Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 055 (Jesus the light of the world)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
1. കൂടാരപ്പെരുന്നാളിലെ യേശുവിന്റെ വചനങ്ങള്‍ (യോഹന്നാന്‍ 7:1 - 8:59)

d) യേശു ലോകത്തിന്റെ വെളിച്ചം (യോഹന്നാന്‍ 8:12-29)


യോഹന്നാന്‍ 8:12
12യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവന്‍ ആകും എന്നു പറഞ്ഞു.

യേശു ദൈവികവെളിച്ചമാണ്. അവന്റെയടുക്കലേക്കു വരുന്നവനെ അവന്‍ തുറന്നുകാട്ടുന്നു, ന്യായം വിധിക്കുന്നു, പ്രകാശിപ്പിക്കുന്നു, സൌഖ്യമാക്കുന്നു, ആ വ്യക്തിയും ക്രിസ്തുവില്‍ ഒരു വെളിച്ചമായിത്തീരുന്നു. യേശുവിനല്ലാതെ മറ്റൊരു വെളിച്ചത്തിനും നമ്മെ പ്രകാശിപ്പിക്കാനോ നമ്മുടെ ദുഷ്ടചിന്തകളെ സൌഖ്യമാക്കാനോ കഴിയില്ല. അളന്നു നോക്കിയാല്‍, എല്ലാ തത്വജ്ഞാനങ്ങളും മതങ്ങളും ബലഹീനമാണെന്നു കാണാം. കാരണം, അവ വാഗ്ദാനം ചെയ്യുന്നതു സാങ്കല്പികവിടുതലും സാങ്കല്പികസ്വര്‍ഗ്ഗങ്ങളുമാണ്. മോശം മനുഷ്യരെ അന്ധതയുടെ പടുകുഴിയിലേക്കു നയിച്ചിട്ട്, അവിടെ ബന്ധിച്ചിടുന്നതാണ് അവയുടെ വാസ്തവമായ പ്രവൃത്തി. യേശുവിന്റെ വെളിച്ചം തേജസ്സുറ്റതും ആത്മാവിനെ ജീവിപ്പിക്കുന്നതുമാണ്. ഈ ആത്മസൌഖ്യത്തിന് ഒരു വ്യവസ്ഥയുണ്ട്. വിശ്വാസത്താല്‍ യേശുവിനെ സമീപിക്കുന്നതും സ്വയം ത്യജിച്ച് അവനെ അനുഗമിക്കുന്നതുമാണത്. ഇങ്ങനെ സ്ഥിരമായി യേശുവിനെ അനുഗമിക്കുന്നതിനാല്‍ നാം ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കു മാറുന്നു. ലക്ഷ്യത്തിലെത്താനുള്ള വഴി അവന്റെ വെളിച്ചത്തില്‍ നാം കണ്ടുപിടിക്കുന്നു. ജീവന്റെ തെളിച്ചത്തില്‍ അതാണു പിതാവിന്റെയും പുത്രന്റെയും മഹത്വം.

യോഹന്നാന്‍ 8:13-16
13പരീശന്മാര്‍ അവനോട്: നീ നിന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു. 14യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാന്‍ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാന്‍ അറിയുന്നു; നിങ്ങളോ, ഞാന്‍ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല. 15നിങ്ങള്‍ ജഡപ്രകാരം വിധിക്കുന്നു; ഞാന്‍ ആരെയും വിധിക്കുന്നില്ല. 16ഞാന്‍ വിധിച്ചാലും ഞാന്‍ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവുംകൂടെയാകയാല്‍ എന്റെ വിധി സത്യമാകുന്നു.

യേശുവിന്റെ "ഞാന്‍ ആകുന്നു" എന്ന പറച്ചില്‍ കേട്ട യഹൂദന്മാര്‍ പ്രകോപിതരായി. അവന്‍ വീമ്പടിക്കുകയാണെന്നും അഹങ്കാരിയാണെന്നും അവര്‍ കരുതി - തന്നെത്താന്‍ അവന്‍ ലോകത്തിന്റെ വെളിച്ചമാണെന്നാണല്ലോ പറയുന്നത്. അവന്റെ സാക്ഷ്യം വ്യാജവും കപടവുമാണ്, അതിശ യോക്തിയാണ്, ആത്മാവിനെ വഞ്ചിക്കുന്നതാണ് എന്നൊക്കെ അവര്‍ വിവരിച്ചു.

യേശു മറുപടി നല്‍കി, "എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാന്‍ എന്നെത്തന്നെ അളക്കാതെ ദൈവത്തെക്കൊണ്ടാണ് അളക്കുന്നത്, അവനുമായി ഞാന്‍ എപ്പോഴും ഐക്യപ്പെട്ടിരിക്കുന്നു. ഞാന്‍ പിതാവില്‍നിന്നു വന്നുവെന്നും അവനിലേക്കാണു ഞാന്‍ മടങ്ങുന്നതെന്നും നിങ്ങള്‍ ഗ്രഹിക്കുന്നില്ല. ഞാന്‍ പറയുന്നത് എന്നെക്കുറിച്ചല്ല, ദൈവത്തിന്റെ സത്യത്തിന് അനുസൃതമായാണു ഞാന്‍ സംസാരിക്കുന്നത്. എന്റെ വാക്കുകള്‍ സത്യമാണ്, ശക്തിയും അനുഗ്രഹവും നിറഞ്ഞതാണ്."

