Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 103 (Jesus intercedes for his apostles)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
E - യേശുവിന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥന (യോഹന്നാന്‍ 17:1-26)

3. യേശു തന്റെ അപ്പോസ്തലന്മാര്‍ക്കുവേണ്ടി മദ്ധ്യസ്ഥത വഹിക്കുന്നു (യോഹന്നാന്‍ 17:6-19)


യോഹന്നാന്‍ 17:14
14ഞാന്‍ അവര്‍ക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകച്ചു.

യേശുവിന്റെ പ്രാര്‍ത്ഥനയില്‍ അവന്‍ സാക്ഷ്യപ്പെടുത്തിയതു പിതാവിന്റെ വചനം ശിഷ്യന്മാര്‍ക്ക് അവന്‍ കൊടുത്തുവെന്നാണ് - പിതാവിന്റെ നാമം അതിന്റെ അര്‍ത്ഥത്തോടുകൂടി വെളിപ്പെടുത്തി. ഈ വെളിപ്പാടിലൂടെ പരിശുദ്ധ ത്രിത്വത്തെ അവന്‍ നമ്മെ അറിയിച്ചു. ദൈവസാരാംശത്തിന്റെ ഈ അത്ഭുതകരമായ വെളിപ്പാടു ശിഷ്യന്മാരെ സ്പര്‍ശിച്ചു, രൂപാന്തരപ്പെടുത്തി, ശക്തികൊണ്ടു നിറച്ചു. അങ്ങനെയവര്‍ ക്രിസ്തുവിന്റെ ആത്മീയ ശരീരത്തിന്റെ അവയവങ്ങളായിത്തീര്‍ന്നു.

ഈ ഗുണഗണങ്ങളുടെയും മൂല്യങ്ങളുടെയും പേരില്‍ ക്രിസ്തുവിനെ വെറുത്തതുപോലെ, ലോകം അവരെയും വെറുക്കും. ക്രിസ്തുവിന്റെ ഉറവിടം ദൈവത്തില്‍നിന്നും, അവന്റെ ജീവന്‍ നിത്യത മുതല്‍ ദൈവത്തില്‍ മറഞ്ഞിരുന്നതുംപോലെ, വീണ്ടും ജനിച്ചവരൊക്കെ നിത്യകാലം ജീവിക്കും.

യോഹന്നാന്‍ 17:15
15അവരെ ലോകത്തില്‍നിന്ന് എടുക്കണമെന്നല്ല, ദുഷ്ടന്റെ കൈയില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നത്.

യേശു അവന്റെ ശിഷ്യന്മാരെ സ്വര്‍ഗ്ഗത്തിലേക്കോ ഒറ്റപ്പെട്ട സ്ഥലത്തേക്കോ കൊണ്ടുപോയില്ല - അവര്‍ക്കു ചുറ്റും കഷ്ടതകളും വൈഷമ്യങ്ങളും ആയിരുന്നിട്ടും. സാത്താന്യസ്വാധീനത്തില്‍നിന്നും, ദുരുപദേഷ്ടാക്കന്മാരുടെ വഞ്ചനയില്‍നിന്നും, ദുരാത്മാക്കളില്‍നിന്നുമുള്ള സംരക്ഷണം തന്റെ അനുയായികള്‍ക്കു കൊടുക്കണമെന്നാണ് അവന്‍ പിതാവിനോട് അപേക്ഷിച്ചത്. നമ്മുടെ കര്‍ത്താവു നമുക്കുവേണ്ടി മദ്ധ്യസ്ഥതയണയ് ക്കുന്നു. അവന്റെ ആശ്ളേഷത്തിലുള്ള ഓരോ വിശ്വാസിയെയും മുദ്രയിട്ട് ഉറപ്പുവരുത്തിയിരിക്കുകയാണ്. യേശുവിന്റെ രക്തം നമ്മെ സൂക്ഷിക്കുന്നു, അവന്റെ ബലിമൂലം ദൈവം നമ്മോടുകൂടെയുണ്ട്. നമ്മെ ആര്‍ക്കും കുറ്റപ്പെടുത്താനോ നശിപ്പിക്കാനോ കഴിയുകയില്ല. നാം നീതിമാന്മാരും അമര്‍ത്യരും പരിശുദ്ധനായവന്റെ കൃപയില്‍ വഹിക്കപ്പെടുന്നവരുമായിത്തീര്‍ന്നു. നാം അനുസരണംകെട്ടവരോ പ്രത്യേക പാപത്തിലേക്കു ചായുകയോ ചെയ്താല്‍, അവന്‍ നമ്മെ പാപത്തില്‍ വീഴാന്‍ അനുവദിക്കും. കാരണം, നമ്മില്‍ അധിവസിക്കുന്ന പാപം പുറത്തുവന്നിട്ടു നമുക്കു ലജ്ജാകരമായിത്തീര്‍ന്നേക്കാം.

