Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 065 (Jesus reveals himself to the healed one)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
2. ജന്മനാ അന്ധനായിരുന്നവനെ സൌഖ്യമാക്കുന്നു (യോഹന്നാന്‍ 9:1-41)

c) താന്‍ ദൈവപുത്രനാണെന്നു യേശു സൌഖ്യമായവനു വെളിപ്പെടുത്തുന്നു (യോഹന്നാന്‍ 9:35-41)


യോഹന്നാന്‍ 9:35-38
35അവനെ പുറത്താക്കിയെന്ന് യേശു കേട്ടു; അവനെ കണ്ടപ്പോള്‍: നീ ദൈവപുത്രനില്‍ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു. 36അതിന് അവന്‍: യജമാനനേ, അവന്‍ ആരാകുന്നു? ഞാന്‍ അവനില്‍ വിശ്വസിക്കാം എന്ന് ഉത്തരം പറഞ്ഞു. 37യേശു അവനോട്: നീ അവനെ കണ്ടിട്ടുണ്ട്; നിന്നോടു സംസാരിക്കുന്നവന്‍ അവന്‍ തന്നെ എന്നു പറഞ്ഞു. 38ഉടനെ അവന്‍: കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു.

ആശ്വസിപ്പിക്കുന്ന ഈ സംഭവം ഞങ്ങള്‍ വായിച്ചുകഴിഞ്ഞു. സൌഖ്യമായവനെ പുറത്താക്കിയെന്ന് യേശു കേട്ടപ്പോള്‍, നിരാശനായ ആ മനുഷ്യനെ യേശു അന്വേഷിച്ചു കണ്ടെത്തി. ക്രിസ്തു നിമിത്തം ബന്ധുമിത്രാദികളില്‍നിന്നു വേര്‍പിരിഞ്ഞ ഓരോ വിശ്വാസിക്കും ഈ ആശ്വാസം ലഭ്യമാണ്. നിങ്ങള്‍ ഈ സാഹചര്യത്തിലാണെങ്കില്‍, യേശു നിങ്ങളുടെ നിലവിളി കേട്ട്, വ്യക്തിപരമായി നിങ്ങളുടെയടുക്കല്‍ വരുമെന്നും നിങ്ങളെ വിട്ടുപോകുകയില്ലെന്നും ഞങ്ങള്‍ ഉറപ്പുതരുന്നു. ആളുകളെ നോക്കുകയോ നിരാശപ്പെടുകയോ അരുത്. യേശുവിനെ മാത്രം നോക്കുക. അവനിലല്ലാതെ ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ ആശയ്ക്കു വഴിയില്ല. അവന്‍ നിങ്ങളെ സ്നേഹിക്കുന്നു.

പിന്നെ ആ ചെറുപ്പക്കാരനോടു യേശു നിര്‍ണ്ണായകമായ ചോദ്യം ചോദിക്കുന്നു: "മനുഷ്യപുത്രനും കൂടിയായ ദൈവപുത്രനില്‍ നീ വിശ്വസിക്കുന്നുണ്ടോ?" പഴയനിയമഭാഗങ്ങളുമായുള്ള ഈ യുവാവിന്റെ പരിചയത്തെ ക്കുറിച്ച് യേശു ബോധവാനായിരുന്നെന്ന് ഇതു കാണിക്കുന്നു. ദാനീയേല്‍ 7:13-14 ല്‍നിന്ന്, മനുഷ്യപുത്രന്‍ ലോകത്തിന്റെ ന്യായാധിപനും ദൈവപുത്രനുമാണെന്നറിയാം. ദൈവപുത്രന്റെ ഗാംഭീര്യത്തിനു വഴങ്ങാന്‍ ഈ യുവാവ് ഇപ്പോഴും എന്നേക്കും സന്നദ്ധനാണോയെന്നറിയാന്‍ യേശു ആഗ്രഹിച്ചു- അവന്‍ പിന്നാക്കം വീഴരുത്. യേശു സാധാരണക്കാരനല്ലെന്ന് അവന്‍ നേരത്തെ മനസ്സിലാക്കിക്കഴിഞ്ഞു. "കര്‍ത്താവേ" എന്നാണവന്‍ യേശുവിനെ സംബോധന ചെയ്തത്. എന്നാലും, ദൈവപുത്രന്‍ ആരാണെന്നതിനെക്കുറിച്ചു കൂടുതലായറിയാന്‍ അവനാഗ്രഹിച്ചു- വെറുമൊരു മനുഷ്യനെ ആരാധിച്ചു വിഗ്രഹാരാധിയാകേണ്ടതില്ലല്ലോ.

