Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 028 (Jesus leads the adulteress to repentance)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
C - ക്രിസ്തുവിന്റെ പ്രഥമ യെരൂശലേം സന്ദര്‍ശനം (യോഹന്നാന്‍ 2:13 - 4:54) -- സത്യാരാധന എന്നാല്‍ എന്ത്?
4. യേശു ശമര്യയില്‍ (യോഹന്നാന്‍ 4:1-42)

a) യേശു വ്യഭിചാരിണിയെ മാനസാന്തരത്തിലേക്കു നയിക്കുന്നു (യോഹന്നാന്‍ 4:1-26)


യോഹന്നാന്‍ 4:1-6
1യേശു യോഹന്നാനെക്കാള്‍ അധികം ശിഷ്യന്മാരെ ചേര്‍ത്തു സ്നാനം കഴിപ്പിക്കുന്നുവെന്നു പരീശന്മാര്‍ കേട്ടുവെന്നു കര്‍ത്താവ് അറിഞ്ഞു. 2എന്നാല്‍ ശിഷ്യന്മാരല്ലാതെ, യേശു ആരെയും സ്നാനം കഴിപ്പിച്ചില്ലതാനും. 3അവന്‍ യഹൂദ്യദേശം വിട്ടു പിന്നെയും ഗലീലയ്ക്കു യാത്രയായി. 4അവന്‍ ശമര്യയില്‍ക്കൂടി കടന്നുപോകേണ്ടിവന്നു. 5അങ്ങനെ അവന്‍ സുഖാര്‍ എന്നൊരു ശമര്യപട്ടണത്തില്‍, യാക്കോബു തന്റെ പുത്രനായ യോസേഫിനു കൊടുത്ത നിലത്തിനരികെ എത്തി. 6അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴിനടന്നു ക്ഷീണിച്ചിട്ട് ഉറവിനരികെ ഇരുന്നു; അപ്പോള്‍ ഏകദേശം ആറാംമണി നേരമായിരുന്നു.

സുവിശേഷകന്‍ യേശുവിനെ വിളിക്കുന്നതു "കര്‍ത്താവെ''ന്നാണ്. ചരിത്രത്തിന്മേല്‍ വാഴുന്ന നിത്യരാജാവാണ് അവന്‍. അവന്‍ ശിക്ഷിക്കുകയും കൃപ കാട്ടുകയും ചെയ്യുന്നു. അവന്‍ അവര്‍ക്കു വഴികാട്ടുകയും അവരെ ന്യായം വിധിക്കുകയും ചെയ്യുന്നു. സുവിശേഷകന്‍ യേശുവിന്റെ തേജസ്സു കണ്ടിട്ട് ഈ ഗംഭീര നാമം നല്‍കി യേശുവിനെ ആദരിക്കുകയാണ്.

പരീശന്മാര്‍ ഒന്നിച്ചുകൂടി യുദ്ധസന്നദ്ധരായിരിക്കുകയാണ്. യഹൂദ്യയില്‍ ക്രിസ്തുവിന്റെ പ്രസംഗം തിളക്കമാര്‍ന്ന ഒരു വിജയമായിരുന്നു. സ്നാപകനെപ്പോലെ അവനും ആളുകളെ മാനസാന്തരത്തിനും പാപങ്ങള്‍ ഏറ്റുപറയുന്നതിനും ആഹ്വാനം ചെയ്തു. സ്നാപകനില്‍നിന്ന് അവന്‍ ഇക്കാര്യം ഏറ്റെടുത്തതുപോലെയായിരുന്നു അത് (അവന്‍ തന്നെ സ്നാനം കഴിപ്പിച്ചില്ലെങ്കിലും, അവന്റെ ശിഷ്യന്മാരെ അവനത് ഏല്പിച്ചു). ആത്മസ്നാനത്തിന്റെ ഒരു പ്രതീകമെന്നല്ലാതെ ജലസ്നാനം ഒന്നുമല്ലെന്നു യേശു പഠിപ്പിച്ചു. എന്നാലും അവന്റെ സമയം വരാഞ്ഞതുകൊണ്ട് അവന്‍ തന്നെ സ്നാനം കഴിപ്പിച്ചില്ല.

