Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 110 (Pilate awed by Christ; Pilate's unjust sentence)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
A - അറസ്റ് മുതല്‍ ശവസംസ്കാരം വരെയുള്ള സംഭവങ്ങള്‍ (യോഹന്നാന്‍ 18:1 - 19:42)
3. റോമന്‍ ഗവര്‍ണറുടെ മുമ്പാകെയുള്ള മതേതര (രശ്ശഹ) വിചാരണ (യോഹന്നാന്‍ 18:28 - 19:16)

d) ക്രിസ്തുവിന്റെ ദിവ്യസ്വഭാവത്തില്‍ പീലാത്തോസ് വിസ്മയിക്കുന്നു (യോഹന്നാന്‍ 19:6-12)


യോഹന്നാന്‍ 19:8-11
8ഈ വാക്കു കേട്ടിട്ടു പീലാത്തോസ് ഏറ്റവും ഭയപ്പെട്ടു, പിന്നെയും ആസ്ഥാനത്തില്‍ ചെന്നു: നീ എവിടെനിന്നാകുന്നുവെന്നു യേശുവിനോടു ചോദിച്ചു. 9യേശു ഉത്തരം പറഞ്ഞില്ല. 10പീലാത്തോസ് അവനോട്: നീ എന്നോടു സംസാരി ക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിക്കാന്‍ അധികാരമുണ്ടെന്നും, നിന്നെ വിട്ടയയ്ക്കാന്‍ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിനു യേശു അവനോട്: 11മേലില്‍നിന്നു നിനക്കു കിട്ടീട്ടില്ല എങ്കില്‍ എന്റെമേല്‍ നിനക്കൊരു അധികാരവും ഉണ്ടാവുകയില്ലായിരുന്നു; അതുകൊണ്ട് എന്നെ നിന്റെ പക്കല്‍ ഏല്പിച്ചവന് അധികം പാപമുണ്ടെന്ന് ഉത്തരം പറഞ്ഞു.

യേശുവിന്റെ വ്യക്തിത്വത്തെക്കുറിച്ചു പീലാത്തോസിനു തീര്‍ച്ചയില്ലായിരുന്നു. അവന്റെ നേര്, പവിത്രത, സ്നേഹം എന്നിവ ഗവര്‍ണറുടെ മേല്‍ നഷ്ടമായില്ല. അങ്ങനെ യേശുവിനെ രാജാവായി മാത്രമല്ല, ദൈവപുത്രനെന്നുകൂടി കണക്കാക്കുന്നുണ്ടെന്നു മനസ്സിലാക്കിയ പീലാത്തോസ് അന്ധാളിച്ചു. ദൈവങ്ങള്‍ ആത്മാക്കളുമായും മനുഷ്യരുമായും കൂടിക്കലര്‍ന്നു ചിലപ്പോള്‍ മനുഷ്യരായി അവതരിച്ചു മനുഷ്യരുടെയിടയില്‍ നീങ്ങുന്നുവെന്ന സങ്കല്പം റോമാക്കാരുടെയും ഗ്രീക്കുകാരുടെയും ഇടയിലുണ്ട്. ഇങ്ങനെ പീലാത്തോസ് ചിന്തിച്ചുകാണും, "ഒരു ദേവന്‍ മനുഷ്യരൂപമെടുത്തതുപോലെയാണോ ഇവന്‍?" അങ്ങനെ പീലാത്തോസ് ചോദിച്ചു: "നീ എവിടെ നിന്നാണു വരുന്നത്?"