യോഹന്നാന്‍ 17:16-17
16ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല. 17സത്യത്താല്‍ അവരെ വിശുദ്ധീകരിക്കണമേ; നിന്റെ വചനം സത്യമാകുന്നു.

മറ്റുള്ളവരെപ്പോലെ ശാരീരികമായ തിന്മകള്‍ക്കു വശംവദരായതിനാല്‍, ശിഷ്യന്മാര്‍ ലൌകികന്മാരല്ലെങ്കില്‍പ്പോലും, യേശുവിന്റെ പ്രാര്‍ത്ഥനയില്‍ ഈ സാക്ഷ്യം അവന്‍ ശിഷ്യന്മാരോട് ആവര്‍ത്തിച്ചു. ദൈവകൃപയില്ലെങ്കില്‍ അവര്‍ മോശമായിരുന്നേനെ. ദുഷ്ടന്റെ തടവറയില്‍നിന്ന് അവരെ വിടുവിച്ചതു യേശുവിന്റെ രക്തമാണ്. ഈ ലോകത്തില്‍ അന്യരായ അവര്‍ സ്വര്‍ഗ്ഗത്തിന്റെ പൌരന്മാരാണ്.

അവരുടെ പുതിയ പ്രകൃതത്തില്‍ ശരീരവും ആത്മാവും തമ്മില്‍ തുടര്‍മാനമായ പോരാട്ടമാണുള്ളത്. നാം നമ്മെയും നമ്മുടെ പ്രവൃത്തികളെയും കുടുംബാംഗങ്ങളെയും, മറ്റുള്ളവരെക്കാളധികമായി സ്നേഹിച്ചാല്‍ പരിശുദ്ധാത്മാവിനു വേദനിക്കും. നമ്മെത്തന്നെ പ്രസാദിപ്പിക്കാനുള്ള സകല പ്രയത്നങ്ങളും നമ്മുടെ മനഃസാക്ഷിയെ മുറിവേല്പിക്കുന്നതാണ്. ഓരോ കള്ളവും ഓര്‍മ്മയില്‍ പൊള്ളലുണ്ടാക്കുന്ന ഒരു കനലാണ്. മോഷ്ടിച്ച സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അനുവദിക്കുകയില്ല. നിങ്ങള്‍ ആരെയെങ്കിലും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിച്ചാല്‍, പോയി മാപ്പുചോദിക്കാന്‍ സത്യത്തിന്റെ ആത്മാവു നിങ്ങളെ നിര്‍ബ്ബന്ധിക്കും. നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദുഷ്ടതയും ചതിയും വളഞ്ഞ വഴിയുമൊക്കെ പരിശുദ്ധാത്മാവു വെളിച്ചത്താക്കുകയും, അതിനനുസരിച്ചു നിങ്ങളെ ന്യായം വിധിക്കുകയും ചെയ്യും.

നമ്മെ വിശുദ്ധീകരിക്കുന്നതിനാണു ക്രിസ്തു പിതാവിനോടപേക്ഷിച്ചത്. കാരണം, അശുദ്ധനു മറ്റൊരാളെ വിശുദ്ധനാക്കാനാവില്ല. നമ്മെ അവന്റെ സത്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനാലാണ് ഈ ശുദ്ധീകരണം നടക്കുന്നത്. ദൈവസ്നേഹത്തിന്റെ അങ്ങേയറ്റത്തോളം നാം ഗ്രഹിക്കുകയും പുത്രന്റെ കൃപയില്‍ വസിക്കുകയും, പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ ജീവിക്കുകയും ചെയ്യുന്നു. അങ്ങനെ നാം വിശുദ്ധരാക്കപ്പെടുന്നു. നമ്മുടെ ജീവിതത്തിലെ ദൈവസാന്നിദ്ധ്യം നമ്മെ ബാധിക്കുന്നു. ദൈവം തന്നെ അവന്റെ ഉദ്ദേശ്യം നമ്മില്‍ നിവര്‍ത്തിക്കുന്നു: "ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിക്കുവിന്‍." യേശുവിന്റെ രക്തം എന്നെന്നേക്കുമായി നമ്മെ ശുദ്ധീകരിക്കുന്നു - നമ്മിലുള്ള പരിശുദ്ധാത്മാവിനു യാതൊരു കുറവുമില്ലാത്തതുപോലെ. ത്രിത്വത്തിന്റെ പരിശുദ്ധ സ്വഭാവത്തിലുള്ള നിങ്ങളുടെ ആശ്രയം (വിശ്വാസം) നിങ്ങളെ സമ്പൂര്‍ണ്ണമായി ശുദ്ധീകരിക്കുന്നു.

