Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 010 (The fullness of God in Christ)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
A - യേശുവില്‍ വചനത്തിന്റെ വെളിപ്പെടല്‍ (യോഹന്നാന്‍ 1:1-18)

3. ദൈവത്തിന്റെ സമ്പൂര്‍ണ്ണത ക്രിസ്തുവിന്റെ മനുഷ്യാവതാരത്തില്‍ പ്രത്യക്ഷപ്പെട്ടു (യോഹന്നാന്‍ 1:14-18)


യോഹന്നാന്‍ 1:17-18
17ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. 18ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

പഴയനിയമവും പുതിയനിയമവും തമ്മിലുള്ള വ്യത്യാസം ന്യായപ്രമാണത്താലുള്ള നീതീകരണവും കൃപയാലുള്ള നീതീകരണവുമാണ്. ദൈവം മോശെയ്ക്കു പത്തു കല്പനകള്‍ നല്‍കി. രക്തം ചൊരിയുന്ന യാഗസംബന്ധമായ ന്യായപ്രമാണങ്ങളും ജീവിതത്തെ ക്രമപ്പെടുത്തി ജീവിപ്പിക്കുന്ന പ്രമാണവും. ഇവ പാലിക്കുന്നവന്‍ ജീവിക്കാന്‍ യോഗ്യനാണ്. ഇവയിലൊന്നു ലംഘിക്കുന്നവന്‍ മരണാര്‍ഹനുമാണ്. ഈ നിലയില്‍ മരണത്തോളമുള്ള ഒരു ന്യായവിധിയാണു ന്യായപ്രമാണം - ആരും തന്നെ തികഞ്ഞവരായിട്ടില്ലല്ലോ. ഭക്തരായവര്‍ മാനസാന്തരപ്പെട്ട്, കുത്തുകൊണ്ടു തകര്‍ന്ന്, ന്യായപ്രമാണം പാലിക്കാന്‍ കഴിയാത്തവരായിരുന്നു. ഇത് അവരെ അഹങ്കാരത്തിലേക്കും മതഭ്രാന്തിന്റെ നിയമവാദത്തിലേക്കും നയിച്ചു. തങ്ങളെത്തന്നെ നല്ലവരെന്നു കരുതിയ ഉപരിപ്ളവകാരികളായ ജനം വിചാരിച്ചത് അവരുടെ ജീവിതം ദൈവത്തെ പ്രസാദിപ്പിച്ചുവെന്നാണ്. അവര്‍ സ്നേഹം മറന്നവരും, അവരുടെ സ്വാര്‍ത്ഥപ്രവൃത്തികളില്‍ പ്രശംസിച്ചവരുമാണ്. ദൈവത്തിന്റെ വിശുദ്ധിയെ പ്രതിഫലിപ്പിക്കുന്ന ന്യായപ്രമാണം തീര്‍ച്ചയായും വിശുദ്ധമാണ്. എന്നാല്‍ അതിന്റെ മുമ്പില്‍ എല്ലാവരും ദുഷ്ടന്മാരായി കാണപ്പെടുന്നു. ഈ നിലയില്‍ ന്യായപ്രമാണം നമ്മെ കഷ്ടതയിലേക്കും മരണത്തിലേക്കും നയിക്കുന്നു.

മരണഗന്ധം നിറഞ്ഞിരിക്കുന്ന ഈ അന്തരീക്ഷത്തില്‍, സുവിശേഷകനായ യോഹന്നാന്‍, ആദ്യമായി യേശുക്രിസ്തുവിനെ അദ്ദേഹത്തിന്റെ സുവിശേഷത്തില്‍ പരാമര്‍ശിക്കുകയാണ് - കഷ്ടത്തില്‍നിന്നു വിടുവിക്കുന്നവനും ദൈവക്രോധത്തില്‍നിന്നു രക്ഷിക്കുന്നവനുമായ യേശു. നസ്രേത്തില്‍ നിന്നുള്ളവനാണു വാഗ്ദത്തമശീഹ, അവനെ പരിശുദ്ധാത്മാവിന്റെ നിറവുകൊണ്ട് അഭിഷേകം ചെയ്തതാണ്. അവന്‍ രാജാധിരാജാവും, ദൈവവചനവും, മഹാപുരോഹിതനുമാണ്. പ്രത്യാശയ്ക്കായും രക്ഷയ്ക്കായുമുള്ള സാദ്ധ്യതകളുടെയെല്ലാം ആകെത്തുകയാണവന്‍.

