Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 067 (Jesus is the Good Shepherd)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
3. യേശു നല്ല ഇടയന്‍ (യോഹന്നാന്‍ 10:1-39)

c) യേശു - നല്ല ഇടയന്‍ (യോഹന്നാന്‍ 10:11-21)


യോഹന്നാന്‍ 10:11-13
11ഞാന്‍ നല്ല ഇടയനാകുന്നു; നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. 12ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരന്‍ ചെന്നായ് വരുന്നതു കണ്ട് ആടുകളെ വിട്ട് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കുകയും ചിന്നിച്ചുകളയുകയും ചെയ്യുന്നു. 13അവന്‍ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ.

കള്ളപ്രവാചകന്മാരും പുരോഹിതന്മാരുംകൂടി വഞ്ചിച്ച തന്റെ ജനത്തെ, ചിതറിയ, ഇടയനില്ലാത്ത ആടുകളായാണു ദൈവം നോക്കിയത്. അങ്ങനെ അവന്‍ ക്രിസ്തുവിനെ നല്ല ഇടയനായി നമുക്ക് അയച്ചുതന്നു. വന്നപ്പോള്‍ അവന്‍ പറഞ്ഞു, "ഇതാ, ഞാന്‍ യഥാര്‍ത്ഥ രാജാവായും മഹാപുരോഹിതനായും, അന്തിമവെളിപ്പാടോടുകൂടിയ പ്രവാചകനായും വന്നിരിക്കുന്നു." ഇടയ ദൌത്യത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ക്രിസ്തുവില്‍ സമ്മേളിക്കുന്നതായി നാം കാണുന്നു. "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്ന ഏവരുമേ, എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും." ഞാന്‍ നിങ്ങളെ ചൂഷണം ചെയ്യുകയില്ല, തെറ്റായ ജീവിതലക്ഷ്യത്തില്‍നിന്നും നാശത്തില്‍നിന്നും നിങ്ങളെ രക്ഷിക്കുകയേ ഉള്ളൂ.

നല്ലയിടയന്‍ അവന്‍ മാത്രമാണെന്നതിന്റെ തെളിവ്, ആടുകള്‍ക്കുവേണ്ടി സ്വന്തജീവന്‍ കൊടുക്കാന്‍ തുടക്കം മുതല്‍ക്കേ അവന്‍ കാണിച്ച സന്നദ്ധതയാണ്. അവന്റെ ശരീരം വയ്ക്കുമെന്നല്ല, മറിച്ചു ശരീരം, ദേഹി, ആത്മാവ് എന്നിവയെ ദൈവത്തിന്റെ ആട്ടിന്‍കൂട്ടത്തിന്റെ രക്ഷയ്ക്കായി വയ്ക്കുമെന്നാണ്. തന്റെ അനുയായികളെ രക്ഷിക്കാനായി ആദ്യനിമിഷം മുതല്‍ക്കേ അവന്‍ കഷ്ടപ്പെട്ടു. സ്വയം ത്യജിക്കുന്ന ജീവിതത്തിന്റെ കിരീടമായിരുന്നു അവന്റെ മരണം. യേശു അവനുവേണ്ടി ജീവിക്കുകയോ മരിക്കുകയോ ചെയ്തില്ലെന്നോര്‍ക്കുക. അവന്‍ ജീവിച്ചതും മരിച്ചതും നിങ്ങള്‍ക്കുവേണ്ടിയാണ്.

