Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 011 (The Sanhedrin questions the Baptist)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
B - അനുതാപത്തിന്റെ (മാനസാന്തരത്തിന്റെ) ലോകത്തില്‍നിന്നു വിവാഹത്തിന്റെ സന്തോഷത്തിലേക്കു യേശു ശിഷ്യന്മാരെ നയിക്കുന്നു (യോഹന്നാന്‍ 1:19 - 2:12)

1. സന്‍ഹെദ്രിന്‍ സംഘം സ്നാപകനെ ചോദ്യം ചെയ്യുന്നു (യോഹന്നാന്‍ 1:19-28)


യോഹന്നാന്‍ 1:19-21
19നീ ആര് എന്നു യോഹന്നാനോടു ചോദിക്കേണ്ടതിനു യഹൂദന്മാര്‍ യെരൂശലേമില്‍നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെയടുക്കല്‍ അയച്ചപ്പോള്‍ അവന്റെ സാക്ഷ്യം എന്തെന്നാല്‍: അവന്‍ മറുക്കാതെ ഏറ്റുപറഞ്ഞു; 20ഞാന്‍ ക്രിസ്തു അല്ല എന്ന് ഏറ്റുപറഞ്ഞു. 21പിന്നെ എന്ത്? നീ ഏലീയാവോ എന്ന് അവനോടു ചോദിച്ചതിന്: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ എന്നതിന്: അല്ല എന്ന് അവന്‍ ഉത്തരം പറഞ്ഞു.

സ്നാപകന്‍ കേന്ദ്രമായ ഒരു ഉണര്‍വ്വു യോര്‍ദ്ദാന്‍ താഴ്വരയില്‍ നടന്നു. മലകളില്‍നിന്നുള്ള കാട്ടുപാതകളിലൂടെ ആയിരങ്ങള്‍ താഴ്വരയിലേക്കു വന്നു. പുതിയ പ്രവാചകന്റെ ശബ്ദം കേള്‍ക്കുന്നതിനും പാപമോചനത്തിനുള്ള സ്നാനമേല്‍ക്കുന്നതിനുമാണ് അവര്‍ സ്നാപകന്റെ അടുക്കലേക്കു വന്നത്. അവര്‍ അത്ര അറിവില്ലാത്തവരൊന്നുമല്ലായിരുന്നു, അഹങ്കാരികളുമല്ലായിരുന്നു. എന്നാല്‍ ദൈവികമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായുള്ള ദാഹവും കാംക്ഷയും അവര്‍ക്കുണ്ടായിരുന്നു. ശക്തിയും അധികാരവുമുള്ളവരെ പെട്ടെന്ന് അവര്‍ക്കു വിവേചിച്ചറിയാന്‍ കഴിഞ്ഞിരുന്നു. അനുഷ്ഠാന ങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും അവര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചില്ല, മറിച്ചു ദൈവവുമായുള്ള കൂടിക്കാഴ്ചയായിരുന്നു അവര്‍ കാംക്ഷിച്ചത്.

യഹൂദന്മാരുടെ പരമോന്നത മതക്കോടതിയായ സന്‍ഹെദ്രിനിലെ അംഗങ്ങള്‍, ഈ ഉണര്‍വ്വിനെക്കുറിച്ചു ബോധമുള്ളവരായിരുന്നു. പുരോഹിതന്മാരും അവരുടെ സഹായികളുമായ ഒരു പരുക്കന്‍ കൂട്ടത്തെ അവര്‍ അയച്ചു. ആ സഹായികളായിരുന്നു യാഗമൃഗങ്ങളെ അറുത്തിരുന്നത്. സ്നാപകനെ ചോദ്യം ചെയ്യാനാണ് അവര്‍ വന്നത്. അവന്‍ ദൈവദൂഷണം പറഞ്ഞാല്‍ അവര്‍ക്കവനെ ഇല്ലാതാക്കാമായിരുന്നു.

