Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 022 (People lean towards Jesus; Need for a new birth)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
C - ക്രിസ്തുവിന്റെ പ്രഥമ യെരൂശലേം സന്ദര്‍ശനം (യോഹന്നാന്‍ 2:13 - 4:54) -- സത്യാരാധന എന്നാല്‍ എന്ത്?
2. യേശു നിക്കോദേമോസുമായി സംസാരിക്കുന്നു (യോഹന്നാന്‍ 2:23-3:21)

a) ജനം യേശുവിലേക്കു ചായുന്നു (യോഹന്നാന്‍ 2:23-25)


യോഹന്നാന്‍ 2:23-25
23പെസഹാപെരുന്നാളില്‍ യെരൂശലേമില്‍ ഇരിക്കുമ്പോള്‍ അവന്‍ ചെയ്ത അടയാളങ്ങള്‍ കണ്ടിട്ടു പലരും അവന്റെ നാമത്തില്‍ വിശ്വസിച്ചു. 24യേശുവോ എല്ലാവരെയും അറിയുകകൊണ്ടു തന്നെത്താന്‍ അവരുടെ പക്കല്‍ വിശ്വസിച്ച് ഏല്പിച്ചില്ല. 25മനുഷ്യനിലുള്ളത് എന്തെന്നു സ്വതവേ അറിഞ്ഞിരിക്കുകയാല്‍ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.

പെസഹാവേളയില്‍, ആരാധനാകേന്ദ്രമായ യെരൂശലേമില്‍ ജനക്കൂട്ടം വന്നു. മിസ്രയീമില്‍നിന്നു (ഈജിപ്റ്റ്) പുറപ്പെടുന്നതിനുമുമ്പ്, തങ്ങളുടെ പിതാക്കന്മാരെ ദൈവത്തിന്റെ ന്യായവിധിയില്‍നിന്നു സൂക്ഷിച്ച കുഞ്ഞാടിനെക്കുറിച്ചായിരുന്നു അവര്‍ ചിന്തിച്ചത്. അവരുടെ ഭക്ഷണത്തില്‍ യാഗമാംസവും പങ്കിട്ടിരുന്നു.

ദൈവകുഞ്ഞാടായ യേശു യെരൂശലേമില്‍ വന്നു പല അടയാളങ്ങളും ചെയ്തിരുന്നു, അവന്റെ സ്നേഹവും ശക്തിയും അവയിലൂടെ കാണിച്ചുകൊടുത്തു. ഈ സമയത്ത് അവന്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞു, അനേകരുടെ ചുണ്ടുകളില്‍ അവന്റെ നാമമുണ്ടായിരുന്നു; അവര്‍ മന്ത്രിച്ചു, "അവനൊരു പ്രവാചകനാണോ, ഏലീയാവാണോ, മശീഹ ആയിരിക്കുമോ?" അനേകര്‍ അവനിലേക്ക് ആകര്‍ഷിക്കപ്പെട്ടു, അവന്‍ ദൈവത്തില്‍നിന്നു വന്നവനാണെന്ന് അവര്‍ വിശ്വസിച്ചു.

യേശു അവരുടെ ഉള്ളം കണ്ടു, പക്ഷേ അവരെ ആരെയും അവന്‍ ശിഷ്യരാക്കിയില്ല. അവര്‍ അവന്റെ ദൈവത്വം കണ്ടെത്തിയില്ല. ലൌകികമായ പദങ്ങളായിരുന്നു അവര്‍ ചിന്തിച്ചിരുന്നത്. റോമില്‍നിന്നുള്ള സ്വാതന്ത്യ്രവും, അനുയോജ്യമായ തൊഴിലും, സുഖപ്രദമായ ഭാവിയുമായിരുന്നു അവരുടെ മനസ്സില്‍. യേശുവിന് എല്ലാവരെയും അറിയാമായിരുന്നു; അവന്റെ കണ്ണിനു മറഞ്ഞിരിക്കുന്ന ഒരു ഹൃദയവുമില്ലായിരുന്നു. ആരും തന്നെ ദൈവത്തെ നിഷ്ക്കളങ്കമായി അന്വേഷിച്ചിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍, അവര്‍ അനുതപിച്ചു പാപങ്ങള്‍ ഏറ്റുപറഞ്ഞു യോര്‍ദ്ദാനില്‍ സ്നാനമേല്‍ക്കുമായിരുന്നു.

