Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 106 (Jesus arrested in the garden)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
A - അറസ്റ് മുതല്‍ ശവസംസ്കാരം വരെയുള്ള സംഭവങ്ങള്‍ (യോഹന്നാന്‍ 18:1 - 19:42)

1. യേശുവിനെ തോട്ടത്തില്‍വെച്ച് അറസ്റ് ചെയ്യുന്നു (യോഹന്നാന്‍ 18:1-14)


യോഹന്നാന്‍ 18:1-3
1ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോന്‍ തോട്ടിന് അക്കരയ്ക്കു പോയി. അവിടെയൊരു തോട്ടമുണ്ടായിരുന്നു; അതില്‍ അവനും ശിഷ്യന്മാരും കടന്നു. 2അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ട് അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു. 3അങ്ങനെ യൂദാ പട്ടാളത്തെയും, മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടിക്കൊണ്ടു ദീപട്ടിപ്പന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.

പ്രാര്‍ത്ഥനയില്‍, തന്റെയും അപ്പോസ്തലന്മാരുടെയും അനുയായികളുടെയും ജീവനെ പിതാവിന്റെ കരങ്ങളില്‍ യേശു ഏല്പിച്ചു. ഈ വിടവാങ്ങല്‍പ്രാര്‍ത്ഥനയോടെ അവന്റെ വചനങ്ങളും പ്രവൃത്തികളും പ്രാര്‍ത്ഥനകളും നിവൃത്തിയായി (സമ്പൂര്‍ണ്ണമായി നിറവേറ്റി). പിന്നെ അവന്‍ കഷ്ടതയുടെ ഒരു പുതിയ തലത്തിലേക്കു പ്രവേശിച്ചു - ലോകത്തിന്റെ പാപം വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ പങ്കു നിര്‍വ്വഹിക്കാന്‍.

അങ്ങനെ ഒലിവുമലയില്‍ മതില്‍ക്കെട്ടിനുള്ളിലെ തോട്ടത്തില്‍ അവന്‍ കടന്നു. കെദ്രോന്‍ തോടു കഴിഞ്ഞുള്ള ആ തോട്ടത്തില്‍ ഒരു മുന്തിരിച്ചക്കുണ്ടായിരുന്നു. ഇതൊരു ആശ്വാസത്തിന്റെ സങ്കേതമായി യേശുവും ശിഷ്യന്മാരും ഉപയോഗിച്ചിട്ടുണ്ട്, ഇവിടെ അവന്‍ കൂടെക്കൂടെ ഉറങ്ങിയിട്ടുണ്ട്.

യേശു ഇരിക്കുന്നിടത്തെക്കുറിച്ചു രഹസ്യമായി യൂദാ അറിഞ്ഞു. യേശു എവിടെയാണെന്നുള്ള വിവരം യഹൂദ അധികാരികള്‍ക്ക് അവന്‍ അറിവുകൊടുത്തു. സന്തുഷ്ടരായ അവര്‍ ദൈവാലയച്ചേവകരെയും പരീശപ്രതിനിധികളെയും കൂട്ടിക്കൊണ്ടുവന്നു. രാത്രിയില്‍ ആരെയെങ്കിലും അറസ്റ് ചെയ്യുന്നതിനോ ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതിനോ (റോമന്‍ അധികാരികളുടെ സമ്മതത്തോടെയല്ലാതെ) യാതൊരു അധികാരവും അവര്‍ക്കില്ലായിരുന്നു. ഗവര്‍ണറെ വിവരമറിയിച്ചു. യൂദാ അറിവുകൊടുത്തതുകൊണ്ടു മാത്രം യഹൂദാധികാരികള്‍ തൃപ്തരായില്ല, യേശുവിനെ അറസ്റ്റ് ചെയ്യാനുള്ള പടക്കൂട്ടത്തിനു വഴി കാണിച്ചുകൊടുക്കാന്‍ അവര്‍ അവനെ നിര്‍ബ്ബന്ധിച്ചു. ഇങ്ങനെ, യൂദാ വെറുമൊരു ഒറ്റുകാരന്‍ മാത്രമല്ല, യേശുവിനെ ശത്രുക്കള്‍ക്കു പിടിച്ചുകൊടുത്തവന്‍ കൂടിയാണ്. തന്റെ പുത്രന്‍ ഒരു ഒറ്റുകാരനെപ്പോലെയായിത്തീരണമെന്നതും ഒറ്റുകാരന്‍ തന്റെ പുത്രനെപ്പോലെയായിത്തീരണമെന്നതും ദൈവം വിലക്കി. അത്തരം നികൃഷ്ടതയില്‍നിന്നു വളരെ ഉയരെയാണു ദൈവം.