ദൈവത്തിന്റെ ഭാഗത്തുള്ള ഈ ശുദ്ധീകരണം നാം നേടുന്നത് അവന്റെ വചനം ആഴമായി ഗ്രഹിക്കുന്നതിലൂടെയാണ്. സുവിശേഷം നമ്മുടെ ശുദ്ധീകരണത്തിന്റെ ഉറവിടവും അനുസരണത്തിന്റെ വേരുമാണ്. ക്രിസ്തുവിന്റെ വചനങ്ങള്‍ നമ്മെ വിശ്വാസത്തിലേക്കും സ്വയനിഷേധത്തിലേക്കും ആരാധനാപ്രിയത്തിലേക്കും നയിക്കുന്നു. അങ്ങനെ ദൈവത്തെ സമീപിക്കാന്‍ നാം യോഗ്യരാകുന്നു. പിതാവിന്റെ വചനത്തിനായി നിങ്ങളുടെ ഹൃദയം തുറക്കുക, ദൈവം സ്നേഹവും, ആ സ്നേഹത്തില്‍ വസിക്കുന്നവര്‍ ദൈവത്തിലും ദൈവം അവരിലും വസിക്കുന്നു.

യോഹന്നാന്‍ 17:18
18നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാന്‍ അവരെയും ലോകത്തിലേക്ക് അയച്ചിരിക്കുന്നു.

ശിഷ്യന്മാരെ ശുദ്ധീകരിക്കണമേയെന്നു യേശു പ്രാര്‍ത്ഥിച്ചശേഷം ദുഷ്ടത നിറഞ്ഞ ഒരു ലോകത്തിലേക്കാണ് പുതുക്കപ്പെട്ടവരായി അവരെ അയച്ചത്. നമ്മുടെ ജീവിതം ശുദ്ധീകരിക്കുന്നതിന് അവന്‍ നമ്മെ രക്ഷിച്ചു. പിന്നെ അവന്‍ നമ്മെ ലോകത്തിലേക്ക് അയയ്ക്കുന്നതു നമ്മള്‍മൂലം അനേകരെ ശുദ്ധീകരിക്കുന്നതിനാണ്. സഭയെന്നതു ലാഘവമായുള്ള ഒരു കൂട്ടമല്ല, ഭക്തിപൂര്‍വ്വമായ സംഭാഷണവും നിയമപരമായ ന്യായവിധികൊണ്ടും അതിനെത്തന്നെ രസിപ്പിക്കുന്നതല്ല. അതു പ്രവര്‍ത്തനത്തിന്റെ ഒരു കൂട്ടായ്മയാണ്, വിശ്വാസത്താല്‍ സാത്താന്റെ കോട്ട കീഴടക്കുന്നതും പ്രാര്‍ത്ഥനയാലും ദീര്‍ഘക്ഷമയാലും, നഷ്ടപ്പെട്ടുപോയവരുടെ രൂപാന്തരം ലക്ഷ്യമാക്കുന്നതുമാണ്. പിതാവിന്റെ രാജ്യം സഭ വിളിച്ചറിയിക്കുകയും, ഭൂമിയില്‍ സുവിശേഷമറിയിക്കണമെന്നുള്ള അവന്റെ ഹിതം നിര്‍വ്വഹിക്കുന്നതിനായി താല്പര്യപ്പെടുകയും ചെയ്യുന്നു. സുവിശേഷപ്രവര്‍ത്തനത്തിനായുള്ള ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയെക്കുറിച്ചു താങ്കള്‍ക്കു ബോധമുണ്ടോ?

പിതാവ് യേശുവിനെ അയച്ചതുപോലെ യേശു നിങ്ങളെ മാനിച്ചു നഷ്ടപ്പെട്ടവരുടെ അടുത്തേക്ക് അയയ്ക്കുന്നു. ഒരേയൊരു ലക്ഷ്യം മാത്രമാണ്, ഈ സജ്ജീകരണവും ആ ലക്ഷ്യം നേടാന്‍ മാത്രമാണ്: ക്രിസ്തുവിലുള്ള ദൈവത്തിന്റെ സത്യം വിളിച്ചറിയിക്കുക. സജീവമായ സേവനത്തിനാണ്, അലസതയ്ക്കും ഭാവനയ്ക്കുമല്ല യേശു നിങ്ങളെ വിളിക്കുന്നത്. അവന്റെ പരിശുദ്ധാത്മാവാണു നിങ്ങളുടെ ശക്തി.

