Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 085 (Christ predicts Peter's denial; God is present in Christ)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
B - കര്‍ത്താവിന്റെ അത്താഴത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ (യോഹന്നാന്‍ 13:1-38)

4. പത്രോസ് തള്ളിപ്പറയുന്നതു ക്രിസ്തു മുന്നറിയിക്കുന്നു (യോഹന്നാന്‍ 13:36-38)


യോഹന്നാന്‍ 13:36-38
36ശിമോന്‍ പത്രോസ് അവനോട്: കര്‍ത്താവേ, നീ എവിടെപ്പോകുന്നു എന്നുചോദിച്ചതിന്: ഞാന്‍ പോകുന്ന ഇടത്തേക്കു നിനക്ക് ഇപ്പോള്‍ എന്നെ അനുഗമിക്കാന്‍ കഴിയുകയില്ല; പിന്നത്തേതില്‍ നീ എന്നെ അനുഗമിക്കുമെന്നു യേശു അവനോട് ഉത്തരം പറഞ്ഞു. 37പത്രോസ് അവനോട്: കര്‍ത്താവേ, ഇപ്പോള്‍ എനിക്കു നിന്നെ അനുഗമിക്കാന്‍ കഴിയാത്തത് എന്ത്? ഞാന്‍ എന്റെ ജീവനെ നിനക്കുവേണ്ടി വെച്ചുകളയും എന്നു പറഞ്ഞു. 38അതിനു യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്ന് ഉത്തരം പറഞ്ഞു.

ഹൃദയം കലങ്ങിയ പത്രോസിനു യേശു സ്നേഹത്തെക്കുറിച്ചു പറഞ്ഞതൊന്നും ശ്രദ്ധിക്കാനായില്ല. അവരുടെ നാഥന്‍ അവരെ വിട്ടുപോയി, പീഡനവും ഒറ്റിക്കൊടുക്കലുമെല്ലാം അനുഭവിക്കാന്‍ പോകുന്നുവെന്നതു മാത്രമേ അവന് ആകെക്കൂടി അറിവുണ്ടായിരുന്നുള്ളൂ. അവന്‍ അവന്റെ നിഷ്കളങ്കതയിലും നിശ്ചയത്തിലും ആശ്രയിച്ചു. എന്തു വില കൊടുക്കേണ്ടിവന്നാലും താന്‍ യേശുവിനെ അനുഗമിക്കുമെന്ന് അവന്‍ ഉറപ്പുകൊടുത്തു. അവന്റെ കഴിവില്ലായ്മയും പരിമിതിയുമൊന്നും അവന്‍ മനസ്സിലാക്കിയില്ല, വീമ്പടിയൊക്കെ നിറവേറ്റാമെന്നായിരുന്നു അവന്റെ ബോദ്ധ്യം. യേശുവിനുവേണ്ടി അവന്‍ തീക്ഷ്ണതകൊണ്ട് എരിഞ്ഞു, അവനുവേണ്ടി പോരാടാനും മരിക്കാനും തയ്യാറായിരുന്നു.


C - മാളികമുറിയിലെ വിടവാങ്ങല്‍ പ്രസംഗം (യോഹന്നാന്‍ 14:1-31)

1. ക്രിസ്തുവിലെ ദൈവസാന്നിദ്ധ്യം (യോഹന്നാന്‍ 14:1-11)


യോഹന്നാന്‍ 14:1-3
1നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍. 2എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്; ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളോടു പറയുമായിരുന്നു. ഞാന്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കുവാന്‍ പോകുന്നു. 3ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലമൊരുക്കിയാല്‍, ഞാന്‍ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും.