യോഹന്നാന്‍ 18:4-6
4യേശു തനിക്കു നേരിടുവാനുള്ളതെല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങള്‍ ആരെ തിരയുന്നുവെന്ന് അവരോടു ചോദിച്ചു. 5നസറായനായ യേശുവിനെ എന്ന് അവര്‍ ഉത്തരം പറഞ്ഞപ്പോള്‍: അതു ഞാന്‍ തന്നെയെന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. 6ഞാന്‍ തന്നെയെന്ന് അവരോടു പറഞ്ഞപ്പോള്‍ അവര്‍ പിന്‍വാങ്ങി നിലത്തുവീണു.

ഈ ആക്രമണകാരികള്‍ എങ്ങനെയാണു നിലത്തുവീണതെന്നതിനെക്കുറിച്ചു യാതൊരു വിവരവും നമുക്കില്ല. അവന്‍ രക്ഷപ്പെടുമെന്നുള്ള ചിന്തയില്‍ ധാരാളം വിളക്കുകള്‍ അവരുടെ പക്കല്‍ ഉണ്ടായിരുന്നിരിക്കാം. യേശു പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുകയായിരുന്നു, അവന്റെ ശിഷ്യന്മാര്‍ ഉറക്കത്തിലുമായിരുന്നു. പടക്കൂട്ടവും മറ്റും ഒറ്റുകാരനോടൊപ്പം വരുന്നതു പ്രാര്‍ത്ഥനയില്‍ അവന്‍ ശ്രദ്ധിച്ചു. അവനെ കാത്തിരിക്കുന്ന കര്‍ക്കശമായ ന്യായവിധിയും പീഡനവും എന്താണെന്നറിയാമായിരുന്നിട്ടും അവന്‍ രക്ഷപ്പെടാന്‍ തുനിഞ്ഞതേയില്ല.എല്ലാറ്റിനെക്കുറിച്ചും ബോധവാനായിരുന്ന അവന്‍ പിതാവിനോട് അനുസരണമുള്ളവനായിരുന്നു. അവന്‍ എഴുന്നേറ്റു പടക്കൂട്ടത്തിനു കീഴടങ്ങി; അവന്റെ മാനവും മഹത്വവും ഉടവുതട്ടാത്തതായിരുന്നു. വാസ്തവത്തില്‍ യൂദായല്ല യേശുവിനെ കീഴടക്കിയത്, അവന്‍ മനസ്സോടെ നമുക്കുവേണ്ടി കീഴടങ്ങുകയായിരുന്നു.

അവന്‍ അവരോടു ചോദിച്ചു: "നിങ്ങള്‍ ആരെ തിരയുന്നു?" അവര്‍ അവന്റെ നാമം ഉച്ചരിച്ചപ്പോള്‍, ദൈവികമായ പദങ്ങളിലാണ് അവന്‍ മറുപടി പറഞ്ഞത്: "ഞാന്‍ ആകുന്നു." ആത്മീയബോധത്തിന്റെ ഉള്‍ക്കാഴ്ചയുള്ള ആര്‍ക്കും, ദൈവമാണു യേശുവില്‍ അവരുടെയിടയില്‍ നില്‍ക്കുന്നതെന്നു ഗ്രഹിക്കാം - മോശെയോടു ദൈവം പറഞ്ഞതുപോലെ "ഞാന്‍ ആകുന്നു." "നിങ്ങളുടെ രക്ഷകനെ കൊല്ലാനുള്ള ആഗ്രഹം വാസ്തവമായി നിങ്ങള്‍ക്കുണ്ടോ? ഞാനാണു അവന്‍, നിങ്ങള്‍ ചെയ്യുന്നതെന്തെന്നു കരുതിക്കൊള്ളുക. സ്രഷ്ടാവും വിമോചകനും ഞാനാണ്, ഞാന്‍ നിങ്ങള്‍ക്കു മുമ്പില്‍ നില്‍ക്കുന്നു."

