Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 070 (Jesus across the Jordan)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
4. ലാസറിനെ ഉയിര്‍പ്പിക്കലും പരിണിത ഫലവും (യോഹന്നാന്‍ 10:40 - 11:54)

a) യേശു യോര്‍ദ്ദാനക്കരെ (യോഹന്നാന്‍ 10:40 - 11:16)


യോഹന്നാന്‍ 10:40-42
40അവന്‍ യോര്‍ദ്ദാനക്കരെ യോഹന്നാന്‍ ആദിയില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്ന് അവിടെ പാര്‍ത്തു. 41പലരും അവന്റെ അടുക്കല്‍ വന്നു: യോഹന്നാന്‍ അടയാളമൊന്നും ചെയ്തിട്ടില്ല; എന്നാല്‍ ഇവനെക്കുറിച്ചു യോഹന്നാന്‍ പറഞ്ഞതൊക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. 42അവിടെ പലരും അവനില്‍ വിശ്വസിച്ചു.

യേശുവും പരീശന്മാരും തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ബേഥെസ്ദാ(അദ്ധ്യായം 5)യിലെ രോഗിയെ അവന്‍ സൌഖ്യമാക്കിക്കഴിഞ്ഞപ്പോള്‍ പരീശന്മാര്‍ ജനനേതാക്കന്മാരെ പ്രോത്സാഹിപ്പിച്ചു. യെരൂശലേമിലേക്കുള്ള അവന്റെ മൂന്നാമത്തെ സന്ദര്‍ശനത്തിനൊടുവില്‍, ഈ സംഘര്‍ഷം മൂര്‍ച്ഛിച്ചു. വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു, എന്നാല്‍ ഇരുള്‍ അതിനെ പിടിച്ചടക്കിയില്ല. ഈ സന്ദര്‍ഭങ്ങളിലെല്ലാം യേശു മരണത്തിന്റെ വക്കിലായിരുന്നു. അവന്‍ വീണ്ടും വീണ്ടും ദൈവാലയത്തില്‍ പ്രവേശിച്ചു, അവന്റെ ശിഷ്യന്മാരെ പരിജ്ഞാനപൂര്‍ത്തിയിലേക്കും വിശ്വാസത്തിലേക്കും നയിച്ചു- അപ്പോഴൊക്കെ അവനോടു പക മുഴുത്ത ശത്രുക്കളും അവിടെയുണ്ടായിരുന്നു.

പ്രതിഷ്ഠോത്സവത്തെത്തുടര്‍ന്ന്, യേശു യെരൂശലേം വിട്ട് യോര്‍ദ്ദാന്‍ മേഖലയ്ക്ക് അപ്പുറത്തേക്കു പോയി. അവിടെ മതകോടതിക്ക് അധികാരമൊന്നുമില്ല. യഹൂദന്റെ അധികാരത്തിനു പുറത്തുള്ള ഈ സ്ഥലത്താണു യോഹന്നാന്‍ സ്നാപകന്‍ പ്രസംഗിച്ചത്, എന്നാല്‍ ഇവിടം ഹെരോദാ രാജാക്കന്മാരുടെ കീഴിലായിരുന്നു. സ്നാപകന്‍ ഇവിടെ പ്രസിദ്ധനായിരുന്നു; യേശുവിനെക്കുറിച്ച് അവന്‍ പറഞ്ഞ സാക്ഷ്യം വ്യക്തമായിരുന്നു.

സ്നാപകന്‍ നിമിത്തം വിശ്വസിച്ചവര്‍ വിശ്വാസത്തില്‍ തുടര്‍ന്നു. അവരുടെ ഉപദേഷ്ടാവിനെ ശിരച്ഛേദം ചെയ്തു. യേശു എത്തിയപ്പോള്‍ അവര്‍ അവന്റെയടുത്തേക്ക് ഓടിച്ചെന്നു. അവന്റെ മനുഷ്യത്വം, മഹിമ, ശക്തി എന്നിവ അവര്‍ക്കറിയാമായിരുന്നു. അവന്റെ അടയാളങ്ങളുടെ മാതൃകകള്‍ യേശു അവര്‍ക്കു നല്‍കി - ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും വിശ്വസ്തതയോടെ പ്രസംഗിച്ചു. അനേകര്‍ സുവിശേഷത്തിനു ഹൃദയം തുറന്നു, സ്നാപകന്റെ പ്രവാചകവൃത്തിയിലുള്ള വിശ്വാസം മുറുകെപ്പിടിച്ചു- പ്രവാചകവൃത്തി തെളിയിക്കാന്‍ അവന്‍ അത്ഭുതമൊന്നും ചെയ്യാതിരുന്നിട്ടുപോലും. എന്നാല്‍ യേശു അവരുടെയടുത്തു വന്നയുടനെ, അവര്‍ അവനെ രക്ഷിതാവും നാഥനുമായി വിശ്വസിച്ചു.

