Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 076 (Jesus anointed in Bethany)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
A - വിശുദ്ധവാരത്തിന് ഒരു മുഖവുര (യോഹന്നാന്‍ 11:55 - 12:50)

1. യേശുവിനെ ബേഥാന്യയില്‍വെച്ച് അഭിഷേകം ചെയ്യുന്നു (യോഹന്നാന്‍ 11:55 - 12:8)


യോഹന്നാന്‍ 11:55-57
55യഹൂദന്മാരുടെ പെസഹ അടുത്തിരിക്കുകയാല്‍ പലരും തങ്ങള്‍ക്കു ശുദ്ധി വരുത്തുവാന്‍ പെസഹയ്ക്കു മുമ്പെ നാട്ടില്‍നിന്നു യെരൂശലേമിലേക്കു പോയി. 56അവര്‍ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തില്‍ നിന്നുകൊണ്ട്: എന്തു തോന്നുന്നു? അവന്‍ പെരുന്നാള്‍ക്കു വരികയില്ലയോ എന്നു തമ്മില്‍ പറഞ്ഞു. 57എന്നാല്‍ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കണം എന്നുവെച്ച് അവന്‍ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാല്‍ അറിവു തരണമെന്നു കല്പന കൊടുത്തിരുന്നു.

പഴയനിയമത്തിലെ പ്രധാനപ്പെട്ട ഉത്സവമായിരുന്നു പെസഹ. ഈജിപ്തിലെ ദൈവക്രോധത്തില്‍നിന്നുള്ള വിമോചനത്തിന്റെ ആഘോഷമാണത്. അതിലൂടെ, അവര്‍ക്കായി ഒരുക്കിയ ദൈവകുഞ്ഞാടിന്റെ സംരക്ഷണത്തിന്‍ കീഴില്‍ അവര്‍ ജീവിച്ചു. അവര്‍ മരണാര്‍ഹരായിരുന്നു, എന്നാല്‍ വിശ്വാസത്താല്‍ അവര്‍ ജീവിച്ചു.

വര്‍ഷംതോറും യഹൂദന്മാര്‍ യെരൂശലേം സന്ദര്‍ശിച്ച്, ദൈവക്രോധത്തില്‍നിന്ന് അവരെ സംരക്ഷിച്ചതിനു നന്ദി പറയും. അസംഖ്യം ആടുകളെ അറുത്തുതിന്നും. അനേകര്‍ നേരത്തെത്തന്നെ യെരൂശലേമിലെത്തി അനുതപിച്ചു ശുദ്ധീകരണം പ്രാപിക്കുകയും, ദൈവകുഞ്ഞാടുമായി ചേരാനൊരുങ്ങുകയും ചെയ്യും. അങ്ങനെ അവര്‍ക്കു പെസഹാസദ്യ കഴിക്കാം. ആരെങ്കിലും ഒരു ശവം തൊട്ടാല്‍, അയാള്‍ ഏഴു ദിവസത്തേക്കു ശുദ്ധീകരണത്തിന്റെ ഒരു പരമ്പരതന്നെ അനുഷ്ഠിക്കണം. എങ്കില്‍ മാത്രമേ അവര്‍ ദൈവാലയപ്രവേശത്തിന് അര്‍ഹരാകൂ (സംഖ്യാ. 19:11).

ഈ സന്ദര്‍ഭത്തില്‍ വന്നവര്‍ നസറായനായ യേശുവിനെക്കുറിച്ചു തിരക്കി, "അവന്‍ വരുമോ, അതോ അവര്‍ അവനെ കാണുകയില്ലേ?" ഉപരിയായി, മതകോടതി യേശുവിനു വധശിക്ഷ വിധിച്ചുവെന്നും അവരറിഞ്ഞു. യഹൂദന്മാരില്‍ പലരോടും യേശുവിനെക്കുറിച്ചുള്ള വിവരം നല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടു. അവനെ പിടിക്കുന്നതിന്, എവിടെയെങ്കിലുംവെച്ച് അവനെ കണ്ടാല്‍ അറിയിക്കണമെന്നു പറഞ്ഞു. യേശുവിനെ വിഴുങ്ങാന്‍ മരണം വായ് പിളര്‍ന്നുകഴിഞ്ഞു.