പരീശന്മാരുടെ എതിര്‍പ്പു വര്‍ദ്ധിച്ചപ്പോള്‍, യേശു വടക്കോട്ടു പോയി. സ്വര്‍ഗ്ഗീയപിതാവിന്റെ ആലോചന(പദ്ധതി)യനുസരിച്ചാണ് അവന്‍ ജീവിച്ചത്. ഈ ന്യായപ്രമാണികളുമായുള്ള തുറന്ന ഏറ്റുമുട്ടലിന്റെ സമയമായിരുന്നില്ല. മലനാടന്‍ വഴിയേ ശമര്യയില്‍ കടക്കാന്‍വേണ്ടി ഗലീലയിലേക്കുള്ള കുറുക്കുവഴിയാണ് യേശു തിരഞ്ഞെടുത്തത്.

പഴയനിയമത്തില്‍ വലിയ അംഗീകാരമൊന്നുമില്ലാത്ത ഒരു കൂട്ടരായിരുന്നു ശമര്യര്‍; സങ്കരവര്‍ഗ്ഗമായിരുന്ന കാരണത്താലായിരുന്നു അത്. ബി.സി. 722 ല്‍ അശൂര്യര്‍ ശമര്യ കീഴടക്കിയപ്പോള്‍, അബ്രാഹാമിന്റെ സന്തതികളില്‍ മിക്കപേരെയും പ്രവാസികളായി മെസെപ്പൊട്ടേമിയയിലേക്കു കൊണ്ടുപോയി. മറ്റു കൂട്ടരെ അവര്‍ ശമര്യയില്‍ താമസിപ്പിച്ചു. ഇങ്ങനെയുണ്ടായതാണു സങ്കരവര്‍ഗ്ഗം - ഇതു വിശ്വാസങ്ങളെയും കൂട്ടിക്കലര്‍ത്തി.

പൂര്‍വ്വപിതാക്കന്മാരുടെ കേന്ദ്രമായ, ശേഖേമിനടുത്തുള്ള സുഖാറില്‍ യേശു വന്നു. അവിടെവെച്ചാണു യോശുവ ദൈവവുമായും ജനവുമായും ഉടമ്പടി ചെയ്തത് (ഉല്പത്തി 12:6; യോശുവ 8:30-35). അതിനടുത്തായി പുരാതനമായ ഒരു കിണറുണ്ടായിരുന്നു, അതു യാക്കോബിന്റേതാണെന്നു കരുതിപ്പോന്നു (ഉല്പത്തി 33:19). നാബ്ലുസ് എന്ന സ്ഥലത്തിനടുത്ത് എവിടെയോ ആണു യോസേഫിന്റെ അസ്ഥികള്‍ മറവുചെയ്തത് (യോശുവ 24:32). പഴയനിയമത്തില്‍ ചരിത്രപ്രാധാന്യമുള്ള ഒരു മേഖലയാണിത്.

യേശു കിണറിനടുത്തായി ഇരുന്നു, വളരെ ദൂരം നടന്നതും ഉച്ചസമയത്തെ ചൂടും നിമിത്തം അവന്‍ ക്ഷീണിതനായിരുന്നു. അവന്‍ യഥാര്‍ത്ഥ മനുഷ്യനായിരുന്നു, ക്ഷീണിച്ചവനും ദാഹിച്ചവനുമായിരുന്നു - മനുഷ്യരൂപത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ടതോ പ്രേതമോ ഒന്നുമല്ല. മനുഷ്യനുള്ള ശാരീരികന്യൂനതകളെല്ലാം യേശുവിനുണ്ടായിരുന്നു.