അപ്പോള്‍ത്തന്നെ, അവിടെ നിന്നിരുന്ന യൂദയുടെ ഹൃദയത്തില്‍ ഈ വാക്കുകള്‍ തുളഞ്ഞിറങ്ങി. യോഹന്നാന്റെ സുവിശേഷത്തില്‍ യൂദയെക്കുറിച്ചു പരാമര്‍ശിക്കുന്ന അവസാനഭാഗം ഇതാണ്. യൂദയുടെ ചുംബന ത്തെക്കുറിച്ചോ, അവന്‍ ആത്മഹത്യ ചെയ്തത് എങ്ങനെയെന്നതിനെക്കുറിച്ചോ യോഹന്നാന്‍ പരാമര്‍ശിക്കുന്നില്ല. യോഹന്നാന്റെ പ്രഥമപരിഗണന യേശുവായിരുന്നു, അവനെ യോഹന്നാന്‍ കുലീനമായാണു ശത്രുക്കള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. സൌമ്യമായി മനസ്സോടെയുള്ള ഈ കീഴടങ്ങല്‍ യൂദയുടെ ഹൃദയത്തിലേക്കു കത്തി കുത്തിയിറക്കുന്നതായിരുന്നു - യേശു മരിക്കാന്‍ തയ്യാറായിരുന്നല്ലോ. മഹത്വത്തില്‍ ഭ്രമിച്ചാണു യൂദയും പരിവാരവും താഴെ വീണത്. കുറ്റവാളിയെ അറസ്റ് ചെയ്യാനുള്ള സര്‍വ്വ സന്നാഹവും അവര്‍ക്കുണ്ടായിരുന്നു. അവന്‍ അവരെ സമീപിച്ചതു മഹാ പാപപരിഹാരദിവസത്തിലെ മഹാപുരോഹിതന്റെ അന്തസ്സോടെയാണ്. അവന്‍ പറഞ്ഞു: "നിങ്ങള്‍ക്കു വേണ്ടുന്നയാള്‍ ഞാനാണ്." അവര്‍ നിലത്തുവീണു. യേശുവിനു തന്ത്രപൂര്‍വ്വം മാറിക്കളയാമായിരുന്നു, പക്ഷേ അവന്‍ തുടര്‍ന്നും അവരുടെ മുന്നില്‍നിന്നു.

യോഹന്നാന്‍ 18:7-9
7നിങ്ങള്‍ ആരെ തിരയുന്നുവെന്ന് അവന്‍ പിന്നെയും അവരോടു ചോദിച്ചതിന് അവര്‍: നസറായനായ യേശുവിനെ എന്നു പറഞ്ഞു. 8ഞാന്‍ തന്നെ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കില്‍ ഇവര്‍ പൊയ്ക്കൊള്ളട്ടെയെന്നു യേശു ഉത്തരം പറഞ്ഞു. 9നീ എനിക്കു തന്നവരില്‍ ആരും നഷ്ടമായിപ്പോയിട്ടില്ലായെന്ന് അവന്‍ പറഞ്ഞ വാക്കിന് ഇതിനാല്‍ നിവൃത്തിവന്നു.

പിടികൂടാന്‍ വന്നവരുടെ ശ്രദ്ധ യേശു തന്നിലേക്കു തിരിച്ചു. ചിലര്‍ അവന്റെ ശിഷ്യന്മാരെ പിടിക്കാന്‍ തുനിഞ്ഞു, എന്നാല്‍ യേശു അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചു, അവന്‍ ശത്രുക്കള്‍ക്കു തന്റെ നെഞ്ചു കാട്ടി. ആടുകള്‍ക്കുവേണ്ടി സ്വന്തജീവന്‍ കൊടുക്കുന്ന നല്ലയിടയനാണ് അവന്‍; തന്റെ ശിഷ്യന്മാരെ വെറുതെ വിടാന്‍ അവന്‍ പടയാളികളെ നിര്‍ബ്ബന്ധിച്ചു. അവന്റെ അന്തസ്സ് അവരെ കുലുക്കിക്കളഞ്ഞു, അവന്റെ നിര്‍ദ്ദേശം അവര്‍ അനുസരിക്കുകയും ചെയ്തു. വീണ്ടും അവന്‍ പറഞ്ഞു: "ഞാനാണ് അവന്‍." "ഞാന്‍ ജീവന്റെ അപ്പമാകുന്നു, ഞാന്‍ ലോകത്തിന്റെ വെളിച്ചമാകുന്നു, ഞാന്‍ വാതിലാകുന്നു, ഞാന്‍ നല്ല ഇടയനാകുന്നു, ഞാന്‍ വഴിയും സത്യവുംജീവനുമാകുന്നു" എന്നൊക്കെപ്പറയുന്നതുപോലെയായിരുന്നു ഈ പറച്ചില്‍. "നിയമിക്കപ്പെട്ട രക്ഷകനാണു ഞാന്‍. മനുഷ്യരൂപത്തില്‍ ദൈവം നിങ്ങള്‍ക്കു മുമ്പായി നില്‍ക്കുകയാണ്." "യേശു" എന്ന പേരിന്റെ അര്‍ത്ഥം (രക്ഷകന്‍)ദൈവം സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്നുവെന്നാണ്. ഈ ദൈവിക സഹായം യഹൂദന്മാര്‍ തിരസ്കരിച്ചു. എളിമയുള്ള നസറായനെ അവരുടെ മശീഹയായി അവര്‍ക്ക് ആവശ്യമില്ലായിരുന്നു.