യേശു തങ്ങളെ വിട്ടു പോകുന്നുവെന്ന വാര്‍ത്ത കേട്ട ശിഷ്യന്മാര്‍ അസ്വസ്ഥരായി. അവര്‍ക്ക് അവന്‍ പോകുന്നിടത്തേക്കു പോകാന്‍ കഴിയില്ലല്ലോയെന്നതായിരുന്നു കാരണം. യേശുവിനെ അനുഗമിക്കുമെന്നൊക്കെ വിശ്വാസത്തിന്റെ വീമ്പടിച്ച പത്രോസിന്റെ തള്ളിപ്പറച്ചിലിനെക്കുറിച്ചും യേശു മുന്നറിയിപ്പു നല്‍കി. യേശുവിനെ അനുഗമിച്ചത് അബദ്ധമായിപ്പോയി, അവന്‍ പെട്ടെന്നു വേര്‍പിരിയും അല്ലെങ്കില്‍ മരിച്ചുവെന്നും വന്നേക്കാം എന്നൊരു തോന്നല്‍ ചില ശിഷ്യന്മാര്‍ക്കെങ്കിലും ഉണ്ടായിക്കാണും. അവരുടെ വിഷാദത്തിനു വിരുദ്ധമായ ഒരുറച്ച കല്പനയാണു യേശു നല്‍കിയത്. ദൈവത്തില്‍ സമ്പൂര്‍ണ്ണമായി ആശ്രയിക്കുക, അവന്‍ എല്ലാ കാലത്തുമുള്ള ഉറച്ച അടിസ്ഥാനമാണ്, മറ്റുള്ളതെല്ലാം കുലുങ്ങുമ്പോഴും അവന്‍ കുലുങ്ങാതിരിക്കുന്നു. നമ്മുടെ ഉത്കണ്ഠകളെ അവന്‍ ശാസിക്കുന്നു. ഭയത്തിന്റെ അര്‍ത്ഥമാണ് അവിശ്വാസം. നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവു നിങ്ങളെ വഞ്ചിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല. ലോകത്തെ ജയിക്കുന്നത് ഇതാണ് - നിങ്ങളുടെ വിശ്വാസം.

യേശുവിന്റെ അനുയായികളില്‍നിന്ന് അവന്‍ ആവശ്യപ്പെടുന്നത് അതേ അളവിലുള്ള വിശ്വാസമാണ്. അതോടൊപ്പം അവന്റെ പിതാവ് അര്‍ഹിക്കുന്നതുപോലെയുള്ള ആത്മധൈര്യവും പ്രാര്‍ത്ഥനയും. പിതാവിനോടുകൂടെയുള്ളവന്‍ അവനാണ്. നമ്മുടെ ഭാവിക്കു പിതാവ് ഉറപ്പു നല്‍കുന്നതുപോലെ, പുത്രനും അതുപോലെ അവന്റെ ഉറപ്പു നല്‍കുന്നു. പുത്രനില്‍ പിതാവ് ഈ ലോകത്തില്‍ സന്നിഹിതനാണ്. നമ്മുടെ വിശ്വാസത്തെയാണ് അവന്റെ സ്നേഹം അര്‍ഹിക്കുന്നത്. പാറപോലെ ഉറപ്പുള്ളതാണ് അവന്റെ സത്യം.

അതുകൊണ്ട് അവന്റെ മരണത്തിനും സ്വര്‍ഗ്ഗാരോഹണത്തിനുംശേഷം സംഭവിക്കാന്‍ പോകുന്നതെന്താണെന്ന് അവന്‍ അല്പം വെളിപ്പെടുത്തി. നഗരങ്ങളിലോ നഗരപ്രാന്തങ്ങളിലോ ആര്‍ക്കുമുള്ളതിനെക്കാള്‍ വലുതും മികച്ചതുമായ ഒരു മാളിക ദൈവത്തിനുണ്ട്. ഉയരത്തിലുള്ള ദൈവത്തിന്റെ കൊട്ടാരം ഒരു വിശാലമായ നഗരത്തിനു സദൃശമാണ്, എല്ലാക്കാലത്തും എല്ലായിടത്തുമുള്ള വിശുദ്ധന്മാര്‍ക്കു വസിക്കത്തക്ക വിശാലമായ ഒന്ന്. ഇപ്പോള്‍ നിങ്ങള്‍ ഒരു കൂടാരത്തിലോ കുടിലിലോ താമസിച്ചാലും ദുഃഖിക്കേണ്ടതില്ല. നിങ്ങളുടെ പിതാവിന്റെ കൊട്ടാരത്തില്‍ ഒരുപാടു മുറികളും വിശാലമായ താമസസ്ഥലങ്ങളുമുണ്ട്. നിങ്ങള്‍ക്കുവേണ്ടി വൃത്തിയും ചൂടും നല്ല വെളിച്ചമുള്ളതുമായ ഒരു മുറി അവന്‍ ഒരുക്കിയിരിക്കുന്നു. പിതാവിന്റെയടുക്കല്‍ എന്നേക്കും വസിക്കാന്‍ നിങ്ങളെ ക്ഷണിച്ചിരിക്കുകയാണ്.

ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ ദൈവം സ്നേഹിക്കുകയും അവര്‍ക്കായി ഒരു സ്ഥലമൊരുക്കുകയും ചെയ്തിരിക്കുന്നു. യേശു സ്വര്‍ഗ്ഗത്തിലേക്കു മടങ്ങിയെത്തിയപ്പോള്‍, ഈ വാസസ്ഥലങ്ങള്‍ അവന്‍ നോക്കിയിട്ട് അധികമായ ഒരുക്കങ്ങള്‍ നടത്തി. പക്ഷേ അവന്‍ നമ്മുടെ അടുത്തേക്കു വരാനും തീരുമാനിച്ചു; നമ്മില്‍നിന്ന് അകന്നിരിക്കാനുള്ള മനോഭാവം അവനില്ല. അവന്‍ മടങ്ങിവന്ന് അവന്റെ അനുയായികളെ തന്നോടടുപ്പിക്കും. ഒരു മണവാളന്‍ മണവാട്ടിയെ സ്നേഹിക്കുന്നതുപോലെ അവരെ അവന്‍ സ്നേഹിക്കുന്നു. അങ്ങനെ തന്റെ മണവാട്ടിയെ തന്റെ പിതാവിനു മുന്നില്‍ കാഴ്ച വയ്ക്കാനാണ് അവനുദ്ദേശിക്കുന്നത്. പിതാവിനു പരിചയപ്പെടുത്താന്‍വേണ്ടിയല്ല, മറിച്ചു സ്വര്‍ഗ്ഗീയഭവനത്തില്‍ അവനെപ്പോലെയായിരിക്കാന്‍വേണ്ടി. നമ്മള്‍ എന്നേക്കും അവനോടൊപ്പം, അവന്റെ സംരക്ഷണത്തില്‍, അവന്റെ നന്മ കീര്‍ത്തിച്ചുകൊണ്ടിരിക്കും.

യോഹന്നാന്‍ 14:4-6
4ഞാന്‍ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങള്‍ അറിയുന്നു. 5തോമസ് അവനോട്: കര്‍ത്താവേ, നീ എവിടെപ്പോകുന്നുവെന്നു ഞങ്ങള്‍ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. 6യേശു അവനോട്: ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല.

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു, "ഞാന്‍ പോകുന്നത് എവിടേക്കാണെന്നു നിങ്ങള്‍ക്കറിയാം, ദൈവത്തിലേക്കുള്ള വഴിയും നിങ്ങള്‍ക്കറിയാം." തോമസിന്റെ പ്രതികരണം: "സമീപഭാവിയില്‍ നീ പോകുന്നത് എവിടേക്കെന്ന് ഞങ്ങള്‍ അറിയാതിരിക്കെ, ഞങ്ങള്‍ എങ്ങനെയാണ് ആ വഴിയറിയുന്നത്?" ദുഃഖിതനായ അവന് അകലെയുള്ള ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഭയം അവനെ പിടിച്ചുകുലുക്കി; അവനു ദിശാബോധം നഷ്ടപ്പെട്ടു.

