Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 038 (Four witnesses to Christ's deity)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
A - യെരൂശലേമിലേക്കുള്ള രണ്ടാമത്തെ യാത്ര (യോഹന്നാന്‍ 5:1-47) - യേശുവും യഹൂദന്മാരും തമ്മിലുള്ള ശത്രുത്വം പൊട്ടിപ്പുറപ്പെടുന്നു

4. ക്രിസ്തുവിന്റെ ദൈവത്വത്തിനു നാലു സാക്ഷികള്‍ (യോഹന്നാന്‍ 5:31-40)


യോഹന്നാന്‍ 5:31-40
31ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാല്‍ എന്റെ സാക്ഷ്യം സത്യമല്ല. 32എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തന്‍ ആകുന്നു; അവന്‍ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യമെന്നു ഞാന്‍ അറിയുന്നു. 33നിങ്ങള്‍ യോഹന്നാന്റെ അടുക്കല്‍ ആളയച്ചു; അവന്‍ സത്യത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു. 34എനിക്കോ മനുഷ്യന്റെ സാക്ഷ്യംകൊണ്ട് ആവശ്യമില്ല; നിങ്ങള്‍ രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നത്. 35അവന്‍ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കായിരുന്നു; നിങ്ങള്‍ അല്പസമയത്തേക്ക് അവന്റെ വെളിച്ചത്തില്‍ ഉല്ലസിക്കാന്‍ ഇച്ഛിച്ചു. 36എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിക്കാന്‍ തന്നിരിക്കുന്ന പ്രവൃത്തികള്‍, ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തന്നെ, പിതാവ് എന്നെ അയച്ചു എന്ന് എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു. 37എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങള്‍ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല. 38അവന്റെ വചനം നിങ്ങളുടെ ഉള്ളില്‍ വസിക്കുന്നതുമില്ല; അവന്‍ അയച്ചവനെ നിങ്ങള്‍ വിശ്വസിക്കുന്നില്ലല്ലോ. 39നിങ്ങള്‍ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയില്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. 40എങ്കിലും നിത്യജീവന്‍ പ്രാപിക്കേണ്ടതിന് എന്റെയടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല.

വാഗ്ദത്ത മശീഹയുടെ പ്രവൃത്തികള്‍ ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്നു യേശു തന്റെ ശത്രുക്കളോടു വിളിച്ചുപറഞ്ഞു. തങ്ങളുടെ സംഘടനയെയും നിയമങ്ങളെയും ശല്യപ്പെടുത്തിയ ഈ നാട്ടുമ്പുറത്തുകാരനെ അവര്‍ വെറുത്തു. അവന്റെ അവകാശവാദങ്ങള്‍ സാധൂകരിക്കാനുള്ള സാക്ഷ്യങ്ങള്‍ അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ അതിനാവശ്യമായ തെളിവുകള്‍ യേശു നിരത്തി. വാസ്തവത്തില്‍ നാം എന്താണോ, അതിനെക്കാള്‍ മികച്ചവരാണെന്നാണു നാം നമ്മെക്കുറിച്ചു കരുതുന്നത്. യേശു യാതൊരു കള്ളവും പറയാതെ തന്നെക്കുറിച്ചുള്ള ഒരു സത്യസന്ധമായ വിലയിരുത്തല്‍ നടത്തി. ഒരാള്‍ അയാളെക്കുറിച്ചുതന്നെ പറയുന്ന സാക്ഷ്യത്തിനു പഴയനിയമം യാതൊരു വിലയും നല്‍കുന്നില്ലെങ്കിലും, അവന്റെ സാക്ഷ്യം സത്യമായിരുന്നു. ഇതു ക്രിസ്തു സമ്മതിക്കുന്നുണ്ട്: "ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാല്‍ എന്റെ സാക്ഷ്യം സത്യമല്ല." മറ്റൊരാള്‍ യേശുവിനെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നതിനാല്‍ അവനു തന്നെത്താന്‍ പ്രതിരോധിക്കേണ്ടതില്ലായിരുന്നു. അവന്റെ സ്വര്‍ഗ്ഗീയപിതാവ് അവനെ നാലിരട്ടി അടയാളങ്ങള്‍/നാലു നിലയിലുള്ള തെളിവുകള്‍കൊണ്ടു പിന്തുണച്ചു.