യോഹന്നാന്‍ 18:10-11
10ശിമോന്‍ പത്രോസ് തനിക്കുള്ള വാള്‍ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാത് അറുത്തുകളഞ്ഞു; ആ ദാസനു മല്ക്കോസ് എന്നു പേര്. 11യേശു പത്രോസിനോട്: വാള്‍ ഉറയില്‍ ഇടുക; പിതാവ് എനിക്കു തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ എന്നു പറഞ്ഞു.

കര്‍ത്താവു പറഞ്ഞതു പത്രോസിനു മനസ്സിലാവുകയോ, അവനതിനു മനസ്സിരുത്തുകയോ ചെയ്തില്ല. ഉറങ്ങിയെഴുന്നേറ്റ അവന്‍ അപ്പോഴും ഉറക്കംതൂങ്ങുകയായിരുന്നു. പടയാളികളെ ശ്രദ്ധിച്ച അവന്‍ കോപിച്ചുകൊണ്ടു വാള്‍ വലിച്ചൂരി, അതു കൊണ്ടുപോരാന്‍ യേശു അവനെ അനുവദിച്ചതായിരുന്നു. അതുകൊണ്ട് അവന്‍ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാത് അറുത്തുകളഞ്ഞു. കര്‍ത്താവ് ഇങ്ങനെ ചെയ്യാനൊന്നും കല്പിച്ചില്ല. പത്രോസ് മരിച്ചു ദീര്‍ഘകാലം കഴിഞ്ഞിട്ടാണു യോഹന്നാന്‍ മാത്രം ഇതിനെക്കുറിച്ച് എഴുതുന്നത്.

ശിഷ്യപ്രമുഖനോടു വാള്‍ ഉറയിലിടാന്‍ യേശു പറയുന്നതു യോഹന്നാന്‍ എടുത്തുകാട്ടുകയാണ്. കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിനും ശിഷ്യന്മാരെ ആരെയും അറസ്റ് ചെയ്യാതിരിക്കുന്നതിനുമായിരുന്നു ഇത്.

പിന്നെ അവന്‍ ശിഷ്യന്മാരോടു പറഞ്ഞത്, താന്‍ പ്രാര്‍ത്ഥിച്ചതുപോലെ ദൈവക്രോധത്തിന്റെ പാനപാത്രം സ്വീകരിച്ചുവെന്നാണ്. ഇങ്ങനെ, കര്‍ത്താവിന്റെ അറസ്റിനു മുമ്പേ പോയ ആത്മീയപോരാട്ടത്തെക്കുറിച്ചുള്ള തര്‍ക്കമറ്റ പരാമര്‍ശമാണിതെന്നു നാം വായിക്കുന്നു. ആ ക്രോധം സഹിക്കാന്‍ അവനൊരുക്കമായിരുന്നു, എല്ലാ ന്യായവിധിയും നമുക്കുവേണ്ടി വഹിച്ചു. പിതാവിന്റെ കരത്തില്‍നിന്നു നേരിട്ടാണ് ആ പാനപാത്രം വരുന്നത്. ഇങ്ങനെ, ഏറ്റവും പ്രിയനായവനില്‍നിന്ന് അങ്ങേയറ്റം കയ്പുള്ളത് അവന്‍ ഏറ്റുവാങ്ങി. സ്നേഹത്താല്‍ അല്ലാതെ ഇതു വഹിക്കാന്‍ അവനു കഴിയില്ല. കാരണം, മനുഷ്യരാശിയുടെ വീണ്ടെടുപ്പില്‍ പിതാവും പുത്രനും ഒന്നിച്ചിരുന്നു. ദൈവം അത്രത്തോളംലോകത്തെ സ്നേഹിച്ചതുകൊണ്ട് അവന്‍ തന്റെ ഏകജാതനെ ലോകത്തിനുവേണ്ടി നല്‍കി.

