Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 102 (Jesus intercedes for his apostles)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
E - യേശുവിന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥന (യോഹന്നാന്‍ 17:1-26)

3. യേശു തന്റെ അപ്പോസ്തലന്മാര്‍ക്കുവേണ്ടി മദ്ധ്യസ്ഥത വഹിക്കുന്നു (യോഹന്നാന്‍ 17:6-19)


യോഹന്നാന്‍ 17:9-10
9ഞാന്‍ അവര്‍ക്കുവേണ്ടി അപേക്ഷിക്കുന്നു; ലോകത്തിനുവേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവര്‍ നിനക്കുള്ളവര്‍ ആകുന്നതുകൊണ്ട് അവര്‍ക്കുവേണ്ടിയത്രേ ഞാന്‍ അപേക്ഷിക്കുന്നത്. 10എന്റേത് എല്ലാം നിന്റേതും നിന്റേത് എന്റേതുമാകുന്നു; ഞാന്‍ അവരില്‍ മഹത്വപ്പെട്ടുമിരിക്കുന്നു.

നിത്യമായ യുഗങ്ങളില്‍ പുത്രനുമായി ഐക്യത്തിലായിരിക്കുന്ന പിതാവായ ദൈവത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കുംവേണ്ടിയായിരുന്നു യേശു പ്രാര്‍ത്ഥിച്ചത്. ഇവിടത്തെ ഈ വിടവാങ്ങല്‍ പ്രാര്‍ത്ഥനയില്‍ മുഴുലോകത്തിനുവേണ്ടിയല്ല യേശു പ്രാര്‍ത്ഥിച്ചത് - മനുഷ്യവര്‍ഗ്ഗം കര്‍ത്താവിന്റെ ആത്മാവിനെ നിരസിക്കുകയും ന്യായവിധി സ്വയം തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുകയാണല്ലോ. യേശുവിന്റെ സ്നേഹവും കരുതലും അവന്‍ അവന്റെ സഭയ്ക്കും ദൈവം തിരഞ്ഞെടുത്തവര്‍ക്കും കൊടുത്തു. എല്ലാവരെയും ചേര്‍ക്കുന്ന ലോകവ്യാപകമായ ഒരു സഭയെ ക്രിസ്ത്യാനിത്വം അംഗീകരിക്കുന്നില്ല. കാരണം, എല്ലാ ആളുകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട വിശ്വാസികളുടെ കൂട്ടമാണു സഭ. അതുകൊണ്ടുതന്നെ സഭ വ്യത്യസ്തമാണ്, തിരഞ്ഞെടുക്കപ്പെട്ടതും ശുദ്ധീകരിക്കപ്പെട്ടതുമാണ്. കാരണം, ക്രിസ്തുവിന്റെ മരണത്തിന്റെ ആദ്യഫലങ്ങളാണ് അതു പ്രതിനിധീകരിക്കുന്നത്.

യേശു തന്റെ പ്രത്യേക സമ്പത്താണെന്ന അവകാശവാദമൊന്നും ഇടാതെ, പിതാവ് അവരെ അവനു കൊടുത്തതാണെങ്കില്‍പ്പോലും, അവര്‍ അവന്റെ പിതാവിന്റെ പ്രത്യേക സമ്പത്താണെന്നതിന് ആവര്‍ത്തിച്ചു സാക്ഷ്യം വഹിച്ചു. താഴ്മയോടെയിരുന്ന പുത്രന്‍, അവനു സ്വന്തമായതിനെ പ്രാര്‍ത്ഥനയില്‍ പിതാവിനെ ഏല്പിച്ചു.