ശിക്ഷയില്‍നിന്നു രക്ഷപ്പെടാനുള്ള അവസരമായി യേശു ഇതിനെ കാണാതെ നിശ്ശബ്ദനായി നിലകൊണ്ടു. ആ നിശ്ശബ്ദത ആശയഗംഭീരമായിരുന്നു. യുക്തിസഹവും വെറും ജിജ്ഞാസകൊണ്ടും ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു ദൈവം ഉത്തരം നല്‍കാറില്ല. മറിച്ചു തന്നില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു വിശ്വാസിക്ക് അവന്‍ തന്നെത്തന്നെ വെളിപ്പെടുത്തുന്നു. അവന്‍ അവനെക്കുറിച്ചുള്ള ഗ്രീക്കു-റോമന്‍ ചിന്താധാരകളില്‍നിന്നു സമ്പൂര്‍ണ്ണമായും വ്യത്യസ്തനാണ്, അവനെപ്പോലെ ആരുമില്ല. ഈ നിശ്ശബ്ദതയില്‍ കുപിതനായ പീലാത്തോസ് ചോദിച്ചു, "നിനക്ക് എന്നോടു സംസാരിക്കണമെന്നില്ലേ? നിന്നെ കൊല്ലാനോ വിട്ടയയ്ക്കാനോ ഉള്ള അധികാരം എനിക്കുണ്ട്, നീ എന്റെ അധികാരത്തിലാണ്. നിന്നെ ക്രൂശിക്കണമെന്നാണു നിന്റെ ശത്രുക്കളുടെ ആവശ്യം. എനിക്കു മാത്രമേ നിന്നെ രക്ഷിക്കാനോ തൂക്കിക്കൊല്ലാനോ കഴിയൂ."

യേശുവിന് ഇങ്ങനെ പ്രതികരിക്കാമായിരുന്നു, "സത്യമാണ്, നിനക്ക് അധികാരമുണ്ട്. എന്റെ പിതാവാണു നിനക്ക് അധികാരം തന്നത്. നീ നിനക്കുതന്നെ പ്രാധാന്യതയുള്ളവനല്ല. അന്യായമായ ഒരു ശിക്ഷാവിധിയില്‍ നിന്റെ നിരര്‍ത്ഥകത പെട്ടെന്നു വെളിപ്പെടാന്‍ പോകുകയാണ്. എനിക്കും സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിനും സര്‍വ്വശക്തിയുണ്ട്. അവന്റെ അനുവാദമില്ലാതെ ഭൂമിയില്‍ യാതൊരു അധികാരവുമില്ല." ഈ അനുവാദം പീലാത്തോസിന്റെ കാര്യത്തിലെന്നപോലെ പലപ്പോഴും നാശത്തിലാണു ഫലിക്കാറ്. ദൈവദത്തമായ അധികാരം അദ്ദേഹത്തിനുണ്ടായിരുന്നു. ദൈവം ചരിത്രത്തെ നിയന്ത്രിക്കുന്നു, എന്നാല്‍ ആളുകളുടെ പ്രവൃത്തികളുടെ ഉത്തരവാദിത്വത്തിലൊരു പങ്ക് അവര്‍ക്ക് അനുവദിക്കുന്നുമുണ്ട്. മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപെടലില്‍ നിങ്ങള്‍ കണക്കുകൊടുക്കണം.

യേശു പീലാത്തോസിനോടു പറഞ്ഞു: "നീ ഗൌരവമായ പാപം ചെയ്തിരി ക്കുന്നു, എന്നാല്‍ നീ മാത്രമല്ല കുറ്റക്കാരന്‍. എല്ലാവരും പാപത്തിന്റെ വലയില്‍ കുടുങ്ങിയിരിക്കുകയാണ.് എന്നെ ക്രൂശിക്കണമെന്ന ആഗ്രഹം നിനക്കില്ല, എന്നാല്‍ നിന്റെ ഭീരുത്വവും കയ്യഫാവിനെക്കുറിച്ചുള്ള ഭയവുമാണു നിന്നെക്കൊണ്ട് എന്നെ ശിക്ഷിപ്പിക്കുന്നത്." മഹാപുരോഹിതനു വലിയ പാപത്തിന്റെ കുറ്റമുണ്ട്; കാരണം, അസൂയയും പകയും നിമിത്തമാണു കയ്യഫാവ് യേശുവിനെ ക്രൂശിക്കാനാഗ്രഹിച്ചത്. മഹാപുരോഹിതന്റെ സ്ഥാനത്തിരുന്നുകൊണ്ട്, മഹാപാതകികളെ ദൈവവുമായി അനുരഞ്ജിപ്പിക്കേണ്ട ദൌത്യമായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ദുരാത്മാക്കള്‍ക്കു കീഴ്പ്പെട്ട അദ്ദേഹം യേശുവിനെ ഒരു കൊലയാളിയെന്നവണ്ണം വെറുത്തു.