യേശു അവനെ സൌമ്യമായി വീണ്ടും ഉറപ്പിച്ചു, "ദൈവത്തിലേക്കുള്ള വഴി ഞാനാണ്, എന്റെ സ്നേഹവും സത്യവുമാണു യഥാര്‍ത്ഥ ന്യായപ്രമാണം, അതാണു സ്വര്‍ഗ്ഗത്തിലേക്കു നയിക്കുന്നത്. മനുഷ്യരാശിക്കായുള്ള നിലവാരം ഞാനാണ്, അതിലൂടെ ദൈവം നിങ്ങളെ ന്യായം വിധിക്കും. അറിവില്ലാത്ത മനുഷ്യന്റെ നിലവാരംവെച്ചു നിങ്ങളെ നിങ്ങള്‍ അളക്കരുത്. ദൈവത്തിലേക്കു നയിക്കുന്ന പാതയിലൂടെ പോവുക. എന്റെയടുത്തേക്കു വരൂ, എന്നോടു നിങ്ങളെ താരതമ്യപ്പെടുത്തുക; നിങ്ങള്‍ മലിനരായ പാപികളെന്നല്ലാതെ മറ്റൊന്നുമല്ലെന്നു നിങ്ങള്‍ക്കു മനസ്സിലാകും."

ഭയത്തില്‍നിന്നു ഭയത്തിലേക്കും നിരാശയില്‍നിന്നു നിരാശയിലേക്കും ക്രിസ്തു നിങ്ങളെ തള്ളിക്കളയുകയില്ല. ജീവിതത്തിന്റെ താഴത്തെ തട്ടില്‍ നിങ്ങളെത്തുമ്പോള്‍, അവന്‍ കൈനീട്ടി രക്ഷിച്ചിട്ടു പറയും, "ഇതാ ഞാന്‍ നിനക്കു പുതിയ സത്യം നല്‍കുന്നു, പഴയ സത്യം നിന്റെ പിന്നിലാണ്. ഞാന്‍ നിനക്കായി മരിച്ചു, കൃപയാലുള്ള പുതിയ ഉടമ്പടി കൊണ്ടുവന്നിരിക്കുന്നു. നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടു; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു. ദത്തെടുപ്പിന്റെ യാഥാര്‍ത്ഥ്യത്തില്‍ വസിക്കാന്‍ എന്നോടു പറ്റിച്ചേര്‍ന്നുകൊള്‍ക. ദൈവത്തോടടുക്കുന്നതിലൂടെ എന്നില്‍ നിങ്ങള്‍ സത്യം പ്രാപിക്കും. എന്നെക്കൂടാതെ നിങ്ങള്‍ നശിക്കും."

നിങ്ങള്‍ പറഞ്ഞേക്കാം, "ഇതെല്ലാം ഞാന്‍ കേള്‍ക്കുന്നു, പക്ഷേ എനിക്കു വിശ്വാസമില്ല, ശക്തിയില്ല, പ്രാര്‍ത്ഥനയും വിശുദ്ധിയുമില്ല." യേശുവിന്റെ മറുപടി, "ഞാന്‍ നിങ്ങള്‍ക്കു നിത്യജീവന്‍ നല്‍കുന്നു; ഞാന്‍ ജീവന്റെ ഉറവിടമാണ്. വിശ്വാസത്തില്‍ എന്നെ മുറുകെപ്പിടിക്കുക, നിങ്ങള്‍ക്കു പരിശുദ്ധാത്മാവിനെ ലഭിക്കും. ഈ ആത്മാവില്‍ നിങ്ങള്‍ സമൃദ്ധിയായ ജീവന്‍ കണ്ടെത്തും." ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ എന്നേക്കും ജീവിക്കും. അവനില്‍നിന്ന് അകലരുത്; അവന്‍ നിങ്ങളുടെ ജീവനാണ്. ഒന്നുകില്‍ നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിച്ചു തുടരും, അതല്ലെങ്കില്‍ ക്രിസ്തുവില്‍ നിങ്ങള്‍ ജീവിക്കും. രണ്ടിന്റെയും ഇടയ്ക്കുള്ള ഒരു വഴിയില്ല. ക്രിസ്തു ആണു വിശ്വാസികളുടെ ജീവന്‍.