യോഹന്നാന്‍ 12:1-3
1യേശു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ലാസര്‍ പാര്‍ത്ത ബേഥാന്യയിലേക്കു യേശു പെസഹയ്ക്ക് ആറു ദിവസം മുമ്പെ വന്നു. 2അവിടെ അവര്‍ അവനൊരു അത്താഴം ഒരുക്കി; മാര്‍ത്ത ശുശ്രൂഷ ചെയ്തു, ലാസറോ അവനോടുകൂടെ പന്തിയില്‍ ഇരുന്നവരില്‍ ഒരുവനായിരുന്നു. 3അപ്പോള്‍ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തല്‍ എടുത്തു യേശുവിന്റെ കാലില്‍ പൂശി തന്റെ തലമുടികൊണ്ടു കാല്‍ തുവര്‍ത്തി; തൈലത്തിന്റെ സൌരഭ്യംകൊണ്ടു വീടു നിറഞ്ഞു.

യേശുവിന് അവന്റെ ശത്രുക്കളുടെ വഞ്ചനയെക്കുറിച്ചു യാതൊരു ഭയവുമില്ലായിരുന്നു. അവന്‍ പിതാവിന്റെ ഹിതവുമായി പൊരുത്തപ്പെട്ടുകൊണ്ടു നേരെ യെരൂശലേമിലേക്കു പോയി. അവന്‍ ഏകാന്തത തേടാതെ, പെസഹയ്ക്ക് ഒരാഴ്ച മുമ്പെ യെരൂശലേമിലേക്കു മടങ്ങി. ബേഥാന്യയിലൂടെയാണ് അവന്‍ പോയത്, തലസ്ഥാനത്തുനിന്നു മൂന്നു കി. മീ. ദൂരമായിരുന്നു അവിടേക്ക്. തന്റെ ശക്തി പ്രകടമാക്കി മരണത്തെ ജയിച്ചു പിതാവിനെ മഹത്വപ്പെടുത്തിയ വീട്ടിലേക്ക് അവന്‍ വന്നു. ലാസര്‍ തിന്നുകുടിച്ചു ചന്തയിലും മറ്റും നടന്നു. ആളുകള്‍ അവനെക്കണ്ടു വിസ്മയിച്ചെങ്കിലും, മരണത്തെക്കുറിച്ചും പ്രേതക്കാഴ്ചകളെക്കുറിച്ചുമുള്ള ഭയം അവര്‍ക്കുണ്ടായിരുന്നു.

മതസമിതിയുടെ ഭീഷണിയുണ്ടായിട്ടും, മറിയയും മാര്‍ത്തയും ലാസറും ദൈവത്തിന്റെ മഹത്വം അനുഭവിച്ചവരും അതിനു സാക്ഷ്യം വഹിച്ചവരുമാണ്. യേശുവിനെയും ശിഷ്യന്മാരെയും സ്വീകരിച്ച ലാസര്‍ അതിസന്തോഷത്തോടെ അവര്‍ക്കു വിരുന്നൊരുക്കി. യേശുവിന്റെ സ്നേഹിതനായ ലാസര്‍, തന്നെ മരണത്തില്‍നിന്ന് ഉയിര്‍പ്പിച്ചവന്റെ അടുക്കലിരുന്നു. സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ഒരു ചിത്രമല്ലേ ഇതു നമുക്കു നല്‍കുന്നത്? ദൈവം അകലെയല്ല, നാം അവനോടുകൂടെ മഹത്വത്തില്‍ ഇരിക്കും.