അപകടവേളയില്‍ ഓടിയൊളിക്കുന്നതിനാലും, തങ്ങള്‍ക്കായിത്തന്നെ കരുതുന്നതിനാലും, വിശ്വാസമില്ലാത്ത ഇടയന്മാരെ നമുക്കു കണ്ടുപിടിക്കാം. അവര്‍ ആടുകളെ ചെന്നായ്ക്കള്‍ക്കെറിഞ്ഞുകൊടുക്കുന്നു, അവ തക്കംനോക്കിയിരിക്കുകയാണ്. അവ മൃഗങ്ങളല്ല, പക്ഷേ മൃഗസമാനരാണ്; അവരുടെ പിതാവു സാത്താനാണ്. പണ്ടേയുള്ള ചെന്നായെന്ന നിലയില്‍, വിഴുങ്ങുകയെന്നതാണു സാത്താന്റെ ഉദ്ദേശ്യം. അവന്റെ ആക്രമണങ്ങള്‍ ക്രൂരമാണ്, പീഡനവും കൊലയുമാണ്. സുഖകരമായ പ്രലോഭനങ്ങളും വെളുത്ത കള്ളങ്ങളുമായിട്ടാണ് അവന്‍ വരുന്നത്. സ്നേഹം ഉപായമാക്കിക്കൊണ്ടുള്ള കപടോപദേശങ്ങള്‍ നാം സഹിക്കുകയോ അറിഞ്ഞില്ലെന്നു നടിക്കുകയോ ചെയ്യരുത്. എന്നാല്‍, ആവശ്യമെങ്കില്‍ സ്നേഹത്തിനുവേണ്ടി നാം സത്യത്തെ ബുദ്ധിയോടും കരുത്തോടുംകൂടി പ്രതിരോധിക്കണം. പൈശാചികശക്തികളുമായി ക്രിസ്തു നിരന്തരം സംഘട്ടനത്തിലായിരുന്നുവെന്ന് അവന്റെ ജീവിതം തെളിയിക്കുന്നു. അവന്റെ ദാസന്മാരോട് അവന്‍ സത്യം മുഴുവന്‍ സ്നേഹത്തോടെ പറഞ്ഞു. അങ്ങനെ അവര്‍ ആട്ടിന്‍ കൂട്ടത്തെ പ്രയത്നം ചെയ്തു സേവിക്കുകയും, സാത്താന്റെ ആക്രമണ ങ്ങളില്‍നിന്ന് ആട്ടിന്‍കൂട്ടത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. വിശന്നുവലഞ്ഞ ചെന്നായുടെ ഉദ്ദേശ്യം വ്യക്തമാണ്. വ്യാജാരോപണങ്ങളും കഠിനമായ പീഡനങ്ങളുംകൊണ്ട് ദൈവസഭയെ തകര്‍ക്കാന്‍ അവനാഗ്രഹിക്കുന്നു. ദൈവത്തിന്റെ ആട്ടിന്‍കൂട്ടത്തിലെ സേവനവും മാനവും നിങ്ങള്‍ തേടുന്നുണ്ടോ? ഇതിനര്‍ത്ഥം കലഹം, കഷ്ടത, ത്യാഗം, നേട്ടം/സുഖം എന്നിവ തേടാതിരിക്കല്‍ എന്നിവയൊക്കെയാണ് ഇതിന്റെ അര്‍ത്ഥമെന്നു ശ്രദ്ധിക്കുക.

യോഹന്നാന്‍ 10:14-15
14ഞാന്‍ നല്ല ഇടയന്‍; പിതാവ് എന്നെ അറിയുകയും ഞാന്‍ പിതാവിനെ അറിയുകയും ചെയ്യുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെ അറിയുകയും എനിക്കുള്ളവ എന്നെ അറിയുകയും ചെയ്യുന്നു. 15ആടുകള്‍ക്കുവേണ്ടി ഞാന്‍ എന്റെ ജീവനെ കൊടുക്കുന്നു.

താന്‍ നിസ്തുല്യനായ ഇടയനാണെന്ന അവകാശവാദം ക്രിസ്തു ആവര്‍ത്തിച്ചു. ശത്രുവിനെ പൂര്‍ണ്ണമായി നമുക്കറിയാത്തതുകൊണ്ട്, ശുശ്രൂഷിക്കേണ്ടതുപോലെ ശുശ്രൂഷിക്കാന്‍ നമുക്കു കഴിയാതെ നാമെല്ലാം പരാജയപ്പെടുന്നു. ആടുകളുടെ മാനസികനിലയും നാം പൂര്‍ണ്ണമായി ഗ്രഹിക്കുന്നില്ല, ഏറ്റവും നല്ല പുല്പുറങ്ങളിലേക്ക് അവയെ നയിക്കേണ്ടത് എങ്ങനെയെന്നും നമുക്കറിഞ്ഞുകൂടാ. ക്രിസ്തുവിന് ഓരോ വ്യക്തിയെയും പേരുസഹിതം അറിയാം, ആ വ്യക്തിയുടെ ഭൂതകാലവും വിചാരങ്ങളും ഭാവിയും അവനറിയുന്നു.

