Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 093 (The world hates Christ)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
D - ഗെത്സമെനയ്ക്കുള്ള യാത്രയിലെ വിടവാങ്ങല്‍ (യോഹന്നാന്‍ 15:1 - 16:33)

3. ക്രിസ്തുവിനെയും ശിഷ്യന്മാരെയും വെറുക്കുന്ന ലോകം (യോഹന്നാന്‍ 15:18 - 16:3)


യോഹന്നാന്‍ 15:18-20
18ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കില്‍ അതു നിങ്ങള്‍ക്കു മുമ്പെ എന്നെ പകച്ചിരിക്കുന്നു എന്ന് അറിയുവിന്‍. 19നിങ്ങള്‍ ലോകക്കാര്‍ ആയിരുന്നു വെങ്കില്‍ ലോകം അതിനു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാല്‍ നിങ്ങള്‍ ലോകക്കാര്‍ ആയിരിക്കാതെ ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകയ്ക്കുന്നു. 20ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ലായെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്ക് ഓര്‍ക്കുവിന്‍. അവര്‍ എന്നെ ഉപദ്രവിച്ചുവെങ്കില്‍ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചുവെങ്കില്‍ നിങ്ങളുടേതും പ്രമാണിക്കും.

ദൈവവുമായുള്ള തന്റെ തികഞ്ഞ ഐക്യത വെളിപ്പെടുത്തുകയും ആശ്വാസദായകനായ ആത്മാവിന്റെ വരവിനെക്കുറിച്ചു പ്രവചിക്കുകയും ചെയ്തശേഷം, ലോകത്തിന്റെ വെറുപ്പു തരണംചെയ്യുന്നതിനായി യേശു ശിഷ്യന്മാരെ സജ്ജരാക്കി.

ലോകം ക്രിസ്തീയകൂട്ടായ്മയ്ക്ക് എതിരാണ്. പകയാണു ലോകം ഭരിക്കുന്നത്, എന്നാല്‍ ക്രിസ്തീയകൂട്ടായ്മയെ കാക്കുന്നതു സ്നേഹമാണ്. അനിഷ്ടസംഭവത്തിന്റെ ലോകത്തില്‍നിന്നു സന്തോഷത്തിന്റെ ഒരു ദ്വീപിലേക്ക് യേശു ശിഷ്യന്മാരെ കൊണ്ടുപോയില്ല. ദുഷ്ടതയുടെ ഒരു പരിസ്ഥിതിയിലേക്കാണ് അവന്‍ അവരെ അയയ്ക്കുന്നത് - ഭയങ്കരമായ പകയെ ജയിക്കുന്നതിനുവേണ്ടി. ഈ ദൌത്യം ഒരു വിനോദയാത്രയല്ല, ആത്മീയയത്നമാണ്. സ്നേഹത്തിന്റെ വക്താക്കള്‍ക്കു തിരസ്ക്കാരവും കഠിനവിരോധവും ശകാരവും സേവനവേളയില്‍ അഭിമുഖീകരിക്കേണ്ടിവരും. അത് അവരുടെ കുറവുകള്‍ നിമിത്തമല്ല, മറിച്ചു യേശുവിന്റെ വചനങ്ങള്‍ക്കെതിരായ ദുരാത്മാക്കളുടെ പ്രേരണയാലുയരുന്ന എതിര്‍പ്പുമൂലമാണ്. സുവിശേഷകരുടെ നാഥന്‍ സ്നേഹത്തിലും ജ്ഞാനത്തിലും സമ്പൂര്‍ണ്ണനായിരുന്നു. അവന്‍ മരണംവരെ പക അഭിമുഖീകരിച്ചു. ഈ കഠിനമായ പകയുണ്ടായിട്ടും അവന്‍ യുദ്ധക്കളത്തില്‍നിന്ന് ഓടിപ്പോകുകയോ ലോകം വിട്ടുപോകുകയോ ചെയ്യാതെ, അവനെ വെറുത്തവരെ സ്നേഹിച്ചുകൊണ്ടുതന്നെ മരിച്ചു.

