Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 111 (Crucifixion and the grave clothes; Dividing the garments and casting the lots)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
A - അറസ്റ് മുതല്‍ ശവസംസ്കാരം വരെയുള്ള സംഭവങ്ങള്‍ (യോഹന്നാന്‍ 18:1 - 19:42)
4. യേശുവിന്റെ ക്രൂശും മരണവും (യോഹന്നാന്‍ 19:16b-42)

a) ക്രൂശീകരണവും ശവക്കച്ചകളും (യോഹന്നാന്‍ 19:16b-22)


യോഹന്നാന്‍ 19:17-18
17അവര്‍ യേശുവിനെ കൈയേറ്റു; അവന്‍ തന്നെ ക്രൂശു ചുമന്നുകൊണ്ട് എബ്രായഭാഷയില്‍ ഗൊല്ഗോഥായെന്നു പേരുള്ള തലയോടിടമെന്ന സ്ഥലത്തേക്കു പോയി. 18അവിടെ അവര്‍ അവനെയും അവനോടുകൂടെ വേറെ രണ്ട് ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.

മൂന്നാമത്തെ "കുറ്റവാളി"യായി യേശുവിനെ പീലാത്തോസ് വിട്ടുകൊടുത്തപ്പോള്‍, രണ്ടു കള്ളന്മാരെ ക്രൂശിക്കുന്നതിനായി ഒരു സംഘം പടയാളികള്‍ പുറപ്പെടാനൊരുങ്ങുകയായിരുന്നു. ഓരോരുത്തരും അവരവരുടെ വധോപകരണം ചുമക്കേണ്ടിയിരുന്നതിനാല്‍, മൂന്നുപേരുടെയും പുറത്തു പടയാളികള്‍ കുരിശുകള്‍ വെച്ചുകൊടുത്തു. ക്രിസ്തു കുരിശു തിരസ്കരിച്ചില്ല, വഴിയിലെങ്ങും അതു നിലത്തിട്ടുമില്ല. മൂന്നുപേരും നഗരവീഥി കടന്നു, ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടി അവര്‍ വടക്കുപടിഞ്ഞാറന്‍ കവാടത്തിലെത്തി. അവിടെ തലയോടിന്റെ ആകൃതിയുള്ള ഗൊല്ഗോഥായെന്ന ശിലാമലയാണുള്ളത്, നഗരമതിലിനെക്കാള്‍ അല്പംകൂടി ഉയര്‍ന്നുനില് ക്കുന്ന സ്ഥലമാണത്. നഗരത്തിനു പുറത്തായി, ശിക്ഷ വിധിക്കപ്പെട്ടവര്‍ കുരിശുകളിന്മേല്‍ തൂങ്ങിക്കിടക്കുന്നതു നഗരവാസികള്‍ക്കു കാണാന്‍ കഴിഞ്ഞു.

കുരിശിന്റെ വിശദാംശങ്ങള്‍ യോഹന്നാന്‍ നല്കുന്നില്ല. ഭയാനകമായ ആ ദൃശ്യം രേഖപ്പെടുത്താന്‍ അദ്ദേഹത്തിന്റെ തൂലിക വിസമ്മതിച്ചു. ദൈവസ്നേഹം തള്ളിക്കളഞ്ഞ മനുഷ്യര്‍, നരകത്തിന്റെ വിദ്വേഷമായിരുന്നു അവരില്‍ നിറഞ്ഞിരുന്നത്. ആത്മാവില്‍നിന്നു ജനിച്ചവനെ അവര്‍ അതിക്രൂരമായി കൈവെടിഞ്ഞു, അവരുടെ പാപത്താല്‍, അവരുടെ പാപങ്ങള്‍ക്കു വേണ്ടി പാപപരിഹാരബലി പൂര്‍ത്തിയാക്കിയ ക്രിസ്തുവിനെ അവര്‍ പരിത്യജിച്ചു. ലജ്ജാകരമായ കുരിശിന്മേല്‍ അവനു ചുറ്റും പ്രകാശവലയമൊന്നുമില്ലായിരുന്നു, മറിച്ചു താഴ്ചയുടെ ആഴങ്ങളില്‍ സഹിഷ്ണുതയിലൂടെയും സ്വയത്യാഗത്തിലൂടെയും അവന്‍ സ്വന്തമഹത്വം വെളിപ്പെടുത്തി.

രണ്ടു കള്ളന്മാരുടെ മദ്ധ്യത്തില്‍ യേശു തൂങ്ങിക്കിടന്നത് എന്തൊരു മാനഹാനിയാണ്! തൂങ്ങിക്കിടന്നു പുളഞ്ഞുകൊണ്ടിരുന്ന രണ്ടു കള്ളന്മാര്‍ ശപിക്കുകയായിരുന്നു.