e) പീലാത്തോസ് യേശുവിനെ അന്യായമായി ശിക്ഷവിധിക്കുന്നു (യോഹന്നാന്‍ 19:12-16)


യോഹന്നാന്‍ 19:12
12ഇതുനിമിത്തം പീലാത്തോസ് അവനെ വിട്ടയയ്ക്കാന്‍ ശ്രമിച്ചു; യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാല്‍ കൈസറുടെ സ്നേഹിതനല്ല; തന്നെത്താന്‍ രാജാവാക്കുന്നവനെല്ലാം കൈസറോടു മത്സരിക്കുന്നുവല്ലോയെന്ന് ആര്‍ത്തുപറഞ്ഞു.

പീലാത്തോസിന്റെ അധികാരം തടവുകാരന്‍ അംഗീകരിച്ചതുനിമിത്തം യേശുവിനെ വിട്ടയയ്ക്കാന്‍ പീലാത്തോസ് ആഗ്രഹിച്ചു. ക്രിസ്തുവിന്റെ മഹത്വവും ധാര്‍മ്മികതയും ആ അധികാരത്തിനു പരിധികള്‍ വെച്ചിരുന്നുവെങ്കിലും. യേശു പീലാത്തോസിനെ ഭീഷണിപ്പെടുത്തിയില്ല, മറിച്ചു മൃദു വായി ശാസിച്ചതേയുള്ളൂ. പീലാത്തോസിന്റെ പാപവും കയ്യഫാവിന്റെ കുറ്റകൃത്യവും തമ്മിലുള്ള വ്യത്യാസം അവന്‍ കാട്ടിക്കൊടുത്തു. തന്നെ വിചാരണ ചെയ്യുന്നയാളിന്റെ ന്യായാധിപനായ യേശു പീലാത്തോസിനെ ദൈവിക യാഥാര്‍ത്ഥ്യങ്ങളിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചു.

പീലാത്തോസിന്റെ മനംമാറ്റം കണ്ട യഹൂദനേതാക്കന്മാര്‍, രാഷ്ട്രീയവാദത്തിലേക്കു ചുവടുമാറ്റി. യേശുവിന്റെ ദൈവത്വത്തെക്കുറിച്ചുള്ള അവരുടെ കുറ്റാരോപണം റോമന്‍ കോടതിയില്‍ വിലപ്പോവില്ല. അതിനാല്‍,യേശുവിനെ കൊന്നില്ലെങ്കില്‍ പീലാത്തോസ് സീസറിനോടു വിശ്വസ്തനല്ലെന്ന് അവര്‍ ഭീഷണിപ്പെടുത്തി.

"സീസറുടെ (കൈസറുടെ) സ്നേഹിതനെ"ന്നാല്‍, ചക്രവര്‍ത്തിക്കു പ്രിയപ്പെട്ടയാളെന്നര്‍ത്ഥം. ഈ സ്ഥാനപ്പേരു ചക്രവര്‍ത്തിയുടെ അടുത്തയാളുകള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കിയിരുന്നു. പീലാത്തോസിന്റെ ഭാര്യ ഈ ബന്ധുക്കളില്‍ ഒരാളായിരിക്കാം. അശുഭാപ്തിവിശ്വാസക്കാരനായ തിബെര്യോസ് സീസറിന്, അദ്ദേഹത്തിന്റെ സഭാംഗങ്ങളുടെ വിശ്വസ്തതയില്‍ സംശയമുണ്ടായിരുന്നു. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ തനിക്കെതിരെ വിപ്ളവം നയിക്കുമെന്നു നിരന്തരമായി ചക്രവര്‍ത്തി പ്രതീക്ഷിച്ചിരുന്നു. സീസറിന്റെ സ്നേഹിതനെ ആരെങ്കിലും കുറ്റാരോപണം നടത്തിയാല്‍, കുറ്റാരോപിതനെ നിഷ്ക്കാസനം ചെയ്യുകയും നാടുകടത്തുകയും ചെയ്യുമായിരുന്നു.