നമ്മളാരും ദൂതനല്ല; നമ്മുടെ ഹൃദയത്തില്‍നിന്നു ദുഷ്ടവിചാരങ്ങള്‍ പുറപ്പെടുന്നു. എന്നാല്‍ ക്രിസ്തുവിന്റെ കൃപയാല്‍ പുതിയൊരാത്മാവു നമ്മുടെ മേല്‍ വന്നിട്ടുണ്ട്. മാനസാന്തരം (അനുതാപം) എന്നതിനു മനസ്സിന്റെ മാറ്റമെന്നാണര്‍ത്ഥം. ആത്മാവില്‍നിന്നു ജനിച്ചവന്‍ ലോകത്തിന്റേതല്ല, നാഥന്റേതാണ്. അവന്‍ നമ്മെ ഈ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തു. "സഭ" എന്ന പദത്തിന്റെയര്‍ത്ഥം തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടം, ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ലോകത്തില്‍നിന്നു വിളിച്ചു വേര്‍തിരിച്ചവര്‍ എന്നിങ്ങനെയാണ്. അതിനാല്‍ ലോകം സഭയെ കാണുന്നത് അപൂര്‍വ്വമായ ഒരു കാര്യമെന്ന നിലയിലാണ്. ഈ വേര്‍തിരിവു കുടുംബത്തില്‍ ഗുരുതരമായ പിളര്‍പ്പുകള്‍ക്കും ആഴമേറിയ സംഘര്‍ഷത്തിനും കാരണമാകുന്നു. യേശു ഇത് അനുഭവിച്ചതാണ് (യോഹന്നാന്‍ 7:2-9). ഈ അവസ്ഥയില്‍, ക്രിസ്തുവില്‍ വസിക്കുന്നയാള്‍ക്കു പരിഹാസവും പീഡനവും സഹിക്കാന്‍ കൂടുതല്‍ ജ്ഞാനവും താഴ്മയും ആവശ്യമാണ്. അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ കണ്ടെത്തിയാല്‍, അതേ അവസ്ഥയില്‍ കാരണം കൂടാതെ യേശുവും കടന്നുപോയിട്ടുണ്ടെന്നുള്ള കാര്യം മറക്കരുത്. അവരെ സ്നേഹിക്കുകയും സൌഖ്യമാക്കുകയും ചെയ്തതിനാല്‍, ഒരു കുറ്റവാളിയെപ്പോലെ അവനെ അവര്‍ ക്രൂശിച്ചു.

നിങ്ങള്‍ക്കായി ശ്രേഷ്ഠമായ ഒരു വാഗ്ദത്തം യേശുവിനുണ്ട്. അതായത്, ആളുകള്‍ നിങ്ങളെ ദണ്ഡിപ്പിച്ചു നിങ്ങളോടു പോരാടിയാലും, അവരില്‍ ചിലര്‍ നിങ്ങളുടെ സാക്ഷ്യം ശ്രദ്ധിക്കും - യേശുവിന്റെ സാക്ഷ്യം ശ്രദ്ധിച്ചതുപോലെ. ആത്മാവിന്റെ ശക്തിയോടെയുള്ള വചനം വിശ്വാസത്തിനും സ്നേഹത്തിനും കാരണമായി കേള്‍വിക്കാരില്‍ വിടരുന്നതുപോലെ, നിങ്ങളുടെ സാക്ഷ്യം കേള്‍ക്കുന്നവരില്‍ ചിലരിലും നിത്യജീവന്‍ ഉളവാക്കും. വിദ്വേഷത്തിന്റെ (പകയുടെ) ലോകത്തില്‍ ഓരോ ക്രിസ്ത്യാനിയും ക്രിസ്തുവിന്റെ സ്ഥാനപതിയാണ്. അതിനാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയവിളിയെ നീതീകരിക്കുക.

യോഹന്നാന്‍ 15:21-23
21എങ്കിലും എന്നെ അയച്ചവനെ അവര്‍ അറിയായ്കകൊണ്ട് എന്റെ നാമം നിമിത്തം ഇതൊക്കെയും നിങ്ങളോടു ചെയ്യും. 22ഞാന്‍ വന്ന് അവരോടു സംസാരിക്കാതിരുന്നെങ്കില്‍ അവര്‍ക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന് ഒഴികഴിവില്ല. 23എന്നെ പകയ്ക്കുന്നവന്‍ എന്റെ പിതാവിനെയും പകയ്ക്കുന്നു.