ക്രിസ്തുവുമായി ബന്ധിക്കപ്പെട്ടവരെല്ലാം ദൈവത്തിന്റെ മുമ്പില്‍നിന്ന്, അവനെ അനുകമ്പാര്‍ദ്രനായ ഒരു പിതാവായിട്ടാണു കാണുന്നത്. മതമോ തത്വജ്ഞാനമോ, നിയമമോ ശാസ്ത്രമോ നിങ്ങളെ ദൈവത്തോടടുപ്പിക്കുകയില്ല. ദൈവപുത്രനായ ക്രിസ്തുവിനു മാത്രമേ ഇതു ചെയ്യാന്‍ കഴിയൂ. അവനില്‍ പിതാവു നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നു. ദൈവത്തിന്റെ സമ്പൂര്‍ണ്ണമായ വെളിപ്പാടാണു യേശു. അവനിലൂടെയല്ലാതെ ആരും പിതാവിനെ അറിയുന്നില്ല. ദൈവത്തെ അറിയാനുള്ള പദവി നമുക്കു ലഭിച്ചിരിക്കുന്നു; ക്രിസ്തു സ്നേഹമായതിനാല്‍ നാം ദൈവത്തോടടുക്കുന്നു, ക്രിസ്തു നമ്മെ ദൈവമക്കളാക്കി.

യോഹന്നാന്‍ 14:7
7നിങ്ങള്‍ എന്നെ അറിഞ്ഞു എങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതല്‍ നിങ്ങള്‍ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.

ഈ ലോകത്തിന്റെ മക്കള്‍ അവരുടെ പാപം കാരണം ദൈവത്തില്‍നിന്ന് അകലെയാണ്. തന്നെത്താന്‍ ആര്‍ക്കും ദൈവത്തെ അറിയാന്‍ കഴിയില്ല. പിതാവിന്റെ മടിയിലിരിക്കുന്ന പുത്രനല്ലാതെ മറ്റാരും ദൈവത്തെ കണ്ടിട്ടില്ല. അവന്‍ നമ്മോടു പറയുന്നു: നിങ്ങള്‍ എന്നെ അറിഞ്ഞുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. എന്നാല്‍ അവര്‍ ഇത് അറിഞ്ഞില്ല. ശാസ്ത്രം അറിയുന്നതു മാത്രമല്ല അറിവ്, മറിച്ചു രൂപാന്തരവും പുതുക്കവുമാണ്. ദൈവത്തിന്റെ ജ്ഞാനം നമ്മില്‍ അവതരിക്കുന്നു, ജീവിതത്തില്‍ പ്രകടമാകുന്നു. വഞ്ചിതരാകരുത് - മതപരമായ പഠനങ്ങളെന്നാല്‍ അര്‍ത്ഥമാക്കുന്നത് ദൈവത്തെ അറിയുന്നതല്ല. സുവിശേഷത്തെ പ്രകാശിപ്പിക്കുന്ന വെളിച്ചത്തിനു വഴങ്ങുന്നതാണത്. നിങ്ങള്‍ രൂപാന്തരപ്പെട്ടു വെളിച്ചമായിത്തീരും.

ഒറ്റിക്കൊടുക്കുന്ന സമയത്തു യേശു ശിഷ്യന്മാരോട് ആശ്ചര്യകരമായ ഒരു കാര്യം പറഞ്ഞു, "ഇപ്പോള്‍ മുതല്‍ നിങ്ങള്‍ എന്നെ അറിയുന്നു. ഞാന്‍ വെറും സര്‍വ്വശക്തനായ വിജയി മാത്രമല്ല, ജ്ഞാനിയും മഹത്വമുള്ളവനുമല്ല, മറിച്ചു ലോകത്തിന്റെ പാപം ചുമന്നൊഴിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടും കൂടിയാണ്. എന്റെ പാപപരിഹാരമരണത്തില്‍ അനുരഞ്ജിപ്പിക്കുന്ന പിതാവായി ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നു. കാരണം, അവന്റെ ക്രോധത്തില്‍ നിങ്ങളുടെ പാപത്തെ അവന്‍ ശിക്ഷിക്കുകയോ നശിപ്പിക്കുകയോ ഇല്ല. മറിച്ച് അവന്‍ അവന്റെ പുത്രനായ എന്നെയാണു ശിക്ഷിക്കുക. അങ്ങനെ നിങ്ങള്‍ക്കു സ്വതന്ത്രരും വിശുദ്ധരുമായി, അവന്റെ മക്കളെന്ന കൂട്ടായ്മയിലേക്കു കടക്കാം."