"യഹൂദന്മാരുടെ രാജാവി"നെ പീലാത്തോസ് വിട്ടയച്ചുവെന്നു യഹൂദനേതാക്കള്‍ റോമിലേക്കു കത്തെഴുതിയാല്‍, വിപ്ളവം നയിച്ചുവെന്ന അവരുടെ സ്വന്തം കുറ്റാരോപണമുണ്ടെങ്കിലും, സീസറിന്റെ ശത്രുക്കളെ പീലാത്തോസ് തനിക്കുചുറ്റും അണിനിരത്തുന്നുവെന്നാണ് അതിനര്‍ത്ഥം. തത്ഫലമായി, പീലാത്തോസിന്റെ സ്ഥാനം കുലുങ്ങാന്‍ തുടങ്ങും. സത്യം യേശുവിന്റെ പക്ഷത്താണെങ്കിലും, യേശുവിനുവേണ്ടി സ്ഥാനം ഉപേക്ഷിക്കാന്‍ അദ്ദേഹത്തിനു മനസ്സില്ലായിരുന്നു. ഈ ഭീഷണിക്കു മുമ്പില്‍ പീലാത്തോസിന്റെ ചെറുത്തുനില്പു തകരുകയും യേശുവിനെ ശിക്ഷയ്ക്കു വിധിക്കാനുള്ള ഔദ്യോഗിക ന്യായവിധിക്കു തുടക്കമിടുകയും ചെയ്തു. ക്രിസ്തുവിന്റെ രക്തം സംബന്ധിച്ചുള്ള ഔപചാരിക കാര്യങ്ങള്‍ക്കായി പീലാത്തോസ് മടങ്ങി. ഒരു നല്ല ന്യായവിധി നടപ്പാക്കുന്ന ലക്ഷണമാണ് അദ്ദേഹം കാട്ടിയത്, പക്ഷേ ഉള്ളിന്റെയുള്ളില്‍ അദ്ദേഹത്തിനറിയാമായിരുന്നു കടുത്ത അന്യായമാണു ചെയ്യുന്നതെന്ന്.

യോഹന്നാന്‍ 19:13-16
13ഈ വാക്കു കേട്ടിട്ടു പീലാത്തോസ് യേശുവിനെ പുറത്തുകൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായഭാഷയില്‍ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തില്‍ ഇരുന്നു. 14അപ്പോള്‍ പെസഹയുടെ ഒരുക്കനാള്‍ ഏകദേശം ആറാംമണിനേരം ആയിരുന്നു. അവന്‍ യഹൂദന്മാരോട്, 'ഇതാ നിങ്ങളുടെ രാജാവ്' എന്നു പറഞ്ഞു. 15അവരോ: കൊന്നുകളയുക, കൊന്നുകളയുക; അവനെ ക്രൂശിക്കുക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമോ എന്നു പീലാത്തോസ് അവരോടു ചോദിച്ചു; അതിനു മഹാപുരോഹിതന്മാര്‍: ഞങ്ങള്‍ക്കു കൈസറല്ലാതെ മറ്റൊരു രാജാവില്ല എന്ന് ഉത്തരം പറഞ്ഞു. 16അപ്പോള്‍ അവന്‍ യേശുവിനെ ക്രൂശിക്കേണ്ടതിന് അവര്‍ക്ക് ഏല്പിച്ചുകൊടുത്തു.