നിങ്ങളുടെ ഹൃദയം, ഭാവന, പ്രാര്‍ത്ഥന, പാപങ്ങള്‍ എന്നിവയൊക്കെ ക്രിസ്തുവിനറിയാം. നിങ്ങളുടെ ചിന്തകളും അവയുടെ ഉറവിടവും അവനറിയുന്നു. നീതിയും അന്തസ്സുമുള്ള ഒരു ജീവിതമാണു നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അവനറിയാം. എപ്പോഴാണു നിങ്ങളുടെ നിഗളം കുലുങ്ങുന്നത്? പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുന്നതിന്, എപ്പോഴാണു നിങ്ങളുടെ സ്വയം പുകഴ്ചയില്‍നിന്നു നിങ്ങള്‍ പിന്‍തിരിയുന്നത്?


b) പുതുജനനത്തിന്റെ ആവശ്യം (യോഹന്നാന്‍ 3:1-13)


യോഹന്നാന്‍ 3:1-3
1പരീശന്മാരുടെ കൂട്ടത്തില്‍ യഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമോസ് എന്നു പേരുള്ളൊരു മനുഷ്യന്‍ ഉണ്ടായിരുന്നു. 2അവന്‍ രാത്രിയില്‍ യേശുവിന്റെ അടുക്കല്‍ വന്ന് അവനോട്: റബ്ബീ, നീ ദൈവത്തിന്റെ അടുക്കല്‍നിന്ന് ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കില്‍ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്യാന്‍ ആര്‍ക്കും കഴിയുകയില്ല എന്നു പറഞ്ഞു. 3യേശു അവനോട്: ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: പുതുതായി ജനിച്ചില്ലായെങ്കില്‍ ദൈവരാജ്യം കാണാന്‍ ആര്‍ക്കും കഴിയുകയില്ല എന്ന് ഉത്തരം പറഞ്ഞു.

ജനക്കൂട്ടത്തില്‍നിന്നു വന്നയാളാണു നിക്കോദേമോസ്. പരമഭക്തനും പ്രമുഖനുമായിരുന്ന അദ്ദേഹം, സന്‍ഹെദ്രിന്‍ സംഘാംഗമായിരുന്നു. ക്രിസ്തുവില്‍ സജീവമായ ദൈവശക്തി അദ്ദേഹം തിരിച്ചറിഞ്ഞു. ഈ പുതിയ പ്രവാചകനും യഹൂദസമൂഹത്തിനുമിടയില്‍ ഒരു പാലം പണിയാന്‍ അദ്ദേഹം ആഗ്രഹിച്ചിരിക്കാം. അതേസമയംതന്നെ, മഹാപുരോഹിതനെയും പൊതുജനത്തെയും അദ്ദേഹം ഭയക്കുകയും ചെയ്തു. യേശു ആരാണെന്ന് അദ്ദേഹത്തിനു തീര്‍ച്ചയില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം രാത്രിയിലാണു രഹസ്യമായി വന്നത്. യേശുവിന്റെ കൂട്ടത്തില്‍ കൂടുന്നതിനുമുമ്പ് യേശുവിനെ ഒന്നു പരീക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ആ വരവ്.

"റബ്ബീ" ("ഗുരോ") എന്ന സംബോധനയിലൂടെ, ഒരു ഭൂരിപക്ഷവീക്ഷണമാണു നിക്കോദേമോസ് പ്രകടിപ്പിച്ചത്. ഒരു കൂട്ടം അനുയായികളുമായി തിരുവചനം പഠിപ്പിക്കുന്ന യേശുവിനെ അദ്ദേഹം കണ്ടു. യേശുവിനെ അയച്ചതു ദൈവമാണെന്ന് അദ്ദേഹം സമ്മതിച്ചു, അടയാളങ്ങള്‍ അത് ഉറപ്പിച്ചിട്ടുണ്ടല്ലോ. അദ്ദേഹം ഏറ്റുപറഞ്ഞു, "ദൈവം നിന്നോടുകൂടെയുണ്ടെന്നും, ദൈവം നിന്നെ വഹിക്കുന്നുവെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. മശീഹ നീയായിരിക്കാം?" നിക്കോദേമോസ് പരോക്ഷമായി സമ്മതിച്ചത് ഇതായിരുന്നു.