കാരുണ്യവാനും പരിശുദ്ധനുമായവന്‍, ജീവിതത്തിന്റെ അന്ത്യനിമിഷംവരെ പാപികള്‍ക്കൊപ്പമായിരുന്നു. ഇക്കാരണത്താലാണു ദൈവപുത്രന്‍ മനുഷ്യപുത്രനായി ജനിച്ചത്. അങ്ങനെ, വഴിതെറ്റിയ മനുഷ്യമക്കള്‍, നീതീകരിക്കപ്പെട്ട ദൈവമക്കളാകണം. അവന്‍ നാണക്കേടിന്റെ അഗാധതയിലേക്കു താണിറങ്ങി; ഇത്രത്തോളം താഴ്ചയിലേക്കുപതിക്കാന്‍ യേശുവിനു കഴിയില്ലെന്നു പറയാന്‍ അങ്ങനെ ആര്‍ക്കും സാധിക്കില്ല. നിങ്ങള്‍ എവിടെയായാലും എങ്ങനെയൊക്കെ വീണാലും, നിങ്ങളുടെ കുറ്റം ക്ഷമിക്കാനും നിങ്ങളെ സമ്പൂര്‍ണ്ണമായി കഴുകി ശുദ്ധീകരിക്കാനും ക്രിസ്തുവിനു കഴിയും.

യോഹന്നാന്‍ 19:19-20
19പീലാത്തോസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേല്‍ പതിപ്പിച്ചു; അതില്‍: നസ്രായനായ യേശു യഹൂദന്മാരുടെ രാജാവ് എന്ന് എഴുതിയിരുന്നു. 20യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപമാകയാല്‍ അനേകം യഹൂദന്മാര്‍ ഈ മേലെഴുത്തു വായിച്ചു. അത് എബ്രായ, റോമ, യവനഭാഷകളില്‍ എഴുതിയിരുന്നു.

പടയാളികള്‍ യേശുവിനെ രണ്ടു കള്ളന്മാരുടെയിടയില്‍ ക്രൂശിച്ചത്, യേശു രാജാവാണെന്ന് അവകാശപ്പെട്ടതിനെ പരിഹസിക്കാനായിരുന്നു. പീലാത്തോസ് യഹൂദമതസംഘത്തെ തുടര്‍ന്നും അവഹേളിച്ചു, അവരാണല്ലോ മനഃസാക്ഷിക്കു വിരുദ്ധമായി യേശുവിനെ വധിക്കാന്‍ അവന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ക്രൂശിക്കപ്പെട്ടവന്റെ ശിരസ്സിന്മുകളിലായി, യഹൂദന്മാരുടെ കുറ്റാരോപണം പീലാത്തോസ് ആവര്‍ത്തിച്ച് എഴുതിവെച്ചു.

യഹൂദന്മാരെ ന്യായം വിധിക്കാന്‍ ആ മേലെഴുത്ത് ദൈവം ഉപയോഗിച്ചു - അവന്‍ വാസ്തവത്തില്‍ അവരുടെ രാജാവായിരുന്നല്ലോ. യേശു യഥാര്‍ത്ഥത്തില്‍ രാജാവാണ്. അവന്‍ നീതി, സൌമ്യത, താഴ്മ എന്നിവയോടെയാണു വരുന്നത്. അവന്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം സ്ഥാപിച്ചു. സമൂഹത്തില്‍നിന്ന് അവരുടെ രാജാവിനെ പുറന്തള്ളിയതിനാല്‍ യഹൂദന്മാര്‍ നരകമാണു തിരഞ്ഞെടുത്തത്. ഇങ്ങനെ അവന്‍ വിജാതീയരുടെ രാജാവായിത്തീര്‍ന്നു. പക്ഷേ, ക്രൂശിക്കപ്പെട്ട രാജാവിനെ ഒരു ജാതിക്കും വേണ്ട. സ്നേഹത്തിന്റെ നാഥനെ അവര്‍ വീണ്ടും തിരസ്ക്കരിക്കുന്നുവോ?

യോഹന്നാന്‍ 19:21-22
21ആകയാല്‍ യഹൂദന്മാരുടെ മഹാപുരോഹിതന്മാര്‍ പീലാത്തോസിനോട്: യഹൂദന്മാരുടെ രാജാവ് എന്നല്ല, ഞാന്‍ യഹൂദന്മാരുടെ രാജാവെന്ന് അവന്‍ പറഞ്ഞു എന്നത്രേ എഴുതേണ്ടത് എന്നു പറഞ്ഞു. 22അതിനു പീലാത്തോസ്: ഞാന്‍ എഴുതിയത് എഴുതി എന്ന് ഉത്തരം പറഞ്ഞു.

