Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 003 (The word before incarnation)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
A - യേശുവില്‍ വചനത്തിന്റെ വെളിപ്പെടല്‍ (യോഹന്നാന്‍ 1:1-18)

1. വെളിപ്പെടുന്നതിനു മുന്‍പുള്ള വചനത്തിന്റെ സാരാംശവും പ്രവൃത്തിയും (യോഹന്നാന്‍ 1:1-5)


യോഹന്നാന്‍ 1:2-4
2 അവന്‍ ആദിയില്‍ ദൈവത്തോടുകൂടെ ആയിരുന്നു. 3 സകലവും അവന്‍ മുഖാന്തരം ഉളവായി; ഉളവായതൊന്നും അവനെക്കൂടാതെ ഉളവായതല്ല. 4 അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.

ക്രിസ്തു ജീവിച്ചത് അവനുവേണ്ടിയല്ല, എപ്പോഴും ദൈവത്തിനുവേണ്ടിയായിരുന്നു. അവന്റെ പിതാവില്‍നിന്ന് അവന്‍ വേര്‍പിരിഞ്ഞവനല്ല, എപ്പോഴും അവന്‍ പിതാവിലേക്കു തിരിഞ്ഞിരുന്നു, പിതാവിനോടൊപ്പം ജീവിക്കുകയും അവനില്‍ത്തന്നെ നിലകൊള്ളുകയും ചെയ്തു. "പിതാവിനോടുള്ള'' ക്രിസ്തുവിന്റെ അടുപ്പം, സുവിശേഷകനായ യോഹന്നാനു വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. അതുകൊണ്ടാണു സുവിശേഷത്തിന്റെ ആരംഭത്തില്‍ത്തന്നെ ആ ആശയം അദ്ദേഹം ആവര്‍ത്തിക്കുന്നത്. ക്രിസ്തുവും പിതാവും തമ്മിലുള്ള സ്ഥിരമായ യോജിപ്പാണു ത്രിത്വത്തിന്റെ രഹസ്യം. വ്യത്യസ്തരായ, വേര്‍പെട്ട മൂന്നു ദൈവങ്ങളിലല്ല നാം വിശ്വസിക്കുന്നത്, മറിച്ചു സ്നേഹനിധിയായ ഏകദൈവത്തിലാണ്. നിത്യനായവന്‍ ഏകാന്തതയിലല്ല, മറിച്ചു സദാ പുത്രനോടൊപ്പം ഒരുമിച്ചാണ്. പരിശുദ്ധാത്മാവിനാല്‍ ദൈവസ്നേഹം ഹൃദയത്തില്‍ അനുഭവിച്ചിട്ടില്ലാത്തവര്‍ക്കു ദൈവസത്തയുടെ സത്യം ഗ്രഹിക്കാന്‍ കഴിയില്ല. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരെ ഒരുമിപ്പിക്കുന്നതാണു ദൈവസ്നേഹം.

ആദിയില്‍ ദൈവം ലോകസൃഷ്ടി നടത്തിയപ്പോള്‍, നിശ്ശബ്ദമായിട്ടല്ല, അവന്റെ വചനത്താലാണ് അതു നടപ്പാക്കിയത്. വചനമായ ക്രിസ്തു മൂലമാണു ലോകമുണ്ടായത്. ഇതിനര്‍ത്ഥം, ക്രിസ്തു രക്ഷകനും മദ്ധ്യസ്ഥനും വീണ്ടെടുപ്പുകാരനും മാത്രമല്ല, സ്രഷ്ടാവുമാണെന്നാണ്. അവനെക്കൂടാതെ ഒന്നും സംഭവിക്കാത്തതിനാല്‍, അവനാണ് എല്ലാറ്റിനെയും നിയന്ത്രിക്കുന്നത്. ഓ, ക്രിസ്തു ആരാണെന്നു ഗ്രഹിക്കാന്‍ മതിയായ ഹൃദയത്തിനായി! ആധുനികശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളും മൂലകങ്ങളുടെ ഘടകങ്ങളും ജ്യോതിര്‍ഗോളങ്ങളുമെല്ലാം, ക്രിസ്തുവിന്റെ മഹത്വത്തിന്റെയും ശക്തി യുടെയും എളിയ വ്യാഖ്യാനങ്ങളാണ്. താങ്കളുടെ ശബ്ദം, പേശികള്‍, ശാരീരികഘടന, ഹൃദയമിടിപ്പ് എന്നിവയെക്കാളൊക്കെ ഉപരിയായതാണു ക്രിസ്തു നിങ്ങള്‍ക്കു നല്‍കുന്നത്. അതിനാല്‍ അവനു നിങ്ങള്‍ നന്ദിയര്‍പ്പിക്കുന്നത് എപ്പോഴാണ്?

