Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 044 (Jesus offers people the choice)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
B - യേശു ജീവന്റെ അപ്പം (യോഹന്നാന്‍ 6:1-71)

4. "സ്വീകരിക്കുക, അല്ലെങ്കില്‍ തിരസ്ക്കരിക്കുക'' - യേശു ജനത്തിനു നല്‍കിയ തിരഞ്ഞെടുക്കല്‍ (യോഹന്നാന്‍ 6:22-59)


യോഹന്നാന്‍ 6:41-42
41ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന അപ്പമെന്ന് അവന്‍ പറഞ്ഞതിനാല്‍ യഹൂദന്മാര്‍ അവനെക്കുറിച്ചു പിറുപിറുത്തു: 42ഇവന്‍ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നു എന്ന് അവന്‍ പറയുന്നത് എങ്ങനെയെന്ന് അവര്‍ പറഞ്ഞു.

ഗലീലക്കാരായ ആളുകള്‍ യഹൂദന്മാരുടെ കൂട്ടത്തോടു ബന്ധമുള്ളവരല്ലായിരുന്നെങ്കിലും, സുവിശേഷകനായ യോഹന്നാന്‍ അവരെ യഹൂദന്മാരെന്നാണു വിളിക്കുന്നത്. അവര്‍ ക്രിസ്തുവിന്റെ ആത്മാവിനെ തിരസ്ക്കരിച്ചതിനാല്‍ അവര്‍ യഹൂദന്മാരെക്കാളും തെക്കന്‍പ്രദേശനിവാസികളെക്കാളും നല്ലവരല്ലായിരുന്നു.

യേശുവിനെ തള്ളിക്കളയുന്നതിനുള്ള മറ്റൊരു കാരണംകൂടി ശാസ്ത്രിമാര്‍ കൊണ്ടുവന്നു. അവരുടെ പ്രമാണത്തിന്റെ ചിന്തകളും വിശ്വാസങ്ങളും സ്വയനവീകരണത്തിലുണ്ടായിരുന്നു. അവ യേശുവിന്റെ സ്നേഹത്തിനു വിരുദ്ധമായിരുന്നു. എന്നാല്‍ ഗലീലക്കാര്‍ യേശുവിന്റെ സാമൂഹ്യസ്ഥിതിയില്‍ തട്ടി ഇടറി. അവര്‍ക്ക് അവന്റെ വീട്ടുകാരെ അറിയാമായിരുന്നതാണു കാരണം. "അവന്റെ പിതാവ്" (യോസേഫ് എന്ന ആശാരി) അവരോടൊപ്പം വസിച്ചവനാണ്. ഒരു സാധാരണക്കാരന്‍, പ്രവചനത്തിലോ മറ്റോ പ്രത്യേക വരമൊന്നും ഇല്ലാത്തവന്‍. ഒരു വിധവയെന്നതിലുപരി, അമ്മയായ മറിയത്തിനു യാതൊരു വിശേഷതയുമില്ല. ദൈവക്രോധത്തിന്റെ അടയാളമായിട്ടാണു വൈധവ്യത്തെ അന്നു കണക്കാക്കിയിരുന്നത്. അതിനാല്‍, യേശു സ്വര്‍ഗ്ഗത്തില്‍നിന്നുള്ള അപ്പമാണെന്നു ഗലീലക്കാര്‍ വിശ്വസിച്ചില്ല.

യോഹന്നാന്‍ 6:43-46
43യേശു അവരോട് ഉത്തരം പറഞ്ഞത്: നിങ്ങള്‍ തമ്മില്‍ പിറുപിറുക്കേണ്ടാ; 44എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചിട്ടല്ലാതെ ആര്‍ക്കും എന്റെയടുക്കല്‍ വരുവാന്‍ കഴിയുകയില്ല; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും. 45എല്ലാവരും ദൈവത്താല്‍ ഉപദേശിക്കപ്പെട്ടവര്‍ ആകും എന്നു പ്രവാചകപുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവനെല്ലാം എന്റെയടുക്കല്‍ വരും. 46പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ട് എന്നല്ല, ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നവന്‍ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളൂ.