യോഹന്നാന്‍ 4:7-15
7ഒരു ശമര്യസ്ത്രീ വെള്ളം കോരുവാന്‍ വന്നു; യേശു അവളോട്: എനിക്കു കുടിക്കാന്‍ തരുമോയെന്നു ചോദിച്ചു. 8അവന്റെ ശിഷ്യന്മാര്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങുവാന്‍ പട്ടണത്തില്‍ പോയിരുന്നു. 9ശമര്യസ്ത്രീ അവനോട്: നീ യഹൂദനായിരിക്കെ ശമര്യക്കാരിയായ എന്നോടു കുടിക്കാന്‍ ചോദിക്കുന്നത് എങ്ങനെ എന്നു പറഞ്ഞു - യഹൂദന്മാര്‍ക്കും ശമര്യര്‍ക്കും തമ്മില്‍ സമ്പര്‍ക്കമില്ല. 10അതിനു യേശു: നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിക്കാന്‍ ചോദിക്കുന്നവന്‍ ആരെന്നും അറിഞ്ഞുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നുവെന്ന് ഉത്തരം പറഞ്ഞു. 11സ്ത്രീ അവനോട്: യജമാനനേ, നിനക്കു കോരുവാന്‍ പാത്രമില്ലല്ലോ; കിണറ് ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്ക് എവിടെനിന്ന്? 12നമ്മുടെ പിതാവായ യാക്കോബിനെക്കാള്‍ നീ വലിയവനോ? അവനാകുന്നു ഈ കിണര്‍ ഞങ്ങള്‍ക്കു തന്നത്; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു. യേശു അവളോട്: 13ഈ വെള്ളം കുടിക്കുന്നവനെല്ലാം പിന്നെയും ദാഹിക്കും. 14ഞാന്‍ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കുകയില്ല; ഞാന്‍ കൊടുക്കുന്ന വെള്ളം അവനില്‍ നിത്യജീവനിലേക്കു പൊങ്ങിവരുന്ന നീരുറവയായിത്തീരും എന്ന് ഉത്തരം പറഞ്ഞു. 15സ്ത്രീ അവനോട്: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാന്‍ കോരുവാന്‍ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്കു തരണം എന്നു പറഞ്ഞു.

യേശു കിണറിനരികില്‍ നില്‍ക്കുമ്പോള്‍, ഒരു ശമര്യസ്ത്രീ വെള്ളം കോരാന്‍ വന്നു. മറ്റുള്ള സ്ത്രീകളെപ്പോലെ രാവിലെയോ വൈകീട്ടോ അല്ല, ഉച്ചയ്ക്കാണ് അവള്‍ വന്നത്. ആരെയും കാണാന്‍ അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അവളുടെ ചീത്തപ്പേരു കാരണം പോകുന്നിടത്തെല്ലാം അവളെ എല്ലാവരും ദുഷിച്ചിരുന്നു. അവളുടെ കലങ്ങിയ ഹൃദയം ദൂരത്തുനിന്നുതന്നെ യേശു വിവേചിച്ചറിഞ്ഞു, ശുദ്ധീകരണത്തിനായുള്ള അവളുടെ ദാഹവും അവനനുഭവിച്ചറിഞ്ഞു. അവളെ സഹായിക്കാന്‍ അവന്‍ തീരുമാനിച്ചു; അവന്‍ പഴയ നിയമം എടുത്തില്ല, അവളെ വഴക്കു പറഞ്ഞുമില്ല; കുടിക്കാന്‍ ചോദിച്ചതേയുള്ളൂ. അവനു വെള്ളം കൊടുക്കാന്‍ കഴിയുന്ന ഒരാളായിട്ടാണ് അവളെ അവന്‍ പരിഗണിച്ചത്. എന്നാല്‍ അവന്‍ യഹൂദനെന്ന് അവളറിഞ്ഞപ്പോള്‍ അവളതിനു വിസമ്മതിച്ചു. അവളുടെ ആളുകള്‍ക്കും അവന്റെയാളുകള്‍ക്കുമിടയില്‍ ഒരു പിളര്‍പ്പുണ്ട്. അശുദ്ധി പേടിച്ച് അവര്‍ പരസ്പരം പാത്രങ്ങള്‍ സ്പര്‍ശിക്കുകപോലുമില്ല. ഇങ്ങനെയുള്ള ആചാരവ്യത്യാസങ്ങളൊന്നും അവര്‍ക്കിടയില്‍ ഇല്ലാത്തതുപോലെയാണു യേശു പെരുമാറിയത്, അവന്റെ ചോദ്യംമൂലം അവളെ അവന്‍ മാനിക്കുകയായിരുന്നു.