ദൈവം, ദൈവവചനം, ദൈവാത്മാവ് ഇവയൊഴികെ ബാക്കിയെല്ലാം സൃഷ്ടികളാണ്. അവന് അവനില്‍ത്തന്നെ ജീവനുള്ളവനാണ്. ദൈവത്തിന് അവനില്‍ ജീവനുള്ളതുപോലെതന്നെ, യഥാര്‍ത്ഥ ജീവന്റെ ഉറവിടവും വിശ്വസ്തനായ ജീവദാതാവും ക്രിസ്തുവാണ്. പാപത്തിന്റെയും കുറ്റബോധത്തിന്റെയും മരണത്തില്‍നിന്ന് അവന്‍ നമ്മെ ഉയിര്‍ത്തെഴുന്നേല്പിക്കുകയും, നമ്മില്‍ അവന്റെ നിത്യജീവന്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ക്രിസ്തുവിലുള്ള ദൈവികജീവന്‍ മരണത്തെ ജയിക്കുന്നതാണ്; ആ ജീവന്റെ ശക്തിയാലാണ് അവന്‍ കല്ലറ വിട്ടത്. ക്രിസ്തു സ്രഷ്ടാവു മാത്രമല്ല, ജീവന്റെ ഉറവിടവുമാണ്. അവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ, ഒരിക്കലും മരണമില്ലാത്തവനുമാണ്. ദൈവത്തിലോ ദൈവപുത്രനിലോ പാപത്തിന്റെ തരിപോലും കാണാനാവില്ല. ഇങ്ങനെ അവന്‍ എന്നേക്കും ജീവിക്കുന്നു. ക്രിസ്തുവിന്റെ ജീവനെക്കുറിച്ചുള്ള ചിന്തകള്‍ ആവര്‍ത്തിച്ചു യോഹന്നാന്റെ സുവിശേഷത്തില്‍ നാം കാണുന്നുണ്ട്. അവന്റെ പ്രമാണങ്ങളുടെ അടിസ്ഥാനങ്ങളിലൊന്ന് ഈ ജീവനാണ്.

നമ്മുടെ ഗ്രഹമായ ഭൂമിക്കു ജീവന്‍ നല്‍കുന്നതു സൂര്യപ്രകാശമാണ്. എന്നാല്‍ ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം, അതിന്റെ വിപരീതമാണു ശരി: അവനിലൂടെ നാം അനുഭവിക്കുന്ന പ്രകാശത്തിനും ഉണര്‍വ്വിനും കാരണമായ അവന്റെ ജീവനാണു നമുക്കു പ്രത്യാശ നല്‍കുന്നത്. നമ്മുടെ വിശ്വാസമെന്നതു മരണത്തിന്റെയും ന്യായവിധിയുടെയും മതമല്ല. മറിച്ച്, ജീവന്റെയും പ്രകാശത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ്. ക്രിസ്തുവിന്റെ പുനരുത്ഥാനം എല്ലാ നിരാശയെയും തുടച്ചുനീക്കി. നമ്മിലുള്ള പരിശുദ്ധാത്മാവിന്റെ അധിവാസം, നമ്മെ ദൈവജീവന്റെ പങ്കാളികളാക്കിത്തീര്‍ത്തു.