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം, യേശുവിന്റെ നാമം നിമിത്തം ശിഷ്യന്മാര്‍ക്കു വേദനാജനകമായ പീഡനങ്ങളുണ്ടാകുമെന്നു യേശു അവര്‍ക്കു മുന്നറിയിപ്പു നല്‍കി. കുഞ്ഞാടിനെപ്പോലെ സൌമ്യനായ ഒരു മശീഹയെ അല്ല, റോമന്‍ നുകത്തില്‍നിന്നു തങ്ങളെ മോചിപ്പിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെയാണു യഹൂദന്മാര്‍ പ്രതീക്ഷിച്ചത്. ദൈവത്തിന്റെ യഥാര്‍ത്ഥ മഹത്വത്തെക്കുറിച്ചുള്ള അജ്ഞതയില്‍നിന്നാണു രാഷ്ട്രീയമായ രക്ഷ സംബന്ധിച്ചുള്ള ഈ വ്യാമോഹം ഉയര്‍ന്നത്. വിശ്വാസവും രാഷ്ട്രവും തമ്മില്‍ തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല; അവര്‍ക്കൊരു സൈനികദേവനുണ്ടായിരുന്നു. സര്‍വ്വാശ്വാസത്തിന്റെയും സമാധാനത്തിന്റെയും ദൈവമായ, നമ്മുടെ കര്‍ത്താവായ യേശുവിന്റെ പിതാവായ ദൈവത്തെ അവരറിഞ്ഞില്ല. ഒരു ശിക്ഷയെന്ന നിലയില്‍ അവന്‍ യുദ്ധം അനുവദിക്കുന്നുണ്ട്. എന്നാല്‍ അത്തരം അനുമതികളും യുദ്ധങ്ങളും രാജ്യം പണിയുന്നില്ല. അതു സത്യത്തിലും പവിത്രതയിലും നിര്‍മ്മിക്കുന്നത് ആത്മാവാണ്.

പിതാവിന്റെ പ്രമാണങ്ങള്‍ വ്യക്തമായി പ്രതിനിധീകരിച്ചാണു ക്രിസ്തു വന്നത്. എന്നാല്‍ യഹൂദന്മാര്‍ സ്നേഹത്തിന്റെ ആത്മാവിനെയും സമാധാനത്തെയും തിരസ്കരിച്ചു. അക്രമവും യുദ്ധവുമാണ് അവര്‍ പിന്തുടര്‍ന്നത്. സമാധാനമുളവാക്കുന്ന ക്രിസ്തുവിനെ സ്വീകരിക്കാത്ത ജനതകളെല്ലാം ചെയ്യുന്നതു യഹൂദന്മാരുടെ പാപം തന്നെയാണ്. ധാര്‍മ്മികമായ കുറവുകളുമായി നമ്മുടെ പാപത്തെ സാമ്യപ്പെടുത്തരുത്; അവയൊക്കെ ദൈവത്തോടു നാം കാട്ടുന്ന ശത്രുത്വവും നമ്മള്‍ അവന്റെ സമാധാനത്തിന്റെ ആത്മാവിനെ തിരസ്കരിക്കുന്നതുമാണ്.

യേശുവിനെയും അവന്റെ രാജ്യത്തെയും സമാധാനത്തെയും ആളുകള്‍ തിരസ്കരിക്കുന്നതിന്റെ അടിസ്ഥാനകാരണം സത്യദൈവത്തെക്കുറിച്ചുള്ള അവരുടെ അറിവില്ലായ്മ(agnosticism)യാണ്. ആളുകള്‍ അവരുടെ തോന്നലുകളനുസരിച്ചാണു ദൈവങ്ങളെ സങ്കല്പിക്കുന്നത്. എന്നാല്‍ സ്നേഹത്തിന്റെ ഒരു ദൈവത്തെയാണു യേശു നമുക്കു വെളിപ്പെടുത്തിയത്. ആ സ്നേഹം തിരസ്കരിക്കുന്ന വ്യക്തി, അക്രമത്തിന്റെയും തെറ്റിന്റെയും പാത പിന്തുടരുന്നു. ക്രിസ്തുവിനെ തിരസ്കരിക്കുന്നവന്‍ സത്യദൈവത്തെ തിരസ്കരിക്കുന്നു.

യോഹന്നാന്‍ 15:24-25
24മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ ഞാന്‍ അവരുടെയിടയില്‍ ചെയ്തിരുന്നില്ലായെങ്കില്‍ അവര്‍ക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവര്‍ എന്നെയും എന്റെ പിതാവിനെയും കാണുകയും പകയ്ക്കുകയും ചെയ്തിരിക്കുന്നു. 25'അവര്‍ വെറുതെ എന്നെ പകച്ചു' എന്ന് അവരുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിനു തന്നെ.