പീലാത്തോസിന്റെ എഴുത്തില്‍ മറഞ്ഞിരുന്ന നിന്ദയും ഭീഷണിയും മഹാപുരോഹിതന്മാര്‍ക്കു മനസ്സിലായി. അവര്‍ തങ്ങളുടെ രാജാവിനെ തള്ളിക്കളയുകയും, പീലാത്തോസ് അവകാശപ്പെട്ടതിനു വിരുദ്ധമായ കാര്യം അവന്റെ ബലഹീനതയില്‍ കാണുകയും ചെയ്തു. ക്രൂശിക്കപ്പെട്ടവനെ അവര്‍ അത്യധികമായി വെറുത്തു.

ആ മേലെഴുത്തു സീസറുടെ ആഗ്രഹത്തിനനുസൃതമായിരുന്നെന്നു പീലാത്തോസിനു ബോദ്ധ്യമായി. എഴുതാനും വായിക്കാനുമറിയാവുന്ന എല്ലാവര്‍ക്കും വേണ്ടിയാണു മൂന്നു ഭാഷകളില്‍ അതെഴുതിയത്. അങ്ങനെ, റോമിനെതിരായി വിപ്ളവമുണ്ടാക്കുന്നവര്‍ക്കെല്ലാം ഇതായിരിക്കും ഗതിയെന്നു പൌരന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും വായിച്ചു മനസ്സിലാക്കാം. എ.ഡി. 70 ല്‍ റോമിനെതിരായി യഹൂദന്മാര്‍ വിപ്ളവമുണ്ടാക്കിയപ്പോള്‍, യെരൂശലേമിന്റെ മതിലിനു ചുറ്റുമായി ആയിരക്കണക്കിനു യഹൂദന്മാരെ കുരിശുകളിന്മേല്‍ തൂക്കിക്കൊന്നു.


b) വസ്ത്രങ്ങള്‍ പകുത്തെടുക്കുന്നു, നറുക്കിടുന്നു (യോഹന്നാന്‍ 19:23-24)


യോഹന്നാന്‍ 19:23-24
23പടയാളികള്‍ യേശുവിനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രമെടുത്ത് ഓരോ പടയാളിക്ക് ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നലില്ലാതെ മേല്‍തൊട്ട് അടിയോളം മുഴുവനും നെയ്തതായിരുന്നു. 24ഇതു കീറരുത്; ആര്‍ക്കു വരുമെന്നു ചീട്ടിടുക എന്ന് അവര്‍ തമ്മില്‍ പറഞ്ഞു. എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ള തിരുവെഴുത്തിന് ഇതിനാല്‍ നിവൃത്തി വന്നു. പടയാളികള്‍ ഇങ്ങനെയൊക്കെയും ചെയ്തു.

യേശുവിനെ ക്രൂശിച്ച നാലു പടയാളികള്‍ക്കായിരുന്നു യേശുവിന്റെ വസ്ത്രങ്ങള്‍ പകുത്തെടുക്കാനുള്ള അവകാശം. എന്നാല്‍ ഈ വിലകുറഞ്ഞ പ്രവൃത്തിയില്‍ ശതാധിപന്‍ പങ്കുചേരാന്‍ തുനിഞ്ഞില്ല. അങ്ങനെ യേശുവിന്റെ അന്തസ്സു ഹനിച്ചുകൊണ്ട് അവസാനത്തെ സമ്പത്തെന്നു പറയാവുന്ന വസ്ത്രങ്ങള്‍ ഈ നാലു പടയാളികള്‍ കൈവശപ്പെടുത്തി. ക്രൂശിക്കപ്പെട്ട കുറ്റവാളികളെ പിന്നെയും നാണംകെടുത്താനായി പൊതുവെ അവരുടെ വസ്ത്രമുരിഞ്ഞു നഗ്നരാക്കിയിരുന്നു.

ഈ തരംതാഴ്ത്തല്‍ യേശുവിന്റെ മഹത്വം പ്രഘോഷിച്ചു. അവന്റെ തുന്നലില്ലാത്ത അങ്കി മഹാപുരോഹിതനെ പ്രതിബിംബിപ്പിക്കുന്നതായിരുന്നു. സകല മനുഷ്യരുടെയും മദ്ധ്യസ്ഥനായ ദൈവികമഹാപുരോഹിതനാണു യേശു. ഈ സ്ഥാനത്തിനായാണ് അവന്‍ കഷ്ടം സഹിച്ചു പീഡനമേറ്റത്.