പാപിനിയായ ഇവളില്‍ ദൈവത്തിനായുള്ള ഒരു ദാഹം ഉണര്‍ത്തുകയെന്നതായിരുന്നു ക്രിസ്തുവിന്റെ ലക്ഷ്യം. ആ സ്ഥലമൊരു കിണറായതിനാല്‍, വെള്ളത്തെക്കുറിച്ചു സംസാരിക്കുന്നതിനു പറ്റിയ സ്ഥലമായിരുന്നു. ദൈവത്തിന്റെ ദാനത്തിനായുള്ള ഒരാഗ്രഹം ഇത് അവളിലുണര്‍ത്തി. ഒരുദ്ദേശ്യമെന്ന നിലയില്‍ ദൈവസ്നേഹം അവളുടെ മുമ്പില്‍ അവന്‍ വെച്ചു. നാശത്തിനായി അവളെ കാത്തിരിക്കുന്ന ഒരു ന്യായവിധിയല്ല, കൃപയാല്‍ അവള്‍ക്കുവേണ്ടിയൊരുക്കിയ ദൈവത്തിന്റെ ദാനമായിരുന്നു അത്. എത്ര തിളക്കമാര്‍ന്ന ഒരത്ഭുതം!

കൃപ ഇടതടവില്ലാതെ വരുന്നതു കാറ്റില്‍നിന്നല്ല, മറിച്ചു യേശുവില്‍നിന്നു മാത്രമാണ്. താലന്തുകളും (മേഹലി) കൃപയും നല്‍കുന്നവന്‍ അവനാണ്. അപ്പോഴും സ്ത്രീ അവനെക്കണ്ടത് ഒരു സാധാരണക്കാരനായാണ്. അപ്പോഴും ക്രിസ്തുവിന്റെ തേജസ്സ് അവളുടെ കണ്ണിനു മറഞ്ഞിരിക്കുകയായിരുന്നു. എന്നാല്‍ അവന്റെ ശുദ്ധമായ സ്നേഹം അവള്‍ക്കു വ്യക്തമായിരുന്നു. ജീവജലം അവന്റെ വകയാണെന്നാണ് അവളോട് അവന്‍ പറഞ്ഞത്. അവന്‍ നല്കുന്ന സ്വര്‍ഗ്ഗീയജലം ആത്മാവിന്റെ ദാഹം ശമിപ്പിക്കുന്നതായിരുന്നു. സ്നേഹത്തിനും സത്യത്തിനുമായി ജനം ദാഹിക്കുന്നു, ദൈവത്തിലേക്കു മടങ്ങാനുംഅവര്‍ ആഗ്രഹിക്കുന്നു. യേശുവിന്റെ അടുക്കലേക്കു വരുന്നവന്റെ ദാഹം ശമിക്കുന്നു.

ചോദിക്കുന്നവര്‍ക്കു യേശു ദൈവത്തിന്റെ ദാനം നല്കുന്നു. നാം നമ്മുടെ ആവശ്യമെന്തെന്നു പറയണം, യേശു വെള്ളം ആവശ്യമുണ്ടെന്നറിയിച്ചതുപോലെ. വിനയപൂര്‍വ്വം ചോദിക്കാത്തവര്‍ക്ക്, സൌജന്യമായി നല്കുന്ന സ്വര്‍ഗ്ഗീയജലം കിട്ടുകയില്ല.