യേശു അവന്റെ സ്വന്തജനത്തെ തിരഞ്ഞെടുക്കുകയും, അവനെ വ്യക്തിപരമായി അറിയാനുള്ള വരം അവര്‍ക്കു കൊടുക്കുകയും ചെയ്തു. അവര്‍ അവനെ നന്നായി അറിയുന്തോറും, അവന്‍ അവരെ ഒരിക്കലും തള്ളിക്കളയാത്തത് എന്തുകൊണ്ടെന്ന് അവര്‍ അത്ഭുതപ്പെടും. അവന്റെ സാന്നിദ്ധ്യം തന്നെ അവരുടെ വീഴ്ചകള്‍ കാണിക്കുന്നു. ഈ ഏറ്റുമുട്ടല്‍ വലിയ സ്നേഹം ഉളവാക്കുന്നു, കൃതജ്ഞതയിലേക്കും നിത്യമായ ഉടമ്പടിയിലേക്കും അതു നീങ്ങുന്നു.

യേശുവും അവന്റെ ആട്ടിന്‍കൂട്ടവും തമ്മിലുള്ള ഈ പരസ്പരമുള്ള അറിവ് ഉപരിപ്ളവമോ ലൌകികമായതോ അല്ല. അത് ആത്മാവിന്റെ ഒരു വരമാണ്. കാരണം, അവന്‍ പിതാവിനെ കാണുന്നതുപോലെയും പിതാവു പുത്രനെ അറിയുന്നതുപോലെയും അവനെ നാം അറിയുന്നു. ഇതൊരു രഹസ്യമാണ്; അതായത്, ഓരോ ക്രിസ്ത്യാനിയിലും പരിശുദ്ധാത്മാവ് ഇറങ്ങുന്നതുമൂലം, ക്രിസ്തുവിലൂടെയുള്ള ദൈവിക ജ്ഞാനത്താല്‍ സത്യത്തിന്റെ വെളിപ്പാടു പ്രാപിക്കുന്നു. ദൈവത്തിന്റെ ആത്മാവ് അവന്റെ ആട്ടിന്‍കൂട്ടത്തില്‍ വസിക്കുകയും അവരില്‍ നിറയുകയും ചെയ്യുന്നു. ഒരാളെയും വിട്ടുകളയുന്നില്ല.

യോഹന്നാന്‍ 10:16
16ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറെ ആടുകള്‍ എനിക്കുണ്ട്; അവയെയും ഞാന്‍ നടത്തേണ്ടതാ കുന്നു; അവ എന്റെ ശബ്ദം കേള്‍ക്കും; ഒരു ആട്ടിന്‍കൂട്ടവും ഒരിടയനുമാകും.