യഹൂദന്മാരുടെ മശീഹയെ സംബന്ധിച്ച പ്രതീക്ഷയെ പീലാത്തോസ് പുച്ഛിക്കുകയും, റോമിനോടുള്ള അവരുടെ അവഹേളനത്തെ പരിഹസിക്കുകയും ചെയ്തു. "രാജാവാണെന്ന് അവകാശപ്പെട്ട യേശുവിനെ നിങ്ങള്‍ കുറ്റപ്പെടുത്തി! നിങ്ങളുടെ അധികാരമില്ലാത്ത രാജ്യം എടുത്തുകൊണ്ടുപോകൂ! അവനെപ്പോലെയാണു നിങ്ങളും, യാതൊരു ശ്രദ്ധയും അര്‍ഹിക്കുന്നില്ല!"

ഈ പരിഹാസത്തിന്റെ സൂചന യഹൂദന്മാര്‍ക്കു മനസ്സിലായി, അതവരെ യേശുവിനെതിരായ പരാതിയില്‍നിന്ന് അവനെ കുറ്റപ്പെടുത്തിയവരോടുള്ള വെറുപ്പായി മാറി. അവര്‍ ഒന്നിച്ച് ആര്‍ത്തു: "അവനെ നാണംകെട്ട ക്രൂശിന്റെയടുത്തേക്കു കൊണ്ടുപോകൂ, അവന്‍ ശപിക്കപ്പെട്ടവനാണ്! അവനെ ക്രൂശിക്കുക!"

സഹോദരാ, സഹോദരീ, നിലവിളിച്ചവര്‍ ന്യായപ്രമാണമനുസരിച്ചു ഭക്തന്മാരാണ്, പക്ഷേ അവര്‍ അന്ധന്മാരായിപ്പോയി, മനുഷ്യനായി അവതരിച്ച സ്നേഹത്തെയും കാരുണ്യത്തെയും, യേശുവില്‍ നിറവേറിയ ദൈവത്തിന്റെ പരിശുദ്ധിയെയും തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവനെ വെറുത്ത അവര്‍ അവനെ ഒടുക്കിക്കളയാനാഗ്രഹിച്ചു. മതഭ്രാന്തോ തീക്ഷ്ണതയോ ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുകയില്ല; യേശുവില്‍ വെളിപ്പെട്ട സ്നേഹത്തിനു മാത്രമേ അവന്റെ കരുണയും ത്യാഗവും കാണുന്നതിനു നമ്മുടെ കണ്ണു തുറക്കുകയുള്ളൂ.

കോപാകുലരായ യഹൂദന്മാരെ ദുഷിക്കുന്നതിനായി യേശുവിനെ പിന്നെയും "രാജാവ്" എന്നു പീലാത്തോസ് വിളിച്ചു. സകലരും യേശുവിനെ കൊല്ലാന്‍ തീരുമാനിച്ചുവെന്നതിനു തെളിവുണ്ടാക്കാനായിരുന്നു അത്. കുറ്റപ്പെടുത്തുന്ന മനഃസാക്ഷിക്ക് ഒരു ഒഴിവുകഴിവു കണ്ടെത്താന്‍ പീലാത്തോസ് ശ്രമിച്ചു. എന്നാല്‍ ആരവം മുഴക്കുന്ന അക്രമാസക്തമായ ഈ ജനക്കൂട്ടത്തിന്റെ ലക്ഷ്യം യേശുവിനെ ക്രൂശിക്കുകയെന്നതായിരുന്നു. അവരുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമല്ല. കാരണം, അവരുടെ മനോഭാവങ്ങളിലും ലൌകികരംഗങ്ങളിലും അവര്‍ അടിക്കടി തെറ്റിപ്പോകുന്നു, സാത്താനും ഈ പരാജയങ്ങള്‍ ചൂഷണം ചെയ്യുന്നു.