ക്രൂശില്‍ ദൈവം തന്നെ പിതാവായി വെളിപ്പെടുത്തുന്നു. വാഴ്ത്തപ്പെട്ടവന്‍ ദൂരെയല്ല, അവന്‍ സ്നേഹവും ദയയും വിമോചനവുമാണ്. ദൈവം നിങ്ങളുടെ വ്യക്തിപരമായ പിതാവാണ്. എന്നില്‍ വിശ്വസിക്കുന്നവര്‍ നിങ്ങളാണ്, ദൈവത്തെക്കുറിച്ചുള്ള സത്യം അറിയുന്നതു നിങ്ങള്‍ മാത്രമാണ്. പെരുമാറ്റത്തിലും മൂല്യങ്ങളിലും മാന്യതയുള്ള പ്രായോഗികജ്ഞാനമുള്ളവരായിത്തീരാന്‍ ഈ ജ്ഞാനം നിങ്ങളെ രൂപാന്തരപ്പെടുത്തും.

യോഹന്നാന്‍ 14:8-9
8ഫിലിപ്പോസ് അവനോട്: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണം; എന്നാല്‍ ഞങ്ങള്‍ക്കു മതി എന്നു പറഞ്ഞു. 9യേശു അവനോടു പറഞ്ഞത്: ഞാന്‍ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പോസേ? എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണം എന്നു നീ പറയുന്നത് എങ്ങനെ?

"നിങ്ങള്‍ പിതാവിനെ കണ്ടും അറിഞ്ഞുമിരിക്കുന്നു"വെന്നു യേശു പറഞ്ഞപ്പോള്‍, ആശ്ചര്യപ്പെട്ട ഫിലിപ്പോസ് ഏറെക്കുറെ ഇങ്ങനെയാണു പറഞ്ഞുപോയത്: "ഇല്ല, ഞങ്ങള്‍ അവനെ കണ്ടിട്ടില്ല." എന്നാല്‍ അവന്‍ തന്റെ നാഥന്റെ ഗാംഭീര്യത്തില്‍ സംഭ്രമിച്ചുപോയി. പകരം ഇങ്ങനെയാണ് അവന്‍ പറഞ്ഞത്, "നാഥാ, ഞങ്ങള്‍ക്കു പിതാവിനെ കാണിച്ചുതന്നാല്‍ മതി.'' യേശുവിനെയും അവന്റെ ശക്തിയുടെയും രഹസ്യം അവനു പിടികിട്ടിയെന്നാണ് ഈ മറുപടി കാണിക്കുന്നത്. പിതാവുമായുള്ള അവന്റെ യോജിപ്പിലാണ് ആ രഹസ്യം ആശ്രയിച്ചിരിക്കുന്നത്. അവരെ വിട്ട് അവനു പോകേണ്ടിവന്നാല്‍, ഒരു നിമിഷത്തേക്കു പിതാവിനെ അവര്‍ക്കു കാണിച്ചുകൊടുത്താല്‍ മതി. അങ്ങനെ അവനെപ്പോലെ അവരും നിയോഗിക്കപ്പെടുകയും സര്‍വ്വശക്തന്റെ ശക്തിയാല്‍ കാക്കപ്പെടുകയും ചെയ്യും. അപ്പോള്‍ അവര്‍ ദൈവം എവിടെയെന്നു കണ്ടറിയുകയും, രോഗശാന്തിയുടെയും ഭൂതശാന്തിയുടെയും ശക്തിയും ജനത്തിന്മേലുള്ള അധികാരവും പ്രാപിക്കുകയും ചെയ്യും.