ക്രിസ്തു മരിച്ചത് ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിനു വേണ്ടിയല്ല, എല്ലാവര്‍ക്കും വേണ്ടിയാണ്. പഴയനിയമത്തിന്റെ മര്‍ക്കടമുഷ്ടിക്കാരെ യേശു രക്ഷിച്ചില്ല, മറിച്ചു ജാതികളുടെയിടയിലെ ദുഷിച്ച ആട്ടിന്‍കൂട്ടത്തെയാണ് അവന്‍ രക്ഷിച്ചത്. ലോകമെമ്പാടുംനിന്നുള്ള ആടുകളെ തന്റെ മരണം വീണ്ടെടുക്കുമെന്ന് അവന്‍ മുന്‍കൂട്ടി പറഞ്ഞു. സ്വയമായി ദൈവത്തിലേക്കു വരാന്‍ ആര്‍ക്കും കഴിഞ്ഞില്ല; അവര്‍ക്കൊരു വഴികാട്ടി ആവശ്യമായിരുന്നു, ഒരു നല്ലയിടയന്‍. ഇതു ക്രിസ്തു ആയിരിക്കും. വ്യക്തിപരമായി അവന്‍ രാഷ്ട്രങ്ങളുടെയും വ്യക്തികളുടെയും പ്രഭുവാണ്. അവന്റെ വചനത്താലാണ് അവന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നത്. ആടുകള്‍ അവയുടെ ഇടയന്റെ ശബ്ദം തിരിച്ചറിയുന്നതുപോലെ, എല്ലായിടത്തുമുള്ള ആളുകള്‍ ക്രിസ്തുവിന്റെ ശബ്ദം കേള്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്നു, അവര്‍ നൊടിയിടയില്‍ രൂപാന്തരപ്പെടുകയും ചെയ്യുന്നു. പഴയനിയമത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍, ജാതികളുടെയിടയില്‍നിന്നു മാനസാന്തരപ്പെട്ടവര്‍ എന്നിവരില്‍നിന്ന്, ക്രിസ്തുവിന്റെ നേതൃത്വത്തിന്‍കീഴില്‍ ഒരു പുതിയ ആത്മീയ ഐക്യം ഉടലെടുക്കുന്നു. പുതിയ നിയമത്തിന്റെ ആളുകള്‍ ഇന്നു ദൈവത്തിന്റെ ആട്ടിന്‍കൂട്ടമാണ്, യേശു നമ്മുടെ ഇടയനാണ്. സന്തോഷത്തോടെ സുവിശേഷം കേള്‍ക്കുകയും ദൈവപുത്രനായ ക്രിസ്തുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ സത്യസഭയുടെ വകയാണ്, അവര്‍ വ്യത്യസ്ത സഭാവിഭാഗങ്ങളിലുള്ളവരാണെങ്കില്‍പ്പോലും. നമുക്ക് ഒരാത്മാവ്, ഒരു നാഥന്‍, ഒരു പിതാവാണുള്ളത്. ക്രിസ്തുവിന്റെ രക്തത്താല്‍ ശുദ്ധീകരണം പ്രാപിച്ചവരിലെല്ലാം ഈ ആത്മാവു വരുന്നു. ക്രിസ്തുവിന്റെ ആട്ടിന്‍പറ്റത്തിന്റെ ഒരുമ നാം സങ്കല്പിക്കുന്നതിലും വലുതാണ് - എല്ലാ മൂലയില്‍നിന്നുമുള്ള ആടുകളെ അതിലേക്കു ചേര്‍ക്കുന്നു. നല്ലയിടയന്‍ അവന്റെ വിശ്വസ്തരും എളിമയുള്ളവരുമായ അനുയായികളെ തേജസ്സിലേക്കു നയിക്കുന്നതിനു വ്യക്തിപരമായി വരുന്നു. അങ്ങനെ ഒരാട്ടിന്‍കൂട്ടവും ഒരിടയനുമാകും. എന്നാല്‍ മാനുഷികസമ്പ്രദായങ്ങള്‍കൊണ്ട് ആരെങ്കിലും ഒരു സഭ ഉളവാക്കാന്‍ തുനിഞ്ഞാല്‍, അതു കൊടിയ ചെന്നായയുടെ കെണിയിലായിരിക്കും പതിക്കുക. ആടുകളുടെ ശ്രദ്ധ ഇടയനില്‍നിന്നു തന്നിലേക്കു തിരിക്കുന്നതിനാണ് ആ ചെന്നായ ശ്രമിക്കുന്നത്. എന്നിരുന്നാലും, ക്രിസ്തുവിലേക്കു നാം അടുക്കുന്നില്ലെങ്കില്‍ നമുക്കു പരസ്പരം അടുക്കാന്‍ കഴിയില്ല.

യോഹന്നാന്‍ 10:17-18
17എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിനു ഞാന്‍ അതിനെ കൊടുക്കുന്നതുകൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നു. 18ആരും അതിനെ എന്നോട് എടുത്തുകളയുന്നില്ല; ഞാന്‍ തന്നെ അതിനെ കൊടുക്കുന്നു; അതിനെ കൊടുക്കാന്‍ എനിക്ക് അധികാരമുണ്ട്; വീണ്ടും പ്രാപിക്കാനും അധികാരമുണ്ട്; ഈ കല്പന എന്റെ പിതാവിങ്കല്‍നിന്ന് എനിക്കു ലഭിച്ചിരിക്കുന്നു.

ദൈവം സ്നേഹമാണെന്നും അവന്‍ പുത്രനെ എപ്പോഴും സ്നേഹിക്കുന്നുവെന്നും നാം വിശ്വസിക്കുന്നു. പിതാവിനു പ്രസാദമുള്ളതാണല്ലോ യേശു നിരന്തരം ചെയ്തത്. ദൈവത്തെ യഥാര്‍ത്ഥത്തില്‍ പ്രസാദിപ്പിക്കുന്നത് എന്താണെന്നു നാം ഇവിടെ വായിക്കുന്നു - അതു ക്രൂശു മാത്രമാണ്. ദൈവം നിര്‍ണ്ണയിച്ച ഉദ്ദേശ്യം ക്രിസ്തുവിന്റെ മരണമായിരുന്നു. ആട്ടിന്‍കൂട്ടത്തെ പാപത്തില്‍നിന്നു രക്ഷിക്കാന്‍, കുഞ്ഞാടിന്റെ രക്തത്തിലൂടെയുള്ള പാപമോചനവും ശുദ്ധീകരണവുമല്ലാതെ വേറൊരു വഴിയില്ല.