യേശു അദ്ദേഹത്തിന്റെ ചോദ്യത്തിനു മറുപടി നല്‍കി, ജനത്തിന്റെ നേതാക്കന്മാര്‍ക്കും ക്രിസ്തുവിനുമിടയില്‍ സഞ്ചരിക്കുന്നതില്‍ മുഴുവനായി ആശ്രയിക്കാനല്ല. നിക്കോദേമോസിന്റെ ഹൃദയവും അവന്റെ പാപങ്ങളും, നീതിക്കായുള്ള അദ്ദേഹത്തിന്റെ ദാഹവും യേശു കണ്ടു. ഭക്തനായിരുന്നിട്ടും, ദൈവത്തെ സത്യമായി നിക്കോദേമോസ് അറിഞ്ഞില്ല. യേശു അദ്ദേഹത്തോടു തുറന്നുപറഞ്ഞു, "സ്വപരിശ്രമങ്ങള്‍ മൂലം ആര്‍ക്കും ദൈവത്തെ അറിയാന്‍ കഴിയില്ല; സ്വര്‍ഗ്ഗീയാത്മാവിന്റെ പുതുജനനം ആ വ്യക്തിക്കാവശ്യമാണ്."

യുക്തിയില്‍ മാത്രം അടിത്തറയിട്ട ദൈവശാസ്ത്രപഠനത്തിന്മേലുള്ള ന്യായവിധിയാണു ക്രിസ്തു പ്രസ്താവിച്ചത്. ബൌദ്ധികമായ പ്രഭാഷണങ്ങള്‍ മൂലമല്ല, മറിച്ചു പുതുജനനത്താലാണു ദൈവത്തെക്കുറിച്ചുള്ള അറിവുണ്ടാകുന്നത്. ഒരു റേഡിയോ നിങ്ങള്‍ ഓണ്‍ ചെയ്താല്‍, അതു റ്റെലിവിഷനെപ്പോലെ ചിത്രമൊന്നും നല്‍കുകയില്ല. റേഡിയോയില്‍നിന്നു തികച്ചും വ്യത്യസ്തമായ ഒന്നിലൂടെയാണു ചിത്രങ്ങള്‍ ലഭിക്കുന്നത്. സ്വാഭാവിക (natural)മനുഷ്യനും ഇതുപോലെയാണ്. ഭക്തിപ്രകടനങ്ങളുണ്ടെങ്കിലും, ചിന്തയിലൂടെയോ തോന്നലിലൂടെയോ അയാള്‍ക്കു ദൈവത്തെ കാണാന്‍ കഴിയില്ല. ആത്മീയയാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ ഒരു വിപ്ളവം വേണം, ഒരു സ്വര്‍ഗ്ഗീയജനനവും ഒരു പുതിയ സൃഷ്ടിയും ആവശ്യമാണ്.

യോഹന്നാന്‍ 3:4-5
4നിക്കോദേമോസ് അവനോട്: മനുഷ്യന്‍ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. 5അതിനു യേശു: ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

നിക്കോദേമോസിനു ദൈവത്തെക്കുറിച്ചുള്ള അറിവില്ലായ്മയെ സ്പര്‍ശിച്ചാണു യേശു ഉത്തരം നല്‍കിയത്. അത് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കി. രണ്ടാമതു ജനിക്കുന്നതിനെക്കുറിച്ച് അദ്ദേഹം കേട്ടിട്ടേയില്ലായിരുന്നു. ഇതു കേട്ടപ്പോള്‍ അദ്ദേഹം ചിന്തിച്ചത്, ഒരു വൃദ്ധന്‍ ഗര്‍ഭാശയത്തിലേക്കു തിരിച്ചുപോകുന്നതായിട്ടാണ്. ബോധത്തില്‍ അധിഷ്ഠിതമായ ഈ പ്രതികരണം ഹ്രസ്വദൃഷ്ടിയാണു കാണിക്കുന്നത്. പിതാവായ ദൈവത്തിന് അവന്റെ ആത്മാവിനാല്‍ മക്കളെ ജനിപ്പിക്കാന്‍ കഴിയുമെന്ന കാര്യം അദ്ദേഹം ഗ്രഹിച്ചില്ല.