അതുകേട്ട യേശു ശ്രേഷ്ഠകരമായ ഒരു മറുപടിയാണു നല്കിയത്, "നീ അവനെ നേരത്തെത്തന്നെ വിശ്വാസത്താല്‍ കണ്ടു, കണ്ണുകൊണ്ടു കാണുന്നതിനുമുമ്പെ ഞാനാണ് അവനെന്നു കണ്ടു; ദൈവപുത്രനാണു നിന്നോടു സംസാരിക്കുന്നത്." യേശുവിന്റെ മുമ്പില്‍ സമ്പൂര്‍ണ്ണമായി തന്നെത്തന്നെ സമര്‍പ്പിക്കാന്‍ പിന്നെ ഈ യുവാവു താമസിച്ചില്ല. ഇതുപോലെ യാണ് അവന്‍ പറഞ്ഞത്, "കര്‍ത്താവേ, ഞാന്‍ നിന്റേതാണ്, നീ എന്റെ രാജാവാണ്, എന്റെ യജമാനനും എന്റെ കര്‍ത്താവുമാണ്. നീ സ്നേഹത്തിന്റെ അവതാരമാണ്, ഇന്നുമുതല്‍ നിന്റെ ദാസനായിരിക്കാന്‍ മനസ്സോടെ ഞാന്‍ നിനക്കു വഴങ്ങുന്നു." സഹോദരാ, സഹോദരീ, യേശുവിനെ നിങ്ങള്‍ മനസ്സിലാക്കിയോ, മനുഷ്യരൂപത്തില്‍ വന്ന ദൈവപുത്രനെ? ഒരു വിശ്വാസിയെന്ന നിലയില്‍ അവനുമായി താങ്കള്‍ക്കു ബന്ധമുണ്ടോ? ഒരു ദാസനെന്ന നിലയില്‍ അവനെ താങ്കള്‍ ആരാധിച്ചിട്ടുണ്ടോ?

യോഹന്നാന്‍ 9:39-41
39കാണാത്തവര്‍ കാണാനും കാണുന്നവര്‍ കുരുടര്‍ ആകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാന്‍ ഇഹലോകത്തില്‍ വന്നു എന്നു യേശു പറഞ്ഞു. 40അവനോടുകൂടെയുള്ള ചില പരീശന്മാര്‍ അതു കേട്ടിട്ട്: ഞങ്ങളും കുരുടന്മാരോ എന്നു ചോദിച്ചു. 41യേശു അവരോട്: നിങ്ങള്‍ കുരുടര്‍ ആയിരുന്നുവെങ്കില്‍ നിങ്ങള്‍ക്കു പാപമില്ലായിരുന്നു; എന്നാല്‍ ഞങ്ങള്‍ കാണുന്നുവെന്നു നിങ്ങള്‍ പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നില്ക്കുന്നു എന്നു പറഞ്ഞു.

ആ യുവാവ് യേശുവിന്റെ മുന്നില്‍ വണങ്ങിയപ്പോള്‍, അവനെ അതില്‍നിന്നു തടഞ്ഞില്ല. കാരണം, യേശു സര്‍വ്വ ബഹുമാനത്തിനും യോഗ്യനാണ്. എന്നാല്‍ അഹങ്കാരികളെയും, സത്യമൊന്നുമറിയാതെ എല്ലാമറിയുന്നുവെന്നു വിചാരിക്കുന്ന ഭക്തരെയും ന്യായം വിധിക്കുന്ന വരവാണു തന്റേതെന്ന് യേശു പറഞ്ഞു. കുരുടരും പാപികളും ഇതു ഗ്രഹിച്ച് അനുതപിക്കുകയും ദുര്‍ന്നടപ്പുകാര്‍ ശുദ്ധരാകുകയും ചെയ്തു. അനുതപിക്കാത്തവരെ യേശു വിധിച്ചില്ല; അവന്റെ രക്ഷ നിരസിച്ചതിനാല്‍ അവര്‍ തങ്ങളെത്തന്നെ വിധിച്ചു. പ്രവാചകന്മാരിലൂടെയും വേദപുസ്തകത്തെളിവുകളിലൂടെയും കുറച്ചു വെളിച്ചം കഴിഞ്ഞകാലങ്ങളില്‍ അവര്‍ക്കു ലഭിച്ചിരുന്നു. പക്ഷേ മനഃപൂര്‍വ്വമായി യേശുവിന്റെ പ്രസംഗത്തെ അവര്‍ എതിര്‍ത്താല്‍, ലഭ്യമായ വെളിച്ചത്തിന്റെ ബാക്കിയും അവര്‍ക്കു മറഞ്ഞുപോകും. അവര്‍ അന്ധരും കഠിന ഹൃദയരും, മെരുക്കമില്ലാത്തവരും പകയുള്ള കൊലയാളികളുമായിത്തീരും. ക്രിസ്തുവിന്റെ വരവിനും പ്രസംഗത്തിനും രണ്ടു ഫലങ്ങളുണ്ട്: രക്ഷ അല്ലെങ്കില്‍ നാശം, അനുഗ്രഹം അല്ലെങ്കില്‍ ശാപം. നിങ്ങളുടെ ഹൃദയത്തിലെ ഫലമെന്ത്?