ഒരു പുതിയ നിയമവ്യവസ്ഥയുമായിട്ടല്ല ക്രിസ്തു നമ്മുടെയിടയിലേക്കു വന്നത്, മറിച്ച് അവന്‍ നമ്മെ ന്യായപ്രമാണത്തിന്റെ ശാപത്തില്‍ നിന്നു വിടുവിച്ചു. അവന്റെ അപാരമായ സ്നേഹംകൊണ്ട്, നമ്മുടെ നിയമപരമായ എല്ലാ ആവശ്യങ്ങളും നമ്മുടെ സ്ഥാനത്ത്, നമുക്കു പകരമായി അവന്‍ നിറവേറ്റി. നമ്മുടെ പാപങ്ങളും ലോകത്തിനെതിരായ ന്യായവിധിയും അവന്‍ തന്റെ ചുമലില്‍ വഹിച്ചു, ഇങ്ങനെ അവന്‍ നമ്മെ ദൈവത്തോടു നിരപ്പിച്ചു. ദൈവം നമ്മുടെ പാപം നിമിത്തം ഇനിമേല്‍ നമ്മുടെ ശത്രുവല്ല. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ നാം ദൈവവുമായി സമാധാനം പ്രാപിച്ചു. സ്വര്‍ഗ്ഗീയപിതാവിന്റെയടുക്കലേക്കു പോയ യേശു, നമ്മുടെ മേല്‍ പരിശുദ്ധാത്മാവിനെ പകര്‍ന്നു. ന്യായപ്രമാണത്തെ നമ്മുടെ ഹൃദയത്തില്‍ അവനെഴുതി. നമ്മുടെ ആന്തരികവികാരങ്ങളെ, ശുദ്ധവും സത്യവും മാന്യവുമായ ചിന്തകള്‍കൊണ്ടു നിറച്ചു. ഇനിമേല്‍ നാം ന്യായപ്രമാണത്തിന്‍ കീഴിലല്ല ജീവിക്കുന്നത്. മറിച്ച്, അവന്‍ നമ്മിലാണു ജീവിക്കുന്നത്. ഈ നിലയിലാണ് അവന്റെ സ്നേഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ദൈവം നമുക്കു ശക്തി നല്‍കിയിരിക്കുന്നത്.

ക്രിസ്തുവിന്റെ വരവോടുകൂടെ കൃപായുഗം ആരംഭിച്ചു, നാം അതില്‍ ജീവിക്കാനും തുടങ്ങി. ദൈവം നമ്മില്‍നിന്നു നേര്‍ച്ചകാഴ്ചകള്‍ ചോദിക്കുന്നില്ല. അവ നമ്മുടെ സ്വയനീതിയുടെ താങ്ങുകളാണ്. അവന്‍ നമ്മുടെ മേല്‍ ദിവ്യമായ നീതി പകരുന്നതിന് അവന്റെ പുത്രനെ അയച്ചു. അവനില്‍ വിശ്വസിക്കുന്നവന്‍ പൂര്‍ണ്ണമായി നീതീകരിക്കപ്പെട്ടിരിക്കുന്നു. ഇക്കാരണത്താല്‍ നാം അവനെ സ്നേഹിക്കുകയും അവനു നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു, നമ്മെ ശുദ്ധീകരിച്ചതിനായി നമ്മുടെ ജീവിക്കുന്ന യാഗം അവനര്‍പ്പിക്കുകയും ചെയ്യുന്നു.

നമ്മെ അനാഥരായി വിടാതെ, നമ്മോടുകൂടെ ജീവിച്ച്, തന്റെ വരങ്ങള്‍ നമ്മുടെമേല്‍ ക്രിസ്തു പകരുന്നു. നമ്മുടെ പാപങ്ങളുടെ മോചനം നാം അര്‍ഹിക്കുന്നില്ല, ദൈവാത്മാവിന്റെ കൂട്ടായ്മയ്ക്കും നാം അര്‍ഹരല്ല. അവനില്‍നിന്നുള്ള യാതൊരനുഗ്രഹത്തിനും ദാനത്തിനും നാം യോഗ്യരുമല്ല. എല്ലാം അവനില്‍നിന്നുള്ള കൃപയാണ്. ക്രോധവും നാശവുമല്ലാതെ നാം ഒന്നുംതന്നെ അര്‍ഹിക്കുന്നില്ല. എന്നാല്‍, ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം നിമിത്തം, നാം ദൈവമക്കളായിത്തീര്‍ന്നു. അവരുടെ മേലാണു ദൈവകൃപ പകരുന്നത്. പാപത്തിന്റെ ദാസന്മാരും കൃപയുടെ മക്കളും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ക്കു ബോദ്ധ്യമായോ?

