Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 009 (The fullness of God in Christ)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
A - യേശുവില്‍ വചനത്തിന്റെ വെളിപ്പെടല്‍ (യോഹന്നാന്‍ 1:1-18)

3. ദൈവത്തിന്റെ സമ്പൂര്‍ണ്ണത ക്രിസ്തുവിന്റെ മനുഷ്യാവതാരത്തില്‍ പ്രത്യക്ഷപ്പെട്ടു (യോഹന്നാന്‍ 1:14-18)


യോഹന്നാന്‍ 1:15-16
15യോഹന്നാന്‍ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവന്‍ എനിക്കു മുമ്പനായിത്തീര്‍ന്നു; അവന്‍ എനിക്കു മുമ്പേ ഉണ്ടായിരുന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നെ എന്നു വിളിച്ചുപറഞ്ഞു. 16അവന്റെ നിറവില്‍നിന്നു നമുക്ക് എല്ലാവര്‍ക്കും കൃപമേല്‍ കൃപ ലഭിച്ചിരിക്കുന്നു.

തനിക്കു പിന്നാലെ വന്ന ക്രിസ്തു, തനിക്കു മുമ്പേ ഉണ്ടായിരുന്നവനാണെന്നു സ്നാപകന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഇതു വംശാവലികളുടെ അതിരുകടന്നുപോകുന്നതാണ്. ഈ പ്രഖ്യാപനത്തിലൂടെ, ക്രിസ്തുവിന്റെ നിത്യതയാണു യോഹന്നാന്‍ പ്രഖ്യാപിച്ചത്. ക്രിസ്തു കാലം, സ്ഥലം, നാശം എന്നിവയ്ക്ക് അതീതനും, എന്നേക്കുമുള്ളവനും, തെറ്റുപറ്റാത്തവനുമായ ദൈവമാണ്.

മനുഷ്യന്റെ പാപത്തിന്റെ അധഃപതനം കണ്ട്, മരുഭൂമിയില്‍വച്ചു സ്നാപകന്‍ ദുഃഖിച്ചു. പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരം യോഹന്നാന്‍ സ്നാപകന്‍ അവര്‍ക്ക് ഉപദേശിച്ചു. എന്നാല്‍ യേശുവിനെക്കണ്ട അവന്റെ ഹൃദയം സന്തോഷിച്ചു തുള്ളി. കാരണം, ക്രിസ്തു മനുഷ്യനായി, സത്യം നിറഞ്ഞവനായാണു ജനിച്ചത്. അങ്ങനെ, മരണത്തിന് അവന്റെമേല്‍ അധികാരമില്ലാതായി. ജഡാവതാരത്തിന്റെയും ക്രിസ്മസിന്റെയും ഉറവിടം, മനുഷ്യശരീരത്തില്‍ ദൈവത്തിന്റെ നിത്യജീവന്റെ പ്രത്യക്ഷതയാണ്. ഇതോടെ മരണത്തിന്റെമേലുള്ള ജീവന്റെ വിജയം തുടങ്ങി. കാരണം, മരണത്തിനു കാരണമായ പാപം അവനില്‍ നീങ്ങിപ്പോയി.

ഈ കൃപയുടെ ആഴം ഗ്രഹിച്ച യോഹന്നാന്‍ സ്നാപകന്‍, ക്രിസ്തുവിലുള്ള ദൈവത്തിന്റെ നിറവിനെ പുകഴ്ത്തി. "അവനിലല്ലോ ദൈവത്തിന്റെ സകല സമ്പൂര്‍ണ്ണതയും ദേഹരൂപമായി വസിക്കുന്നത്, നിങ്ങളും അവനില്‍ പൂര്‍ണ്ണരാകുന്" - പൌലോസിന്റെ ഏറ്റുപറച്ചില്‍. യോഹന്നാന്‍ പ്രസ്താവിക്കുന്നു: "അവന്റെ നിറവില്‍നിന്നു നമുക്കു കൃപമേല്‍ കൃപ ലഭിച്ചിരിക്കുന്നു."

എന്താണു ക്രിസ്തുവിന്റെ നിറവ്? എന്താണു നമുക്ക് അവനില്‍ നിന്നു ലഭിച്ചത്? കഴിഞ്ഞ 14 വാക്യങ്ങളില്‍നിന്ന്, ക്രിസ്തുവിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള യോഹന്നാന്റെ വിശദീകരണം നിങ്ങളോര്‍ക്കുന്നുണ്ടെങ്കില്‍, അവന്റെ വ്യക്തിത്വത്തിന്റെ മഹത്വം നിങ്ങളറിയുകയും, അവന്റെ കൃപാധനം ദിവസവും നമ്മിലേക്ക് എത്തുന്നത് എങ്ങനെയെന്നു ഗ്രഹിക്കുകയും ചെയ്യും.