ലോകം പാപം നിമിത്തം ഇരുട്ടിലാണ്. എന്നാല്‍ ക്രിസ്തു പ്രകാശത്തിലെ ജീവനാണ്. അവനില്‍ ഇരുട്ട്, തിന്മ, ദോഷം എന്നിവയൊന്നുമില്ല. ഇക്കാരണത്താല്‍, ക്രിസ്തു മഹത്വം നിറഞ്ഞവനായാണു പ്രത്യക്ഷപ്പെടുന്നത്. അവനു പ്രകാശത്തെക്കാള്‍ ശോഭയുണ്ട്. എന്നിരുന്നാലും, സുവിശേഷകനായ യോഹന്നാന്‍, ക്രിസ്തുവിന്റെ ശോഭയാര്‍ന്ന തേജസ്സിനെ പരാമര്‍ശിച്ചുകൊണ്ടല്ല തുടങ്ങുന്നത്, മറിച്ച് അവന്റെ ബലവും ജീവനുമാണു സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള അറിവാണല്ലോ നമ്മെ തുറന്നുകാട്ടുകയും, ന്യായം വിധിക്കുകയും, നശിപ്പിക്കുകയും ചെയ്യുന്നത്. എന്നാല്‍, അവന്റെ ജീവനെക്കുറിച്ചുള്ള ധാരണ നമ്മെ ജീവിപ്പിക്കുകയാണു ചെയ്യുന്നത്. ക്രിസ്തുവിനെ ധ്യാനിക്കുന്നതു നമ്മെ വാസ്തവമായി ആശ്വസിപ്പിക്കുകയും പുതുക്കുകയും ചെയ്യുന്നു.

മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രകാശമാണു യേശു. അവന്‍ അവനുവേണ്ടിത്തന്നെ പ്രകാശിക്കുന്നില്ല, ആത്മപ്രശംസ നടത്തുന്നുമില്ല. മറിച്ച്, നമുക്കായിട്ടാണ് അവന്‍ പ്രകാശിക്കുന്നത്. നാം വെളിച്ചത്തിന്റെയല്ല, ഇരുട്ടിന്റെ ഉറവിടമാണ്. മനുഷ്യവര്‍ഗ്ഗമെല്ലാം തിന്മ നിറഞ്ഞതാണ്. എന്നാല്‍ ക്രിസ്തു നമ്മെ പ്രകാശിപ്പിക്കുകയും, അങ്ങനെ അവനെ നമുക്കു ഗ്രഹിക്കാനും കഴിയുന്നു. തന്മൂലം, നമ്മുടെ ഇരുട്ടിന്റെ സാഹചര്യം നാം മനസ്സിലാക്കുകയും ചെയ്യുന്നു. അവന്റെ സുവിശേഷത്തിലൂടെ, നാം മരണത്തില്‍നിന്ന് എഴുന്നേല്‍ക്കുകയും നിത്യജീവനിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. ദൃഢനിശ്ചയത്തോടും ആത്മവിശ്വാസത്തോടുമാണ് അവനെ നാം സമീപിക്കുന്നത്.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, നീയും പിതാവും പരിശുദ്ധാത്മാവും ഒന്നായതിനാല്‍ ഞാന്‍ നിന്നെ വണങ്ങുന്നു. പിതാവിനോടു യോജിച്ച് ഈ ലോകത്തെ നീ സൃഷ്ടിച്ചു. നീ എനിക്കു ജീവന്‍ നല്‍കി. എന്റെ ജീവിതത്തിലെ ഇരുട്ടെല്ലാം എന്നോടു നീ ക്ഷമിച്ച്, നിന്റെ പരിശുദ്ധാത്മാവിനാല്‍ എന്നെ പ്രകാശിപ്പിക്കേണമേ. അങ്ങനെ ഞാന്‍ വാസ്തവമായി ജീവിക്കുകയും എന്റെ പാപങ്ങളുടെ ഇരുട്ടിനെ ഉപേക്ഷിക്കുകയും, നിന്റെ നിത്യജീവന്റെ പ്രകാശത്തെ സമീപിക്കുകയും ചെയ്യട്ടെ.

ചോദ്യം:

  1. യോഹന്നാന്റെ സുവിശേഷത്തിന്റെ തുടക്കത്തില്‍, യോഹന്നാന്‍ തുറന്നുകാട്ടുന്ന, ക്രിസ്തുവിന്റെ ആറു സവിശേഷതകള്‍ എന്തെല്ലാമാണ്?

www.Waters-of-Life.net

Page last modified on April 05, 2012, at 10:09 AM | powered by PmWiki (pmwiki-2.3.3)