പരിശുദ്ധനായ ദൈവത്തിന്റെ ഹൃദയത്തിലെ വെറുമൊരു തോന്നലല്ല ഈ കൃപ. മറിച്ച്, ന്യായമായ അവകാശങ്ങളില്‍ അടിസ്ഥാനപ്പെട്ട സ്നേഹമാണത്. ഇഷ്ടമുള്ളവര്‍ക്കൊക്കെ പാപക്ഷമ നല്‍കാന്‍ ദൈവത്തിനു കഴിയില്ല. കാരണം, പാപി പെട്ടെന്നു മരിക്കണമെന്നാണു പാപം ആവശ്യപ്പെടുന്നത്. എന്നാല്‍, ക്രിസ്തു നമുക്കു പകരമായി ക്രൂശില്‍ മരിച്ചത് എല്ലാ നീതിയും നിറവേറ്റി. ഇങ്ങനെ കൃപ നമ്മുടെയൊരു അവകാശവും, ദൈവത്തിന്റെ കുലുങ്ങിപ്പോകാത്ത കൃപ ഒരു യാഥാര്‍ത്ഥ്യമായും തീര്‍ന്നു. ക്രിസ്തുവിലുള്ള കൃപ, ദൈവത്തോടുകൂടെയുള്ള നമ്മുടെ ജീവിതത്തിന്റെ നിയമപരമായ ഒരടിസ്ഥാനമാണ്.

നിങ്ങള്‍ ചോദിച്ചേക്കാം: സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കിലും, സ്വന്തനീതിക്കു വിധേയനായിരിക്കുന്ന ഈ ദൈവം ആരാണ്? ഞങ്ങള്‍ ഉത്തരം നല്‍കാം: അനേക മതങ്ങള്‍ ഗൌരവമായി ദൈവത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അവയെല്ലാം ഭൂമിയില്‍ വച്ചിരിക്കുന്ന ഗോവണികള്‍പോലെയാണ് - അവയ്ക്കു സ്വര്‍ഗ്ഗത്തിലെത്താന്‍ കഴിയില്ല. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങുന്ന, ഭൂമിയില്‍ ഉറപ്പിച്ചിരിക്കുന്ന ഒരു ഗോവണിപോലെയാണു ക്രിസ്തു. അവനിലൂടെ ദൈവത്തെ കണ്ടുമുട്ടുന്നവരാരും നിരാശരാകുന്നില്ല.

നിത്യനായ സ്രഷ്ടാവിനെ ആരും കണ്ടിട്ടില്ല; കാരണം, നമ്മുടെ പാപങ്ങള്‍ നമ്മെ അവനില്‍നിന്നു വേര്‍തിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള പ്രസ്താവങ്ങളെല്ലാം മങ്ങിയ വീക്ഷണങ്ങളാണ്. എന്നാല്‍ ക്രിസ്തു ദൈവപുത്രനായിരുന്നു, നിത്യതമുതല്‍ ദൈവത്തോടുകൂടെയായിരുന്നു, ദൈവിക ത്രിത്വത്തിലെ ഒരു അംഗമായിരുന്നു. ഇങ്ങനെ, പിതാവാരാണെന്നു പുത്രന് അറിയാമായിരുന്നു. കഴിഞ്ഞുപോയ വെളിപ്പാടുകളെല്ലാം അപര്യാപ്തങ്ങളായിരുന്നു. എന്നാല്‍ ക്രിസ്തു ദൈവത്തിന്റെ സമ്പൂര്‍ണ്ണ വചനമാണ്, സകല സത്യത്തിന്റെയും ആകെത്തുകയുമാണ്.

ക്രിസ്തുവിന്റെ സന്ദേശത്തിന്റെ സാരമെന്ത്?

