Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 077 (Jesus enters Jerusalem)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
A - വിശുദ്ധവാരത്തിന് ഒരു മുഖവുര (യോഹന്നാന്‍ 11:55 - 12:50)

2. യേശു യെരൂശലേമില്‍ പ്രവേശിക്കുന്നു (യോഹന്നാന്‍ 12:9-19)


യോഹന്നാന്‍ 12:9-11
9അവന്‍ അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടു യഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല, അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ലാസറിനെ കാണാനായിട്ടുംകൂടെ വന്നു. 10അവന്‍ ഹേതുവായി അനേകം യഹൂദന്മാര്‍ ചെന്നു 11യേശുവില്‍ വിശ്വസിക്കുകയാല്‍ ലാസറിനെയും കൊല്ലണമെന്നു മഹാപുരോഹിതന്മാര്‍ ആലോചിച്ചു.

യേശു ലാസറിനെ സന്ദര്‍ശിച്ചുവെന്ന വാര്‍ത്ത കേട്ട തലസ്ഥാനം ഇളകിമറിഞ്ഞു. ജനക്കൂട്ടം യെരൂശലേമില്‍നിന്ന് ഒലീവുമലയിലേക്കും ബേഥാന്യയിലേക്കും, ജീവന്‍ നല്‍കിയ അത്ഭുതം കാണാനായിട്ടു ചെന്നു.

സദൂക്യര്‍ പുനരുത്ഥാനത്തിലോ ആത്മാക്കളുടെ അസ്തിത്വത്തിലോ വിശ്വസിക്കാത്തവരായിട്ടുപോലും മഹാപുരോഹിതന്മാര്‍ അവരോടു ചാഞ്ഞു. എന്നിട്ടും അവര്‍ യേശുവിനെയും ലാസറിനെയും അങ്ങേയറ്റം വെറുത്തു. അവര്‍ ആ അത്ഭുതം തള്ളിക്കളഞ്ഞെന്നു മാത്രമല്ല, അത്ഭുതം ചെയ്തവനെ കൊല്ലണമെന്നും, മരണാനന്തരം പ്രത്യാശയ്ക്കുള്ള യാതൊരു വഴിയുമില്ലായെന്നു തെളിയിക്കേണ്ടതിനു രണ്ടുപേരെയും ശവക്കുഴിയിലാക്കണമെന്നും അവരാഗ്രഹിച്ചു. അപ്പോള്‍ത്തന്നെ, യേശുപ്രസ്ഥാനത്തിലെ വിശ്വാസമെല്ലാം തകര്‍ത്തുകളയാനും അവര്‍ക്ക് ആഗ്രഹമുണ്ടായി. ലാസറിനെ ഉയിര്‍പ്പിച്ചതു യേശു യഥാര്‍ത്ഥ മശീഹ ആണെന്നുള്ളതിന്റെ തെളിവായി ജനക്കൂട്ടം കണക്കാക്കിയല്ലോ.

യോഹന്നാന്‍ 12:12-13
12പിറ്റേന്നു പെരുന്നാള്‍ക്കു വന്നോരു വലിയ പുരുഷാരം, യേശു യെരൂശലേമിലേക്കു വരുന്നുവെന്നു കേട്ടിട്ട് 13ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ട് അവനെ എതിരേല്ക്കാന്‍ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ എന്ന് ആര്‍ത്തു.

എല്ലാവരുടെയും നാവില്‍ യേശുവിന്റെ നാമമായിരുന്നു, അവന്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്ന് അവര്‍ വീക്ഷിച്ചുകൊണ്ടിരുന്നു, "അവന്‍ ഓടിപ്പോകുമോ, അതോ പട്ടണം പിടിച്ചെടുക്കുമോ?" ബേഥാന്യയില്‍ ഒരു രാത്രി താമസിച്ചുകഴിഞ്ഞ്, അവന്‍ ശിഷ്യന്മാരോടൊപ്പം യെരൂശലേമിലേക്കു നീങ്ങുന്നതു നിരീക്ഷകര്‍ കണ്ടു, "പുതിയ രാജാവ് വരുന്നു, ദിവ്യനായ പരമാധികാരി വരുന്നു." കൂടുതല്‍ അത്ഭുതങ്ങളും വിജയങ്ങളും കാണാന്‍ അനേകര്‍ എഴുന്നേറ്റു. ചിലര്‍ ഈത്തപ്പനയോലകള്‍ മുറിച്ച് അവനെ സ്വീകരിക്കാന്‍ ചെന്നു. മറ്റു ചിലര്‍ രാജാക്കന്മാരുടെയും വീരനായകന്മാരുടെയും പ്രവേശനം ആഘോഷിക്കുന്ന ഗീതങ്ങള്‍ പാടി. അവര്‍ ഉല്ലസിച്ചുകൊണ്ട് ഉച്ചത്തില്‍ പറഞ്ഞു, "ഞങ്ങള്‍ നിന്നെ വാഴ്ത്തി മഹത്വപ്പെടുത്തുന്നു. നീ സര്‍വ്വശക്തനാണ്; കര്‍ത്താവിന്റെ നാമത്തില്‍, അവന്റെ പൂര്‍ണ്ണ അധികാരത്തോടെ നീ വന്നിരിക്കുന്നു. നിന്റെ അനുഗ്രഹത്തിനായി നന്ദി. ഞങ്ങളെ സഹായിച്ചാലും, സകല ലജ്ജയില്‍നിന്നും രക്ഷിച്ചാലും. നീ രക്ഷകനും നായകനും വീരനുമാണ്. നീയാണു ഞങ്ങളുടെ യഥാര്‍ത്ഥ രക്ഷകന്‍."

