Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 017 (The first six disciples)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
B - അനുതാപത്തിന്റെ (മാനസാന്തരത്തിന്റെ) ലോകത്തില്‍നിന്നു വിവാഹത്തിന്റെ സന്തോഷത്തിലേക്കു യേശു ശിഷ്യന്മാരെ നയിക്കുന്നു (യോഹന്നാന്‍ 1:19 - 2:12)

3. ആദ്യത്തെ ആറു ശിഷ്യന്മാര്‍ (യോഹന്നാന്‍ 1:35-51)


യോഹന്നാന്‍ 1:40-42
40യോഹന്നാന്‍ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച രണ്ടുപേരില്‍ ഒരുത്തന്‍ ശിമോന്‍ പത്രോസിന്റെ സഹോദരനായ അന്ത്രയോസ് ആയിരുന്നു. 41അവന്‍ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ട് അവനോട്: ഞങ്ങള്‍ മശീഹയെ എന്നുവെച്ചാല്‍ ക്രിസ്തുവിനെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. 42അവനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോന്‍ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രോസ് എന്നാകുന്നു.

തിബെര്യാസ് തീരത്തുള്ള ബേത്ത്സയിദക്കാരനായ ഒരു മുക്കുവനായിരുന്നു പത്രോസിന്റെ സഹോദരനായ അന്ത്രയോസ്. പാപത്തില്‍നിന്നുള്ള മാനസാന്തരത്തിനും മശീഹയുടെ വരവിനു കാത്തിരിക്കുന്നതിനുമായിട്ടായിരുന്നു അവന്‍ സ്നാപകന്റെയടുക്കല്‍ വന്നത്. സ്നാപകന്റെ സാക്ഷ്യം അന്ത്രയോസ് സ്വീകരിച്ചു, അവന്‍ യേശുവിനെ അനുഗമിച്ചു. അവന്റെ ഹൃദയം സന്തോഷംകൊണ്ടു നിറഞ്ഞു. ഈ കണ്ടെത്തല്‍ ഒതുക്കിവയ്ക്കാന്‍ അവനു കഴിഞ്ഞില്ല. അപരിചിതരെ തേടുന്നതിനുപകരം, അവന്റെ സഹോദരനെത്തന്നെ അവന്‍ ആദ്യം അന്വേഷിച്ചു. അന്ത്രയോസ്, ഉത്സാഹിയായ തന്റെ സഹോദരനെ കണ്ടയുടനെ ഈ സദ്വാര്‍ത്ത അറിയിച്ചു, "വാഗ്ദത്തമശീഹയെയും രക്ഷകനെയും ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു, ദൈവത്തിന്റെ കുഞ്ഞാടായ കര്‍ത്താവ്." പത്രോസ് സംശയിച്ചിരിക്കാം. എന്നാല്‍ അന്ത്രയോസ് അവനെ ഉത്സാഹിപ്പിച്ചു. ക്രമേണ പത്രോസ് അവനെ അനുഗമിക്കുകയും ഒട്ടൊരു ആശയക്കുഴപ്പത്തോടെ യേശുവിന്റെ അടുക്കലെത്തുകയും ചെയ്തു.

പത്രോസ് വീട്ടിലേക്കു പ്രവേശിച്ചപ്പോള്‍, യേശു അവന്റെ പേരു വിളിച്ചു. അവന്റെ ചിന്തകളിലേക്കു ചുഴിഞ്ഞിറങ്ങിയ യേശു അവനു പുതിയൊരു പേരു നല്‍കി - "പാറക്കല്ല്". വീണ്ടുവിചാരമില്ലാത്ത പത്രോസിന്റെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയെല്ലാം യേശുവിനറിയാമായിരുന്നു. യേശുവിന്റെ മുമ്പില്‍ ഹൃദയങ്ങളെല്ലാം തുറന്നതാണ് - അവനതറിയാം. കാര്യം ഗ്രഹിച്ച പത്രോസ് തല്‍ക്ഷണം യേശുവിന്റെ നോട്ടത്തിനു വഴങ്ങി. അക്ഷമനായ ഈ മുക്കുവനെ ഉറച്ച ഒരു പാറക്കല്ലാക്കിമാറ്റുന്നതിനു യേശു ക്ഷമയോടെ തുടക്കമിട്ടു. അവന്‍ ക്രിസ്തുവിലായിത്തീര്‍ന്നു, സഭയ്ക്കായുള്ള ഒരടിസ്ഥാനവുമായി. അങ്ങനെ ഒരര്‍ത്ഥത്തില്‍, അന്ത്രയോസാണ് ആദ്യത്തെ ശിഷ്യനായിത്തീര്‍ന്നതെന്നു പറയാം.

