഹം അംഗീകരിച്ചില്ല. അപ്പോള്‍ പരിശുദ്ധാത്മാവ് അവനു വെളിപ്പെടുത്തിയ കാര്യം: ആയിരം വര്‍ഷംമുമ്പ്, സങ്കീര്‍ത്തനം 22:13-18 ല്‍, അവന്റെ വിമോചനപ്രവൃത്തി വിളിച്ചറിയിച്ചിരുന്നു; കൂടാതെ, സങ്കീര്‍ത്തനം 69:21 ല്‍ പുളിച്ച വീഞ്ഞു കുടിക്കുന്നതും പരാമര്‍ശിച്ചിരുന്നു എന്നതാണ്. പുളിച്ച വീഞ്ഞാണോ (വിനാഗിരി), അതോ അതു വെള്ളവുമായി കൂട്ടിക്കലര്‍ത്തിയാണോ പടയാളികള്‍ അവനു കുടിക്കാന്‍ കൊടുത്തതെന്നു നമുക്കറിഞ്ഞുകൂടാ (അവഹേളനമായോ വിലാപത്തിലോ). അതു ശുദ്ധജലമല്ലെന്നു നമുക്കറിയാം. ദൈവപുത്രനായ യേശു എന്ന മനുഷ്യന്‍ നിസ്സഹായനായി കിടക്കുകയാണ്.

യോഹന്നാന്‍ 19:30
30യേശു പുളിച്ച വീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു.

ക്രോധത്തിന്റെ വീഞ്ഞു കുടിച്ചശേഷം യേശു "നിവൃത്തിയായി" (ക ശ ളശിശവെലറ) എന്ന വാക്ക് ഉച്ചരിച്ചു. വിജയത്തിന്റെ ഈ നിലവിളിക്ക് ഒരു ദിവസം മുമ്പ്, നമ്മുടെ മറുവിലയ്ക്കുവേണ്ടി ക്രൂശില്‍ തന്നെ മഹത്വപ്പെടുത്തുന്നതിനു പിതാവിനോടു പുത്രന്‍ അപേക്ഷിച്ചു. അതു പിതാവിനെ മഹത്വീകരിക്കേണ്ടതിനായിരുന്നു. ഈ പ്രാര്‍ത്ഥനയ്ക്കു മറുപടി കിട്ടുമെന്നു പുത്രന്‍ വിശ്വാസത്താല്‍ ഗ്രഹിച്ചിരുന്നു. അതായത്, പിതാവു പുത്രനെ ഏല്പിച്ച വേല അവന്‍ നിറവേറ്റി (യോഹന്നാന്‍ 17:1,4).

ക്രൂശിന്മേല്‍ യേശു എത്ര പവിത്രനായിരുന്നു! വിദ്വേഷത്തിന്റെ ഒരു വാക്ക് അവന്റെ ചുണ്ടുകളില്‍നിന്നു ബഹിര്‍ഗമിച്ചില്ല, സഹതാപത്തിന്റെ ഒരു നെടുവീര്‍പ്പോ നിരാശയുടെ കരച്ചിലോ ഉണ്ടായില്ല. പിന്നെയോ, ദൈവസ്നേഹത്തില്‍ പിടിച്ചുകൊണ്ട് അവന്റെ ശത്രുക്കള്‍ക്ക് അവന്‍ മാപ്പു കൊടുത്തു - നമുക്കുവേണ്ടി ദൈവം ഒരു ശത്രുവിനെപ്പോലെ കാണപ്പെട്ടു. താന്‍ വീണ്ടെടുപ്പിന്റെ (വിമോചനത്തിന്റെ) വേല നിവര്‍ത്തിച്ചുവെന്നു യേശു അറിഞ്ഞു. കാരണം, നമ്മുടെ രക്ഷാനായകനെ ദൈവം കഷ്ടങ്ങളാല്‍ തികഞ്ഞവനാക്കി. ത്രിത്വത്തിന്റെ സ്നേഹത്തിന്റെ ആഴവും ഉയരവുമൊന്നും ആര്‍ക്കും അളക്കാനാവില്ല. കാരണം, നിത്യാത്മാവിലൂടെ, കറയില്ലാത്ത, ജീവനുള്ള ഒരു ബലിയാണു ദൈവത്തിനു പുത്രന്‍ അര്‍പ്പിച്ചത് (എബ്രായര്‍ 9:14).