പ്രാര്‍ത്ഥന: പിതാവേ, ഞങ്ങള്‍ക്കു ഗ്രഹിക്കാവുന്നതിനും അപ്പുറമായ നിന്റെ സ്നേഹത്തിനായി ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. നിന്റെ പുത്രനെ ഞങ്ങള്‍ക്കുവേണ്ടി നീ നല്‍കി. പുത്രന്റെ കരുണയ്ക്കായും മഹത്വത്തിനായും മരിക്കാനുള്ള സന്നദ്ധതയ്ക്കായും ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. തോട്ടത്തില്‍നിന്ന് ഓടിപ്പോകാതെ നിന്റെ ശിഷ്യന്മാരെ നീ സംരക്ഷിച്ചു, നിന്റെ ശത്രുക്കള്‍ക്കു നീ കീഴടങ്ങി. നിന്നെത്തന്നെ ത്യജിച്ചതിനും, നിന്റെ ദയയ്ക്കും നേരിനുമായി ഞങ്ങള്‍ നിനക്കു നന്ദിയര്‍പ്പിക്കുന്നു.

ചോദ്യം:

  1. തോട്ടത്തിന്റെ പ്രവേശനകവാടത്തില്‍വെച്ച്, ശത്രുക്കള്‍ക്കു യേശു തന്നെക്കുറിച്ചു വെളിപ്പെടുത്തിയതിന്റെ അര്‍ത്ഥമെന്തായിരുന്നു?

ക്വിസ് - 6

പ്രിയ വായനക്കാരാ/വായനക്കാരീ,
താഴെയുള്ള 17 ചോദ്യങ്ങളില്‍ 15 എണ്ണത്തിന്റെ ശരിയുത്തരങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചുതരൂ. അപ്പോള്‍ ഈ പാഠപരമ്പരയുടെ ബാക്കി ഭാഗം ഞങ്ങള്‍ താങ്കള്‍ക്ക് അയച്ചുതരാം.

  1. യേശു യഥാര്‍ത്ഥ മുന്തിരിവള്ളിയായത് എങ്ങനെ?
  2. നാം യേശുവിലും യേശു നമ്മിലുമായിരിക്കുന്നത് എന്തുകൊണ്ട്?
  3. പാപത്തിന് അടിമകളായിരുന്നവരെ യേശു തന്റെ സ്നേഹിതന്മാരാക്കിയതെങ്ങനെ?
  4. യേശുവിനെയും അവന്റെ സ്നേഹിതരെയും ലോകം പകയ്ക്കുന്നത് എന്തുകൊണ്ട്?
  5. ക്രിസ്തുവിനെ ക്രൂശിച്ച ലോകത്തെ ദൈവം നേരിട്ടതെങ്ങനെ?
  6. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ ലോകം വെറുക്കുന്നത് എന്തുകൊണ്ട്?
  7. ലോകത്തില്‍ പരിശുദ്ധാത്മാവിന്റെ പ്രവൃത്തി എന്താണ്?
  8. ലോകത്തിന്റെ വികാസത്തില്‍ പരിശുദ്ധാത്മാവു പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
  9. യേശുവിന്റെ നാമത്തിലുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കു പിതാവു മറുപടി നല്‍കുന്നതെങ്ങനെ?
  10. എങ്ങനെ, എന്തുകൊണ്ടാണു പിതാവു നമ്മെ സ്നേഹിക്കുന്നത്?
  11. യേശുവിന്റെ പ്രാര്‍ത്ഥനയുടെ ആദ്യഭാഗത്തിലെ അടിസ്ഥാനചിന്തയെന്ത്?
  12. യേശുവിലൂടെ പിതാവിന്റെ നാമം വെളിപ്പെടുത്തുന്നതിന്റെ പ്രാധാന്യമെന്ത്?
  13. പിതാവിന്റെ നാമത്തിലുള്ള നമ്മുടെ സുരക്ഷയുടെ പ്രാധാന്യമെന്ത്?
  14. നമ്മെ ദുഷ്ടനില്‍നിന്നു സൂക്ഷിക്കാന്‍ യേശു പിതാവിനോട് അപേക്ഷിച്ചതെങ്ങനെ?
  15. നമ്മുടെ പ്രയോജനത്തിനായി യേശു പിതാവില്‍നിന്ന് എന്താണ് ആവശ്യപ്പെട്ടത്?
  16. യേശുവിന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെ സംഗ്രഹം എന്താണ്?
  17. തോട്ടത്തിന്റെ പ്രവേശനകവാടത്തില്‍വെച്ച്, യേശു തന്നെക്കുറിച്ചു ശത്രുക്കള്‍ക്കു വെളിപ്പെടുത്തിയതിന്റെ അര്‍ത്ഥമെന്തായിരുന്നു?

www.Waters-of-Life.net

Page last modified on May 14, 2012, at 12:37 PM | powered by PmWiki (pmwiki-2.3.3)