മറ്റൊരു ശിഷ്യനും തന്റെ സഹോദരനെ യേശുവിലേക്കു നയിച്ചു. അന്തസ്സിന്റെ ലക്ഷണമെന്ന നിലയില്‍ സുവിശേഷത്തില്‍ അതു മറച്ചുവെച്ചെങ്കിലും, സഹോദരനായ യാക്കോബിനെ യേശുവിലേക്കു നയിച്ചതു യോഹന്നാനാണ്. വാസ്തവത്തില്‍ അന്ത്രയോസും യോഹന്നാനുമാണ് ആദ്യത്തെ രണ്ടു ശിഷ്യന്മാര്‍.

ഈ പ്രാരംഭവാക്യങ്ങളുടെ സൌന്ദര്യത്തെ ഉദയത്തോടു സാമ്യപ്പെടുത്താം - ഒരു പുതിയ യുഗത്തിന്റെ ഉദയം. ഈ വിശ്വാസികള്‍ സ്വാര്‍ത്ഥരല്ലായിരുന്നു, അവര്‍ അവരുടെ സഹോദരന്മാരെ ക്രിസ്തുവിലേക്കു നയിച്ചു. ഈ സന്ദര്‍ഭത്തില്‍ അവര്‍ പെരുവഴികളിലിറങ്ങി സുവിശേഷമറിയിക്കാന്‍ പോയില്ല. മറിച്ച് അവരുടെ ബന്ധുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവരെ ക്രിസ്തുവിലേക്കു നയിച്ചു. അവര്‍ രാഷ്ട്രീയക്കാരുടെയോ മറ്റോ പിന്നാലെ പോയില്ല. ദൈവത്തിനായി ദാഹിക്കുന്നവരെ അന്വേഷിച്ചാണ് അവര്‍ പോയത് - ഹൃദയം തകര്‍ന്നവരെ, അനുതപിക്കുന്നവരെയാണ് അവര്‍ തേടിയത്.

കൃപയുടെ സുവിശേഷം എങ്ങനെയാണു കൈമാറേണ്ടതെന്നു നാം ഇവിടെ മനസ്സിലാക്കുന്നു. അതിയായ തീക്ഷ്ണതകൊണ്ടല്ല, മറിച്ചു യേശുവുമായുള്ള ബന്ധത്തില്‍നിന്നു പൊട്ടിപ്പുറപ്പെടുന്ന സന്തോഷംകൊണ്ട്. ഈ ആദിമശിഷ്യന്മാര്‍ ദൈവശാസ്ത്രപാഠശാലകള്‍ സ്ഥാപിക്കുകയോ അവരുടെ ആത്മകഥകള്‍ എഴുതുകയോ ചെയ്തില്ല. മറിച്ച് അവരുടെ അനുഭവത്തിന്റെ വാക്കുകള്‍ പറഞ്ഞു സാക്ഷ്യം വഹിച്ചതേയുള്ളൂ. അവര്‍ യേശുവിനെ കണ്ടു, കേട്ടു, അവനെ തൊട്ടു, അവനില്‍ വിശ്വസിച്ചു. അവരുടെ അധികാരത്തിന്റെ ഉറവിടം അടുപ്പമുള്ള കൂട്ടായ്മയായിരുന്നു. യേശുവിനെ അവന്റെ സുവിശേഷത്തില്‍ നിങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ടോ? നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷമയോടെ തുടര്‍മാനമായി നിങ്ങള്‍ ക്രിസ്തുവിലേക്കു നയിച്ചിട്ടുണ്ടോ?

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, ഞങ്ങളുടെ ഹൃദയത്തിലെ സന്തോഷത്തിനായി നിനക്കു നന്ദി കരേറ്റുന്നു. നിന്റെ കൂട്ടായ്മയുടെ മാധുര്യത്താല്‍ ഞങ്ങളെ ചലിപ്പിച്ച്, മറ്റുള്ളവരെ നിന്നിലേക്കു നയിക്കണമേ. സ്നേഹത്തോടെ സുവിശേഷമറിയിക്കാനുള്ള ത്വര ഞങ്ങള്‍ക്കു നല്‍കിയാലും. ഞങ്ങളുടെ ഭീരുത്വവും ലജ്ജയും ക്ഷമിക്കണമേ. നിന്റെ നാമത്തില്‍ ധൈര്യത്തോടെ ഞങ്ങള്‍ സാക്ഷ്യം വഹിക്കട്ടെ.

ചോദ്യം:

  1. ആദ്യശിഷ്യന്മാര്‍ യേശുവിന്റെ നാമം പ്രചരിപ്പിച്ചത് എങ്ങനെയായിരുന്നു?

www.Waters-of-Life.net

Page last modified on May 09, 2012, at 11:34 AM | powered by PmWiki (pmwiki-2.3.3)