വീട്ടുകാരിയായ മാര്‍ത്ത, വീട്ടിലെ നിക്ഷേപങ്ങള്‍ തുറന്നു, മരണത്തെ ജയിച്ചവനായ മശീഹയ്ക്ക് അവളത് അര്‍പ്പിച്ചു.

മറിയ നിഗൂഢമായ രീതിയില്‍ യേശുവിനെ മാനിച്ചു. ഒരാളിന്റെ ഒരാണ്ടത്തെ വേതനം കൊടുത്താല്‍ മാത്രം വാങ്ങാവുന്ന വിലയേറിയ സുഗന്ധദ്രവ്യമടങ്ങിയ ഭരണി കൊണ്ടുവന്നു. അവള്‍ അങ്ങേയറ്റം വിലയേറിയതായിക്കരുതിയതു യേശുവിനു നല്‍കാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അവന്റെ തലമേല്‍ അതു പൂശാനുള്ള യോഗ്യത തനിക്കുണ്ടെന്നു തോന്നാത്തതിനാല്‍, അവളുടെ ജീവിതകാലത്തെ സമ്പാദ്യം അവന്റെ കാലിലാണു പൂശിയത്. സ്നേഹം ശരാശരിയല്ല, എന്നാല്‍ ത്യാഗം ധാരാളമായതാണ്. അതിനുശേഷം സ്വന്തം തലമുടികൊണ്ടാണ് അവള്‍ അവന്റെ പാദങ്ങള്‍ തുടച്ചത്. നിഷ്കളങ്കവും വിശുദ്ധവുമായ സ്നേഹത്തിന്റെ ആ പ്രവൃത്തി, ആ വീട്ടിലെങ്ങും സുഗന്ധം പരത്തി. മറിയയുടെ ത്യാഗത്തിന്റെ സുഗന്ധം ആ വീട്ടിലുണ്ടായിരുന്നവരിലെല്ലാം നിറഞ്ഞു.

യോഹന്നാന്‍ 12:4-6
4എന്നാല്‍ അവന്റെ ശിഷ്യന്മാരില്‍ ഒരുത്തനായി അവനെ കാണിച്ചുകൊടുക്കാനുള്ള യൂദാ ഈസ്കര്യോത്താവ്: 5ഈ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദരിദ്രന്മാര്‍ക്കു കൊടുക്കാഞ്ഞത് എന്ത് എന്നു പറഞ്ഞു. 6ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവന്‍ കള്ളന്‍ ആകുകകൊണ്ടും പണസ്സഞ്ചി തന്റെ പക്കലായതിനാല്‍ അതില്‍ ഇട്ടത് എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞത്.

യേശുവിനെക്കാള്‍ യൂദാ സ്നേഹിച്ചതു പണത്തെയായിരുന്നു, യഥാര്‍ത്ഥ വിശ്വാസത്തെക്കാള്‍ ഭൌതികത്തിനു മുന്‍തൂക്കം നല്‍കി. അങ്ങനെ ത്യാഗത്തിനു പണത്തിന്റെ വില നല്‍കാനാണ് അവന്‍ തേടിയത്. അതിനോടു ബന്ധപ്പെട്ട ആത്മീയാനുഗ്രഹം അറിഞ്ഞില്ല. മറിയയുടെ ആരാധന, നന്ദിയര്‍പ്പണം, ക്രിസ്തുവിനു കീഴടങ്ങല്‍ എന്നിവയുടെ അര്‍ത്ഥം ഗ്രഹിക്കുന്നതില്‍ അവന്‍ പരാജയപ്പെട്ടു. പണത്തെ സ്നേഹിക്കുന്നവന്‍ ഒരു പിശാചായിത്തീരുന്നു. ദരിദ്രരെ സഹായിക്കുന്നതിനെന്ന നാട്യത്തില്‍ കപടഭക്തികൊണ്ടു യേശുവിനോടുള്ള വെറുപ്പ് അവന്‍ മൂടിവയ്ക്കുകയാണ്. അവനു ദരിദ്രരെക്കുറിച്ചു വിചാരമൊന്നുമില്ല, അവര്‍ക്ക് എന്തെങ്കിലും നല്‍കാനുള്ള ആഗ്രഹവുമില്ല. മറിച്ചു സ്വന്തമായി പണം സമ്പാദിക്കാനാണ് അവന്‍ ആഗ്രഹിച്ചത്. ആതുരസേവനം അവനു മോഷ്ടിക്കാനുള്ള ഒരു മറയായിരുന്നു, ദരിദ്രര്‍ക്കു കൊടുത്തതിനെക്കാളധികം സ്വന്തം കീശയില്‍ സൂക്ഷിക്കുക യായിരുന്നു; ചെറിയ കാര്യങ്ങളില്‍ വിശ്വസ്തത കാണിക്കാതെ മനോഭാവത്തിലും ചിന്തയിലും അവനൊരു കള്ളനായിരുന്നു.