പീലാത്തോസിന്റെ ആവര്‍ത്തിച്ചുള്ള പരിഹാസം പുരോഹിതന്മാരെ കോപാകുലരാക്കി. അവരുടെ ഒന്നിച്ചുള്ള പ്രസ്താവന ആശ്ചര്യകരമായിരുന്നു: "ഞങ്ങള്‍ക്കു കൈസറല്ലാതെ മറ്റൊരു രാജാവില്ല." അതുതന്നെ കാപട്യമായിരുന്നു. മശീഹയെ സംബന്ധിച്ച മുന്നേറ്റത്തെയും, അതുപോലെതന്നെ പാവരാജാവായ ഹെരോദാവിനെയും പൌരോഹിത്യകുടുംബം യഥാക്രമം ഭയപ്പെടുകയും വെറുക്കുകയും ചെയ്തിരുന്നു. ഗ്രീക്കു സംസ്കാരത്തിന്റെ കാവലാളായ സീസറിന്, രാജ്യത്തെ ക്രമസമാധാനപാലനത്തിനായി അവര്‍ പ്രാധാന്യം കൊടുത്തു. ഇങ്ങനെയവര്‍ സകല മശീഹയെ സംബന്ധിച്ച പ്രതീക്ഷകളെയും പഴയനിയമപ്രവചനങ്ങളെയും ഒറ്റിക്കൊടുത്തു. കള്ളങ്ങളുടെ പിതാവ് അവന്റെ മക്കളെ പ്രചോദിപ്പിക്കുന്നു. എന്നാലും, കോടതിയില്‍ യേശു മാത്രമേ സത്യത്തില്‍ നിലകൊണ്ടിരുന്നുള്ളൂ, മനഃസാക്ഷിയില്‍ ദൈവശബ്ദം കേട്ടുകൊണ്ടിരുന്ന അവന്‍ അവന്റെ സത്യസന്ധത മുറുകെപ്പിടിച്ചു.

ക്രമേണ, അഹംഭാവവും പകയും വഞ്ചനയുംമൂലം ഉദ്യമിക്കപ്പെട്ട പീലാത്തോസ്, കര്‍ക്കശമായ ആ വിധി പുറപ്പെടുവിച്ചു. ദൈവപുത്രന്‍ നിശ്ശബ്ദത പാലിച്ചു, പിതാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ആശ്രയിച്ചു, പിതാവാണല്ലോ തന്റെ പുത്രനെ ക്രൂശിക്കുന്നതിനു ഗവര്‍ണറെ അനുവദിച്ചത്. ഈ അന്യായമായ വിധിയിലൂടെ, ദൈവവും മനുഷ്യനും തമ്മിലുള്ള വിടവ് യേശു നികത്തി (അനുരഞ്ജനം നിര്‍വ്വഹിച്ചു). ദുരാത്മാക്കള്‍ വിചാരിച്ചത് അവര്‍ വിജയിച്ചുവെന്നാണ്, എന്നാല്‍ ദൈവത്തിന്റെ പദ്ധതിയാണു നിറവേറിയത് - നരകശക്തികളുടെ ചതിപ്രയോഗങ്ങള്‍ ഉണ്ടായെങ്കിലും.

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, ഞങ്ങള്‍ നിന്നെ വണങ്ങുന്നു. ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവകുഞ്ഞാടു നീയാണ്. കരുണയും സത്യവും നേരുമുള്ള ഒരു ഹൃദയം ഞങ്ങള്‍ക്കു ദാനം ചെയ്യണമേ. ഞങ്ങളുടെ നേട്ടങ്ങള്‍ക്കായി മറ്റുള്ളവരെ ഉപയോഗിക്കാതിരിക്കാനും, ചതിയോടും തിന്മയോടും ഒത്തു തീര്‍പ്പുണ്ടാക്കുന്നതിനെക്കാള്‍ മരണമാണു നല്ലതെന്നു കരുതാനും ഞങ്ങളെ സഹായിക്കണമേ.

ചോദ്യം:

  1. എന്തു ന്യായവിധിയാണു പീലാത്തോസ് യേശുവിന്റെ മേല്‍ ചുമത്തിയത്?

www.Waters-of-Life.net

Page last modified on May 14, 2012, at 01:14 PM | powered by PmWiki (pmwiki-2.3.3)