യോഹന്നാന്‍ 12:14-16
14യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ട് അതിന്മേല്‍ കയറി. 15"സീയോന്‍ പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവു കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു" എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. 16ഇത് അവന്റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല; യേശുവിനു തേജസ്കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും, തങ്ങള്‍ അവന് ഇങ്ങനെ ചെയ്തുവെന്നും എഴുതിയിരിക്കുന്നത് ഓര്‍മ്മ വന്നു.

യേശു ഈ കൈയടിയോടു പ്രതികരിച്ചില്ല. കാരണം, അവന്‍ ജനത്തെ അറിഞ്ഞിരുന്നു. ആരവാരത്തിനിടയില്‍ വഴികളില്‍നിന്ന് ഒച്ചയുണ്ടാക്കുമ്പോള്‍ അവര്‍ക്കു ശരിയായി കേള്‍ക്കാനോ ചിന്തിക്കാനോ കഴിഞ്ഞില്ല. അതുകൊണ്ട് അവന്‍ അവരോടു ദൃശ്യമായി സംസാരിച്ചു. അവരുടെ പാട്ടിനോടുള്ള പ്രതികരണമെന്ന നിലയില്‍ അവന്‍ കഴുതപ്പുറത്തു കയറിച്ചെന്നു: "സെഖര്യാവ് 9:9 ല്‍ വാഗ്ദത്തം ചെയ്തിട്ടുള്ള രാജാവ് ഞാനാണ്" എന്നു പറയുന്നതുപോലെയായിരുന്നു അത്. "ഭയപ്പെടാതെ സന്തോഷിച്ചുല്ലസിക്കുക. പട്ടണങ്ങളുടെ മതിലുകളും കവാടങ്ങളും ഞാന്‍ പൊളിക്കുകയില്ല, കൊല്ലുകയോ ദൈവത്തിന്റെ ന്യായവിധി നടപ്പാക്കുകയോ ഇല്ല. ഞാന്‍ നീതിമാനാണ്, മുഖപക്ഷമില്ലാത്തവനാണ്; അനാഥര്‍ക്കും വിധവമാര്‍ക്കും ന്യായവും കരുതലും നല്‍കുന്നവനാണ്."

"ദുഃഖമെന്നു പറയട്ടെ, എല്ലാവരും നീതിമാന്മാരല്ല. മിക്കവരും അനീതിയുള്ളവരാണ്. നേര്‍വഴി വിട്ടു തെറ്റിപ്പോകുന്നവരാണ്. ഭയപ്പെടേണ്ട, നിങ്ങള്‍ അര്‍ഹിക്കുന്നതുപോലെ ഞാന്‍ നിങ്ങളെ നശിപ്പിക്കുകയില്ല, നിങ്ങളിലുള്ള തിന്മയെ കീഴടക്കുകയേ ഉള്ളൂ. എന്റെ ശരീരത്തില്‍ നിങ്ങളുടെ പാപങ്ങള്‍ ഞാന്‍ വഹിക്കും, ഞാനൊരു വിജയിയാണ്, എന്നാലും ബലഹീനനായും പരാജയപ്പെട്ടവനായുമാണു ഞാന്‍ പ്രത്യക്ഷനാകുന്നത്. ഇങ്ങനെ ഞാന്‍ നിങ്ങളെ ദൈവക്രോധത്തില്‍നിന്നു വിടുവിക്കും; ആത്മീയയുദ്ധത്തില്‍ അവന്‍ വിജയശ്രീലാളിതനായി പുറത്തുവന്നു."

എന്നാല്‍ യേശുവിന്റെ ശിഷ്യന്മാരുള്‍പ്പെടെയുള്ള ജനക്കൂട്ടത്തിന് ഈ ദൃശ്യമായ ഉപമയിലെ യേശുവിന്റെ ഉദ്ദേശ്യം മനസ്സിലായില്ല. അവന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം, പരിശുദ്ധാത്മാവ് അവരുടെ മനസ്സു തുറന്നപ്പോഴാണു ക്രിസ്തുവിന്റെ സൌമ്യതയും അവനിലുള്ള ദൈവത്തിന്റെ മഹത്വവും അവര്‍ ഗ്രഹിച്ചത്. ഇതു രാഷ്ട്രീയവും ഭൌതികവുമായ മനുഷ്യന്റെ അഭിലാഷങ്ങളില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു. എന്നാല്‍ ക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ അവന്റെ അനുയായികള്‍ ഉല്ലസിച്ചാനന്ദിക്കാന്‍ പരിശുദ്ധാത്മാവ് ഇടയാക്കി - ആ പ്രവചനത്തിന്റെ അര്‍ത്ഥവും അതിന്റെ ആക്ഷരിക നിറവേറലും അവര്‍ ഗ്രഹിക്കുന്നതിനുമുമ്പു തന്നെ.

