Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 015 (Testimonies of the Baptist to Christ)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
B - അനുതാപത്തിന്റെ (മാനസാന്തരത്തിന്റെ) ലോകത്തില്‍നിന്നു വിവാഹത്തിന്റെ സന്തോഷത്തിലേക്കു യേശു ശിഷ്യന്മാരെ നയിക്കുന്നു (യോഹന്നാന്‍ 1:19 - 2:12)

2. ക്രിസ്തുവിനെക്കുറിച്ചുള്ള സ്നാപകന്റെ കൂടുതല്‍ ശ്രദ്ധേയമായ സാക്ഷ്യങ്ങള്‍ (യോഹന്നാന്‍ 1:29-34)


യോഹന്നാന്‍ 1:31-34
31ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവന്‍ യിസ്രായേലിനു വെളിപ്പെടേണ്ടതിനു ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. 32യോഹന്നാന്‍ പിന്നെയും സാക്ഷ്യം പറഞ്ഞത്: ആത്മാവ് ഒരു പ്രാവുപോലെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു; അത് അവന്റെമേല്‍ വസിച്ചു. 33ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തില്‍ സ്നാനം കഴിപ്പിക്കാന്‍ എന്നെ അയച്ചവന്‍ എന്നോട്: ആരുടെമേല്‍ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവന്‍ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുന്നവന്‍ ആകുന്നു എന്നു പറഞ്ഞു. 34അങ്ങനെ ഞാന്‍ കാണുകയും ഇവന്‍ ദൈവപുത്രന്‍ തന്നെ എന്നു സാക്ഷ്യം പറയുകയും ചെയ്തിരിക്കുന്നു.

ക്രിസ്തുവിന്റെ വഴിയൊരുക്കുന്നതിനും അവനെ ജനത്തോട് അറിയിക്കുന്നതിനും, സ്നാപകന്റെ മുപ്പതാമത്തെ വയസ്സില്‍ ദൈവം അവനെ വിളിച്ചു. അവന്‍ സ്നാനം നല്‍കുന്ന വേളയില്‍, അനുതപിക്കുന്നവരായ ജനത്തെ ക്രിസ്തുവിനെ എതിരേല്‍ക്കുന്നവരാക്കി മാറ്റുന്ന സമയത്താണ് ഇതു സംഭവിച്ചത്. മുമ്പ് ആരും കണ്ടിട്ടില്ലാത്ത കാര്യം കാണുമെന്നുള്ള വാഗ്ദത്തം ദൈവം സ്നാപകനു നല്‍കി - ക്രിസ്തുവിന്റെമേല്‍ പരിശുദ്ധാത്മാവ് ഇറങ്ങുന്നതിനു സാക്ഷ്യം വഹിക്കുന്നത്. ആത്മാവ് യേശുവിന്റെമേല്‍ ആവസിച്ചുവെന്നതു ശ്രദ്ധേയമാണ്. പഴയനിയമപ്രവാചകന്മാര്‍ കുറച്ചു കാലത്തേക്കു മാത്രമായിരുന്നു ആത്മാവേശിതരായിരുന്നത്. എന്നാല്‍ ക്രിസ്തുവില്‍ സ്ഥിരമായി ആത്മാവു നിറഞ്ഞിരുന്നു. നിലയ്ക്കാത്ത ഒരുറവപോലെ ആത്മാവ് വിശ്വാസികളെ ദിവ്യശക്തികൊണ്ടു നിറയ്ക്കും.

ഈ രണ്ടു യുവാക്കള്‍ യോര്‍ദ്ദാന്‍ തീരത്ത് അടുത്തടുത്തായി നില്‍ക്കുകയായിരുന്നു. സ്വര്‍ഗ്ഗം ശാന്തമായി തുറന്നു. പെട്ടെന്നു യോഹന്നാന്‍ കണ്ടു - നീലാകാശത്തില്‍ ഒരു വെള്ളപ്രാവുപോലെ പരിശുദ്ധാത്മാവ് - സമാധാനത്തിന്റെയും സൌമ്യതയുടെയും പ്രതീകമായി.

ആത്മാവ് ഇറങ്ങിയതു യോഹന്നാന്‍ സ്നാപകന്റെ മേലല്ല, മാനസാന്തരപ്പെട്ടവരുടെ മേലല്ല, മറിച്ചു യേശുവിന്റെ മേലാണ്. നസ്രായനായ ഈ യുവാവ് എല്ലാ പ്രവാചകന്മാരെക്കാളും സൃഷ്ടികളെക്കാളും ശ്രേഷ്ഠനാണെന്നുള്ളതിന്റെ തെളിവാണിത്. നിത്യനായ, കാത്തിരുന്ന ദൈവമാണ് അടുത്തു നില്‍ക്കുന്നതെന്നു സ്നാപകന് അറിയാമായിരുന്നു.