ക്രിസ്തുവിനെ ആളുകള്‍ക്കിടയില്‍ പ്രഘോഷിക്കുന്നതിനു സ്നാപകനെ ദൈവം അയച്ചു. ഈ മുന്നോടി ക്രിസ്തുവിനും, അവന്റെ പൌരോഹിത്യശുശ്രൂഷയ്ക്കും ന്യായാധിപവൃത്തിക്കും സാക്ഷ്യം പറഞ്ഞു. എന്നിരുന്നാലും, ഈ പരമോന്നത സംഘം യോഹന്നാനെ സംശയിച്ചിട്ട് അവന്റെ സാക്ഷ്യം തള്ളിക്കളഞ്ഞു (യോഹന്നാന്‍ 1:19-28). യോഹന്നാന്റെ സാക്ഷ്യങ്ങള്‍ യേശുവിനു പ്രേരകശക്തിയോ പ്രചോദനമോ അല്ലായിരുന്നു. മറിച്ചു നിത്യത മുതല്‍ യേശു എന്തായിരുന്നോ അതുതന്നെയായിരുന്നു. ആളുകളുടെ അജ്ഞത നിമിത്തം, തന്റെ സത്യത്തിനു വീണ്ടുമൊരു പിന്‍ബലമായി സ്നാപകന്റെ സാക്ഷ്യം യേശു സ്വീകരിച്ചതാണ്. ലോകത്തിന്റെ പാപം ചുമന്നൊഴിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെന്നു യേശുവിനെക്കുറിച്ചു വിവരിച്ചപ്പോള്‍ യോഹന്നാന്‍ അതിശയോക്തിയൊന്നുമല്ല പറഞ്ഞത്.

സ്നാപകന്‍ ഇരുട്ടില്‍ ജ്വലിക്കുന്ന ഒരു വിളക്കായിരുന്നു, പ്രകാശിക്കപ്പെടുന്നതിനുവേണ്ടി ഒരു കൂട്ടം അനുയായികളെ അവന്‍ ചുറ്റും കൂട്ടി. എന്നാല്‍ യേശുവാകുന്ന സൂര്യനുദിച്ചപ്പോള്‍ അവിടെയൊരു വിളക്കിന്റെ ആവശ്യമുണ്ടായിരുന്നില്ല. തീര്‍ന്നുപോകാത്ത ഊര്‍ജ്ജമുള്ള യേശു മാത്രമാണു ലോകത്തിന്റെ പ്രകാശം. ഭൂമിയില്‍ സൂര്യന്‍ ജീവനും വളര്‍ച്ചയും നല്‍കുന്നതുപോലെതന്നെ, ആത്മീയ ജീവനും സ്നേഹവും യേശു പകരുന്നു. അവന്റെ രോഗസൌഖ്യവും ബാധ ഒഴിപ്പിക്കലും ഇരുട്ടിന്മേല്‍ വെളിച്ചത്തിനുള്ള വിജയത്തെയാണു കാണിക്കുന്നത്. കാറ്റിനെ അടക്കി നിര്‍ത്തിയതും മരിച്ചവരെ ഉയിര്‍പ്പിച്ചതും അവന്റെ ദൈവത്വത്തിനുള്ള തെളിവാണ്. പിതാവിനോടു ചേര്‍ന്നുപോകുന്ന പ്രവൃത്തികളായിരുന്നു അവന്റേത്. ക്രൂശിന്മേല്‍ അവന്‍ തന്റെ ശുശ്രൂഷ തികച്ചു. പുനരുത്ഥാനത്തിലൂടെ, അവനില്‍ വിശ്വസിച്ചവരില്‍ അവന്‍ പരിശുദ്ധാത്മാവിനെ പകര്‍ന്നു. മരിച്ചവരെ ഉയിര്‍പ്പിക്കുന്നതും ലോകത്തെ ന്യായം വിധിക്കുന്നതുമായ ദൈവപ്രവൃത്തികള്‍ ക്രിസ്തുവിന്റെ രണ്ടാം വരവില്‍ നിറവേറും. പിതാവും പുത്രനും തമ്മില്‍ പ്രവൃത്തികളില്‍ യാതൊരു വ്യത്യാസവുമില്ല; പിതാവു പ്രവര്‍ത്തിക്കുന്നതുപോലെതന്നെ പുത്രനും പ്രവര്‍ത്തിക്കുന്നു.

ദൈവം തന്നെ ഉച്ചത്തില്‍ വിളിച്ചറിയിക്കുന്നതു കേള്‍ക്കുക. ഇതു നാം കേള്‍ക്കുന്നതിനുവേണ്ടിയാണ്: "ഇവന്‍ എന്റെ പ്രിയ പുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്ന" (മത്തായി 3:17). ദൈവത്തിനു പ്രസാദകരമായി ജീവിച്ച യേശു ഒഴികെ മറ്റാരും അത്തരമൊരു സാക്ഷ്യം നേടിയിട്ടില്ല. പ്രിയ പുത്രനില്‍ യഥാര്‍ത്ഥ സ്നേഹവും വിശുദ്ധിയും നിറഞ്ഞിരുന്നു.