ദൈവത്തിന്റെ ആത്മാവിനെ ചെറുക്കുന്നവരുടെ മേല്‍ അവന്റെ പിതൃത്വം ഒരു ന്യായവിധിയായിരിക്കുമെന്നുള്ള യേശുവിന്റെ അറിയിപ്പ്, അവന്റെ അസംഖ്യം അത്ഭുതങ്ങളോടൊപ്പം യേശു പ്രസ്താവിച്ചു. യേശു സൌഖ്യമാക്കിയതുപോലെയോ ഭൂതങ്ങളെ പുറത്താക്കിയതുപോലെയോ, കൊടുങ്കാറ്റിനെ ശാന്തമാക്കിയതുപോലെയോ ആയിരങ്ങള്‍ക്ക് ആഹാരം കൊടുത്തതും മരിച്ചവരെ ഉയിര്‍പ്പിച്ചതും പോലെയോ ഉള്ള കാര്യങ്ങള്‍ ഈ ലോകത്തിലാര്‍ക്കും ചെയ്യാന്‍ കഴിയില്ല. ഒരു പുതിയ സൃഷ്ടിയുടെ തെളിവുകളും ദൈവം അവനില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ അടയാളങ്ങളുമായിരുന്നു അവ. രാഷ്ട്രീയമായ നേട്ടങ്ങളോ സാമ്പത്തികമായ മെച്ചങ്ങളോ രാഷ്ട്രത്തിന് ആ അത്ഭുതങ്ങളില്‍ ഇല്ലാത്തതിനാല്‍, യഹൂദന്മാര്‍ ആ അടയാളങ്ങള്‍ക്കു പ്രാധാന്യമൊന്നും നല്‍കിയില്ല. എന്നാല്‍ യേശുവിന്റെ സ്നേഹത്തിന്റെ ആധികാരികത അവര്‍ ശ്രദ്ധിച്ചപ്പോള്‍, ഈ പ്രവൃത്തികള്‍ തന്നെ ഒരു ഇടര്‍ച്ചക്കല്ലായിത്തീര്‍ന്നു. കാരണം, അവര്‍ പിതാവില്‍ വിശ്വസിക്കുകയില്ലല്ലോ. യഹൂദന്മാര്‍ പരിശുദ്ധാത്മാവിന്റെ ആകര്‍ഷണത്തിനെതിരെ അവരുടെ ആത്മാവിനെ കൊട്ടിയടച്ചപ്പോള്‍, ദൈവത്തെ ഞെരുക്കുന്ന ആത്മാവിന്റെ തടവറയില്‍ ഇന്നു ജനകോടികള്‍ കഴിയുകയാണ്. ക്രിസ്തു ദൈവപുത്രനാണെന്നു സമ്മതിക്കാത്തവര്‍ അവന്റെ അനുയായികളെ വെറുക്കുന്നവരും ദൈവത്തെ വാസ്തവമായി അറിയാത്തവരുമാണ്. അവര്‍ അവരുടെ പാപത്തില്‍ തുടരുന്നവരും പരിശുദ്ധ ത്രിത്വത്തിനെതിരായി ദൂഷണം പറയുന്നവരുമാണ്. എന്നാലും യേശു അവരെ ശിക്ഷിക്കാതെ, അവന്റെ ദാസന്മാരിലൂടെ സ്നേഹത്തിന്റെ പ്രവൃത്തികള്‍ തുടര്‍ന്നു. സഹോദരാ, സഹോദരീ, ഈ ആത്മീയസംഘട്ടനത്തിനായി ഒരുങ്ങുക, സഹിഷ്ണുതയോടെ ഇതു തരണം ചെയ്യുന്നതിനും കഷ്ടതയനുഭവിക്കുന്നതിനുള്ള സന്നദ്ധതയ്ക്കും വേണ്ടുന്ന ശേഷി കര്‍ത്താവിനോടു ചോദിക്കുക.

പ്രാര്‍ത്ഥന: യേശുനാഥാ, ആളുകളുടെ വിദ്വേഷമുണ്ടായിട്ടും നിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതിനു നന്ദി. ഞങ്ങളുടെ ശത്രുക്കളെ സ്നേഹിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, അങ്ങനെയവര്‍ രക്ഷിക്കപ്പെടട്ടെ. നിന്റെ ശബ്ദം കേള്‍ക്കാനും, നിന്റെ ഹിതം ചെയ്യാനും, ആശ്വസിപ്പിക്കുന്ന നിന്റെ ആത്മാവിനെ സ്വീകരിക്കാനും അനേകരുടെ ഹൃദയങ്ങള്‍ തുറക്കണമേ. ഞങ്ങള്‍ക്കു വഴികാട്ടണമേ; കൂടുതല്‍ ശക്തിയും സഹിഷ്ണുതയും ഞങ്ങള്‍ക്കു ദാനം ചെയ്യണമേ.

ചോദ്യം:

  1. ക്രിസ്തുവിനെയും അവന്റെ സ്നേഹിതരെയും ലോകം പകയ്ക്കുന്നതെന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 14, 2012, at 11:03 AM | powered by PmWiki (pmwiki-2.3.3)