സ്നാപകന്‍ സ്തുതിയും സന്തോഷവുംകൊണ്ടു നിറഞ്ഞുവെന്നതിനു സംശയമില്ല. മറിയ അവളുടെ ബന്ധുവായ എലീശബെത്തിനെ സന്ദര്‍ശിച്ചപ്പോഴും ഇങ്ങനെതന്നെയായിരുന്നല്ലോ സംഭവിച്ചത് (ലൂക്കോസ് 1:36-45).

ആത്മാവിനെ നല്‍കുന്നതു ക്രിസ്തുവാണെന്നു സ്നാപകന്‍ തിരിച്ചറിഞ്ഞു. പക്ഷേ ആ ദര്‍ശനം അവന്‍ മൂടിവച്ചില്ല. അവന്‍ പരസ്യമായി വിളിച്ചുപറഞ്ഞു, "കര്‍ത്താവു വന്നുകഴിഞ്ഞു; അവനിവിടെയുണ്ട് - ന്യായം വിധിക്കാനല്ല, സ്നേഹവും നന്മയും കാണിച്ചുതരുന്നതിന്. അവന്‍ സാധാരണക്കാരനല്ല, ആത്മാവില്‍ നിറഞ്ഞ ദൈവപുത്രനാണ്. യേശു ദൈവത്തില്‍നിന്നുള്ള ആത്മാവാണെന്നു പ്രസ്താവിക്കുന്നവരൊക്കെ അവന്‍ ദൈവപുത്രനാണെന്നും ഏറ്റുപറയുകയാണ്.'' ഇങ്ങനെ, ക്രിസ്തുവിന്റെ വരവിന്റെ ഉദ്ദേശ്യം യോഹന്നാന്‍ വ്യക്തമാക്കി: അനുതപിക്കുന്നവരെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനപ്പെടുത്തുന്നതിന്. ദൈവം ആത്മാവാകുന്നു, അവന്റെ പുത്രനാണു ശരീരമായിത്തീര്‍ന്ന ആത്മാവ്. ഈ ദൈവികയാഥാര്‍ത്ഥ്യം കൊണ്ട് അവന്റെ അനുയായികളെ നിറയ്ക്കുന്നതാണ് അവന്റെ സന്തോഷം: ദൈവം സ്നേഹമാകുന്നു.

പ്രിയ സഹോദരാ, നിങ്ങള്‍ പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തില്‍ ക്രിസ്തുവിന്റെ ശക്തി അനുഭവിച്ചറിഞ്ഞിട്ടുണ്ടോ? ക്രിസ്തുവിന്റെ ബലിയിലുള്ള വിശ്വാസം മൂലം ലഭിക്കുന്ന പാപക്ഷമകൊണ്ടു മാത്രമേ ഈ ദൈവികഗുണം നിങ്ങളുടേതായിത്തീരുകയുള്ളൂ. ദൈവത്തിന്റെ കുഞ്ഞാടില്‍നിന്നുള്ള പാപക്ഷമയനുഭവിക്കുന്നവര്‍ പരിശുദ്ധാത്മാവുകൊണ്ടു നിറയപ്പെടും. ആത്മീയവരങ്ങള്‍ ഓരോ വിശ്വാസിക്കും ദാനം ചെയ്യാന്‍ ദൈവപുത്രന്‍ തയ്യാറാണ്.

പ്രാര്‍ത്ഥന: പരിശുദ്ധനായ ദൈവപുത്രാ, ഞങ്ങള്‍ നിന്നെ സ്തുതിച്ച് ആരാധിക്കുന്നു. ഞങ്ങള്‍ക്കുവേണ്ടി നീ നിന്നെത്തന്നെ താഴ്ത്തി, ഞങ്ങളുടെ പാപങ്ങള്‍ വഹിച്ചു. നീ ക്രൂശില്‍ ചൊരിഞ്ഞ നിന്റെ രക്തം മൂലം ഞങ്ങള്‍ക്കു ലഭിച്ച പാപക്ഷമയ്ക്കായി നിനക്കു നന്ദികരേറ്റുന്നു. ഞങ്ങളുടെമേലും നിന്നെ സ്നേഹിക്കുന്ന എല്ലാവരുടെമേലും നിന്റെ പരിശുദ്ധാത്മാവിന്റെ ശക്തി പകര്‍ന്നതിനായിട്ടും നിനക്കു നന്ദിയര്‍പ്പിക്കുന്നു. അകൃത്യത്തിലും പാപത്തിലും ഉറങ്ങുന്ന അനേകരെ എഴുന്നേല്പിക്കണമേ. നിന്റെ സൌമ്യമായ സത്യത്താല്‍ അവരെ പുതുക്കി നിറയ്ക്കണമേ.

ചോദ്യം:

  1. എന്തുകൊണ്ടാണു യേശു പരിശുദ്ധാത്മാവിനെ നല്‍കുന്നവനായിത്തീര്‍ന്നത്?

www.Waters-of-Life.net

Page last modified on May 09, 2012, at 11:17 AM | powered by PmWiki (pmwiki-2.3.3)