അവിശ്വാസികള്‍ വിശ്വസിക്കുന്നതിനുവേണ്ടി, യേശു തന്റെ അത്ഭുതകരമായ ജനനത്തെക്കുറിച്ചൊന്നും അവര്‍ക്കു വിശദീകരിച്ചുകൊടുത്തില്ല. പരിശുദ്ധാത്മാവു പ്രകാശം തന്നാലല്ലാതെ നമുക്കു സ്വയമായി യേശുവിന്റെ ദൈവത്വം അറിയാന്‍ കഴിയില്ല. വിശ്വാസത്താല്‍ അവന്റെ അടുക്കല്‍ വരുന്ന ആര്‍ക്കും അവനെ കാണാനും അവന്റെ മഹാസത്യം അറിയാനും കഴിയും.

ജനക്കൂട്ടം ദൈവികവെളിപ്പാടുകള്‍ക്കെതിരായി പിറുപിറുക്കുന്നതു യേശു വിലക്കി. ശാഠ്യമുള്ള ആത്മാവു ദൈവരാജ്യത്തെക്കുറിച്ചു യാതൊന്നും കേള്‍ക്കുന്നില്ല. എന്നാല്‍ തന്റെ ആവശ്യം ഗൌനിക്കുകയും അനുഭവിക്കുകയും ചെയ്യുന്നയാള്‍ ദൈവത്തിന്റെ സ്നേഹം അനുഭവിക്കുന്നു.

ഈ സ്നേഹത്തില്‍ രക്ഷകനായ യേശുവിലേക്കു ദൈവം ആളുകളെ അടുപ്പിക്കുന്നു. അവരുടെ പ്രകാശം ആഗ്രഹിച്ചുകൊണ്ട് അവരെ വ്യക്തിപരമായി പഠിപ്പിക്കുന്നു - യിരെമ്യാവ് 31:3 ല്‍ അതാണു നാം വായിക്കുന്നത്. പുതിയനിയമത്തില്‍ മനുഷ്യന്റെ ഹിതമോ മനസ്സോ അല്ല വിശ്വാസം ഉളവാക്കുന്നത്. പരിശുദ്ധാത്മാവാണു നമ്മെ പ്രകാശിപ്പിക്കുന്നത്, അവനാണു നമ്മില്‍ ദൈവികജീവന്‍ ഉളവാക്കുന്നത്, സര്‍വ്വശക്തനായ ദൈവം നമ്മുടെ ദൈവവും പിതാവുമാണെന്ന യാഥാര്‍ത്ഥ്യം അവനാണു നമ്മെ ഗ്രഹിപ്പിക്കുന്നത്. അവന്‍ തന്റെ മക്കളെ പഠിപ്പിക്കുന്നു, അവരുമായി നേരിട്ടു ബന്ധം സ്ഥാപിക്കുന്നു. പരിശുദ്ധാത്മാവിന്റെ വിളിമൂലം നമ്മുടെ ഹൃദയത്തില്‍ അവന്‍ വിശ്വാസം സൃഷ്ടിക്കുന്നു. താങ്കളുടെ മനഃസാക്ഷിയില്‍ ഈ വിളി അനുഭവപ്പെട്ടിട്ടുണ്ടോ? ദൈവസ്നേഹത്തിന്റെ ചലനത്തിനായി താങ്കള്‍ തുറന്നിരിക്കുകയോ?

പിതാവിന്റെ ആത്മാവു നമ്മെ യേശുവിലേക്കു നയിക്കുന്നു. യേശുവിനെ കണ്ടുമുട്ടി അവനെ സ്നേഹിക്കുന്നതുവരെ അവനുവേണ്ടിയുള്ള വാഞ്ഛ അവന്‍ നമ്മില്‍ ഉണര്‍ത്തുന്നു. നമ്മെ തള്ളിക്കളയാതെ, നാം ആയിരിക്കുന്ന സ്ഥിതിയില്‍ അവന്‍ നമ്മെ സ്വീകരിച്ചു നമുക്കു നിത്യ ജീവന്‍ നല്‍കുന്നു. അങ്ങനെ പിതാവിന്റെ മഹത്വത്തില്‍ പ്രവേശിക്കുന്നതിനു പുനരുത്ഥാനത്തിന്റെ ശക്തിയില്‍ നാം പങ്കാളികളാകുന്നു.

എന്നിരുന്നാലും, വീണ്ടും ജനിച്ച വിശ്വാസിയും യേശുവും തമ്മിലൊരു വ്യത്യാസമുണ്ട്. പുത്രനല്ലാതെ ആരും പിതാവിനെ കണ്ടിട്ടില്ല; സ്വര്‍ഗ്ഗീയ സമാധാനത്തിലും എല്ലാ ദൈവികഗുണഗണങ്ങളിലും യേശു പങ്കാളിയാണ്.