യേശു നിക്കോദേമോസിനെ സ്നേഹിച്ചു. ദൈവരാജ്യത്തിലേക്കുള്ള വഴി തനിക്കറിഞ്ഞുകൂടായെന്ന് അദ്ദേഹത്തെക്കൊണ്ടു സമ്മതിപ്പിച്ചശേഷം, താനാണു സത്യമെന്ന വസ്തുത കര്‍ത്താവു പ്രസ്താവിക്കുകയായിരുന്നു. ഒരേയൊരു വ്യവസ്ഥയായ രണ്ടാം ജനനം കൂടാതെ ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ നമുക്കു കഴിയില്ലായെന്നതാണു നാം വിശ്വസിക്കേണ്ടുന്ന കാര്യം.

എന്താണു രണ്ടാം ജനനം? അതൊരു ജനനമാണ്, ചിന്താധാരയല്ല, മനുഷ്യപ്രയത്നങ്ങളില്‍നിന്ന് ഉറവെടുക്കുന്നതുമല്ല. ആര്‍ക്കും തന്നെത്താന്‍ ജനിക്കാന്‍ കഴിയാതിരിക്കെ, പിതാവും ജീവദാതാവുമായി ദൈവം തീരുകയാണ്. ആത്മീയജനനം കൃപയാലാണ്, വെറും സ്വഭാവനവീകരണമല്ല, സാമൂഹ്യ അച്ചടക്കമല്ല. മനുഷ്യരെല്ലാം പാപത്തില്‍ ജനിക്കുകയും, മെച്ചമാകാനുള്ള ആശയ്ക്കു വഴിയില്ലാത്തവരുമാണ്. മനുഷ്യരാശിയിലേക്കു ദൈവത്തിന്റെ ജീവന്‍ പ്രവേശിക്കുന്നതിനുള്ള കവാടമാണ് ആത്മീയജനനം.

എങ്ങനെയാണ് ഇതു നടക്കുന്നത്? യേശു നിക്കോദേമോസിനോടു പറഞ്ഞു, വെള്ളത്താലും ആത്മാവിനാലും ഇതു നേടാം. യോഹന്നാന്റെ സ്നാനത്തെയും കല്യാണവീട്ടിലെ ശുദ്ധീകരണഭരണികളെയുമാണു വെള്ളമെന്നു പറയുന്നത്. പഴയ ഉടമ്പടിയുടെ ആളുകള്‍ക്ക്, ശുദ്ധീകരണത്തിനു വെള്ളം ആവശ്യമാണെന്ന അറിവുണ്ടായിരുന്നു. പാപത്തില്‍നിന്നുള്ള ശുദ്ധീകരണത്തിന്റെ അടയാളങ്ങളായിരുന്നു അവ. "നിങ്ങള്‍ക്കു സ്നാപകന്റെയടുത്തേക്കു പോയിട്ട്, പാപങ്ങള്‍ ഏറ്റുപറഞ്ഞു സ്നാനപ്പെട്ടുകൂടായോ" എന്നു യേശു ചോദിക്കുന്നതുപോലെയായിരുന്നു അത്. മറ്റൊരിടത്തു യേശു പറഞ്ഞു, "ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ഇച്ഛിച്ചാല്‍, അവന്‍ തന്നെത്താന്‍ ത്യജിച്ച്, തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ." സഹോദരാ, സഹോദരീ, താങ്കളുടെ കുറ്റം സമ്മതിക്കുക, താങ്കളുടെ പാപത്തിന്മേലുള്ള ദൈവത്തിന്റെ ന്യായവിധി സ്വീകരിക്കുക. താങ്കള്‍ തെറ്റിപ്പോയിരിക്കുകയാണ്, താങ്കള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.