പക്ഷേ, ആ അപേക്ഷയിലൂടെ ഫിലിപ്പോസ് സമ്മതിച്ചത് അവന്‍ പിതാവിനെയോ പുത്രനെയോ ഇതുവരെ അറിഞ്ഞില്ലായെന്നാണ്. ദൈവത്വവും സത്യവും ഗ്രഹിക്കുന്നതില്‍ അവന്‍ പരാജയപ്പെട്ടു. യേശു ശാസിച്ചില്ല, അവന്‍ കരുണാര്‍ദ്രനായി. ആ അന്തിമസന്ധ്യയില്‍ ഈ മഹാസത്യം അവന്‍ വിളംബരം ചെയ്തു: "എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു." ഈ മര്‍മ്മപ്രധാനമായ വാക്കുകള്‍കൊണ്ടു ശിഷ്യന്മാര്‍ക്കു മുന്നിലെ മൂടുപടം യേശു വലിച്ചുകീറി. ദൈവത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതു ദര്‍ശനങ്ങളോ സ്വപ്നങ്ങളോ അല്ല; യേശുക്രിസ്തു എന്ന വ്യക്തി മാത്രമാണ്. അവന്‍ പ്രധാനപ്പെട്ട ഒരു വ്യക്തി മാത്രമല്ല, അവനില്‍ നാം കാണുന്നതു ദൈവത്തെത്തന്നെയാണ്. ഇന്നു നിങ്ങള്‍ യേശുവിനെ കണ്ട് അവനെ അംഗീകരിച്ചാല്‍ ദൈവത്തെക്കുറിച്ചുള്ള ദര്‍ശനം പ്രാപിക്കാന്‍ കഴിയും. തോമസും ഈ വാക്കുകള്‍ കേട്ടിട്ട് അതിന്റെ അര്‍ത്ഥം ഗ്രഹിക്കുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനുശേഷം, അവന്റെ നാഥന്റെ മുന്നില്‍ അവന്‍ തകര്‍ന്നു നിലവിളിച്ചു - "എന്റെ കര്‍ത്താവും ദൈവവുമായുള്ളവനേ!"

യോഹന്നാന്‍ 14:10-11
10ഞാന്‍ പിതാവിലും പിതാവ് എന്നിലും ആകുന്നുവെന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാന്‍ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നില്‍ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. 11ഞാന്‍ പിതാവിലും പിതാവ് എന്നിലുമെന്ന് എന്നെ വിശ്വസിക്കുവിന്‍; അല്ലെങ്കില്‍ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിക്കുവിന്‍.

സുവിശേഷം മനഃപാഠമാക്കിയ ഒരു ശിഷ്യനു യേശുവിന്റെ ഒരു മങ്ങിയ കാഴ്ച സാദ്ധ്യമാണ്. എന്നാല്‍ ആത്മാവിനാല്‍ അവന്റെ ഹൃദയത്തിനു രൂപാന്തരം വന്നില്ലെങ്കില്‍ യേശുവിന്റെ സാരാംശം ഗ്രഹിക്കുകയില്ല. തന്റെദൈവത്വത്തിലുള്ള ഒരു ആഴമേറിയ വിശ്വാസത്തിലേക്കാണു യേശു ഫിലിപ്പോസിനെ അടുപ്പിച്ചത്: "ഞാന്‍ പിതാവാകുന്നുവെന്നു നീ വിശ്വസിക്കുന്നുണ്ടോ? പിതാവിനെ മഹത്വപ്പെടുത്തുകയെന്നതാണ് എന്റെ ജീവിതലക്ഷ്യം. ഞാന്‍ പിതാവിലും പിതാവ് എന്നിലും ശാരീരികമായിട്ടുണ്ട്. സമ്പൂര്‍ണ്ണമായ ദൈവത്വം എന്നിലുണ്ട്. പരിശുദ്ധാത്മാവിന്റേതാണ് എന്റെ ജനനം, നിങ്ങള്‍ക്കിടയില്‍ ഞാന്‍ ജീവിച്ചതു പാപമില്ലാതെയാണ്. എന്നില്‍ അവന്‍ തന്റെ പിതൃനിര്‍വ്വിശേഷമായ നന്മയും അപാരമായ കരുണയും വെളിപ്പെടുത്തുന്നു."