ഈ ഖജാന്‍ജിയുടെ കണക്കൊന്നും യേശു പരിശോധിച്ചതേയില്ല. എന്നാല്‍ അവന്റെ വഞ്ചനയും അകൃത്യവും അറിഞ്ഞിട്ടും അവസാനത്തോളം അവനെ സഹിച്ചു. യൂദാ ഒരു കള്ളനും ചതിയനുമായിരുന്നു, സ്വസ്നേഹിയായ അവന്‍ പണത്തിന്റെ പ്രലോഭനത്തിന് അടിമയായി. സഹോദരാ, സഹോദരീ, താങ്കള്‍ക്കു പണത്തെയും ദൈവത്തെയും സേവിക്കാനാവില്ല. ഒരെണ്ണത്തെ നിങ്ങള്‍ സ്നേഹിക്കുകയും മറ്റേതിനെ വെറുക്കുകയും ചെയ്യും. നിങ്ങള്‍ വിഡ്ഢിയാകരുത്. നിങ്ങളുടെ ലക്ഷ്യം ദൈവമാണോ അതോ ലാഘവമായ ഒരു ജീവിതമാണോ?

യോഹന്നാന്‍ 12:7-8
7യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിനായി അവള്‍ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ. 8ദരിദ്രന്മാര്‍ നിങ്ങള്‍ക്ക് എല്ലായ്പോഴും അടുക്കല്‍ ഉണ്ടല്ലോ; ഞാന്‍ എല്ലായ്പോഴും അടുക്കല്‍ ഇല്ലതാനും എന്നു പറഞ്ഞു.

ഒരാള്‍ മറ്റൊരാളിന്റെ പാദങ്ങളില്‍ ഭരണിക്കണക്കിനു സുഗന്ധവസ്തു പകരുന്ന ധാരാളിത്തം ദൈവം നമ്മോടാവശ്യപ്പെടുന്നില്ല; നമുക്കു ചുറ്റുമുള്ള ദരിദ്രരുടെ ആവശ്യങ്ങള്‍ നാം കാണണമെന്നാണ് അവനാഗ്രഹിക്കുന്നത്. ദരിദ്രന്മാര്‍ എപ്പോഴും നമ്മോടുകൂടെയുണ്ടെന്ന ക്രിസ്തുവിന്റെ വാക്കുകള്‍ മായ്ക്കാന്‍ ഒരു പാര്‍ട്ടിക്കോ മതത്തിനോ പ്രത്യയശാസ്ത്രത്തിനോ കഴിയുകയില്ല. നമ്മുടെ സ്വാര്‍ത്ഥത വലുതും നമ്മുടെ സ്നേഹം ചെറുതുമാണ്. ഒരു ആത്മീയ സോഷ്യലിസം ഭൂമിയില്‍ സാദ്ധ്യമല്ല; എല്ലാവര്‍ക്കും തുല്യമായ കഴിവുകളും സമ്പത്തും പദവിയും ഉണ്ടാകുന്നതും അസാദ്ധ്യമാണ്. കഷ്ടപ്പെടുന്നവരെയും തിരസ്കരിക്കപ്പെട്ടവരെയും ഏകാകികളെയും നാം പോകുന്നിടങ്ങളിലെല്ലാം കണ്ടെത്തണം - കിഴക്കായാലും പടിഞ്ഞാറായാലും. സകല പട്ടണവും ഗ്രാമവും ഒരുപോലെയാണ്. അവിടങ്ങളിലുള്ള ദരിദ്രരെ അന്വേഷിക്കുക - അവരില്‍ നിങ്ങള്‍ യേശുവിന്റെ മുഖം കാണും.