യോഹന്നാന്‍ 11:1-3
1മറിയയുടെയും അവളുടെ സഹോദരി മാര്‍ത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസര്‍ എന്ന ഒരുത്തന്‍ ദീനമായിക്കിടന്നു. 2ഈ മറിയയായിരുന്നു കര്‍ത്താവിനെ പരിമളതൈലം പൂശി തന്റെ തലമുടികൊണ്ട് അവന്റെ കാല്‍ തുടച്ചത്. അവളുടെ സഹോദരനായ ലാസര്‍ ആയിരുന്നു ദീനമായിക്കിടന്നത്. 3ആ സഹോദരിമാര്‍ അവന്റെയടുക്കല്‍ ആളയച്ചു: കര്‍ത്താവേ, നിനക്കു പ്രിയനായവന്‍ ദീനമായിക്കിടക്കുന്നു എന്നു പറയിച്ചു.

യോര്‍ദ്ദാന്‍ പ്രദേശത്തു യേശു പ്രസംഗിച്ച കാലയളവില്‍, ലാസര്‍ എന്നു പേരായ ഒരാള്‍ രോഗിയായിത്തീര്‍ന്നു. ഒലീവുമലയിലുള്ള ഒരു ഗ്രാമവാസിയായിരുന്നു അയാള്‍. യേശു പലപ്പോഴും അവന്റെ വീട്ടില്‍ അതിഥിയായിച്ചെന്നിട്ടുണ്ട്. ലാസറിന്റെ സഹോദരി മാര്‍ത്തയുമായുള്ള മസീഹിന്റെ സംഭാഷണം പ്രസിദ്ധമാണ്. അവ മറ്റൊരു സുവിശേഷത്തില്‍ കാണുന്നതുകൊണ്ടു യോഹന്നാന്‍ അതൊന്നും എടുത്തുപറയുന്നില്ല. എന്നാലും, യേശുവിന്റെ പാദത്തില്‍ തൈലം പൂശിയത് ഈ മറിയയാണെന്നു യോഹന്നാന്‍ പറയുന്നുണ്ട്. യേശുവിന്റെ വചനത്തിനായി ഈ സ്ത്രീ ദാഹിക്കുകയായിരുന്നെന്നാണു സുവിശേഷകന്‍ പറയുന്നത്. അവന്റെ കാലില്‍ തൈലം പൂശിയശേഷം സ്വന്തം തലമുടികൊണ്ടാണ് അവള്‍ പാദങ്ങള്‍ തുടച്ചത് (യോഹ ന്നാന്‍ 12:1-8). അവളുടെ താഴ്മ, വിശ്വാസം, ദൈവപുത്രനോടുള്ള അവളുടെ സ്നേഹം എന്നിവ അവള്‍ പ്രകടിപ്പിച്ചു.

ലാസറിന്റെ രോഗവാര്‍ത്ത യേശുവിനെ ദുഃഖിതനാക്കി. എന്നിരുന്നാലും, ആ സഹോദരിമാരുടെ വിശ്വാസം അവരിലേക്ക് അവനെ അടുപ്പിച്ചു. സ്നേഹിതനെ സൌഖ്യമാക്കാന്‍ വേഗത്തില്‍ വരണമേയെന്ന് അവര്‍ യേശുവിനോടു കെഞ്ചിയില്ല, അവന്റെ സ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്ത അറിയിച്ചതേയുള്ളൂ; അകലെനിന്നുകൊണ്ടുതന്നെ യേശുവിനു സൌഖ്യമാക്കാനാവുമെന്നവിശ്വാസം അവര്‍ക്കുണ്ടായിരുന്നു. ലാസറിനോടുള്ള യേശുവിന്റെ വാത്സല്യംയേശുവിനെക്കൊണ്ടു പ്രവര്‍ത്തിപ്പിക്കുമെന്ന ഉറപ്പ് അവര്‍ക്കുണ്ടായിരുന്നു. "ലാസര്" എന്നതിന്റെയര്‍ത്ഥം "ദൈവം സഹായിച്ചു" എന്നാണ്. അങ്ങനെ യോഹന്നാന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയ അവസാനത്തെ അത്ഭുതത്തിനായുള്ള ആപ്തവാക്യമായി അവന്റെ പേരു മാറി.