യോഹന്നാന്‍ 12:17-19
17അവന്‍ ലാസറെ കല്ലറയില്‍നിന്നു വിളിച്ചു മരിച്ചവരില്‍നിന്ന് എഴുന്നേല്പിച്ചപ്പോള്‍ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു. 18അവന്‍ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ട് അവനെ എതിരേറ്റുചെന്നു. 19ആകയാല്‍ പരീശന്മാര്‍ തമ്മില്‍ തമ്മില്‍: നമുക്ക് ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.

ബേഥാന്യയില്‍നിന്നു യേശുവിനെ അനുഗമിച്ചവരും തലസ്ഥാനത്തുനിന്ന് അവനെ എതിരേറ്റുവന്നവരും തമ്മില്‍ കിദ്രോന്‍ താഴ്വരയില്‍വെച്ചു സന്ധിച്ചു. കൂടെ വന്നവര്‍ വിളിച്ചുപറഞ്ഞു, "അവനെ നിങ്ങള്‍ നന്നായി സ്വീകരിക്കുന്നു, യേശുവാണല്ലോ മശീഹ, മശീഹയാണെന്നു തെളിയിച്ചുകൊണ്ടാണ് അവന്‍ മരിച്ചവനെ ഉയിര്‍പ്പിച്ചത്." ലാസറിന്റെ ഉയിര്‍പ്പാണു ജനക്കൂട്ടത്തിനു യേശുവിനെ അനുഗമിക്കാനുണ്ടായ വെളിച്ചത്തിന്റെ അടിത്തറ - അയ്യായിരം പേര്‍ക്ക് അഞ്ചപ്പംകൊണ്ടു തൃപ്തി വരുത്തുന്നതിനുവേണ്ടി. അവനൊരു മരിച്ചയാളെ ഉയിര്‍പ്പിച്ചതുമൂലമാണു മറ്റുള്ള ജനക്കൂട്ടം വരുന്നത്. രണ്ടു സന്ദര്‍ഭങ്ങളിലും യേശുവിനെ ആളുകള്‍ സ്നേഹിക്കുന്നതിന്റെ കാരണം ഭൌതികകാര്യങ്ങളാണ്, നീതിയോ അനുതാപമോ അല്ല.

ഉല്ലസിക്കുന്ന ജനക്കൂട്ടത്തിനടുത്തായി കുപിതരായ പരീശന്മാരും നേതാക്കളും നിന്നു. യേശുവിനോട് അസൂയ മൂത്ത അവര്‍, അവന്‍ നഗരം ആക്രമിക്കുന്നതു കാത്തുനിന്നു. ഭയന്നുവിറച്ച അവര്‍ തങ്ങളുടെ തോല്‍വി അംഗീകരിച്ചു. രഹസ്യമായി യേശുവിനെ അവരുടെ കൈയില്‍ വിട്ടുകൊടുക്കാനുള്ള പദ്ധതി ഫലവത്തായില്ല. വിജയിയായിട്ടാണ് അവന്‍ നഗരത്തില്‍ പ്രവേശിച്ചത്.

പ്രാര്‍ത്ഥന: യേശുനാഥാ, എന്റെ ഹൃദയവും മനസ്സും ഞാന്‍ നിനക്കായി തുറക്കുന്നു. നിന്റെ ആത്മാവിനാല്‍ എന്നിലേക്കു പ്രവേശിച്ചു നിന്റെ സ്വരൂപത്തിന് അനുരൂപമാക്കണമേ. എന്റെ പാപങ്ങള്‍ ക്ഷമിക്കണമേ, നീ എന്റെ ഹൃദയത്തില്‍ പ്രവേശിക്കാന്‍ എനിക്കു യോഗ്യതയില്ല. എന്റെ പാപങ്ങളുണ്ടെങ്കിലും നീ പ്രവേശിച്ചാലും. നീ എന്നെ സ്നേഹിച്ചു രക്ഷിക്കണമേ, എന്നെ നീ ദൈവവുമായി നിരപ്പിക്കുകയും നിന്റെ സമാധാനരാജ്യത്തിലേക്ക് എന്നെ കൊണ്ടുവരികയും ചെയ്തുവല്ലോ. "ഹോശന്നാ, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍" എന്ന് ആര്‍ക്കുന്നവരോടുകൂടെ ഞാനും ഉച്ചത്തില്‍ ഘോഷിക്കുന്നു. നീ എന്റെ രാജാവും ഞാന്‍ നിന്റെ സമ്പത്തുമാണ്. ആമേന്‍.

ചോദ്യം:

  1. യേശുവിന്റെ യെരൂശലേം പ്രവേശം എന്തിനെ കുറിക്കുന്നു?

www.Waters-of-Life.net

Page last modified on May 11, 2012, at 12:32 PM | powered by PmWiki (pmwiki-2.3.3)