യോഹന്നാന്‍ 6:47-50
47ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ട്. 48ഞാന്‍ ജീവന്റെ അപ്പമാകുന്നു. 49നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. 50ഇതോ തിന്നുന്നവന്‍ മരിക്കാതിരിക്കേണ്ടതിനു സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങുന്ന അപ്പമാകുന്നു.

പിതാവിനോടുകൂടെയുള്ള അവന്റെ ഐക്യതയും കേള്‍വിക്കാരില്‍ ആത്മാവിന്റെ പ്രവൃത്തിയും പ്രഖ്യാപിച്ചശേഷം, അവര്‍ വിശ്വസിക്കുന്നതിനുവേണ്ടി തന്റെ സാരാംശത്തിന്റെ സത്യം യേശു അവതരിപ്പിച്ചു. ക്രിസ്തീയപ്രമാണം അവന്‍ ചുരുക്കമായി വിശദീകരിച്ചു: യേശുവില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. മരണത്തിന് ഇല്ലാതാക്കാന്‍ കഴിയാത്ത ഒരുറപ്പാണ് ഈ സത്യം.

ദൈവം ലോകത്തിനു നല്‍കിയ ഒരു അപ്പക്കഷണംപോലെയാണു യേശു. അയ്യായിരംപേര്‍ക്ക് ആഹാരം കൊടുത്തപ്പോള്‍ യേശുവിന്റെ കൈയില്‍നിന്ന് അപ്പം ചാടിപ്പോകാഞ്ഞതുപോലെ, എല്ലായ്പോഴും ലോകത്തിന്റെ ആവശ്യത്തിന് അവന്‍ മതിയായവനാണ്. കാരണം, അവനിലാണു ദൈവത്തിന്റെ സമ്പൂര്‍ണ്ണത വസിക്കുന്നത്. അവനില്‍നിന്നാണു നിങ്ങള്‍ക്കു പ്രത്യാശയും സന്തോഷവും അനുഗ്രഹവും ലഭിക്കുന്നത്. ഒറ്റവാക്കില്‍, അവന്‍ ലോകത്തിനു ജീവന്‍ വാഗ്ദാനം ചെയ്യുന്നു, എന്നിട്ടും ലോകം അവനെ തിരസ്ക്കരിച്ചു.

മരുഭൂമിയില്‍ പൊഴിഞ്ഞ മന്നാ ദൈവത്തിന്റെ ദാനമായിരുന്നു, അതു കുറച്ചുകാലത്തേക്കേ നിലനിന്നുള്ളൂ. അതു തിന്നവരെല്ലാം മരിച്ചു. ആതുരസേവനങ്ങളിലും സാങ്കേതികവിദ്യകളിലും ശാസ്ത്രീയകണ്ടുപിടിത്തങ്ങളിലും നാം കാണുന്നതുപോലെ, അതു ഭാഗികമായി കുറെക്കാലത്തേക്കു സഹായകമാകും. ഇവയൊന്നും മരണത്തെ ഇല്ലാതാക്കുന്നതോ പാപത്തെ ജയിക്കുന്നതോ അല്ല. എന്നാല്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നവരൊക്കെ മരിക്കുകയില്ല. അവന്‍ വന്നു നിങ്ങളില്‍ ജീവിക്കുന്നതിന്റെ ഉദ്ദേശ്യം ഇതാണ്. അവന്‍ വ്യക്തിപരമായി നിങ്ങളില്‍ വസിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ മറ്റൊരാത്മാവു നിങ്ങളില്‍ വാഴാതിരിക്കും. എല്ലാ ദുരാഗ്രഹങ്ങളെയും പുറത്താക്കി നിങ്ങളുടെ ഭയമകറ്റാനാകും, നിങ്ങളുടെ ബലഹീനതകളെ ബലപ്പെടുത്താനാകും. നിങ്ങള്‍ക്കായുള്ള ദൈവത്തിന്റെ അപ്പമാണവന്‍. അവനെ ഭക്ഷിച്ചു ജീവിക്കുക, അങ്ങനെയായാല്‍ മറ്റുള്ളവരെപ്പോലെ നശിച്ചുപോവുകയില്ല.

ചോദ്യം:

  1. കേള്‍വിക്കാരുടെ പിറുപിറുക്കലിനോടു യേശു എങ്ങനെയാണു പ്രതികരിച്ചത്?

www.Waters-of-Life.net

Page last modified on May 10, 2012, at 11:52 AM | powered by PmWiki (pmwiki-2.3.3)