പ്രാര്‍ത്ഥനയില്‍, "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ'' എന്നു ദൈവത്തെ സംബോധന ചെയ്യാന്‍ അവന്‍ നമ്മെ പഠിപ്പിച്ചു. ഈ നിലയിലുള്ള സംബോധന ദൈവത്തിന്റെ സാരാംശം പിതാവിനെപ്പോലെ/പിതൃസ്ഥാനമാണെന്നു പ്രഖ്യാപിക്കുകയാണ്. ദൈവമൊരു സ്വേച്ഛാധിപതിയല്ല, ഒരു ആക്രമണകാരിയോ നശിപ്പിക്കുന്നവനോ അല്ല. വൈരാഗിയോ വിരക്തിയുള്ളവനോ അല്ല. ഒരു പിതാവിനെപ്പോലെ അവന്‍ നമുക്കായി കരുതുന്നു. കുഞ്ഞു ചെളിയില്‍ വീണാല്‍, വലിച്ചെടുത്തു വൃത്തിയാക്കുകയും, ഈ കുറ്റം നിറഞ്ഞ ലോകത്തില്‍ ആ കുഞ്ഞു നഷ്ടപ്പെട്ടുപോകാതെ കാക്കുകയും ചെയ്യുന്നു. ദൈവം നമ്മുടെ പിതാവാണെന്നു നാം അറിഞ്ഞിരിക്കെ, നമ്മുടെ വിചാരങ്ങളും പാപങ്ങളും നിമിത്തമുണ്ടായ സംഘര്‍ഷമെല്ലാം നീങ്ങിപ്പോയി. പിതാവിലേക്കു മടങ്ങിച്ചെന്നതിനാല്‍, നാം ശുദ്ധീകരണവും സ്വാഗതവും പ്രാപിച്ചു. നാം ദൈവത്തോടുകൂടെ എന്നെന്നേക്കും ജീവിക്കും. പിതാവിന്റെ നാമത്തില്‍ നമ്മുടെ ലോകത്തിലേക്കു പൊട്ടിപ്പുറപ്പെട്ട മതപരമായ വിപ്ളവം, ക്രിസ്തു കൊണ്ടുവന്ന നവീന ക്രൈസ്തവ ചിന്തയാണ്. ഈ പൈതൃകനാമം ക്രിസ്തുവിന്റെ വാക്കുകളുടെയും പ്രവൃത്തികളുടെയും സംഗ്രഹമാണ്.

മനുഷ്യാവതാരത്തിനുമുമ്പ്, ക്രിസ്തു പിതാവിനോടുകൂടെയായിരുന്നു. ഈ ആര്‍ദ്രമായ സ്വരൂപം, ക്രിസ്തുവും ദൈവവും തമ്മിലുള്ള സ്നേഹബന്ധം വ്യക്തമാക്കുന്നു. മരിച്ചുയിര്‍ത്തെഴുന്നേറ്റശേഷം, പുത്രന്‍ പിതാവിന്റെയടുക്കലേക്കു മടങ്ങി. അവന്‍ പിതാവിന്റെ വലത്തുഭാഗത്തു മാത്രമല്ല, മടിയിലും ഇരിക്കുന്നവനാണ്. അവനോടുകൂടെയായിരുന്നവന്‍ അവനാണെന്നാണ് ഇതിനര്‍ത്ഥം. ഇങ്ങനെ ദൈവത്തെക്കുറിച്ചു ക്രിസ്തു പറഞ്ഞിരിക്കുന്നതെല്ലാം ശരിയാണ്. ദൈവം ആരാണെന്നു ക്രിസ്തുവില്‍ നാം കാണുന്നു. പിതാവിനെപ്പോലെതന്നെയാണു പുത്രന്‍, പുത്രനെപ്പോലെതന്നെയാണു പിതാവ്.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ നിന്നെ സ്തുതിക്കുകയും നിനക്കു നന്ദികരേറ്റുകയും ചെയ്യുന്നു. നീ നിന്റെ പ്രിയപുത്രനായ ക്രിസ്തുവിനെ ഞങ്ങള്‍ക്കായി അയച്ചുതന്നല്ലോ. ന്യായപ്രമാണത്തിന്റെ പേടിസ്വപ്നത്തില്‍നിന്നു ഞങ്ങളെ സ്വതന്ത്രരാക്കിയതിനും, നിന്റെ ദിവ്യനീതി ഞങ്ങളില്‍ സ്ഥാപിച്ചതിനും ഞങ്ങള്‍ നിന്നെ നമസ്കരിക്കുന്നു. എല്ലാ ആത്മീയദാനത്തിനായും ഞങ്ങള്‍ നിനക്കു നന്ദിയര്‍പ്പിക്കുന്നു. നിന്റെ പിതാവിന്റെ നാമത്തില്‍ ഞങ്ങള്‍ക്കുള്ള പദവികള്‍ക്കായി നിന്നെ ഞങ്ങള്‍ മഹത്വപ്പെടുത്തുന്നു.

ചോദ്യം:

  1. ക്രിസ്തു ലോകത്തിലേക്കു കൊണ്ടുവന്ന പുതിയ ചിന്തയെന്താണ്?

www.Waters-of-Life.net

Page last modified on May 09, 2012, at 10:24 AM | powered by PmWiki (pmwiki-2.3.3)