യേശുവിന്റെ മരണവും പുനരുത്ഥാനവും വലിയ അത്ഭുതങ്ങളാണ്. ജീവിക്കാന്‍വേണ്ടി താന്‍ മരിക്കുമെന്നാണ് അവന്‍ നമ്മോടു പറഞ്ഞത്. അതു നിര്‍ബന്ധത്താലല്ല, നൈസര്‍ഗ്ഗികമായിരുന്നു. കാരണം, പാപികളുടെ വീണ്ടെടുപ്പ് അവന്‍ ആഗ്രഹിച്ചു. അവന്‍ യഥാര്‍ത്ഥ സ്നേഹമാണ്. ലോകത്തെ രക്ഷിക്കാനുള്ള അധികാരം പിതാവ് അവനു നല്‍കി. ആ അധികാരം വീണ്ടും ജീവന്‍ എടുക്കാനുള്ളതായിരുന്നു. ക്രൂശില്‍ ക്രിസ്തുവിന്റെ വിജയത്തിന്റെ പൂര്‍ത്തീകരണം തടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പിശാചും അവന്റെ അനുയായികളും യേശുവിന്റെ വീണ്ടെടുപ്പുവേല പരാജയപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഈ പകയുള്ള പ്രവൃത്തി ക്രിസ്തുവിന്റെ ശക്തമായ സ്നേഹത്തിനു മുന്നില്‍ പരാജയപ്പെട്ടു. കയ്യാഫാവോ പീലാത്തോസോ മറ്റാരെങ്കിലുമോ അല്ല അവനെ മരിക്കാന്‍ നിര്‍ബന്ധിച്ചത്. യേശു തന്നെയാണു മരിക്കാന്‍ തീരുമാനിച്ചത്. അവനോടടുക്കുന്ന ചെന്നായയുടെ ദൃഷ്ടിയില്‍നിന്ന് അവന്‍ ഓടിപ്പോയില്ല, മറിച്ചു നമ്മെ രക്ഷിക്കുന്നതിന് അവന്‍ തന്നെത്താന്‍ അര്‍പ്പിച്ചു. ഇതു ദൈവത്തിന്റെ സമ്പൂര്‍ണ്ണഹിതമായിരുന്നു. സ്വര്‍ഗ്ഗനരകങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ യേശു ക്രൂശിന്മേല്‍ വിജയിച്ചു. ആ ദിവസം മുതല്‍ കുഞ്ഞാടിന്റെ രക്തംകൊണ്ടു മുദ്രയിട്ട ഉറപ്പ് അവന്റെ ആട്ടിന്‍കൂട്ടത്തിനുണ്ട്. പ്രതിസന്ധികള്‍, കഷ്ടപ്പാടുകള്‍ എന്നിവയിലൂടെ യേശുവിന്റെ മഹത്വത്തിലേക്ക് അവന്‍ നമ്മെ നയിക്കുന്നു.

യോഹന്നാന്‍ 10:19-21
19ഈ വചനം നിമിത്തം യഹൂദന്മാരുടെ ഇടയില്‍ പിന്നെയും ഭിന്നതയുണ്ടായി. 20അവരില്‍ പലരും: അവനു ഭൂതമുണ്ട്; അവന്‍ ഭ്രാന്തനാകുന്നു; അവന്റെ വാക്ക് കേള്‍ക്കുന്നത് എന്തിന് എന്നു പറഞ്ഞു. 21മറ്റു ചിലര്‍: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിനു കുരുടന്മാരുടെ കണ്ണു തുറക്കാന്‍ കഴിയുമോ എന്നു പറഞ്ഞു.

