Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 021 (Cleansing of the Temple)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
C - ക്രിസ്തുവിന്റെ പ്രഥമ യെരൂശലേം സന്ദര്‍ശനം (യോഹന്നാന്‍ 2:13 - 4:54) -- സത്യാരാധന എന്നാല്‍ എന്ത്?

1. ദൈവാലയശുദ്ധീകരണം (യോഹന്നാന്‍ 2:13-22)


യോഹന്നാന്‍ 2:13-17
13യഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. 14ദൈവാലയത്തില്‍ കാള, ആട്, പ്രാവ് എന്നിവയെ വില്ക്കുന്നവരെയും അവിടെയിരിക്കുന്ന പൊന്‍വാണിഭക്കാരെയും കണ്ടിട്ടു 15കയറുകൊണ്ട് ഒരുചമ്മട്ടിയുണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തില്‍നിന്നു പുറത്താക്കി. പൊന്‍വാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു; 16പ്രാവുകളെ വില്ക്കുന്നവരോട്: ഇത് ഇവിടെനിന്നു കൊണ്ടുപോകുവിന്‍; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുത് എന്നു പറഞ്ഞു. 17അപ്പോള്‍ അവന്റെ ശിഷ്യന്മാര്‍: "നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളയുന്" എന്ന് എഴുതിയിരിക്കുന്നത് ഓര്‍ത്തു.

പെസഹായെന്ന വലിയ ഉത്സവത്തിന്റെ വേളയില്‍ യേശു യെരൂശലേമിലേക്കു പോയി. പതിനായിരക്കണക്കിനു യഹൂദന്മാര്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നായി അവിടെ കൂടും. പെസഹാക്കുഞ്ഞാടു നിമിത്തം, അവരുടെ ജനത്തിനു ദൈവക്രോധത്തില്‍നിന്നു തെറ്റിയൊഴിയാന്‍ കഴിഞ്ഞു എന്നതിന്റെ ഓര്‍മ്മയ്ക്കായി ആടുകളെ യാഗം കഴിക്കുന്നതിനാണ് അവര്‍ അവിടെകൂടുന്നത്. രക്തം ചൊരിഞ്ഞിട്ടല്ലാതെ പാപമോചനമില്ല. അനുരഞ്ജന (നിരപ്പ്)മില്ലാതെ ആരാധന നിരര്‍ത്ഥകമാണ്. ഇങ്ങനെ യോര്‍ദ്ദാന്‍നദി യിലെ സ്നാനത്തിലൂടെ പ്രതീകാത്മകമായി യേശു ലോകത്തിന്റെ പാപം ചുമന്നു. ലോകത്തിന്റെ പേരില്‍ അവന്‍ മരണമെന്ന സ്നാനവുമേല്ക്കും - അതു ദൈവക്രോധം വഹിക്കുന്ന അടയാളമാണ്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞാടാണെന്നു കര്‍ത്താവായ യേശു അറിഞ്ഞിരുന്നു.

അവന്‍ നഗരത്തിലേക്കു പ്രവേശിച്ചു ദൈവാലയത്തിലേക്കു പോയപ്പോള്‍, കെട്ടിടത്തിന്റെ ഗാംഭീര്യം കണ്ട് അവനൊന്നും തോന്നിയില്ല, മറിച്ച് അവന്റെ യാഗം മൂലം മാനവരാശിക്കുണ്ടാകാന്‍ പോകുന്ന രക്ഷയായിരുന്നു അവന്റെ മനസ്സില്‍. ആശ്ചര്യമെന്നു പറയട്ടെ, ദൈവാലയത്തില്‍ ആരാധനയുടെ ലക്ഷണമൊന്നുമല്ല അവന്‍ കണ്ടത്. പൊടിപടലവും കൂക്കിവിളിയും, പശുക്കളുടെ അമറലും വില്പനക്കാരുടെ തര്‍ക്കങ്ങളും മൃഗങ്ങളെ കശാപ്പു ചെയ്യുന്നതുമായിരുന്നു അവിടെക്കണ്ട കാഴ്ച. വിദേശനാണയത്തിനു പകരം യഹൂദനാണയം വിനിമയം ചെയ്യുന്നവരുടെ ഒച്ചയും അവന്‍ കേട്ടു - വരുന്നവര്‍ക്കു നേര്‍ച്ചപ്പണം നല്‍കുന്നവരായിരുന്നു അവര്‍.