മനുഷ്യരുടെ ഹൃദയങ്ങള്‍ തീക്കല്ലുപോലെ കടുപ്പമുള്ളതും മഞ്ഞുകട്ടപോലെ തണുത്തതുമാണെന്നു യേശുവിനറിയാമായിരുന്നു. അവര്‍ക്കായി മരിക്കാനുള്ള ഊഷ്മളമായ സ്നേഹവുമായാണ് അവന്‍ വന്നത്. അവന്റെ പാദങ്ങള്‍ തുടയ്ക്കാനും അവന്റെ ശവസംസ്കാരത്തിനായി അവനെ അഭിഷേകം ചെയ്യാനുമായി പരിശുദ്ധാത്മാവാണു മറിയയെ നയിച്ചതെന്നും അവനറിഞ്ഞു. ദിവ്യസ്നേഹം ആളുകളില്‍ കടക്കുമ്പോള്‍, അപ്രതീക്ഷിതമായ ആശ്ചര്യങ്ങള്‍ പ്രാപിക്കാന്‍ പരിശുദ്ധാത്മാവ് വഴികാട്ടും. ദിവ്യനായ അതിഥിയെ മഹത്വപ്പെടുത്താന്‍ മറിയ ഉദ്ദേശിച്ചിരുന്നു. അങ്ങനെ അവനെ നേരത്തെത്തന്നെ അഭിഷേകം ചെയ്യുന്നതിലേക്ക് ആത്മാവ് അവളെ നയിച്ചു. ഈ ദുഷ്ടലോകത്തെ നന്മയും കൃപയുമുള്ള ദൈവവുമായി അനുരഞ്ജിപ്പിക്കാന്‍ ക്രിസ്തു തുടക്കം കുറിക്കുന്നു.

പ്രാര്‍ത്ഥന: യേശുനാഥാ, ലാസറിനെ ഉയിര്‍പ്പിച്ചതിനായി ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു. മൂകമായ ശവക്കുഴിയെ നീ ഭയപ്പെട്ടില്ല. ഞങ്ങളും ഹൃദയവും സമ്പത്തുകൊണ്ടും, ഞങ്ങള്‍ക്കുള്ളതെല്ലാംകൊണ്ടും നിന്നെ സേവിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. ലുബ്ധ്, കപടഭക്തി, മോഷണം, പക എന്നിവയില്‍നിന്നു ഞങ്ങളെ വിടുവിക്കണമേ. നിന്റെ സ്നേഹംകൊണ്ടു ഞങ്ങളെ നിറയ്ക്കുകയും, നന്ദിപൂര്‍വ്വം ത്യാഗത്തിന്റെ വഴിയില്‍ ഞങ്ങളെ നയിക്കുകയും ചെയ്യണമേ.

ചോദ്യം:

  1. യേശു എന്തുകൊണ്ടാണു മറിയയുടെ തൈലാഭിഷേകം സ്വീകരിച്ചത്?

www.Waters-of-Life.net

Page last modified on May 11, 2012, at 12:32 PM | powered by PmWiki (pmwiki-2.3.3)