അങ്ങനെ സന്‍ഹെദ്രിന്‍ സംഘാംഗങ്ങളും സ്നാപകനും തമ്മിലുള്ള ഔപചാരികവും അപകടകരവുമായ ഒരു കൂടിക്കാഴ്ചയായിരുന്നു ഇത്. യെരൂശലേമില്‍നിന്നുള്ള യഹൂദന്മാരാണ് ഇവരെന്നു സുവിശേഷകനായ യോഹന്നാന്‍ പറയുന്നു. ഈ പേരോടുകൂടി, സുവിശേഷത്തിന്റെ വിഷയങ്ങളിലൊന്നു യോഹന്നാന്‍ മറനീക്കിക്കാണിക്കുകയാണ്. ആ സമയത്ത്, ന്യായപ്രമാണത്തെ സംബന്ധിച്ചിടത്തോളമുള്ള യഹൂദചിന്ത പരുക്കന്‍ ആക്ഷരികവാദമായിരുന്നു. അതു നിറയെ മതഭ്രാന്തും അസൂയയുമായിരുന്നു. അങ്ങനെ ക്രിസ്തുവിന്റെ ആത്മാവിനെതിരായുള്ള ഒരു കേന്ദ്രമായി യെരൂശലേം മാറി. പഴയനിയമത്തിന്റെ ആളുകളെല്ലാമല്ല, മറിച്ചു പുരോഹിതക്കൂട്ടവും, പ്രത്യേകിച്ചു പരീശന്മാരും അവരുടെ ഉദ്ദേശ്യത്തില്‍നിന്നു വ്യതിചലിച്ചുപോകുന്ന എല്ലാ മതമുന്നേറ്റങ്ങളുടെയും ഉഗ്രശത്രുക്കളായിരുന്നു. ഇതുകൊണ്ടാണ് അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു സ്നാപകനെ കുടുക്കാന്‍ തുനിഞ്ഞത്.

"നീ ആര്?" - ഇതായിരുന്നു അവര്‍ ആദ്യമായി സ്നാപകനോടു ചോദിച്ച ചോദ്യം. അവനു ചുറ്റും ജാഗ്രതയോടെ കേട്ടുകൊണ്ടുനിന്ന ഒരു ജനക്കൂട്ടമുണ്ടായിരുന്നു. "നിനക്ക് ആരാണു പ്രസംഗിക്കാന്‍ അധികാരം തന്നത്? നീ ന്യായപ്രമാണവും ദൈവശാസ്ത്രവും പഠിച്ചിട്ടുണ്ടോ? നിന്നെ ദൈവം നിയോഗിച്ചതാണെന്നു നീ കരുതുന്നുണ്ടോ? നീ മശീഹയാണെന്നാണോ വിചാരിക്കുന്നത്?"

യോഹന്നാന്‍ സ്നാപകന് ഈ ചോദ്യങ്ങള്‍ക്കു പിന്നിലെ ചതി കാണാന്‍ കഴിഞ്ഞു. അവന്‍ കള്ളം പറഞ്ഞില്ല. "ഞാന്‍ മശീഹയാണെന്ന് അവന്‍ പറഞ്ഞാല്‍, അവര്‍ അവനെ കുറ്റം ചുമത്തി കല്ലെറിയും. "ഞാന്‍ മശീഹയല്ലെന്ന് അവന്‍ പറഞ്ഞാല്‍, ജനം അവനെ വിട്ടുപോവുകയും, മേലാല്‍ അവനെ പ്രവാചകനാണെന്ന പ്രാധാന്യത്തോടെ പരിഗണിക്കുകയും ചെയ്യില്ല. അബ്രാഹാമിന്റെ സന്തതികള്‍ റോമാക്കാരുടെ കീഴില്‍ കോളനിവാസികളായി നാണംകെട്ടു കഴിയുകയായിരുന്നു. ഒരു രക്ഷകനായി അവര്‍ കാത്തിരുന്നു. റോമന്‍ നുകത്തില്‍നിന്ന് അവന്‍ അവരെ രക്ഷിക്കുമെന്നു വിചാരിച്ചു.

താന്‍ ക്രിസ്തുവോ ദൈവപുത്രനോ അല്ലെന്നു സ്നാപകന്‍ തുറന്നുസമ്മതിച്ചു. പരിശുദ്ധാത്മാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനു വിരുദ്ധമായ ഒരു സ്ഥാനപ്പേര് അവന്‍ സ്വീകരിച്ചില്ല. എളിമയും തന്റെ വിളിയോടുള്ള വിശ്വസ്തതയും അവന്‍ തിരഞ്ഞെടുത്തു. ദൈവത്തിന്റെ സമയത്ത് അവന്‍ തന്റെ സന്ദേശത്തെ ഉറപ്പിക്കുമെന്ന് അവന്‍ വിശ്വസിച്ചു.