പണംകൊണ്ടും പ്രത്യേക പ്രയത്നങ്ങള്‍കൊണ്ടും നീതീകരണം വാങ്ങാവുന്ന വിശ്വാസമെന്നതിലേക്കാണ് ആലയത്തിലെ ബഹളം വിരല്‍ ചൂണ്ടുന്നത്. ആചാരങ്ങളും സംഭാവനകളുംകൊണ്ടു കൃപയും നീതിയും വാങ്ങേണ്ടിയിരിക്കുന്നുവെന്നു വരുന്നവര്‍ ധരിച്ചു. സല്‍പ്രവൃത്തികളാല്‍ രക്ഷ പ്രാപിക്കാന്‍ കഴിയില്ലായെന്നതിനെക്കുറിച്ച് അവര്‍ ബോധവാന്മാരല്ലായിരുന്നു.

ഇതില്‍ യേശു തന്റെ നീതിക്രോധം കാട്ടി. മൃഗങ്ങളെ വില്ക്കുന്നവരെ ആട്ടിപ്പുറത്താക്കാനും, അവരുടെ പണം വലിച്ചെറിയാനും നിമിത്തമായതു സത്യാരാധനയ്ക്കായുള്ള തീക്ഷ്ണതയായിരുന്നു. അവന്‍ ആരെയും അടിച്ചതായി നാം വായിക്കുന്നില്ല. എന്നാല്‍ ദൈവത്തിന്റെ മഹത്വത്തിന്റെ മുമ്പില്‍ വഴങ്ങാത്തവരെ ദൈവം അടിക്കുമെന്ന് അവന്‍ പറഞ്ഞു. പരിശുദ്ധനായ ദൈവത്തിനു കീഴടങ്ങുന്ന തകര്‍ന്ന ഹൃദയങ്ങളൊഴികെ ദൈവം പ്രസാദിക്കുന്ന വേറൊരു ഭക്തിയില്ല.

ദൈവത്തിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള മനുഷ്യന്റെ ബോധമില്ലായ്മ യേശുവിനെ ദുഃഖിപ്പിച്ചു. ഉപരിപ്ളവമായ മതഭക്തിയില്‍ കാണപ്പെടുന്ന അത്തരം അവഗണനയും അജ്ഞതയും ഹൃദയത്തിലെ അന്ധകാരത്തെയാണു കാണിക്കുന്നത്. ന്യായപ്രമാണം നല്‍കിയിട്ട് 1,300 വര്‍ഷങ്ങളായെങ്കിലും അതായിരുന്നു സ്ഥിതിവിശേഷം. ഇതില്‍, ദൈവികക്രോധവും വിശുദ്ധമായ തീക്ഷ്ണതയും പ്രകടിപ്പിച്ചത് ആരാധനാകേന്ദ്രം ശുദ്ധീകരിക്കുന്നതിനായിരുന്നു. മുഴുവന്‍ ജനത്തിന്റെയും അവസ്ഥയായിരുന്നു ഇവിടെ പ്രതിഫലിച്ചിരുന്നത്. ഭക്തിയുടെ ഉള്‍ക്കാമ്പില്‍നിന്നുള്ള നവീകരണം, ദൈവത്തോടുള്ള മനുഷ്യന്റെ മനോഭാവത്തില്‍ മൌലികമായ മാറ്റം - ഇതാണ് യേശു ആവശ്യപ്പെട്ടത്.

യോഹന്നാന്‍ 2:18-22
18എന്നാല്‍ യഹൂദന്മാര്‍ അവനോട്: നിനക്ക് ഇങ്ങനെ ചെയ്യാം എന്നതിനു നീ എന്ത് അടയാളം കാണിച്ചുതരും എന്നു ചോദിച്ചു. 19യേശു അവരോട്: ഈ മന്ദിരം പൊളിക്കുവിന്‍; ഞാന്‍ മൂന്നുദിവസത്തിനകം അതിനെ പണിയുമെന്ന് ഉത്തരം പറഞ്ഞു. 20യഹൂദന്മാര്‍ അവനോട്: ഈ മന്ദിരം നാല്പത്താറു സംവത്സരംകൊണ്ടു പണിതിരിക്കുന്നു; നീ മൂന്നുദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു. 21അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്. 22അവന്‍ ഇതു പറഞ്ഞു എന്ന് അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റശേഷം ശിഷ്യന്മാര്‍ ഓര്‍ത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.