"നിങ്ങളുടെ വാക്കുകള്‍ പുറമെ ഉള്ളതാണ്, ആളുകള്‍ അവയുടെ പുറം മാത്രമേ കാണുന്നുള്ളൂ. നിങ്ങളെത്തന്നെ ന്യായാധിപന്മാരായി നിങ്ങള്‍ കാണുകയും, ന്യായവിധി നടപ്പിലാക്കുന്ന നിങ്ങളുടെ കഴിവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റി. കാര്യങ്ങളുടെ ഉറവിടം നിങ്ങള്‍ അറിയുന്നില്ല, അതിന്റെ പ്രചോദനമോ ഫലമോ മനസ്സിലാക്കുന്നുമില്ല. നിങ്ങള്‍ എന്നെ അറിയുന്നില്ലായെന്നതിന്റെ തെളിവാണത്. എന്റെ മനുഷ്യത്വംകൊണ്ടാണു നിങ്ങള്‍ എന്നെ വിധിക്കുന്നത്, എന്നാല്‍ ഞാന്‍ എപ്പോഴും വസിക്കുന്നതു ദൈവത്തിലാണ്. ഇതു നിങ്ങള്‍ മനസ്സിലാക്കിയാല്‍, ലോകത്തിന്റെ യഥാര്‍ത്ഥ സത്ത നിങ്ങള്‍ അറിയും."

ലോകത്തെ ന്യായം വിധിക്കുന്നവനാണു ക്രിസ്തു അതേസമയം ദൈവത്തിന്റെ സത്യത്തിന്റെ അവതാരവുമാണ്. അവന്‍ വന്നതു നമ്മെ ശിക്ഷിക്കാനോ നശിപ്പിക്കാനോ അല്ല, മറിച്ചു രക്ഷിക്കാനാണ്. നീചനെയോ കുറ്റവാളിയെയോ പുറന്തള്ളപ്പെട്ടവനെയോ അവന്‍ തള്ളിക്കളഞ്ഞില്ല, മറിച്ച് അവരെയെല്ലാം രക്ഷിക്കാനും അവന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കാനുമാണ് അവന്‍ ആഗ്രഹിച്ചത്. ആരെയും തുച്ഛീകരിക്കരുത്, മറിച്ച് അവനില്‍ യേശു സൃഷ്ടിക്കാനാഗ്രഹിക്കുന്ന, അഥവാ പുതുക്കാനാഗ്രഹിക്കുന്ന സ്വരൂപം കാണുക.

യോഹന്നാന്‍ 8:17-18
17രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ. 18ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു.

നമ്മുടെ ബലഹീനത കണക്കിലെടുത്ത്, ന്യായപ്രമാണത്തിന്റെ നിലവാരത്തിലേക്കു യേശു താണു. എന്നാല്‍ ഇതിനെ അവന്‍ വിവരിച്ചതു നിങ്ങളുടെ ന്യായപ്രമാണം ആയിട്ടാണ്, അതായതു പാപികളെന്ന നിലയില്‍ നിങ്ങള്‍ക്കാവശ്യമുള്ള സമ്പ്രദായമെന്ന നിലയിലാണ്. ന്യായപ്രമാണത്തില്‍ സത്യം തെളിയിക്കാനാഗ്രഹിക്കുന്ന വ്യക്തി, അയാളുടെ വാദത്തിനു പിന്‍ബലമായി രണ്ടു സാക്ഷികളെ എല്ലാ വിവരങ്ങളോടുംകൂടെ ഹാജരാക്കേണ്ടതാണ് (ആവര്‍ത്തനം 17:6; 19:15). ഇതിനെതിരെ യേശു എതിര്‍പ്പു പ്രകടിപ്പിച്ചില്ല. അവന്റെ അവകാശവാദത്തെ ഒന്നാമത്തെ സാക്ഷിയായും പിതാവ് അതിനെ ഉറപ്പിക്കുന്ന സാക്ഷിയായും അവന്‍ കണക്കാക്കി. പിതാവ് അവര്‍ക്കിടയില്‍ തികഞ്ഞ യോജിപ്പുണ്ടാക്കുന്നവനാണ്. ഈ യോജിപ്പില്ലാതെ (ചേര്‍ച്ച) പുത്രനു യാതൊന്നും ചെയ്യാന്‍ കഴിയില്ല. പരിശുദ്ധ ത്രിത്വത്തിലെ മാര്‍മ്മിക രഹസ്യമാണിത്. ദൈവം യേശുവിനു സാക്ഷ്യം പറയുന്നു; യേശു ദൈവത്തിനു സാക്ഷ്യം പറയുന്നു.