തന്നില്‍ വിശ്വസിക്കുന്നവരില്‍ താന്‍ മഹത്വപ്പെട്ടുകൊണ്ടിരിക്കുക യാണെന്നു യേശു അംഗീകരിച്ചു. അതേസമയം നമ്മുടെ സഭ ബലഹീനമാണെന്നും ക്രിസ്തുവിന് അപകീര്‍ത്തിയാണെന്നും നാം തിരക്കിട്ടു വിമര്‍ശിക്കുന്നു. ഇതിനെക്കാള്‍ ആഴമായി അവന്‍ ചുഴിഞ്ഞിറങ്ങുന്നു. ക്രൂശിന്റെ വെളിച്ചത്തിലാണു പിതാവു നമ്മെ കാണുന്നത്. അവന്‍ തന്റെ ആത്മാവിനെ പുത്രനിലൂടെ നമ്മുടെമേല്‍ പകരുന്നു. ക്രൂശിന്റെ ഫലപ്രാപ്തിയുടെ തെളിവാണ് ഈ ആത്മീയപ്പകര്‍ച്ച. ക്രിസ്തു മരിച്ചതു വെറുതെയല്ല, വിശ്വാസികളില്‍ ജീവിക്കുന്ന പരിശുദ്ധാത്മാവു വളരെയധികം ഫലമുളവാക്കുന്നു. ഇങ്ങനെ ഓരോ വീണ്ടും ജനനവും ക്രിസ്തുവിനു മഹത്വം കൈവരിക്കുന്നു.

യോഹന്നാന്‍ 17:11
11ഇനി ഞാന്‍ ലോകത്തില്‍ ഇരിക്കുന്നില്ല; ഇവരോ ലോകത്തില്‍ ഇരിക്കുന്നു; ഞാന്‍ നിന്റെ അടുക്കല്‍ വരുന്നു. പരിശുദ്ധപിതാവേ, അവര്‍ നമ്മെപ്പോലെ ഒന്നാകേണ്ടതിനു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തില്‍ അവരെ കാത്തുകൊള്ളണമേ.

ക്രിസ്തു പിതാവിന്റെ അടുത്തേക്കു മടങ്ങുകയാണ്, ഇതു സംഭവിക്കേണ്ടതാണെന്ന ഉറപ്പാണു നല്‍കിയത് - ഒറ്റുകാരന്‍ പടക്കൂട്ടവുമായി അവനെ പിടിക്കാന്‍ അടുത്തുകൊണ്ടിരുന്നെങ്കിലും. മരണത്തിനപ്പുറത്തായി പിതാവിന്റെ മഹത്വം യേശു കണ്ടുകൊണ്ടാണ് "ഇനി ഞാന്‍ ലോകത്തില്‍ ഇരിക്കുന്നില്ല" എന്നു പ്രവചിച്ചത് - അപ്പോഴും അവന്‍ ലോകത്തിലായിരുന്നിട്ടുകൂടി.

അതിവേഗത്തിലൊഴുകുന്ന ഒരു വിശാലമായ നദിയായിട്ടാണു യേശു ലോകത്തെ കണക്കാക്കിയത്. അങ്ങനെയിരിക്കെ അത് ഉയരത്തില്‍നിന്നു താഴേക്കു പതിക്കുന്ന ഒരു വെള്ളച്ചാട്ടമായി മാറും. ഈ ഒഴുക്കിനെതിരെ ക്രിസ്തു നീന്തുകയായിരുന്നു, മനുഷ്യത്തിരമാലയെ പിന്നോട്ടു തിരിക്കുകയും ചെയ്തു. തിന്മയെ എതിര്‍ക്കാനുള്ള ശക്തി ശിഷ്യന്മാര്‍ കണ്ടെത്തുക യില്ലെന്ന് അവനറിഞ്ഞിരുന്നു. അതുകൊണ്ട്, പിതാവിന്റെ നാമത്തില്‍ തന്റെ സ്നേഹിതരെ സൂക്ഷിക്കുന്നതിനു പിതാവിനോട് അപേക്ഷിച്ചു.