"ഈ സാക്ഷ്യത്തിന് എന്റെ പക്കല്‍ തെളിവുണ്ട്: എന്റെ ആധികാരികമായ വാക്കുകളും ദൈവികപ്രവൃത്തികളുമാണ് അവ. എന്നിലെ പിതാവിന്റെ സാന്നിദ്ധ്യം വിശ്വസിക്കാന്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ടു തോന്നുന്നുണ്ടെങ്കില്‍, എന്റെ വചനങ്ങള്‍ ശ്രദ്ധിക്കുക, പിതാവ് അതിലൂടെയാണു സംസാരിക്കുന്നത്. ഈ വചനങ്ങള്‍ നിങ്ങള്‍ക്കു ജീവനും ശക്തിയും ധൈര്യവും നല്‍കും. എന്റെ വചനങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലാകുന്നില്ലെങ്കില്‍, എന്റെ പ്രവൃത്തികള്‍ നോക്കുക; ദൈവം തന്നെയാണു സ്വര്‍ഗ്ഗീയ അടയാളങ്ങള്‍മൂലം നിങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. നഷ്ടപ്പെട്ടുപോയ നിങ്ങളെ അവന്‍ എന്നിലൂടെയാണു രക്ഷിക്കുന്നത്. എന്റെ ക്രൂശീകരണസമയത്ത് ഏറ്റവും വലിയ ദൈവപ്രവൃത്തി നിങ്ങള്‍ കാണും - എന്റെ മരണത്താല്‍ മനുഷ്യരാശിയെ ദൈവത്തോടു നിരപ്പിക്കുന്നു. നിങ്ങളുടെ കണ്ണുകള്‍ തുറക്കൂ, ചെവികള്‍ കൊട്ടിയടയ്ക്കാതിരിക്കൂ. ക്രൂശിക്കപ്പെട്ടവനില്‍ നിങ്ങള്‍ ദൈവത്തെ തിരിച്ചറിയും. നിങ്ങളെ ശിക്ഷ വിധിക്കുകയും, എന്നാല്‍ത്തന്നെ രക്ഷിക്കുകയും ചെയ്യുന്ന സത്യദൈവം ഇതാണ്."

പ്രാര്‍ത്ഥന: യേശുനാഥാ, "എന്റെ കര്‍ത്താവും ദൈവവുമേ" എന്നു കൃപയാല്‍ ഞാന്‍ പറയുന്നു. എന്റെ അവിശ്വാസവും സ്നേഹമില്ലായ്മയും എന്നോടു ക്ഷമിക്കണമേ. നിന്റെ പരിശുദ്ധാത്മാവിന് എന്റെ അകക്കണ്ണുകള്‍ തുറക്കേണമേ, അങ്ങനെ നിന്നില്‍ ഞാന്‍ പിതാവിനെ കാണുകയും അവന്റെ സ്നേഹത്തിലേക്കു മാറുകയും ചെയ്യട്ടെ, അങ്ങനെ നിന്റെ ജ്ഞാനം മരണത്തെക്കാള്‍ ജീവനായിത്തീരുമല്ലോ. നിന്റെ മഹത്വത്തിന്റെ സാരാംശം അവിശ്വാസികള്‍ക്കു വെളിപ്പെടുത്തിയാലും, അങ്ങനെ വിശ്വാസത്താല്‍ അവര്‍ പുതുജീവന്‍ നേടട്ടെ.

ചോദ്യം:

  1. ക്രിസ്തുവും പിതാവായ ദൈവവും തമ്മിലുള്ള ബന്ധമെന്താണ്?

www.Waters-of-Life.net

Page last modified on May 14, 2012, at 10:05 AM | powered by PmWiki (pmwiki-2.3.3)