യേശുവിനെ മനസ്സിലാക്കുന്നതില്‍ ഈ സ്ത്രീ പരാജയപ്പെട്ടു. അവള്‍ പ്രായോഗികമായാണു മറുപടി പറഞ്ഞത്, "കോരുവാന്‍ നിനക്കു പാത്രമില്ലല്ലോ, കിണര്‍ ആഴമുള്ളതാകുന്നു; പിന്നെയെങ്ങനെയാണു നീയെനിക്കു വെള്ളം തരുന്നത്?" യേശുവിന്റെ കരുണയും സ്നേഹവും അനുഭവിച്ചപ്പോഴേക്കും അവള്‍ ആകെ ആശയക്കുഴപ്പത്തിലായി. അവളുടെ അയല്‍ക്കാര്‍ അവളെ ദുഷിക്കുന്നതുപോലെ അവളെ അവന്‍ ദുഷിച്ചില്ല. അവന്റെ മഹത്വത്തില്‍നിന്ന് അവള്‍ അകലെയായിരുന്നു, എന്നാല്‍ അവന്റെ വിശുദ്ധിയില്‍ അവളെ അവന്‍ സ്നേഹിച്ചു. അവനെപ്പോലെ പരിശുദ്ധനായ ഒരാളെ ഒരിക്കലും അവള്‍ കണ്ടിട്ടില്ല. അതുകൊണ്ട് അവള്‍ ചോദിച്ചു, "നമ്മുടെ പിതാവായ യാക്കോബിനെക്കാള്‍ നീ വലിയവനാണോ? ഒരത്ഭുതം ചെയ്ത് ഒരു പുതിയ കിണര്‍ ഞങ്ങള്‍ക്കു നല്‍കാന്‍ നിനക്കു പദ്ധതിയുണ്ടോ?"

തന്റെ മനസ്സിലുള്ളതു ഭൌമികജലമല്ല, അതുകൊണ്ടു ദാഹം ശമിപ്പിക്കുന്നവര്‍ക്കെല്ലാം വീണ്ടും ദാഹിക്കും. ശരീരത്തില്‍ വലിച്ചെടുക്കുന്ന ജലം പുറത്തേക്കു പോകുന്നതാണ്.

എന്നിരുന്നാലും, യേശു നമുക്കു ജീവജലം നല്കുന്നു, എല്ലാ ആത്മീയദാഹവും ശമിപ്പിക്കുന്നു. ക്രിസ്ത്യാനികള്‍ ദൈവത്തെ അന്വേഷിച്ചുകണ്ടെത്തുന്നവരാണ്. സത്യത്തിലെത്താതെ, അതു പ്രതിഫലിപ്പിക്കുന്ന തത്വജ്ഞാനികളല്ല അവര്‍. ദൈവം അവരെ കണ്ടെത്തി; അവന്റെ സത്ത അവര്‍ക്കറിയാം. അവന്റെ സ്നേഹം എപ്പോഴും നമ്മെ തൃപ്തിപ്പെടുത്തുന്നതാണ്. അവന്റെ വെളിപ്പാട് ഒരിക്കലും കാലഹരണപ്പെടുന്നതല്ല. അത് എപ്പോഴും പൊട്ടിപ്പുറപ്പെടുന്നതും, ദിനംപ്രതി പുതുക്കമുള്ളതും സുതാര്യവുമാണ്. അതു ദൈവത്തെക്കുറിച്ചുള്ള അറിവു പുതുക്കുന്നതാണ് - വെറുമൊരു ചിന്തയല്ല, മറിച്ചു ശക്തിയും ജീവനും, വെളിച്ചവും സമാധാനവുമാണ്. സ്വര്‍ഗ്ഗീയജലത്തിന്റെ ദൈവദാനമാണു പരിശുദ്ധാത്മാവ്.