ഈ അപേക്ഷയില്‍, "പരിശുദ്ധപിതാവേ" എന്ന അതുല്യമായ ശൈലിയാണു യേശു ഉപയോഗിച്ചത്. ലോകത്തിലെ ഭീമാകാരമായ തിന്മകളുടെ മുമ്പിലും, നിഷ്കളങ്കനും കുറ്റമില്ലാത്തവനും കുറവില്ലാത്തവനുമായ പിതാവിന്റെ വിശുദ്ധിക്കു പുത്രന്‍ സാക്ഷ്യം വഹിച്ചു. പിതാവായ ദൈവം പരിശുദ്ധനാണ്. അവന്റെ സ്നേഹത്തിന്റെ വസ്ത്രമാണ് അവന്റെ പരിശുദ്ധി, അത് അവന്റെ മഹത്വത്തിന്റെ പ്രഭയാണ്.

ഇങ്ങനെ ദൈവത്തിന്റെ പരിശുദ്ധനാമം ഒരു സങ്കേതമാണ്. അവിടെ ശിഷ്യന്മാര്‍ പരീക്ഷകന്റെ ആധിപത്യത്തില്‍നിന്നുള്ള അഭയം കണ്ടെത്തുന്നു. ക്രിസ്തുവില്‍ ജീവിക്കുന്നവന്‍ പിതാവില്‍ ജീവിക്കുന്നു. പുത്രനില്‍ വസിക്കുന്നവന്‍ പിതാവില്‍ വസിക്കുന്നു. ദൈവത്തിന്റെ പിതൃത്വം അവന്റെ മക്കള്‍ക്ക് ഉറപ്പുകൊടുക്കുന്നത് അവന്‍ അവരെ കരുതുമെന്നും സംരക്ഷിക്കുമെന്നുമാണ്. പിതാവിന്റെകയ്യില്‍നിന്ന് അവരെ പിടിച്ചുപറിക്കാന്‍ സാത്താനു കഴിയില്ല.

അവര്‍ വിദ്വേഷത്തിലും കലഹത്തിലുമല്ല ജീവിക്കുന്നത്, മറിച്ച് അവര്‍ ദിനംപ്രതി സ്നേഹിച്ചുകൊണ്ടു ക്ഷമിക്കുന്നു. ഈ വ്യവസ്ഥയാണ് അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്. ഈ സ്നേഹത്തിന്റെ ഉറവിടം മനുഷ്യനല്ല. എന്നാല്‍ പരിശുദ്ധത്രിത്വത്തിന്റെ സ്നേഹത്തില്‍ വസിക്കുന്നവര്‍ക്കു ശക്തി, സഹിഷ്ണുത, മറ്റുള്ളവര്‍ക്കായുള്ള സ്നേഹം എന്നിവ ലഭിക്കുന്നു. പിതാവിന്റെ കൂട്ടായ്മയില്‍ നമ്മെ സൂക്ഷിക്കാന്‍ ക്രിസ്തു പിതാവിനോട് അപേക്ഷിച്ചു. പുത്രന്‍ പിതാവിനോടുകൂടെ ഒന്നായിരിക്കുന്നതുപോലെ അവരും എപ്പോഴും ഒന്നായിരിക്കുന്നതിന്. ഇതു ദൈവവുമായി നമുക്കുള്ള ബന്ധത്തിന്റെ താത്വികമായതും സൈദ്ധാന്തികമായതുമായ വിശകലനമോ വിവരണമോ അല്ല. മറിച്ചു യേശുവിന്റെ വിടവാങ്ങല്‍ പ്രസംഗത്തിനു പിതാവു നല്‍കിയ മറുപടിയാണ്. ധാര്‍ഷ്ട്യമുള്ളതോ നിഗൂഢമായതോ അല്ല നമ്മുടെ വിശ്വാസം. അതു യേശുവിന്റെ പ്രാര്‍ത്ഥനയുടെ ഫലവും നമുക്കുവേണ്ടിയുള്ള അവന്റെ കഷ്ടതയുമാണ്.