ആയിരം വര്‍ഷം മുമ്പ്, പരിശുദ്ധാത്മാവ് ഈ ക്രൂശീകരണത്തിന്റെ വിവരങ്ങള്‍ പ്രവചിച്ചിരുന്നു, സങ്കീര്‍ത്തനം 22 ല്‍. അവിടെ പടയാളികള്‍ക്കു സുപരിചിതമായ കാര്യമാണ് എഴുതിയിരിക്കുന്നത്, "എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു." അവന്റെ അങ്കിക്കുവേണ്ടി അവര്‍ ചീട്ടിടുമെന്നും പിന്നീടു പ്രവചിച്ചിട്ടുണ്ട്. ക്രൂശിന്റെ വസ്തുതകള്‍ കൃത്യമായി വെളിപ്പെടുത്തിക്കൊണ്ട്, യേശുവിന്റെ ക്രൂശീകരണം ദൈവഹിതമായിരുന്നുവെന്ന് ആത്മാവു പ്രസ്താവിക്കുകയായിരുന്നു. യേശു പറഞ്ഞതുപോലെ, നിങ്ങളുടെ തലയിലെ ഒരു മുടിപോലും നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവറിയാതെ നിലത്തുവീഴുന്നില്ല. ക്രൂശീകരണം നടന്നിട്ടേയില്ലെന്നു പറയുന്നവരൊക്കെ ചരിത്രവസ്തുതകള്‍ നിഷേധിക്കുന്നവര്‍ മാത്രമല്ല, ഒരു സഹസ്രാബ്ദം മുമ്പ് ഈ വസ്തുത പ്രവചിച്ച ദൈവത്തിന്റെ ആത്മാവിനെ എതിര്‍ക്കുന്നവരുമാണ്. ക്രൂശിന്റെ ചുവട്ടില്‍വെച്ചു പടയാളികള്‍ ചെയ്ത മോശമായ പ്രവൃത്തി അജ്ഞത മൂലമായിരുന്നു. ക്രൂശിക്കപ്പെട്ടവന്റെ അവശിഷ്ടങ്ങളെച്ചൊല്ലി അവര്‍ ശണ്ഠകൂടി. ഹൃദയശൂന്യരായ ആ പടയാളികള്‍, ലോകത്തിന്റെ വിമോചകനാണ് ആ ക്രൂശില്‍ക്കിടന്നു രക്തമൊഴുക്കുന്നതെന്നു കണക്കാക്കിയതേയില്ല.

സഹോദരങ്ങളേ, നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിട്ടുണ്ടോ? അതോ നിങ്ങള്‍ പണത്തിനും പ്രസിദ്ധിക്കും പിന്നാലെ ഓടുകയാണോ? ക്രൂശിക്കപ്പെട്ടവനെ നിങ്ങള്‍ സ്നേഹിക്കുന്നുണ്ടോ? ദൈവികമായ നീതിയും യഥാര്‍ത്ഥ വിശുദ്ധിയും അവന്റെ മരണത്തിലൂടെ നിങ്ങള്‍ പ്രാപിച്ചിട്ടുണ്ടോ? അതോ അശ്രദ്ധമായി യേശുവിനെ ഉപരിപ്ളവമായി നിരീക്ഷിക്കുന്ന വ്യക്തിയാണോ? വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയില്‍ പരിശുദ്ധാത്മാവു നമ്മെ ഒരുമിപ്പിക്കുന്നു. അങ്ങനെ അവന്റെ മരണം, പുനരുത്ഥാനം, ത്യാഗപരമായ ജീവിതം, മഹത്വം എന്നിവയില്‍ നാം പങ്കാളികളാകും.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുക്രിസ്തുവേ, ക്രൂശു വഹിച്ചതിനായി ഞങ്ങള്‍ നിനക്കു നന്ദി കരേറ്റുന്നു. നിന്റെ സഹനശക്തി, സ്നേഹം, അനുഗ്രഹങ്ങള്‍ എന്നിവയ്ക്കായി ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. ഞങ്ങളുടെ പാപക്ഷമയ്ക്കായും ലോകത്തിന്റെ പാപങ്ങള്‍ ക്ഷമിച്ചതിനായും ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. ലജ്ജാകരമായ മരത്തില്‍ നീ തൂങ്ങിയപ്പോള്‍ നീ എന്റെ പാപം ചുമന്നൊഴിച്ചു, ദൈവത്തോടു മനുഷ്യരാശിയെ അനുരഞ്ജിപ്പിച്ചു. നീ ഞങ്ങളുടെ വിമോചകനും മദ്ധ്യസ്ഥനുമാണ്.

ചോദ്യം:

  1. ക്രൂശിലെ മേലെഴുത്തിന്റെ അര്‍ത്ഥമെന്താണ്?

www.Waters-of-Life.net

Page last modified on May 16, 2012, at 10:31 AM | powered by PmWiki (pmwiki-2.3.3)