ദൈവാലയം ശുദ്ധീകരിച്ചതും വില്പനക്കാരുടെ നിലവിളിയും മറ്റും പുരോഹിതന്മാരറിഞ്ഞു. അവര്‍ യേശുവിന്റെയടുത്തേക്കു കുതിച്ചെത്തി ഇങ്ങനെ ചോദിച്ചു: "നിനക്കിതിന് ആര് അവകാശം തന്നു? നിന്നെ അയച്ചതാരാണ്? നിന്റെ അധികാരത്തിനുള്ള ഉറപ്പായ തെളിവു തരൂ." ശുദ്ധീകരണത്തെ അവര്‍ തടഞ്ഞില്ല. മാനുഷികമായ കോപം മൂലമല്ല യേശു ഇതു ചെയ്തതെന്ന് അവര്‍ക്കനുഭവപ്പെട്ടു. യേശു ഇതു ചെയ്തതു ദൈവത്തിന്റെ മന്ദിരത്തോടുള്ള ആദരത്തിന്റെ വിശുദ്ധ തീക്ഷ്ണതയില്‍നിന്നായിരുന്നു, സത്യാരാധനയുടെ ആത്മാവിനെ ജനങ്ങളിലേക്കു മടക്കിയെത്തിക്കുന്നതിനായിരുന്നു; എന്നാല്‍ അവരാഗ്രഹിച്ചത് അവനെ ഇതിനു പ്രേരിപ്പിച്ച ചേതോവികാരമെന്തെന്ന് അറിയാനായിരുന്നു. അങ്ങനെ യേശു അവരുടെ കണ്ണില്‍ ഒരു ശത്രുവായിത്തീര്‍ന്നു. അവരുടെ പൌരോഹിത്യ ചട്ടക്കൂടു പുനഃക്രമീകരിക്കാതെ ദൈവാലയത്തെ നവീകരിക്കാന്‍ അവന്‍ തുനിഞ്ഞതായിരുന്നു കാരണം.

കപടഭക്തിയോടെയുള്ള ആരാധനക്കാരെ യേശു ശാസിച്ചു. ജനക്കൂട്ടത്തിന്റെ ബഹളവും ധനത്തിന്റെ ശക്തിയുംകൊണ്ടു ദൈവസന്നിധിയെ ശാന്തമാക്കാന്‍ അവരാഗ്രഹിച്ചതാണു കാരണം. ഉപരിപ്ളവമായ ആരാധനയുടെയും അവരുടെ അജ്ഞതയുടെയും ഫലമായുള്ള ദൈവാലയനാശം യേശു മുന്‍കൂട്ടി കണ്ടു. സംഘടിത മതങ്ങളും പ്രകടനങ്ങളും ആരെയും രക്ഷിക്കുകയില്ല, മറിച്ചു മാറ്റം വരുത്തുന്ന ദൈവത്തിന്റെ ശക്തിയാലുള്ള ഹൃദയരൂപാന്തരമാണു മനുഷ്യനെ രക്ഷിക്കുന്നത്.