മാനസാന്തരസ്നാനവും പാപക്ഷമയുംകൊണ്ടു മാത്രം യേശു തൃപ്തിയടഞ്ഞില്ല. മറിച്ച്, മാനസാന്തരികള്‍ക്ക് അവന്‍ പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനവും നല്‍കി, തകര്‍ന്ന ഹൃദയമുള്ളവര്‍ക്ക് അവന്‍ പുതുജീവന്‍ സൃഷ്ടിച്ചു നല്‍കി. അവന്റെ ക്രൂശീകരണത്തിനുശേഷം, അവന്റെ വിലയേറിയ രക്തത്താല്‍ നമ്മുടെ മനഃസാക്ഷിയുടെ ശുദ്ധീകരണവും ലഭിച്ചെന്നു നാം ഗ്രഹിക്കുന്നു. മാനസാന്തരപ്പെടുന്നയാളില്‍ ഈ ശുദ്ധീകരണത്തിന്റെ ഫലം പരിശുദ്ധാത്മാവിനാലാണ് അനുഭവമാകുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ഒരാള്‍ അനുസരിക്കുമ്പോള്‍, അവന്‍ നിത്യജീവനെക്കൊണ്ടും അതിന്റെ ഫലങ്ങളെക്കൊണ്ടും, അതിന്റെ ഗുണവിശേഷങ്ങളെക്കൊണ്ടും നിറയുന്നു. ക്രിസ്തുവിന്റെ മാര്‍ഗ്ഗദര്‍ശനമനുസരിച്ച് ആ വ്യക്തി ഒരു നല്ല മനുഷ്യനായിത്തീരുന്നു. ഈ വളര്‍ച്ച ഉടനടി നടക്കുന്നതല്ല; അതിനു മതിയായ സമയമാവശ്യമാണ്. പിറക്കുന്നതിനുമുമ്പ്, ഗര്‍ഭാശയത്തില്‍ ഭ്രൂണം വളരുന്നതുപോലെ. ഇങ്ങനെയാണ് ഒരാളില്‍ (വിശ്വാസിയില്‍) രണ്ടാമത്തെ ജനനം നടന്ന് ഒരു യാഥാര്‍ത്ഥ്യമാകുന്നത്. താന്‍ പുതുജനനം പ്രാപിച്ചുവെന്നും, ദൈവം തന്റെ പിതാവാണെന്നും, ക്രിസ്തുവില്‍ തനിക്കു നിത്യജീവനുണ്ടെന്നും അയാള്‍ക്കു വാസ്തവമായി അറിയാം.

യേശുവിന്റെ പ്രസംഗത്തിന്റെ ലക്ഷ്യം അതായിരുന്നു, അതു ദൈവരാജ്യത്തിന്റെ വിഷയമാണ്. എന്താണ് ഈ രാജ്യം? ഇതൊരു രാഷ്ട്രീയപ്രസ്ഥാനമോ സാമ്പത്തികസിദ്ധാന്തമോ അല്ല, മറിച്ചു വീണ്ടും ജനിച്ചവര്‍ക്കു പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടുമുള്ള കൂട്ടായ്മയാണ്. അവര്‍ ക്രിസ്തുവിനു വഴങ്ങുമ്പോള്‍, അവനെ അവരുടെ കര്‍ത്താവും രാജാവുമായി അംഗീകരിച്ച് അനുസരിക്കുമ്പോള്‍, അനുഗൃഹീതമായ ആത്മാവ് അവരുടെമേല്‍ വരുന്നു.

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, കൃപയാല്‍ മാത്രം ലഭിച്ച എന്റെ വീണ്ടും ജനനത്തിനായി നന്ദി. നീ എന്റെ ആത്മീയദൃഷ്ടി തുറന്നു. നിന്റെ സ്നേഹത്തില്‍ ഞാന്‍ വസിക്കട്ടെ. നിന്നെ പരമാര്‍ത്ഥമായി അന്വേഷിക്കുന്നവരുടെ കണ്ണുകള്‍ തുറന്ന്, അവരുടെ പാപങ്ങള്‍ മനസ്സിലാക്കി ഏറ്റുപറയാനും, നിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പുതുക്കപ്പെടുന്നതിനും ഇടയാക്കണമേ. നീ ചൊരിഞ്ഞ രക്തമാണല്ലോ അതിന്റെ അടിസ്ഥാനം. അങ്ങനെയവര്‍ നീയുമായുള്ള നീണ്ടുനില്‍ക്കുന്ന കൂട്ടായ്മയിലേക്കു പ്രവേശിക്കട്ടെ.

ചോദ്യം:

  1. നിക്കോദേമോസിന്റെ ഭക്തിയും ക്രിസ്തുവിന്റെ ഉദ്ദേശ്യങ്ങളും തമ്മിലുള്ള വ്യത്യാസമെന്ത്?

www.Waters-of-Life.net

Page last modified on May 09, 2012, at 12:32 PM | powered by PmWiki (pmwiki-2.3.3)