ആദ്യത്തെ കുത്തു കഴിഞ്ഞപ്പോള്‍ സംഘാംഗങ്ങള്‍ സ്നാപകനോടു ചോദിച്ചു, "നീ ഏലീയാവാണോ?" മലാഖി 4:5 ലെ വാഗ്ദത്തത്തെയാണ് ഈ പേരു പരാമര്‍ശിക്കുന്നത്. മശീഹ വരുന്നതിനുമുമ്പ്, സുപ്രസിദ്ധ പ്രവാചകനായ ഏലീയാവിന്റെ ശക്തിയോടും ആത്മാവോടും കൂടി ഒരു പ്രവാചകന്‍ പ്രത്യക്ഷനാകുമെന്നാണ് അവിടെ തിരുവെഴുത്തു പറയുന്നത്. ശത്രുക്കളുടെമേല്‍ തീയിറക്കുകയും, ദൈവത്തിന്റെ അനുവാദത്തോടെ മരിച്ചവരെ ഉയിര്‍പ്പിക്കുകയും ചെയ്തവനാണ് ഏലീയാവ്. രാഷ്ട്രത്തിന്റെ നേതാവായി ഈ മനുഷ്യനെ എല്ലാവരും പരിഗണിച്ചു. എന്നാല്‍ സത്യം അതായിരുന്നിട്ടുകൂടി, ക്രിസ്തു പിന്നീട് അതിനെക്കുറിച്ചു സാക്ഷ്യം പറഞ്ഞിട്ടുകൂടി, യോഹന്നാന്‍ തന്നെത്താന്‍ താഴ്ത്തിപ്പറഞ്ഞു (മത്തായി 11:14).

മോശെ മുന്‍കൂട്ടിയറിയിച്ച ആ പ്രത്യേക പ്രവാചകനാണോയെന്നു പിന്നീടു പുരോഹിതന്മാര്‍ അവനോടു ചോദിച്ചു. മോശെയെപ്പോലെ അവന്‍ പുതിയതും ശ്രേഷ്ഠവുമായ ഉടമ്പടി നല്‍കുന്നവനാണ് (ആവര്‍ത്തനം 18:15). ഈ ചോദ്യത്തിനു പിന്നിലുള്ള ആഗ്രഹം, ഒരു പ്രവാചകനെപ്പോലെ സംസാരിക്കാന്‍ ആരാണു സ്നാപകനെ അയച്ചതെന്നാണ്. അങ്ങനെ അവര്‍ തുടര്‍ന്നും ചോദിച്ചുകൊണ്ടേയിരുന്നു. ആരാണവന്‍, അവന്റെ അധികാരം ആരു നല്‍കി, വെളിപ്പാടുമൂലമാണോ അതോ സ്വയമായിട്ടാണോ അവന്‍ സംസാരിച്ചത്?

മോശെയുടെ പങ്കോ സ്ഥാനമോ ഒന്നുമെടുക്കാന്‍ സ്നാപകന്‍ തുനിഞ്ഞില്ല. നിയോഗമില്ലാതെ ദൈവവുമായി ഒരു പുതിയ ഉടമ്പടിയുണ്ടാക്കാന്‍ അവനാഗ്രഹിച്ചില്ല. ജനത്തെ സൈനിക വിജയത്തിലേക്കു നയിക്കാനും അവനാഗ്രഹമില്ലായിരുന്നു. പ്രലോഭനത്തില്‍ അവന്‍ വിശ്വസ്തതയോടെ നിലകൊണ്ടു, ഭാവന കാണുകയോ നിഗളിക്കുകയോ ചെയ്തില്ല. അതേ സമയംതന്നെ അവന്‍ ജ്ഞാനിയായിരുന്നു. അത്യാവശ്യമുള്ള വാക്കുകളല്ലാതെ, ശത്രുക്കളോട് അധികമായൊന്നും അവന്‍ സംസാരിച്ചില്ല. നമ്മുടെ ജീവിതത്തിലും ഈ പ്രമാണങ്ങള്‍ പാലിക്കുന്നതു പ്രധാനപ്പെട്ട കാര്യ മാണ്.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, ഒരിക്കലും അഹങ്കരിക്കാത്ത യോഹന്നാന്‍ സ്നാപകനെന്ന മനുഷ്യനെ ഞങ്ങളുടെ ലോകത്തിലേക്കയച്ചതിനു ഞങ്ങള്‍ നിനക്കു നന്ദികരേറ്റുന്നു. മറ്റുള്ളവരെക്കാള്‍ ഞങ്ങള്‍ വലിയവരും പ്രധാനപ്പെട്ടവരുമാണെന്നുള്ള ഞങ്ങളുടെ നിഗളചിന്ത ക്ഷമിക്കണമേ. ഞങ്ങള്‍ നിഷ്പ്രയോജന ദാസന്മാരാണെന്നും, നീ മാത്രമാണു വലിയവനെന്നുമുള്ള കാര്യം ഗ്രഹിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.'

ചോദ്യം:

  1. യഹൂദന്മാരുടെ പരമോന്നത നീതിപീഠത്തിലെ സംഘാംഗങ്ങള്‍ ചോദിച്ച ചോദ്യങ്ങളുടെ ഉദ്ദേശ്യങ്ങളെന്തെല്ലാമായിരുന്നു?

www.Waters-of-Life.net

Page last modified on May 09, 2012, at 11:29 AM | powered by PmWiki (pmwiki-2.3.3)