യോഹന്നാന്‍ 17:12-13
12അവരോടുകൂടെ ഇരുന്നപ്പോള്‍ ഞാന്‍ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തില്‍ കാത്തുകൊണ്ടിരുന്നു; ഞാന്‍ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിനു നിവൃത്തിവരേണ്ടതിന് ആ നാശയോഗ്യനല്ലാതെ അവരില്‍ ആരും നശിച്ചുപോയിട്ടില്ല. 13ഇപ്പോഴോ ഞാന്‍ നിന്റെ അടുക്കല്‍ വരുന്നു; എന്റെ സന്തോഷം അവര്‍ക്ക് ഉള്ളില്‍ പൂര്‍ണ്ണമാകേണ്ടതിന് ഇതു ലോകത്തില്‍വെച്ചു സംസാരിക്കുന്നു.

ശിഷ്യന്മാര്‍ക്കു ഭിന്നസ്വഭാവങ്ങളുണ്ടായിട്ടും, സഹിഷ്ണുതയാലും ഉള്‍ക്കാഴ്ചയാലും യേശു ശിഷ്യന്മാരെ സാത്താന്റെ പ്രലോഭനങ്ങളില്‍നിന്നു സൂക്ഷിച്ചു. അവന്‍ പത്രോസിനോടു പറഞ്ഞു:"സാത്താന്‍ നിന്നെ പിടികൂടാന്‍ ആഗ്രഹിച്ചു, എന്നാല്‍ നിന്റെ വിശ്വാസം പൊയ്പ്പോകാതിരിക്കാന്‍ നിനക്കുവേണ്ടി അപേക്ഷിച്ചു." അങ്ങനെ അവന്റെ മദ്ധ്യസ്ഥതമൂലം നമ്മുടെ വിശ്വാസം അതിജീവിക്കുന്നു, നാം രക്ഷിക്കപ്പെട്ടതു കൃപയാല്‍ മാത്രമാണ്.

ഈസ്കര്യോത്താ യൂദാ നാശത്തിന്റെ ആത്മാവിനു കീഴടങ്ങിയതിനും സത്യത്തിന്റെ ആത്മാവിനെ ചെറുത്തതിനും അവനില്‍നിന്നും പിന്‍വലിച്ച ഈ കഴിവാണ് യേശുവിന്റെ അനുയായികളെ സൂക്ഷിക്കുന്നത്. അവന്‍ നാശപുത്രനായിത്തീര്‍ന്നു. ദത്തെടുക്കലിന്റെ ഈ ദാനം നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് ആരെക്കൊണ്ടും നിര്‍ബ്ബന്ധമായി സ്വീകരിപ്പിക്കുന്നില്ല. ആളുകളുടെ ഹൃദയത്തിലുള്ളത് എന്തെന്ന് അവനറിയുന്നു. കാര്യങ്ങള്‍ നടക്കുന്നതിനുമുമ്പ് അവനറിയാം. അങ്ങനെ യൂദയുടെ ഒറ്റിക്കൊടുക്കല്‍പോലും ആയിരം വര്‍ഷം മുമ്പുതന്നെ പഴയനിയമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും ക്രിസ്തുവിന്റെ കരുതല്‍ നിരസിച്ചതിനു യൂദാ ഉത്തരവാദിയാണ്. സര്‍വ്വശക്തനായ നമ്മുടെ കര്‍ത്താവ് ഒരു സ്വേച്ഛാധിപതിയല്ല, മറിച്ചു ജ്ഞാനിയായ ഒരു പിതാവാണ്. അവന്റെ സ്നേഹത്തിന്റെ ഒരു തലം മനുഷ്യനു സ്വാതന്ത്യ്രത്തിന്റെ ദാനമാണ്. മുതിര്‍ന്ന മക്കള്‍ക്ക് അപ്പന്മാര്‍ ഉത്തരവാദിത്വത്തിന്റെ സ്വാതന്ത്യ്രം കൊടുക്കുന്നതുപോലെതന്നെ.പിതാവിന്റെ അടുക്കലേക്കുള്ള തന്റെ വഴി, വിഷാദത്തിന്റെ മദ്ധ്യേ പ്രകാശിക്കുന്ന ഒരു പാതപോലെ യേശു കണ്ടു.