യോഹന്നാന്‍ 17:19
19അവരും സാക്ഷാല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ ആകേണ്ടതിനു ഞാന്‍ അവര്‍ക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.

ശിഷ്യന്മാരിലൊരുവനും സുവിശേഷീകരണത്തിനോ ആത്മീയപോരാട്ടം നിര്‍വ്വഹിക്കുന്നതിനോ കഴിവില്ലായെന്നു യേശു അറിഞ്ഞിരുന്നു. ദൈവത്തിന്റെ ശക്തിയും വിശുദ്ധിയും അവര്‍ക്കു ചുറ്റുമില്ലെങ്കില്‍, മനഃസാക്ഷിയിലും ഹൃദയത്തിലുമേറ്റ മാരകമായ മുറിവുകളാല്‍ അവരെല്ലാവരും നിലംപതിക്കുമെന്ന് അവനറിയാമായിരുന്നു. ഇക്കാരണത്താല്‍ പുത്രനൊരു ഇരയായിത്തീരുകയും, അവന്‍ സദാകാലവും പരിശുദ്ധനായിരുന്നിട്ടും തന്നെത്താന്‍ ശുദ്ധീകരിച്ചു. അവന്റെ മരണത്താല്‍ പരിശുദ്ധിയുടെ എല്ലാ ആവശ്യങ്ങളും അവന്‍ നിറവേറ്റി. അങ്ങനെ സാത്താന്റെ എല്ലാ കുറ്റാരോപണങ്ങളും ക്രിസ്തുവിന്റെ രക്തത്തിലുള്ള നമ്മുടെ വിശ്വാസത്താല്‍ കെട്ടുപോകും. ഈ പാപപരിഹാരമരണത്തിന്റെ അടിസ്ഥാനത്തില്‍, ശിഷ്യന്മാര്‍ക്കു പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ കഴിഞ്ഞു. അങ്ങനെയവര്‍ ജീവജലം വഹിക്കുന്ന പാത്രങ്ങളായും, യേശുവിന്റെ മരണപുനരുത്ഥാനങ്ങളുടെ സാക്ഷികളായും മാറി.

ഇങ്ങനെയവര്‍ തന്ത്രങ്ങളും വഞ്ചനയുടെ വിഷവുമൊക്കെ ഒഴിഞ്ഞവരായിത്തീര്‍ന്നു. ശരി ഒരിക്കലും തള്ളിപ്പറയാതിരിക്കാനും, മനഃസാക്ഷികളെ കുഴപ്പത്തിലാക്കുന്നതിനു കാരണമാകുമെങ്കിലും, ക്രമേണ രക്ഷയിലേക്കു നയിക്കുന്നതിനു പാപങ്ങള്‍ തുറന്നുകാട്ടാനുമുള്ള ധൈര്യം അവര്‍ പ്രാപിച്ചു. കള്ളം, ദുര്‍ന്നടപ്പ്, നിഗളം എന്നിവയുമായ ഈ പോരാട്ടത്തില്‍ വിജയിക്കാന്‍, ക്രിസ്തുവിന്റെ രക്തത്താലുള്ള സംരക്ഷണവും അവന്റെ മദ്ധ്യസ്ഥതയുടെ സാഫല്യവുംകൊണ്ടേ കഴിയൂ.

പ്രാര്‍ത്ഥന: ഞങ്ങളുടെ ഹൃദയങ്ങളിലെ പകയും വ്യാജവും നിഗളവും ക്ഷമിക്കണമേ. ഞങ്ങളുടേതു ദുഷ്ടപ്രകൃതമാണ്, നീ പരിശുദ്ധനാണ്. സാത്താന്റെ കെണികളില്‍നിന്നു ഞങ്ങളെ സൂക്ഷിക്കണമേ. നിന്റെ വചനങ്ങള്‍ ഞങ്ങളെ ശുദ്ധീകരിക്കേണ്ടതിനും, അങ്ങനെ ഞങ്ങള്‍ പ്രസംഗിക്കുന്നതനുസരിച്ചു ജീവിക്കേണ്ടതിനും ഞങ്ങള്‍ക്കു സുവിശേഷം വിശദീകരിച്ചു തരണമേ.

ചോദ്യം:

  1. നമ്മെ ദുഷ്ടതയില്‍നിന്നു സൂക്ഷിക്കുന്നതിനു യേശു പിതാവിനോട് അപേക്ഷിച്ചത് എങ്ങനെയായിരുന്നു?

www.Waters-of-Life.net

Page last modified on May 14, 2012, at 12:12 PM | powered by PmWiki (pmwiki-2.3.3)