ക്രിസ്തുവിന്റെ കേള്‍വിക്കാര്‍ക്കിടയിലെ പരീശന്മാര്‍ക്കു തോന്നിയത് അവന്റെ വാക്കുകള്‍ അവരെച്ചൂണ്ടിയാണെന്നായിരുന്നു. "ഞങ്ങള്‍ അന്ധരാണോ"യെന്ന് അവര്‍ ചോദിച്ചു. യേശു അവരുടെ കപടഭക്തിയിലേക്കു തുളച്ചിറങ്ങിപ്പറഞ്ഞു, "നിങ്ങള്‍ വാസ്തവമായി നിങ്ങളുടെ അന്ധത കാണുകയും നിങ്ങളുടെ ആത്മീയമായ സ്ഥിതിയില്‍ ദുഃഖിക്കുകയും ചെയ്താല്‍, യോഹന്നാന്‍ സ്നാപകന്റെ മുന്നില്‍ നിങ്ങള്‍ നിങ്ങളുടെ പാപത്തെക്കുറിച്ച് അനുതപിക്കുമായിരുന്നു, പാപങ്ങള്‍ ഉപേക്ഷിക്കുമായിരുന്നു. അങ്ങനെ നിങ്ങള്‍ പാപക്ഷമയും അനുഗ്രഹവും പ്രാപിക്കുമായിരുന്നു. എന്നാല്‍ നിങ്ങള്‍ ഭ്രമിച്ചുപോയി, എല്ലാമറിയാമെന്ന് അവകാശപ്പെടുന്നു, നിങ്ങള്‍ നീതിമാന്മാരെന്നു കരുതുന്നു. എന്നാല്‍ അത്തരം വീമ്പടിയിലൂടെ നിങ്ങള്‍ അന്ധരാണെന്നും കഠിനരാണെന്നും തെളിയുന്നു. ലോകത്തിന്റെ വെളിച്ചത്തില്‍നിന്നുള്ള ഒരു കണികപോലും നിങ്ങള്‍ക്കു ലഭിക്കുകയില്ല."

പ്രാര്‍ത്ഥന: ഓ, യേശുവേ, നീ മനുഷ്യരൂപമെടുത്ത ദൈവപുത്രനാണ്. ഞങ്ങള്‍ നിന്നെ ആരാധിക്കുകയും ഇന്നുമെന്നേക്കുമായി നിനക്കു കീഴടങ്ങുകയും ചെയ്യുന്നു. ഞങ്ങളുടെ ശേഷിയും സമ്പത്തുമെല്ലാം നിനക്ക് അടിയറവെയ്ക്കുന്നു. ഞങ്ങളോടു ക്ഷമിച്ചു ഞങ്ങളുടെ ഹൃദയങ്ങള്‍ ശുദ്ധീകരിക്കണമേ. അങ്ങനെയായാല്‍, എത്ര ചെറിയ പാപമായാലും, അതു നമ്മെത്തമ്മില്‍ വേര്‍പിരിക്കുകയില്ലല്ലോ.

ചോദ്യം:

  1. യേശുവിന്റെ മുന്നില്‍ വണങ്ങുന്നതിന്റെ പ്രാധാന്യതയെന്ത്?

www.Waters-of-Life.net

Page last modified on May 11, 2012, at 10:42 AM | powered by PmWiki (pmwiki-2.3.3)