താന്‍ മാത്രമാണു ജീവന്റെ വെള്ളം നല്‍കുന്നവനെന്നു യേശു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഒരു മതത്തിനോ രാഷ്ട്രീയകക്ഷിക്കോ, ബന്ധുത്വത്തിനോ സൌഹൃദത്തിനോ നിങ്ങളുടെ ആത്മാവിന്റെ ദാഹം ശമിപ്പിക്കാന്‍ കഴിയില്ല, നിങ്ങളുടെ രക്ഷകനായ യേശുവിനു മാത്രമേ അതിനു കഴിയൂ.

ദൈവത്തിന്റെ ദാനം സ്വീകരിക്കുന്നവരൊക്കെ രൂപാന്തരപ്പെടുന്നു. ദാഹിക്കുന്നവന്‍ കവിഞ്ഞൊഴുകുന്ന ഒരു നീരുറവയായിത്തീര്‍ന്നിട്ടു മറ്റുള്ളവര്‍ക്ക് അനുഗ്രഹമാകുന്നു. അവര്‍ക്കു കൃപയും സന്തോഷവും സ്നേഹവും തുടങ്ങി പരിശുദ്ധാത്മാവിന്റെ മറ്റുള്ള ഫലങ്ങളും നല്‍കുന്നു. ക്രിസ്തുവില്‍ വസിക്കുന്ന നമുക്കു കൃപയുടെമേല്‍ കൃപ ലഭിക്കുന്നു, അനേകര്‍ക്കു ദൈവദാനമായി മാറുന്നു.

യേശു ഒരു മാജിക്കുകാരനല്ല, യാഥാര്‍ത്ഥ്യത്തിന്റെ വ്യക്തിയാണെന്ന് ആ സ്ത്രീക്കു മനസ്സിലായി. ജീവനുള്ള വെള്ളത്തിനായി അവള്‍ അവനോടു ചോദിച്ചു. അവള്‍ അവളുടെ ആവശ്യമറിയിച്ചു, അപ്പോഴും അവള്‍ കരുതിയത്, ഭൌമികവെള്ളത്തെക്കുറിച്ചാണു യേശു സംസാരിക്കുന്ന തെന്നാണ്. ആ വെള്ളം കിട്ടിക്കഴിഞ്ഞാല്‍പ്പിന്നെ, കുടം ചുമക്കുകയോ അവളെ ദുഷിക്കുന്നവരുമായി ഇടപെടുകയോ വേണ്ടായെന്നായിരുന്നു അവള്‍ ഭാവന കണ്ടത്.

പ്രാര്‍ത്ഥന: ജീവജലദാതാവായ യേശുകര്‍ത്താവേ, അറിവിനും സ്നേഹത്തിനുമായുള്ള ഞങ്ങളുടെ ദാഹം ശമിപ്പിക്കണമേ. ഞങ്ങളുടെ കുറ്റങ്ങള്‍ പൊറുത്ത്, ഞങ്ങളുടെ കറകള്‍ നീക്കി ശുദ്ധീകരിക്കണമേ. അങ്ങനെ പരിശുദ്ധാത്മാവു ഞങ്ങളുടെമേല്‍ വരികയും എന്നേക്കും ഞങ്ങളില്‍ വസിക്കുകയും ചെയ്യുമല്ലോ. ഞങ്ങള്‍ ജീവജലത്തിന്റെ ഉറവകളായിത്തീര്‍ന്നിട്ട്, ഞങ്ങളുടെ ഹൃദയങ്ങളില്‍ പകര്‍ന്ന നിന്റെ ആത്മാവില്‍നിന്ന് അനേകര്‍ കുടിക്കട്ടെ. സൌമ്യതയും പ്രാര്‍ത്ഥനയും, സ്നേഹവും വിശ്വാസവും ഞങ്ങളെ പഠിപ്പിക്കണമേ.

ചോദ്യം:

  1. യേശു നമുക്കു നല്കുന്ന ദാനം ഏതാണ്? അതിന്റെ ഗുണഗണങ്ങള്‍ എന്തെല്ലാമാണ്?

www.Waters-of-Life.net

Page last modified on May 10, 2012, at 09:31 AM | powered by PmWiki (pmwiki-2.3.3)