ക്രൂശില്‍ ക്രിസ്തുവിന്റെ അന്തിമനിലവിളി മുതല്‍ രക്ഷ പൂര്‍ത്തിയായി, ഇനിയത് അധികമായി സമ്പൂര്‍ണ്ണമാക്കേണ്ടുന്നതിന്റെ ആവശ്യമില്ല. നമ്മുടെ സംഭാവനകളോ, സല്‍പ്രവൃത്തികളോ, പ്രാര്‍ത്ഥനകളോ, നമ്മുടെ നീതി വെളിപ്പെടുത്തുന്ന ശുദ്ധീകരണമോ, ജീവിതത്തിലെ അധികമായ വിശുദ്ധിയോ ഒന്നുമല്ല അത്. ദൈവപുത്രന്‍ ഇതെല്ലാം എന്നെന്നേക്കുമായി ചെയ്തു. അവന്റെ മരണത്താല്‍ ഒരു പുതുയുഗം ഉദിക്കുകയും സമാധാനം വാഴുകയും ചെയ്യുന്നു. കാരണം, അറുക്കപ്പെട്ട ദൈവകുഞ്ഞാട്, സ്വര്‍ഗ്ഗീയ പിതാവുമായി നമ്മളെ അനുരഞ്ജിപ്പിച്ചു. വിശ്വസിക്കുന്നവര്‍ ആരായാലും നീതീകരിക്കപ്പെടുന്നു. യേശുവിന്റെ അന്തിമമായ വചനങ്ങളുടെ വ്യാഖ്യാനമാണു ലേഖനങ്ങള്‍ - "നിവൃത്തിയായി!"

അന്തിമമായി, ആദരവിലും മഹത്വത്തിലും യേശു തല കുനിച്ചു. തന്നെ സ്നേഹിച്ച പിതാവിന്റെ കരങ്ങളിലേക്ക് അവന്‍ തന്റെ ആത്മാവിനെ സമര്‍പ്പിച്ചു. ഈ സ്നേഹം അവനെ കൃപാസനത്തിലേക്ക് അടുപ്പിച്ചു, ഇന്ന് അവിടെയവന്‍ പിതാവിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു.

പ്രാര്‍ത്ഥന: ലോകത്തിന്റെ പാപം എടുത്തുമാറ്റിയ പരിശുദ്ധ കുഞ്ഞാടേ, ശക്തിയും ധനവും ജ്ഞാനവും അധികാരവും സ്തുതിയും എന്റെ ജീവനും സ്വീകരിക്കാന്‍ നീ യോഗ്യനാണ്. ഓ ക്രൂശിക്കപ്പെട്ടവനേ, ഞാന്‍ തലയുയര്‍ത്തി നിന്നെ നോക്കുന്നു. എന്റെ പാപത്തിനുവേണ്ടിയെല്ലാം ഞാന്‍ ക്ഷമ ചോദിക്കുകയും നിന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നു. നിന്റെ കൃപയാലും രക്തത്താലും നീ എന്നെ വിശുദ്ധനാക്കുമല്ലോ.

ചോദ്യം:

  1. യേശുവിന്റെ മൂന്നു വാക്കുകള്‍ എന്തെല്ലാമാണ്?

www.Waters-of-Life.net

Page last modified on May 16, 2012, at 10:39 AM | powered by PmWiki (pmwiki-2.3.3)