യഹൂദനേതാക്കന്മാര്‍ അയച്ച ചാരന്മാര്‍ക്ക്, യഹൂദന്മാരുടെയിടയില്‍നിന്നുകൊണ്ട് അവരുടെ നേതാക്കന്മാര്‍ കള്ളന്മാരും സാത്താന്റെ അനുയായികളുമാണെന്ന് യേശു വിവരിക്കുന്നതു കേട്ടിട്ട് അതിയായ കോപമുണ്ടായി. നല്ല ഇടയനാണെന്ന അവകാശവാദവും, പ്രത്യേകിച്ചു സകലജാതികളുടെയും ഇടയനുമാണെന്ന വാദവും അവരെ അത്യന്തം പ്രകോപിപ്പിച്ചു. ജാതികളെ മോശമായിട്ടാണല്ലോ യഹൂദന്മാര്‍ ഗണിച്ചിരുന്നത്. അവരുടെ വിചാരം ദൈവം തിരഞ്ഞെടുത്ത ജനം അവരാണെന്നായിരുന്നു. അവര്‍ അവനെ ഭൂതബാധിതനെന്നും ഭ്രാന്തനെന്നും വിളിച്ചു, അവനെ അവര്‍ കഠിനമായി വെറുത്തു. അടുത്തു നിന്നവരില്‍ മിക്കപേരും ഇതിനോടു യോജിച്ചു. ജനം യേശുവിനെതിരെ തിരിയുകയായിരുന്നു, അവന്റെ സ്വര്‍ഗ്ഗീയമായ ഉപദേശങ്ങളൊക്കെ അവര്‍ക്കു ഗ്രഹിക്കാവുന്നതിലും അപ്പുറമായിരുന്നല്ലോ.

എന്നിട്ടും അവന്റെ കേള്‍വിക്കാരില്‍ ചിലര്‍, യേശുവിന്റെ വാക്കുകളിലൂടെ തങ്ങള്‍ ദൈവശബ്ദം കേള്‍ക്കുന്നുവെന്നു പരസ്യമായി സാക്ഷ്യം പറയാന്‍ ധൈര്യപ്പെട്ടു. അവന്റെ വാക്കുകള്‍ വെറും പാഴ്ചിന്തകളല്ല, ശക്തി നിറഞ്ഞതും സൃഷ്ടിപരവുമാണ്. കുരുടന്റെ പാപങ്ങള്‍ അവന്‍ ക്ഷമിച്ചു. നിഷ്ക്കളങ്കരായ ചിലരുടെയുള്ളില്‍ അവന്റെ സ്നേഹത്തിന്റെ വേരിറങ്ങിയപ്പോള്‍, ജനക്കൂട്ടത്തില്‍ അവനോടുള്ള ശത്രുത്വം വളരുകയായിരുന്നു. എല്ലായ്പോഴും യേശു ജനത്തെ നയിച്ചതും നയിക്കുന്നതും ആത്മാവില്‍ ശാന്തമായി നിശ്ചിതലക്ഷ്യത്തിലേക്കാണ്.

പ്രാര്‍ത്ഥന: ഓ, യേശുവേ, ആടുകളുടെ ഇടയാ, മെരുക്കമില്ലാത്ത ആടുകളെ നീ തള്ളിക്കളയാതെ അവയെ കണ്ടെത്തുംവരെ അന്വേഷിച്ച് അവര്‍ക്കുവേണ്ടി നിന്റെ ജീവന്‍ കൊടുത്തല്ലോ. ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ. പരിജ്ഞാനത്തിന്റെ ആത്മാവിനെ ഞങ്ങള്‍ക്കു നല്‍കിയതിനു നന്ദി. അങ്ങനെ നീ പിതാവിനെ അറിയുന്നതുപോലെ ഞങ്ങള്‍ക്കു നിന്നെ അറിയാമല്ലോ. നീ ഞങ്ങളുടെ പേരുകളറിയുന്നു, ഞങ്ങളെ മറക്കുന്നതുമില്ല. നിന്നെ അനുഗമിക്കുന്നവരുടെയെല്ലാംകൂടെ നീ ഞങ്ങളെ പാലിക്കുന്നു. ശ്രദ്ധിക്കുന്നവരെ ജാതികളില്‍നിന്നു തിരഞ്ഞെടുത്ത് അവരെ ഒരുമിപ്പിക്കണമേ. സാത്താന്‍ വിഴുങ്ങാതെ അവരെ സൂക്ഷിച്ചാലും.

ചോദ്യം:

  1. യേശു നല്ല ഇടയനായിത്തീരുന്നത് എങ്ങനെ?

www.Waters-of-Life.net

Page last modified on May 11, 2012, at 10:59 AM | powered by PmWiki (pmwiki-2.3.3)