പിതാവില്‍നിന്നു പുറപ്പെടുന്ന ദൈവവചനമാണു ക്രിസ്തു - മനുഷ്യരുടെ വായില്‍നിന്നു പുറപ്പെടുന്ന വാക്കുകള്‍പോലെ. ദൈവത്തിന്റെ ഹൃദയത്തിന്റെ അകക്കാമ്പും അവന്റെ ഹിതവും, സത്തയും പ്രമോദവുമാണ്. സുവിശേഷവചനം നമ്മിലേക്കെത്തുന്നതുപോലെ, നമ്മുടെ മനസ്സില്‍ പ്രവേശിച്ചു നമ്മുടെ ഹിതത്തെ മാറ്റുന്നതുപോലെ, ക്രിസ്തുവും നമ്മുടെ ഹൃദയത്തിലേക്കു വന്ന് അവന്റെ ശ്രേഷ്ഠതയനുസരിച്ചു നമുക്കു മാറ്റം വരുത്തുന്നു. ഇത് അപാരമായ കൃപയല്ലേ?

ക്രിസ്തു ദൈവത്തിന്റെ ജീവനാണ്. ശാസ്ത്രജ്ഞന്മാര്‍ക്കു വീടുകളും പാലങ്ങളും ബോംബുകളുമുണ്ടാക്കാനാവും. പക്ഷേ, ജീവന്‍ സൃഷ്ടിക്കാന്‍ ആര്‍ക്കുമാകില്ല. ദൈവം ദാനം ചെയ്ത ജീവന്‍, മക്കളിലേക്കു പകരാന്‍ മാതാപിതാക്കളെ ഭരമേല്പിച്ചിരിക്കുന്നു. ഇതു കൃപയല്ലേ? ഭൌമിക ജീവന്‍ കടന്നുപോകുന്നതിനാല്‍, ക്രിസ്തുവിന്റെ ആത്മാവിനെത്തന്നെയാണു വിശ്വാസികളുടെമേല്‍ അവന്‍ പകരുന്നത്, അതു നിത്യജീവനാണ്. എല്ലാ ക്രിസ്ത്യാനികളും ദൈവത്തിന്റെ ജീവന്‍ പങ്കുവയ്ക്കുന്നു, അവര്‍ ഒരിക്കലും മരിക്കുകയില്ല. ഇതു കൃപയല്ലേ?

പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണു യേശു. ദൈവശക്തിയുടെ നിറവ് അവനില്‍ വസിക്കുന്നു. അവന്റെ അധികാരത്തിലേക്കു വിരല്‍ ചൂണ്ടുന്നവയാണ് അവന്റെ അത്ഭുതങ്ങള്‍. മരണത്തിന്റെമേലുള്ള അവന്റെ ജീവന്റെ അധികാരമാണ് അവന്റെ ഉയിര്‍ത്തെഴുന്നേല്പു തെളിയിച്ചത്. ഭൂഗുരുത്വാകര്‍ഷണത്തെ കീഴടക്കി, അവന്‍ വെള്ളത്തിന്മേല്‍ നടന്നു. അയ്യായിരം പുരുഷന്മാര്‍ തിന്നുതൃപ്തരാകുന്നതുവരെ അവന്‍ അഞ്ചപ്പം വര്‍ദ്ധിപ്പിച്ചുകൊടുത്തു. നിങ്ങളുടെ തലയിലെ മുടികളുടെ എണ്ണവും അവനറിയാം. അവന്റെ കരുതുന്ന കൃപയ്ക്കു മുമ്പാകെ എപ്പോഴാണു നിങ്ങള്‍ നമിക്കുക?

ക്രിസ്തുവിന്റെ നിറവിനെക്കുറിച്ച് ഇനിയും നിങ്ങള്‍ക്കറിയണോ? പ്രപഞ്ചത്തിന്റെ ഉടമസ്ഥനാണവന്‍. എല്ലാ സമ്പത്തും, നിങ്ങളുടെ ജീവിതത്തിന്റെ ഓരോ മിനിറ്റും, നിങ്ങള്‍പോലും അവന്റെ വകയാണ്. അവന്‍ നിങ്ങളെ ഉണ്ടാക്കി, അവനാണു നിങ്ങളെ പാലിക്കുന്നവന്‍. എല്ലാം ക്രിസ്തുവിന്റേതാണ്. അവനുവേണ്ടി കാര്യവിചാരം ചെയ്യുന്നതിന് അവന്റെ നന്മകള്‍ നിങ്ങളെ ഏല്പിച്ചിരിക്കുകയാണ്. നിങ്ങളുടെ പേശികള്‍, നിങ്ങളുടെ വിചാരങ്ങള്‍, നിങ്ങളുടെ മാതാപിതാക്കള്‍ എല്ലാം നിങ്ങളെ കര്‍ത്താവ് ഏല്പിച്ച ദാനങ്ങളാണ്. അവന്റെ കൃപയെക്കുറിച്ച് എപ്പോഴാണു നിങ്ങള്‍ ചിന്തിക്കുക?