രക്ഷിക്കുന്നവന്‍ അവതരിച്ച് അവരുടെയിടയില്‍ നില്പുണ്ട്. യഥാര്‍ത്ഥ മന്ദിരം യേശുവാണ്, ക്രിസ്തുവില്‍ ദൈവസാന്നിദ്ധ്യം ഉണ്ടായിരുന്നു. "എന്റെ ശരീരമാകുന്ന മന്ദിരം നശിപ്പിക്കുവിന്‍; കാരണം, ദൈവത്തിനായുള്ള എന്റെ തീക്ഷ്ണത നിങ്ങള്‍ക്കു സഹിക്കാനാവുന്നില്ലല്ലോ. നിങ്ങള്‍ ഈ മന്ദിരത്തെ തകര്‍ക്കുന്നത് അസാദ്ധ്യമായിരിക്കും, മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ആ ശരീരത്തെ ഞാന്‍ ഉയിര്‍ത്തെഴുന്നേല്പിക്കും; ഞാന്‍ കല്ലറയില്‍നിന്ന് എഴുന്നേല്ക്കും. നിങ്ങള്‍ എന്നെ കൊല്ലും, എന്നാല്‍ ഞാന്‍ ജീവനുള്ളവനാണ്, കാരണം ഞാന്‍ തന്നെയാണു ജീവന്‍, ദൈവ ശരീരത്തില്‍. എന്നെ കൊല്ലാന്‍ നിങ്ങള്‍ക്കു കഴിയില്ല." ഇങ്ങനെ തന്റെ ഉയിര്‍ത്തെഴുന്നേല്പിനെക്കുറിച്ചു പരോക്ഷമായി യേശു പ്രഖ്യാപിച്ചു. അവന്റെ അത്ഭുതങ്ങളില്‍വെച്ച് ഏറ്റവും വലുത് ഇന്നും ഈ ഉയിര്‍ത്തെഴുന്നേല്പാണ്.

മഹാപുരോഹിതന്‍ അയച്ച സംഘാംഗങ്ങള്‍ക്ക്, മന്ദിരത്തെക്കുറിച്ചുള്ള ഈ ഉപമ മനസ്സിലായില്ല. അവര്‍ മന്ദിരത്തിന്റെ മാര്‍ബിള്‍ തൂണുകളിലേക്കും താഴികക്കുടങ്ങളിലേക്കും ഉറ്റുനോക്കി. യേശു ദൈവാലയത്തെ ദുഷിച്ചു പറഞ്ഞുവെന്ന് അവര്‍ ഊഹിച്ചു. ഹെരോദാവു 46 വര്‍ഷംകൊണ്ടു പണിതതാണത്. കല്ലുകളെക്കുറിച്ച് അവര്‍ പറഞ്ഞു; അവന്‍ അവന്റെ ശരീരത്തെയാണ് ഉദ്ദേശിച്ചത്. അവന്റെ ശുശ്രൂഷയുടെ ആരംഭത്തിലുണ്ടായ ഈ വാദങ്ങള്‍ ഒരിക്കല്‍ക്കൂടി സന്‍ഹെദ്രിന്‍ സംഘത്തിന്റെ മുന്നിലെത്തി. അവന്റെ വിചാരണവേളയിലായിരുന്നു അത്. കള്ളസാക്ഷികളുടെ സഹായത്താല്‍ അവരതു വളച്ചൊടിച്ചു.

ഇന്ന് അവന്‍ നമ്മോടുകൂടെ ആത്മീയ ആലയത്തിലുണ്ട്; അതിന്റെ ജീവനുള്ള കല്ലുകളാണു നാം. പൌരാണികമായ തിരുവെഴുത്തിന്റെ അര്‍ത്ഥങ്ങള്‍ യേശുവിന്റെ മൊഴികളിലൂടെ പ്രകാശിതമായതു കണ്ടെത്താന്‍, പരിശുദ്ധാത്മാവു ശിഷ്യന്മാരെ പ്രകാശിപ്പിച്ചു. അവര്‍ ഉറച്ചുനിന്നു, ദൈവത്തിന്റെ വിശുദ്ധമന്ദിരമായിത്തീര്‍ന്നു.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, നിന്നിലാണു ദൈവം വസിക്കുന്നത്, ദൈവവും പാപികളും തമ്മില്‍ കൂടിക്കാണുന്നതും നിന്നിലാണ്. മാനസാന്തരവും ആരാധനയും പ്രായോഗികമാക്കാനും നിന്റെ നിറവിനാല്‍ നിറയുന്നതിനും ഞങ്ങളെ സഹായിക്കണമേ. അങ്ങനെ പരിശുദ്ധാത്മാവിന്റെ ആലയമാകാന്‍ ഞങ്ങള്‍ക്കിടയാകുമല്ലോ, സദാ പിതാവിനെ മഹത്വപ്പെടുത്താനും കഴിയുമല്ലോ.

ചോദ്യം:

  1. യേശു ദൈവാലയത്തില്‍ ചെന്നു വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും പുറത്താക്കിയത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 09, 2012, at 12:11 PM | powered by PmWiki (pmwiki-2.3.3)