യേശു യഹൂദന്മാരോടു പറഞ്ഞത് അവര്‍ ദൈവത്തെ അറിയുന്നില്ലായെന്നാണ്. ന്യായപ്രമാണത്തിലും, പ്രവാചകന്മാരിലും ദൈവശബ്ദം കേള്‍ക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു, സ്വപ്നങ്ങളിലോ ദര്‍ശനങ്ങളിലോ അവന്റെ മുഖം അവര്‍ കണ്ടതുമില്ല. അവരുടെ പാപങ്ങള്‍ അവരെ പരിശുദ്ധനായ ദൈവത്തില്‍നിന്ന് അകറ്റിയതിനാല്‍, മുമ്പുണ്ടായ വെളിപ്പാടുകളൊന്നും ഫലിച്ചില്ല. ദൈവത്തിന്റെ അങ്കിയുടെ അഗ്രം ദൈവാലയത്തില്‍ കണ്ടിട്ടു യെശയ്യാവു വിളിച്ചുപറഞ്ഞതുപോലെ, "എനിക്ക് അയ്യോ കഷ്ടം, ഞാന്‍ നശിച്ചു, ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങളുള്ള മനുഷ്യന്‍." അവരുടെ ആത്മീയ ബധിരതയുടെയും ഗ്രഹിക്കാനുള്ള കഴിവില്ലായ്മയുടെയും തെളിവാണ് അവര്‍ ക്രിസ്തുവിനെ തിരസ്ക്കരിച്ചത് - ദൈവത്തിന്റെ വചനം മനുഷ്യാവതാരം ചെയ്തവന്‍. ദൈവവചനം ഗ്രഹിക്കുന്നുവെന്നു കരുതുകയും ദൈവവചനമായ യേശുവിനെ തിരസ്ക്കരിക്കുകയും ചെയ്യുന്നവന്‍, ഒരു യഥാര്‍ത്ഥ വെളിപ്പാടു ലഭിക്കുകയോ അതു മനസ്സിലാക്കുകയോ ചെയ്യുന്നില്ലായെന്നു തെളിയിക്കുന്നു.

പഴയനിയമ ജനം നിത്യജീവന്‍ ലഭിക്കുമെന്ന ആശയോടെ തിരുവെഴുത്തുകള്‍ പരിശോധിച്ചുപോന്നു. പകരം അവര്‍ കണ്ടെത്തിയതു ന്യായപ്രമാണത്തിന്റെ ജീവനില്ലാത്ത അക്ഷരങ്ങളാണ്. പക്ഷേ മശീഹയെ ചൂണ്ടിക്കാട്ടുന്ന വാഗ്ദത്തങ്ങള്‍ അവര്‍ കണ്ടില്ല, പഴയനിയമത്തില്‍ അത്തരം പ്രവചനങ്ങള്‍ അനവധിയുണ്ടായിരുന്നിട്ടും. അവരുടെ ആശയങ്ങളായിരുന്നു അവര്‍ക്കു താത്പര്യം. അവരുടെ വ്യാഖ്യാനങ്ങളും പ്രമാണങ്ങളും അവര്‍ക്കിഷ്ടപ്പെട്ടു. അവയ്ക്കിടയില്‍ ദൈവത്തിന്റെ അന്തിമവചനം ക്രിസ്തുവാണെന്നു ഗ്രഹിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

അവരുടെ തിരസ്ക്കരണത്തിനുള്ള കാരണം യേശു അവര്‍ക്കു കാണിച്ചുകൊടുത്തു - അവന്‍ യഥാര്‍ത്ഥ ദൈവമായിരുന്നിട്ടും അവര്‍ക്കു ദൈവത്തെ വേണ്ടായിരുന്നു. അവര്‍ ക്രിസ്തുവിനെ വെറുത്തു. തന്മൂലം അവര്‍ക്കു നിത്യജീവന്‍ നഷ്ടമായി. വിശ്വാസത്തിന്റെയും കൃപയുടെയും മാദ്ധ്യമം അവര്‍ക്കു കൈവിട്ടുപോയി.

പ്രാര്‍ത്ഥന: ഓ യേശുവേ, നിന്റെ ശത്രുക്കളെ നീ സ്നേഹിച്ചതിനു നിനക്കു നന്ദി, അവരുടെ അവിശ്വാസത്തില്‍ നീ ദുഃഖിച്ചു. നിന്റെ ദൈവത്വത്തിന്റെ നാലു സാക്ഷ്യങ്ങള്‍ നീ അവര്‍ക്കു കാണിച്ചുകൊടുത്തു. നിന്നെ കാണാനും നിന്റെ ദൈവത്വം കണ്ടെത്താനും, നിന്റെ പ്രവൃത്തികളില്‍ വിശ്വസിക്കാനും നിത്യജീവന്‍ പ്രാപിക്കാനും സുവിശേഷങ്ങളും മറ്റു തിരുവെഴുത്തുകളും പരിശോധിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. ഇന്നും നിന്റെ ശബ്ദ ത്തിനു ചെവി കേള്‍ക്കാത്ത ജനകോടികളുടെ കാതുകള്‍ തുറക്കണമേ.

ചോദ്യം:

  1. നാലു സാക്ഷികള്‍ ആരെല്ലാം, എന്തിനാണ് അവര്‍ സാക്ഷ്യം വഹിക്കുന്നത്?

www.Waters-of-Life.net

Page last modified on May 10, 2012, at 11:00 AM | powered by PmWiki (pmwiki-2.3.3)