യോഹന്നാന്‍ 11:4-10
4യേശു അതു കേട്ടിട്ട്: ഈ ദീനം മരണത്തിനായിട്ടല്ല, ദൈവപുത്രന്‍ മഹത്വപ്പെടേണ്ടതിനു ദൈവത്തിന്റെ മഹത്വത്തിനായിട്ടത്രേ എന്നു പറഞ്ഞു. 5യേശു മാര്‍ത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു. 6എന്നിട്ടും അവന്‍ ദീനമായിക്കിടക്കുന്നു എന്നു കേട്ടപ്പോള്‍ താന്‍ അന്ന് ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാര്‍ത്തു. 7അതിന്റെശേഷം അവന്‍ ശിഷ്യന്മാരോട്: നാം വീണ്ടും യഹൂദ്യയിലേക്കു പോകുക എന്നു പറഞ്ഞു. 8ശിഷ്യന്മാര്‍ അവനോട്: റബ്ബീ, യഹൂദന്മാര്‍ ഇപ്പോള്‍ത്തന്നെ നിന്നെ കല്ലെറിയാന്‍ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടേക്കു പോകുന്നുവോ എന്നു ചോദിച്ചു. 9അതിനു യേശു: പകലിനു പന്ത്രണ്ടു മണിക്കൂര്‍ ഇല്ലയോ? പകല്‍സമയത്തു നടക്കുന്നവന്‍ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല. 10രാത്രിയില്‍ നടക്കുന്നവനോ അവനു വെളിച്ചം ഇല്ലായ്കകൊണ്ട് ഇടറുന്നു എന്ന് ഉത്തരം പറഞ്ഞു.

ഈ വാര്‍ത്ത യേശു കേട്ടപ്പോള്‍, മരണത്തിന്റെ ശക്തികളുമായുള്ള പോരാട്ടത്തെക്കുറിച്ചു യേശു ബോധവാനായി. രോഗി മരണത്തിന്റെ ഇരയാകാതെ, ദൈവമഹത്വം പ്രകാശിപ്പിക്കുന്നവനായിരിക്കുമെന്നു യേശു മുന്നറിയിച്ചു. സ്നേഹിതന്‍ മരിക്കുന്നതിനു മുമ്പുതന്നെ താന്‍ ചെയ്യേണ്ടതെന്താണെന്നു യേശു അറിഞ്ഞിരുന്നു. യെരൂശലേമിന്റെ കവാടങ്ങളില്‍നിന്ന് ഏറെഅകലെയല്ലാത്ത സ്ഥലത്തുവെച്ച്, മരിച്ചവനെ ഉയിര്‍പ്പിക്കാനുള്ള തന്റെ അധികാരം പ്രത്യക്ഷമാകുമെന്നും അവനറിഞ്ഞു. അങ്ങനെ യെരൂശലേം നിവാസികള്‍ക്ക് അവിശ്വാസത്തിനുള്ള കപടന്യായമൊന്നും ഉണ്ടായിരിക്കുകയില്ല.

ദൈവത്തിന്റെ മഹത്വവും ക്രിസ്തുവിന്റെ മഹത്വീകരണവും ഒന്നാണ്. മഹത്വം വര്‍ദ്ധിച്ചു - കാരണം, അവന്‍ മരണത്തോട് ഏറ്റുമുട്ടി വിജയിച്ചു. മരണമുഖം കണ്ടു മനുഷ്യരാശി ആകെ ദുഃഖിക്കുകയാണ്. മരണം നേരെ നാശത്തിലേക്കാണു നയിക്കുന്നതെന്നാണ് അവര്‍ക്കു തോന്നുന്നത്. യേശുവിനു പിതാവിന്റെ ഇഷ്ടം അറിയാമായിരുന്നു, മരണവും അതിന്റെ ഫലവും അവനെ ബാധിച്ചില്ല. എന്നാല്‍ മരണത്തിന്റെ ഹേതു എന്തെന്ന് അവന്‍ ഗ്രഹിച്ചു. രോഗാതുരമായ ലോകത്തില്‍ ജീവന്‍ നടാന്‍ അവനു കഴിയും.