മനുഷ്യാവതാരത്തെക്കുറിച്ചും ക്രിസ്മസിനെക്കുറിച്ചുമുള്ള വിസ്മയകരമായ വസ്തുത, ദൈവത്തിന്റെ നിറവ് ഒരു ശിശുവായിത്തീര്‍ന്നതാണ്. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍, അക്കാര്യം സംഭവിക്കുന്നതിനും 700 വര്‍ഷം മുമ്പു യെശയ്യാവ് പ്രവചിച്ചു: "നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു, നമുക്കൊരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും. അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേരു വിളിക്കും" (യെശയ്യാവ് 9:6). ദുഃഖമെന്നു പറയട്ടെ, സൃഷ്ടിയുടെ ആരംഭത്തില്‍ മനുഷ്യനുണ്ടായിരുന്ന ദൈവത്തിന്റെ സാദൃശ്യം ക്രിസ്തുവിലൂടെ മനുഷ്യനു തിരിച്ചുകിട്ടിയെന്ന വസ്തുത മനുഷ്യനു ഗ്രഹിക്കാന്‍ പ്രയാസമാണ്. ജ്ഞാനമുള്ള തേജോരൂപിയാണു യേശു, പ്രകാശിപ്പിക്കുന്ന പ്രശ്നപരിഹാരകനാണ് അവന്‍, സര്‍വ്വശക്തനായ നിത്യദൈവം. പുല്‍ത്തൊട്ടിയിലെ ശിശുവില്‍ ദൈവത്തിന്റെ ഗുണവിശേഷങ്ങളെല്ലാം അടങ്ങിയിരുന്നു. യേശുവില്‍ ദൈവം നമ്മിലേക്കു വന്നു എന്ന ആശ്ചര്യകരമായ കൃപ നിങ്ങള്‍ ഗ്രഹിച്ചിട്ടുണ്ടോ? ഇപ്പോള്‍ നമുക്കു പറയാം: ദൈവം നമ്മോടുകൂടെ!

ക്രിസ്തുവിന്റെ മൂല്യങ്ങള്‍ അവന്‍ സ്വന്തമാക്കിവച്ചില്ല, അല്ലെങ്കില്‍ അവനു സ്വര്‍ഗ്ഗത്തില്‍ വസിക്കാമായിരുന്നു. അവന്‍ നമ്മുടെ ലോകത്തിലേക്കു വന്നു. നമ്മുടെ ശരീരം സ്വീകരിച്ച്, നമ്മുടെ താഴ്ചയുള്ള സ്വരൂപം ധരിച്ച്, നമുക്കായി സ്വര്‍ഗ്ഗവാതില്‍ തുറന്നുതന്നു. പിതാവിനോടു നമ്മെ യഥാസ്ഥാനപ്പെടുത്താനും അവന്റെ നിറവുകൊണ്ടു നമ്മെ നിറയ്ക്കാനുമായിരുന്നു അത്. ഇതിനു സമാനമായി പൌലോസ് സാക്ഷീകരിക്കുന്നത്, സഭയില്‍ ദൈവത്തിന്റെ നിറവിന്റെ സാന്നിദ്ധ്യമാണ് അവന്‍ ഉദ്ദേശിക്കുന്നതെന്നാണ്. എഫെസ്യര്‍ 1:23; 4:10; കൊലൊസ്യര്‍ 2:10 എന്നിവ വായിക്കുക. നിങ്ങള്‍ ദൈവത്തെ അറിയാതെ സ്തുതിച്ചുപോകും, കര്‍ത്താവിന്റെ കൃപയെ നിങ്ങള്‍ മഹത്വപ്പെടുത്തും. നിങ്ങളുടെ പാപങ്ങളില്‍ തുടരരുത്, ക്രിസ്തുവിന്റെ നിറവിലേക്കു ഹൃദയം തുറക്കുക. പുല്‍ത്തൊട്ടിയിലെ ശിശുവിന്റെയടുത്തേക്കു വരൂ, അനുഗ്രഹങ്ങള്‍ അനവധിയായി നിങ്ങളിലേക്ക് ഒഴുകും. നിങ്ങള്‍ക്കു ചുറ്റുമുള്ളവര്‍ക്കായി, അനുഗ്രഹത്തിന്റെ ഒരുറവിടമാക്കി അവന്‍ നിങ്ങളെ മാറ്റും.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, നീ ദൈവപുത്രനാണ്. സര്‍വ്വസ്നേഹവും സത്യവും ശക്തിയും നിന്നിലുണ്ട്. ഞങ്ങള്‍ നിന്നെ വണങ്ങി സന്തോഷിക്കുന്നു, നീ ഞങ്ങളില്‍നിന്ന് അകലെയല്ലല്ലോ, നീ ഞങ്ങളുടെയിടയിലാണല്ലോ ജീവിച്ചത്. നീ ഞങ്ങളെ സ്നേഹിക്കുന്നു. മനുഷ്യനായിത്തീര്‍ന്ന നീ ഞങ്ങളെ വീണ്ടെടുത്തു. ഞങ്ങള്‍ക്കു കൃപമേല്‍ കൃപ നല്‍കി യതിനായി ഞങ്ങള്‍ നിനക്കു നന്ദിയര്‍പ്പിക്കുന്നു.

ചോദ്യം:

  1. ക്രിസ്തുവിന്റെ നിറവിന്റെ അര്‍ത്ഥമെന്താണ്?

www.Waters-of-Life.net

Page last modified on May 09, 2012, at 10:11 AM | powered by PmWiki (pmwiki-2.3.3)