സാത്താനോ പാപത്തിനോ മരണത്തിനോ ദൈവത്തിന്റെ അടുക്കലേക്കുള്ള അവന്റെ മടക്കയാത്ര തടസ്സപ്പെടുത്താന്‍ കഴിഞ്ഞില്ല. പുത്രന്‍ സദാ പരിശുദ്ധനായിരുന്നു, അക്കാരണത്താല്‍ അവനില്‍ സന്തോഷം നിറഞ്ഞിരുന്നു. പാപം അവന്റെ മനഃസാക്ഷി കരണ്ടില്ല. ഭയം അവന്റെ പ്രാര്‍ത്ഥനകള്‍ക്കുമേല്‍ നിഴല്‍ വീഴ്ത്തിയില്ല. പുത്രന്‍ സ്വതന്ത്രനും പിതാവിനാല്‍ കാക്കപ്പെട്ടവനും, സദാ അനുസരണമുള്ളവനുമായിരുന്നു. നമ്മുടെ ദൈവം സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും നാഥനാണ്. ഈ ദിവ്യമായ സന്തോഷം ശിഷ്യന്മാരുടെ ഹൃദയങ്ങളില്‍ വ്യാപിക്കുന്നതിനായി യേശു പിതാവിനോട് അപേക്ഷിച്ചു. അവന്റെ അനുയായികള്‍ ദുഃഖിതരായിരിക്കുന്നത് അവനാഗ്രഹിച്ചില്ല. ലോകത്തിലെ നിരാശയ്ക്കും വിഷാദത്തിനും മദ്ധ്യേ ജീവിക്കുമ്പോഴും, സ്വര്‍ഗ്ഗീയസന്തോഷത്താല്‍ അവര്‍ നിര്‍വൃതിയും ഉത്സാഹമുള്ളവരുമായിരിക്കാനായിരുന്നു അവന്‍ ആഗ്രഹിച്ചത്. പാപക്ഷമയുടെ സന്തോഷവും ദൈവകുടുംബത്തില്‍ നമുക്കു ലഭിച്ച സ്ഥാനത്തിനായുള്ള നന്ദിയുമൊക്കെ നമുക്കുവേണ്ടി ക്രിസ്തു അപേക്ഷിച്ചതിനുള്ള ഫലങ്ങളാണ്.

പ്രാര്‍ത്ഥന: യേശുനാഥാ, പിതാവിനോടു ഞങ്ങള്‍ക്കായി മദ്ധ്യസ്ഥതയണയ്ക്കുന്നതിനു നന്ദി. നിന്റെ അപേക്ഷമൂലം ഞങ്ങളെ വിശ്വാസത്തില്‍ സൂക്ഷിക്കുന്നതിനു നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഞങ്ങളിലുള്ള നിന്റെ പ്രമോദത്തിനായി ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. നിന്റെ സാന്നിദ്ധ്യവും പിതാവിന്റെ ആത്മാവും ഞങ്ങളില്‍ ജീവനും ആത്മീയധനവും നിത്യമായ അനുഗ്രഹവും പകരുന്നു. ഞങ്ങള്‍ക്കായുള്ള നിന്റെ പ്രാര്‍ത്ഥനകള്‍ക്കായി നന്ദി; നിന്റെ മദ്ധ്യസ്ഥതയാല്‍ ഞങ്ങള്‍ ജീവിക്കുന്നു.

ചോദ്യം:

  1. പിതാവിന്റെ നാമത്തിലുള്ള നമ്മുടെ സംരക്ഷണം എന്തിനെയാണു ചൂണ്ടിക്കാട്ടുന്നത്?

www.Waters-of-Life.net

Page last modified on May 14, 2012, at 12:04 PM | powered by PmWiki (pmwiki-2.3.3)