യേശു നേരെ ബേഥാന്യയിലേക്കു പോയില്ല; അവന്‍ രണ്ടു ദിവസം താമസിച്ചു. സ്നേഹിതനെ വിഴുങ്ങാന്‍ അവന്‍ മരണത്തിന് അനുവാദം നല്‍കി. അവനെ ആളുകള്‍ യഹൂദ്യയില്‍വെച്ചു കല്ലെറിയാന്‍ തുടങ്ങിയതിനു ശിഷ്യന്മാര്‍ സാക്ഷ്യം വഹിച്ചതാണ്. അതുകൊണ്ട് അവിടേക്കു പോകുന്നെന്നു കേട്ടപ്പോള്‍ അവര്‍ വിസ്മയിച്ചു. അവര്‍ക്കു ലാസറിനെക്കുറിച്ചുള്ള വിചാരമോ, ദൈവമഹത്വത്തിനു സാക്ഷ്യം വഹിക്കണമെന്ന ആഗ്രഹമോ ഇല്ലായിരുന്നു. അവര്‍ക്കു പ്രാണഭയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അപ്പോഴാണു യേശു ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്. അതായത്, പകല്‍സമയത്ത് ഒരാള്‍ക്കു സുരക്ഷിതമായി യാത്ര ചെയ്യാം. എന്നാല്‍ രാത്രിയില്‍ അയാള്‍ക്കു മാര്‍ഗ്ഗതടസ്സങ്ങളുണ്ടാകും. ക്രൂശീകരണത്തിന്റെ സമയം അടുത്തിരിക്കുകയാണ്, പകല്‍വെളിച്ചത്തിന്റെ മണിക്കൂറുകള്‍ അവസാനിച്ചിട്ടില്ല. അവര്‍ക്കു ദൈവകരങ്ങളില്‍ സുരക്ഷിതരായി ശാന്തമായി യെരൂശലേമിലേക്കു പോകണം.

ദൈവത്തിന്റെ കരുതലില്‍ ആശ്രയിക്കാത്തവരൊക്കെ, യേശുവിന്റെ ശത്രുക്കളെപ്പോലെ ഇരുട്ടില്‍ വസിക്കും - വിശ്വാസത്തിന്റെ വെളിച്ചം അവരുടെമേല്‍ ഉദിച്ചിട്ടില്ലല്ലോ. ഇങ്ങനെ അവനിലും അവന്റെ നായകത്വത്തിലും (leading) പരിപൂര്‍ണ്ണമായി ആശ്രയിക്കാന്‍ (വിശ്വസിക്കാന്‍) യേശു ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അവിശ്വാസം അവരെ ഇരുട്ടിലേക്കു വലിച്ചടുപ്പിക്കും. ഇരുട്ടിന്റെ നാഴികയില്‍ നമുക്കുള്ള ആശ്വാസമാണിത് - നമ്മുടെ കര്‍ത്താവിന്റെ ഇഷ്ടമില്ലാതെ നമുക്കൊന്നും സംഭവിക്കുകയില്ല. അവനിലാണു നമ്മുടെ ആത്മവിശ്വാസം.

പ്രാര്‍ത്ഥന: യേശുനാഥാ, ജീവനാഥനായ നിനക്കു നന്ദി; നിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ വഴി കാണുന്നു. ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങള്‍ നശിക്കുന്നതു കാണാനാഗ്രഹിക്കുമ്പോഴും നേര്‍പാതയില്‍ ഞങ്ങളെ നയിക്കണമേ. നിനക്കായി വേദനയും മരണവും സഹിക്കാനൊരുങ്ങുന്നതിനു ഞങ്ങളെ താമസിക്കാതെ സഹായിക്കണമേ. അങ്ങനെ ഞങ്ങള്‍ക്കായുള്ള നിന്റെ കരുതല്‍ ഞങ്ങളുടെ വിശ്വാസത്താല്‍ മഹത്വീകരിക്കപ്പെടട്ടെ.

ചോദ്യം:

  1. ലാസര്‍ മരിച്ചുപോയിട്ടും, ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചു യേശു പറഞ്ഞതെന്ത്?

www.Waters-of-Life.net

Page last modified on May 11, 2012, at 11:33 AM | powered by PmWiki (pmwiki-2.3.3)