യോഹന്നാന്‍ 8:19-20
19അവര്‍ അവനോട്: നിന്റെ പിതാവ് എവിടെ എന്നു ചോദിച്ചതിനു യേശു: നിങ്ങള്‍ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു. 20അവന്‍ ദൈവാലയത്തില്‍ ഉപദേശിക്കുമ്പോള്‍ ഭണ്ഡാരസ്ഥലത്തുവച്ച് ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ട് ആരും അവനെ പിടിച്ചില്ല.

യഹൂദന്മാര്‍ യേശുവിനെ തെറ്റിദ്ധരിച്ചു, അവനെ മനസ്സിലാക്കാന്‍ മനസ്സില്ലാതെ, ദൈവദൂഷണത്തില്‍ അവനെ കുടുക്കാനാണ് അവര്‍ വ്യക്തമായും ആഗ്രഹിച്ചത്. അങ്ങനെയവര്‍ അവനോടു ചോദിച്ചു: "ആരെയാണു നീ പിതാവെന്നു വിളിക്കുന്നത്?" യോസേഫ് മരിച്ചിട്ടു ദീര്‍ഘനാളുകളായി. "എന്റെ പിതാവ്" എന്നു പറയുമ്പോള്‍ യേശുവിന്റെ മനസ്സില്‍ എന്താണുള്ളതെന്ന് അവര്‍ക്കറിയാമായിരുന്നു. പക്ഷേ ദൈവം അവന്റെ പിതാവാണെന്ന പ്രസ്താവം നേരിട്ട് അവനില്‍നിന്നു കേള്‍ക്കാനാണ് അവര്‍ ആഗ്രഹിച്ചത്.

യേശു അവരോടു നേരിട്ട് ഉത്തരം പറഞ്ഞില്ല. കാരണം, ദൈവത്തെ അറിയുന്നതു യേശുവിനെ അറിയുന്നതില്‍നിന്നു മാറിയുള്ളതല്ല. പുത്രന്‍ പിതാവിലും പിതാവു പുത്രനിലുമാണ്. പുത്രനെ തിരസ്ക്കരിക്കുന്നവന്‍ എങ്ങനെയാണു വാസ്തവമായി ദൈവത്തെ അറിയുന്നത്? എന്നാല്‍ പുത്രനില്‍ വിശ്വസിച്ച് അവനെ സ്നേഹിക്കുന്നയാള്‍ ആരായാലും, അവനു ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നു. കാരണം, പുത്രനെ കാണുന്നവനെല്ലാം പിതാവിനെയും കാണുന്നു.

വഴിപാടുകള്‍ അര്‍പ്പിച്ചിരുന്ന ദൈവാലയഭാഗത്തുനിന്നുകൊണ്ടാണ് ഈ വാക്കുകള്‍ സംസാരിച്ചത്. ദൈവാലയത്തിനു ചുറ്റും കാവല്‍ക്കാര്‍ ഉണ്ടായിരുന്നുവെന്നതിനു സംശയമില്ല. എന്നിട്ടും യേശുവിനെ അറസ്റ് ചെയ്യാന്‍ ആരും ധൈര്യപ്പെട്ടില്ല. ദൈവത്തിന്റെ കരം അവനെ സംരക്ഷിച്ചു. അവനെ ഒറ്റിക്കൊടുക്കാന്‍ ദൈവം നിശ്ചയിച്ച സമയം അപ്പോഴും വന്നിട്ടില്ലായിരുന്നു. നിങ്ങളുടെ വിധി നിര്‍ണ്ണയിക്കാന്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവിനു മാത്രമേ കഴിയൂ.

പ്രാര്‍ത്ഥന: ഓ, ക്രിസ്തുവേ, ഞങ്ങള്‍ നിന്നെ മഹിമപ്പെടുത്തുന്നു, സ്നേഹിക്കുന്നു. ഞങ്ങള്‍ അര്‍ഹിക്കുന്നതുപോലെ നീ ഞങ്ങളെ ശിക്ഷിക്കാതെ, നീ ഞങ്ങളെ രക്ഷിക്കുന്നു. നീയാണു ലോകത്തിന്റെ വെളിച്ചം, നിന്റെയടുക്കല്‍ വരുന്നവരെ നീ പ്രകാശിപ്പിക്കുന്നു. നിന്റെ സ്നേഹത്തിന്റെ കിരണങ്ങള്‍കൊണ്ടു ഞങ്ങളെ രൂപാന്തരപ്പെടുത്തുകയും ഞങ്ങളുടെ കഠിന ഹൃദയത്തെ മൃദുവാക്കുകയും ചെയ്യണമേ. അങ്ങനെ നിന്നെ ഞങ്ങള്‍ അറിയുമല്ലോ.

ചോദ്യം:

  1. ലോകത്തിന്റെ വെളിച്ചമെന്ന നിലയില്‍ യേശു തന്നെക്കുറിച്ചു പറഞ്ഞ സാക്ഷ്യം, സ്വര്‍ഗ്ഗീയപിതാവിനെക്കുറിച്ചുള്ള നമ്മുടെ അറിവിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

www.Waters-of-Life.net

Page last modified on May 11, 2012, at 09:14 AM | powered by PmWiki (pmwiki-2.3.3)